സിബി അടുത്തിരിക്കുന്ന ആളെ പരിചയപ്പെടുത്തി.. ദിവ്യ അയാളെ നോക്കി മനോഹരമായൊന്ന് ചിരിച്ചു..എന്നാൽ പാർവ്വതി അസ്വസ്ഥതയോടെയാണ് വൈശാഖിനെ നോക്കിയത്.. കാരണം ഒരു നിക്കർ മാത്രമാണവന്റെ വേഷം.. ഒരു പരിചയവുമില്ലാത്ത രണ്ട് സ്ത്രീകളുടെ മുന്നിൽ അവനങ്ങിനെ ഇരിക്കുന്നത് പാർവ്വതിക്ക് ഇഷ്ടപ്പെട്ടില്ല..അവനൊരു മുപ്പത്തിയാറ് വയസുണ്ടാവുമെന്ന് പാർവ്വതി കണക്ക് കൂട്ടി… നല്ല ആരോഗ്യവാനാണ്… രോമം നിറഞ്ഞ വിരിഞ്ഞ മാറിൽ ഒരു സ്വർണച്ചെയിൻ കിടപ്പുണ്ട്..
“” ഇത് സുമേഷ്… മേക്കപ്പ് ആർട്ടിസ്റ്റാണ്…””..
തൊട്ടടുത്ത സെറ്റിയിലിരിക്കുന്നവനെയും സിബി പരിചയപ്പെടുത്തി.. അവനെ നോക്കിയും ദിവ്യ ചിരിച്ചു…
“കേട്ടോ മാഡം… നിങ്ങള് രണ്ടാളും എന്നെ സുമേന്ന് വിളിച്ചാ മതീട്ടോ…””..
സുമേഷ് പറഞ്ഞത് കേട്ട് പാർവ്വതി അവനെയൊന്ന് സൂക്ഷിച്ച് നോക്കി.. നാണത്തോടെയാണ് അവന്റെ ഇരിപ്പ്..ഇവൻ മറ്റതാണെന്ന് ഒറ്റനോട്ടത്തിൽ പാർവ്വതിക്ക് മനസിലായി.. ദിവ്യ കൗതുകത്തോടെയാണ് സുമേഷിനെ നോക്കിയത്.. പുരുഷനാണെങ്കിലും സ്ത്രീകളുടെ ഭാവചലനങ്ങളുള്ള ഇത്തരം ആളുകളെ അവൾ ആദ്യമായി കാണുകയാണ്.. സൂക്ഷിച്ച് നോക്കിയപ്പോ അവൻ നാണിച്ച് തല താഴ്ത്തി..അവൻ ലിപ്സ്റ്റിക് ഇട്ടിട്ടുണ്ടെന്ന് ദിവ്യക്ക് മനസിലായി..
“”ദിവ്യയുടെ കുറച്ച് ഫോട്ടോസെടുക്കണം… സുമയോടൊപ്പം അകത്തേക്ക് ചെന്നോളൂ… ചെറുതായൊന്ന് ടച്ചപ്പ് ചെയ്യണം… അധികം മേക്കപ്പൊന്നും ഇന്ന് വേണ്ട…””..
സിബി പറഞ്ഞത് കേട്ട് സുമ എണീറ്റ് വേറൊരു മുറിയിലേക്ക് നടന്നു..അവന്റെ നടത്തം പോലും സ്ത്രീകളുടേത് പോലാണെന്ന് പാർവ്വതിക്ക് തോന്നി..
ദിവ്യ അമ്മയെ നോക്കി..സുമയോടൊപ്പം പോകാൻ അവൾ തലയാട്ടി.. ദിവ്യയും സുമേഷ് കയറിയ മുറിയിലേക്ക് നടന്നു..
“” എന്താ മാഡം ഒരസ്വസ്ഥത… ?..
മാഡം ഓ കെ യല്ലേ…?”..
പാർവ്വതിയുടെ മുഖഭാവം ശ്രദ്ധിച്ച സിബി ചോദിച്ചു…
“” ഇല്ല… കുഴപ്പമൊന്നുമില്ല… പിന്നെ ഞങ്ങൾ രണ്ട് മൂന്ന് സ്ത്രീകളല്ലേ ഇവിടെ ഇരിക്കുന്നത്… അപ്പോ ഇങ്ങിനത്തെ വേഷമൊക്കെ ഇട്ട് നിൽക്കുന്നത് ശരിയാണോ…?”..
വൈശാഖിനെ നോക്കിയാണ് പാർവ്വതി പറഞ്ഞത്.. അവനൊന്നും മനസിലായില്ല..
“” മാഡം ഉദ്ദേശിച്ചത് എനിക്ക് മനസിലായില്ല…”…
വൈശാഖ് പരുക്കൻ മട്ടിൽ പറഞ്ഞു..
“ എന്താ ഇത്ര മനസിലാക്കാൻ… ?..
ഒന്നുകിൽ നിങ്ങളൊരു പാന്റും, ഷർട്ടും ധരിക്കുക.. അല്ലെങ്കിൽ ഒരു മുണ്ടുടുക്കുക… ഈ വേഷത്തിൽ എന്റെ മുന്നിൽ ഇരിക്കുന്നത് എനിക്കിഷ്ടമല്ല… “..
പാർവ്വതി ഗൗരവത്തിൽ പറഞ്ഞു..
വൈശാഖ് മാത്രമല്ല, സിബിയും, ശ്രുതിയും ഞെട്ടി.. ഈ സ്ത്രീ എന്താണ് ഇങ്ങിനെ സംസാരിക്കുന്നതെന്ന് അവർക്ക് മനസിലായില്ല.. വൈശാഖിനത് തീരെ ഇഷ്ടപ്പെട്ടില്ല..
“ ഞാനെന്തിടണം എന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്… ?”.
വൈശാഖ്, പാർവ്വതിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..
ആചോദ്യം പാർവ്വതിക്കും ഇഷ്ടപ്പെട്ടില്ല..
“” നിങ്ങളെന്തിടണം എന്നൊന്നും ഞാൻ തീരുമാനിക്കുന്നില്ല..പക്ഷേ എന്റെ മുന്നിലിരിക്കുമ്പോൾ മാന്യമായ വേഷം ധരിക്കണം…””..
ധാർഷ്ട്യത്തോടെ പാർവ്വതി പറഞ്ഞു…
“” എനിക്ക് സൗകര്യമില്ല… മാന്യമായ വേഷം തന്നെയാണ് ഞാൻ ധരിച്ചത്… നിങ്ങൾക്കിത് കാണാൻ പറ്റില്ലെങ്കിൽ മുറിയിലെങ്ങാനും പോയിരിക്ക്… എന്താ സാറേ ഇത്…?”..
വൈശാഖിന് നല്ല ദേഷ്യം വന്നു.. സിബിക്കും പാർവ്വതിയുടെ സംസാരം പിടിച്ചില്ല..എങ്കിലും അയാൾ പുഞ്ചിരിയോടെ പാർവ്വതിയെ നോക്കി..
“” മാഡം… എന്ത് ധരിക്കണമെന്നൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ…ലൊക്കേഷനിൽ മിക്കവാറും ഞങ്ങളെല്ലാവരും ഇത് പോലെ നിക്കറും ടീ ഷർട്ടുമൊക്കെയായിരിക്കും… മാഡം ഇതൊരു വിഷയമൊന്നുമാക്കണ്ട… “..
