കിച്ചുവിന് ഒരു അച്ഛന്റെ സ്നേഹമോ ഒരു നിമിഷത്തെ സന്തോഷമോ കൊടുക്കാൻ തനിക്ക് കഴിഞ്ഞില്ല.
ഇപ്പോൾ, ഈ ഇരുട്ടറയിൽ തികച്ചും ഏകാകിയായി, മരണത്തെ മുഖാമുഖം കണ്ട് കിടക്കുമ്പോൾ അതികഠിനമായൊരു കുറ്റബോധം അയാളുടെ നെഞ്ചിൽ കത്തിപ്പടർന്നു. കണ്ണുനീർ അയാളുടെ കവിളിലൂടെ ഒലിച്ചിറങ്ങി.
“എനിക്കൊരു അവസരം കൂടി കിട്ടിയിരുന്നെങ്കിൽ… എൻ്റെ രാധയോട് ക്ഷമ ചോദിക്കാൻ, എൻ്റെ മോനെ ഒന്ന് നെഞ്ചോട് ചേർത്തുപിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…” രമേശൻ ആരുമില്ലാത്ത ആ മുറിയിൽ വിങ്ങിപ്പൊട്ടി….
പെട്ടെന്ന് ഒരു ചെറിയ സ്പാർക്ക് ശബ്ദത്തോടെ റൂമിലെ ആ ചുവന്ന ക്യാമറ വെളിച്ചം നിന്നു…
വലിയ ഇരുമ്പു വാതിൽ തുറന്നു കൊണ്ട് ഇരുട്ടിലൂടെ ആദ്യം കണ്ട സ്ത്രീ ആ ഗ്ലാസ് ബോക്സിന് മുന്നിൽ വന്നു നിന്നു.
രമേശൻ പ്രതീക്ഷയോടെ അവരെ ഒന്നു നോക്കി. ക്യാമറ വെളിച്ചം നിരത്തിയത് ഇവർ തന്നെ എന്നു രമേശൻ ഊഹിച്ചു.
അവൾ വന്നു ഗ്ലാസ് ബോക്സിന് കൈ വെച്ചു ചോദിച്ചു.
“ബെഞ്ചമിൻ എവിടെ ?, നീ ആരാണ് ? അവനും നീയും തമ്മിലുള്ള ബന്ധം ?, അതു എവിടെ ?”
അവൾ ഒറ്റ ശ്വാസത്തിൽ ചോദിച്ചു. രമേശൻ ഒന്നും മിണ്ടാതെ നിന്നു.
“എനിക്ക് അറിയാം നീ ബെഞ്ചമിൻ അല്ല , വിവേകിനെ നിനക്ക് പറ്റിക്കാം, പക്ഷെ എന്നെ.” അവൾ ക്രൂരമായ ഒന്നു ചിരിച്ചു.
“എനിക്ക് അത് എവിടെയാണെന്ന് അറിയണം, ഇല്ലെങ്കിൽ വിവേക് എന്നെ കൊല്ലും, അതു കൊണ്ട് പറയുന്നതാണ് നല്ലത്, എന്താ നിൻ്റെയും അവൻ്റെയും പ്ലാൻ ?, നീ എന്തിനാ വന്നത്.?.”
ദിവസങ്ങളായി ആ കൂട്ടിൽക്കിടന്ന് അനുഭവിച്ച വിശപ്പും, മരണഭയവും, രാധയെക്കുറിച്ചുള്ള
കടുത്ത കുറ്റബോധവും രമേശന്റെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പോലെ പുകയുകയായിരുന്നു. അവളുടെ വാക്കുകൾ കേട്ടതും അയാളുടെ അവസാനത്തെ നിയന്ത്രണവും നഷ്ടപ്പെട്ടു.
അവശതകൾ മറന്ന് അയാൾ അതിശക്തിയായി ഗ്ലാസ് ഭിത്തിയിൽ ആഞ്ഞടിച്ചു. “നിർത്തടി നിന്റെയൊരു ബെഞ്ചമിൻ! എത്ര തവണ ഞാൻ നിന്നോട് പറയണം? എന്റെ പേര് രമേശൻ എന്നാണ്!
മഞ്ചാടിക്കാട് കവലയിൽ പലചരക്കുകട രമേശൻ നായർ!” അയാളുടെ അലർച്ച ആ ഭൂഗർഭ അറയിൽ ഭയാനകമായി മുഴങ്ങി.
ഭ്രാന്തനെപ്പോലെ അയാൾ വീണ്ടും ഗ്ലാസിൽ അടിച്ചുകൊണ്ട് വിതുമ്പി, “എന്നെ എന്തിനാണെടി നിങ്ങളൊക്കെ കൂടി ഇവിടെ അടച്ചിട്ടിരിക്കുന്നത്? എനിക്ക് എന്റെ രാധയെ കാണണം…
എന്റെ മോൻ കിച്ചുവിനെ കാണണം! തുറന്നു വിടെടി എന്നെ!” അയാളുടെ തൊണ്ട പൊട്ടി രക്തം വരുന്നത് പോലെ തോന്നി. വല്ലാത്തൊരു നിസ്സഹായതയോടെ അയാൾ ഗ്ലാസിലൂടെ ഊർന്ന് താഴേക്ക് ഇരുന്നു, കൊച്ചുകുട്ടികളെപ്പോലെ നെഞ്ചത്തടിച്ച് പൊട്ടിക്കരഞ്ഞു.
രമേശന്റെ ആ പൊട്ടിത്തെറിയും അലർച്ചയും ടീനയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. അവൾ പേടിച്ച് രണ്ടടി പിന്നോട്ട് മാറി.
ആ നിമിഷം ടീന സംഹരിച്ച ധൈര്യം എല്ലാം പോയി.
ബെഞ്ചമിൽ എത്തിയെന്ന വാർത്ത വിവേക് പറഞ്ഞപ്പോൾ ഓടി എത്തിയതായിരുന്നു, വിവേകിൻ്റെ തടങ്കലിൽ കിടക്കുന്ന ബെഞ്ചമിൻ, എന്നൽ അയാളുടെ രൂപം ബെഞ്ചമിൻ്റെ ആയിരുന്നെങ്കിലും എന്തോ ഒരു മാറ്റം ശ്രദ്ധിച്ചതാണ്.
വിവേക് അവനിൽ നിന്നും അത് എടുക്കാനുള്ള ദൗത്യം തന്നെ ഏൽപിച്ചത് മുതൽ ക്യാമറയിലൂടെ അവൻ്റെ ഓരോ നീക്കങ്ങളും ശ്രദ്ധിച്ചു.
അയാളുടെ പെരുമാറ്റവും കരച്ചിലും എല്ലാം കണ്ടപ്പോൾ അതു ബെഞ്ചമിൻ അല്ല എന്നു മനസിലായി.
പക്ഷെ ഇയാള് ആരാണ് ? ബെഞ്ചമിൻ്റെ മുഖ സാദൃശ്യം ഉള്ള ഇയാളും ബെഞ്ചമിനും തമ്മിൽ എന്താണ് ബന്ധം, ബെഞ്ചമിൻ ആ രഹസ്യം എവിടെ ഒളിപ്പിച്ചു ?.
തുടങ്ങിയ ചോദ്യങ്ങൾ അവളെ അലട്ടിയിരുന്നു, അതിനിടയിൽ വിവേകിൻ്റെ ഭീഷണിയുടെ ഫോൺ കോൾ മെസ്സേജസ്,
വിവേകും അവൻ്റെ ഗാർഡ്സ് അറിയാതെ അയാളുമായി സംസാരിക്കണമെന്ന്
തീരുമാനിച്ചാണ് ക്യാമറ ഓഫ് ചെയ്തു ഗാർഡ്സ് കാണാതെ ഇവിടെ വന്നത്.
“നിങ്ങൾ ബെഞ്ചമിൻ അല്ല എന്നു എനിക്കറിയാം.”
രമേശൻ തന്നെ ഒരു ആളെങ്കിലും വിശ്വസിക്കുന്നു എന്ന ചിന്തയിൽ നോക്കി.
“നിങ്ങളും ബെഞ്ചമിനും എന്താ ബന്ധം ? അവൻ എവിടെ ?”
