ശ്യാമയും സുധിയും – 5 23അടിപൊളി 

 

“അതൊന്നും ഇപ്പോൾ ശ്യാമ ഓർക്കേണ്ട. എല്ലാത്തിനും എന്തേലും വഴി ഉണ്ടാകും നമുക്ക് നോക്കാം..” സുധി പറഞ്ഞു

 

കുറച്ചു കഴിഞ്ഞു ശ്യാമ ചോദിച്ചു.

 

“അപ്പു ഏട്ടാ ഇത് എന്താ പറ്റിയത്…? അപ്പു ഏട്ടൻ എങ്ങനെയാ വീണത്.?”

 

 

“അത് ഒന്നുമില്ല. ഞാൻ ശ്യാമയോട് ചെയ്തതിന്റെ ശിക്ഷ ആയിരിക്കും. അത് സാരമില്ല. പോട്ടെ. എന്നെ നോക്കാൻ എനിക്ക് ശ്യാമ ഇല്ലേ…? അപ്പോൾ ഇതൊന്നും സാരമില്ല.”

 

ശ്യാമയുടെ കണ്ണ് വീണ്ടും നിറഞ്ഞു. സുധി ചിരിച്ചു. എന്നിട്ട് പറഞ്ഞു

 

” ശ്യാമ കരയേണ്ട. ഇത് ഞാൻ ചോദിച്ചു വാങ്ങിയതാ. കാല് നേരെ അല്ലെന്ന് അറിഞ്ഞിട്ടും. ശ്യാമ ഇന്നലെ രാത്രിയിൽ ഒന്നും മിണ്ടാതെ പോയപ്പോൾ ശ്യാമയെ വിളിച്ചിട്ടും ശ്യാമ നിൽക്കാത്തപ്പോൾ ശ്യാമയെ തടയാൻ ആയി ഇറങ്ങി നടക്കാൻ നോക്കി. അപ്പോഴേക്കും ഡും. എന്ന് പറഞ്ഞു വീണു. വീണിട്ടും ഞാൻ ശ്യാമയെ കുറെ വിളിച്ചു. ശ്യാമയോട് കുറേ സോറി പറഞ്ഞു. പക്ഷെ അതൊന്നും ശ്യാമ കേട്ടില്ല.

 

പിന്നെ ഞാൻ അവിടുന്ന് എഴുനേൽക്കാൻ ശ്രമിച്ചു. പക്ഷെ കൈയോ കാലോ അനക്കാൻ പോലും പറ്റിയില്ല. അമ്മാതിരി വേദന ആയിരുന്നു. പിന്നെ അങ്ങനെ അങ്ങ് കിടന്നു. എന്നാലും ഞാൻ കരുതിയിരുന്നു ശ്യാമ വരും എന്ന് . എന്നോട് എത്ര ദേഷ്യം ഉണ്ടെങ്കിലും എനിക്ക് ചോറ് വാരിത്തരാൻ ശ്യാമ വരുമെന്ന്. എന്നിട്ടും ശ്യാമ വന്നില്ല. അപ്പോഴാണ് എനിക്ക് ശരിക്കും ബോധ്യമായത് ഞാൻ വലിയ തെറ്റാണ് ശ്യാമയോട് ചെയ്തത് എന്ന്.

 

ഞാൻ ചെയ്തതൊന്നും എനിക്ക് തിരിച്ചു എടുക്കാൻ കഴിയില്ലല്ലോ ശ്യാമേ. സോറി പറയാൻ അല്ലേ എനിക്ക് കഴിയൂ. ഇനി അങ്ങനെ ഒന്നും ചൈയ്യാതിരിക്കാനും. ശ്യാമേ സോറി. ”

 

ശ്യാമ കരഞ്ഞു. അപ്പോഴേക്കും കുറച്ചു നേഴ്സ് മാരും ഡോക്ടറും അവിടെ വന്നു. എന്നിട്ട് ചോദിച്ചു.

 

“എങ്ങനെ ഉണ്ട് ഇപ്പോൾ വേദന കുറഞ്ഞോ. വേദനയുടെ ഇഞ്ചക്ഷൻ ആണ് നേരെത്തെ വെച്ചത്. ഒരു ഓപറേഷൻ കൂടെ വേണ്ടി വരും ”

 

കാഷ്വാലിറ്റിയിൽ നിന്ന് സുധിക്ക് തന്നെ ഒരു ഇഞ്ചക്ഷൻ വെച്ചിരുന്നു.

 

അത് കേട്ടപ്പോൾ ശ്യാമയുടെ മുഖം ചുള്ങ്ങി. അവൾക്ക് വേദനയും സങ്കടവും തോന്നി.

 

ഡോക്ടർ തുടർന്നു പറഞ്ഞു.

 

“എന്നാ ആദ്യം കരുതിയത്. പക്ഷെ വേണ്ട. കാലിലെ പ്ലാസ്റ്റർ ഒന്ന് അഴിച്ചു കെട്ടിയാൽ മതിയാകും. കൈയിൽ ഒന്ന് കൂടെ ഇടേണ്ടി വരും അത്രയേ ഉള്ളൂ. എന്തായാലും അത് വൈകുന്നേരം മാത്രമേ നടക്കൂ. ”

 

സുധി ചിരിച്ചു.

 

“ചിരിച്ചോ ചിരിച്ചോ എന്തും നേരിടാൻ ഉള്ള തന്റെ ഈ ചിരിയില്ലേ അതിന് നൂറ് മാർക്ക്.” ഡോക്ടർ പറഞ്ഞു.

 

“എന്തും നേരിടാൻ ഉള്ള ചിരി അല്ല സാറെ ഇത്. ഇത് ഭയം മറയ്ക്കാൻ ഉള്ള ചിരിയാ.. വേദനിക്കുമ്പോഴും സങ്കടപ്പെടുമ്പോഴും തോൽക്കുമെന്ന് ഉറപ്പാണെങ്കിൽ പോലും ഇങ്ങനെ മുഖത്തു നോക്കി ചിരിക്കാൻ കഴിയുന്നവനെ പിന്നെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല. ”

 

അത് കേട്ട് ഡോക്ടർ ചിരിച്ചു. പിന്നെ തിരിച്ചു പോയി.

 

അവർ പോയപ്പോൾ സുധി ശ്യാമയോട് പറഞ്ഞു.

 

” ശ്യാമ വേണമെങ്കിൽ സ്കൂളിൽ പൊയ്ക്കോളൂ. അല്ലെങ്കിൽ വീട്ടിൽ. എവിടെ പോയാലും കരഞ്ഞുകൊണ്ടല്ല ചിരിച്ചുകൊണ്ട് നേരിടണം. അത് എതിരെ നിൽക്കുന്നവന്റെ ഉള്ളിൽ പേടി ഉണ്ടാക്കും. ശ്യാമ ചിരിച്ചു കൊണ്ട് തന്നെ ആ മാനേജരുടെ മുഖത്തു നോക്കണം. . ”

 

“ഇല്ല. ഞാൻ ഇന്ന് പോകുന്നില്ല. എന്തായാലും ഇന്ന് ഞാൻ വരില്ല എന്ന് അയാളോട് പറഞ്ഞു. ഇനി പോകുന്നില്ല. ഞാൻ അപ്പു ഏട്ടന് ചോറ് തന്നിട്ട് ഉച്ചയ്ക്ക് ശേഷം പോയിക്കൊള്ളാം.”

 

സുധി അത് കേട്ട് ചിരിച്ചു. എന്നിട്ട് പറഞ്ഞു.

 

“ശ്യാമേ എനിക്ക് ഉറക്കം വരുന്നു ഞാൻ കുറച്ചു സമയം ഉറങ്ങിക്കോട്ടെ..? ഇന്നലെ ഒരു തുള്ളി ഉറങ്ങിയില്ല.”

 

അങ്ങനെ പറഞ്ഞു സുധി കണ്ണ് പൂട്ടി. അവിടെ തന്നെ ഇരുന്ന ശ്യാമ കുറച്ചു കഴിഞ്ഞു എഴുനേറ്റ് സുധിയുടെ കാലിൽ തൊട്ടു കരഞ്ഞു. പിന്നെ കണ്ണീർ തുടച്ചു വീണ്ടും ആ കസേരയിൽ ഇരുന്നു. ശ്യാമയ്ക്കും ഉറക്കം വരുന്നുണ്ടായിരുന്നു. ശ്യാമയും ആ സ്വപ്നത്തിന് ശേഷം ഇന്നലെ ഉറങ്ങിയില്ല. അവിടെ അങ്ങനെ തന്നെ കിടന്നു നേരം വെളുപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *