ഇഷ

ഇഷ

Isha | Author : Vedan


ഹായ് ഗയ്‌സ്, ന്നെ മറന്നില്ലല്ലോ ല്ലേ, ഞനാ വേടൻ, ഇനിയൊരു തിരിച്ചു വരവുണ്ടാവില്ല ന്നൊക്കെ മാസ്സ് അടിച് പോയിട്ട് ഈ നാറി ഇതെന്തിനാടാ വന്നേ ന്ന് ചിന്തിക്കുന്നവരോട് നിക്ക് സ്നേഹം മാത്രം.. 🙂 ഇത് ഒരു തവണ ഞാൻ അപ്‌ലോഡ് ചെയ്ത കോണ്ടന്റ് ആണെങ്കിലും ഒന്നുടെ നന്നായി എഴുതണം ന്ന് തോന്നി, അതോണ്ട് ഇതങ്ങോട്ട് സ്വീകരിക്കണം ന്ന് അറിയിക്കുന്നു.. അപ്പൊ ശെരി..

ആർത്തിരമ്പുന്ന മഴയുടെ രോഷം പ്രകൃതിയെ തെല്ലോന്ന് സുന്ദരിയാക്കി, അതെ വാദ്യഘോഷങ്ങളില്ലാത്ത ഒരു പുതുപ്പെണ്ണിന്റെ നാണമേറി അവൾ പെയ്തിറങ്ങുകയാണ്, അവൾ അവളുടെ പ്രാണനെ കാത്തിരുന്നപ്പോൽ അത്രയേറെ പ്രണയാർദ്രമായി മണ്ണിൽ ലയിച്ചു ചേർന്നു…

ഉള്ളിലേക്ക് ഒളിക്കണ്ണട്ട് നോക്കുന്ന ചെറു വെളിച്ചവും, തിരക്കുകൾക്ക് ശമനമില്ലാതെ നീണ്ടു വരുന്ന വെളിച്ചത്തെയും വക വെക്കാതെ ബാംഗ്ലൂർ നഗരം തന്റെ തിരക്കുകളുടെ വസ്ത്രം എടുത്തണിഞ്ഞു.

ഞാൻ ആ ബാൽക്കണി യിൽ നിന്നും ദൂരെയുള്ള കാഴ്ചകളിലേക്ക് കണ്ണിട്ടു. വൈകുന്നേരം ആർത്തിരമ്പി പെയ്യുന്ന മഴയെയും കീറി മുറിച്ചു തിരക്കുകളിൽ ഓരോ കാറും ബ്രറ്റ് ലൈറ്റ് തെളിയിച്ചു തങ്ങളുടെ ആവശ്യം അറിയിച്ചുകൊണ്ടിരുന്നു,

തിരക്കാണ്….. എല്ലാരും, പ്രിയപെട്ടവരെ കാണാനുള്ള തിരക്ക്.. അപ്പോളാണ് താഴേക്ക് നോട്ടം നീണ്ടത് താഴെ പാർക്കിങ്ങിലേക്ക് ഒരു കയ്യിൽ മുല്ലപ്പൂവും മറുകൈ കുടയായി പിടിച്ചു അകത്തേക്ക് കയറാൻ വരുന്ന സെൽവിയെ കാണുന്നത്.. സെക്യൂരിറ്റി എന്തോ പറയുന്നുണ്ട് അവളോട്. അതൊന്നും വക വെക്കുന്നില്ലേലും അവളെ അയാൾ അകത്തേക്ക് കടത്തുന്നില്ല.

********************************************

ഞാൻ ഡോറും പൂട്ടി, ലിഫ്റ്റിൽ കയറി താഴെ എത്തുമ്പോളേക്കും അവളാകെ നനഞ്ഞിരുന്നു, കയ്യിലെ മുല്ലപ്പൂ പകുതിയും വാടിതുടങ്ങിയിരുന്നു, എങ്കിലും അവളാ മഴ മുഴുവൻ നനഞ്ഞു കൊണ്ട് അയാളോട് തർക്കിച്ചു കൊണ്ടിരുന്നു.

അയാളോട് ഇതിന് മുൻപും പറഞ്ഞിട്ടുള്ളതാണ് അവളെ തടയരുത്, കയറ്റി വിടണം ന്ന്..കേൾക്കില്ല.. എത്ര പറഞ്ഞാലും അനുസരിക്കില്ല, ന്റെ വായിൽ നിന്ന് സരസ്വതി വീണാലെ അയാൾക്ക് ഉറക്കം വരുന്ന് വച്ചാ ഞാൻ ന്ത്‌ ചെയ്യാനാ..

അവളേം കൂട്ടി അകത്തേക്ക് കയറുമ്പോൾ, തിരിഞ്ഞു നിന്നവൾ “” പോടാ പൊറുക്കി “” ന്ന് ശബ്ദമുണ്ടാക്കി അയാളെ ആ കുഞ്ഞി കണ്ണുരുട്ടി പേടിപ്പിച്ചു.

“”സെൽവി…. ഉന്നോട് എവളോ വാട്ടി സൊല്ലിറുക്കെ,, പേരിയവങ്കിട്ടേ കേട്ട വാർത്ത പേസ്സാതെന്ന്..!!! ഞാൻ കണ്ണുരുട്ടിയതും അവൾ തലകുനിച്ചു.

മ്മ്.. മണ്ണിപ്പ് കേള്…”” പതിയെ ആ മുഖം അയാളിലേക്ക് തിരിഞ്ഞു, ഒരു കുഞ്ഞു സോറിയുംപറഞ്ഞിട്ടാണ് ഞാൻ അവളേം കൊണ്ട് ഫ്ലാറ്റിലേക്ക് വന്നത്.

കയ്യിലെ മുല്ലപ്പൂ ഞാൻ വാങ്ങി ടിപ്പോയിൽ വെച്ചു. മുറിയിലാകെ മുല്ലപ്പു ഗന്ധം.. നിലത്തേക്ക് മുട്ട് കുത്തി അവളെ മൊത്തത്തിൽ ഒന്ന് നോക്കി, ആകെ നനഞ്ഞു കുളിച്ചുള്ള നിപ്പാണ്, അവളുടെ അമ്മ കണ്ടാൽ പെണ്ണിന്റെ അവസാനം ആണ് ഇന്ന്. തോളിൽ നിന്ന് ബാഗ് ഊരി ഞാൻ മാറ്റി വെച്ചു, അവളേം കൊണ്ട് മുറിയിലേക്ക് പോയി അലമാരി തുറന്ന് ഒരു ഉടുപ്പ് കയ്യിൽ എടുത്തു.. കണ്ണൊന്നു കലങ്ങി., അതിലൂടെ വിരലോടിക്കുമ്പോൾ ഉള്ളിൽ ഒരു വേദന.

ഞാൻ ആ ആറ് വയസ്സ് ക്കാരി കുഞ്ഞി പെണ്ണിനെ നോക്കി, അവളെന്നെയും ആ ഉടുപ്പിലേക്കും മാറി മാറി നോക്കി നിക്കയാണ്, ന്റെ കുട്ടി ഇണ്ടായിരുന്നേൽ ഇവള്ടെ പ്രയെ കാണു ഇവക്കും..

വിതുമ്പി വീണ കണ്ണീരിനെ പിടിച്ചു നിർത്തി അവളെ ബാത്‌റൂമിൽ കൊണ്ട് പോയി കുളിപ്പിച്ച് ഡ്രസ്സ്‌ ഇടിപ്പിച്ചു, ഒരുക്കി തിരിച്ചിറക്കി,.

തനിച്ചായി തുടങ്ങിയ ഈ ആറെഴ് മാസങ്ങളിൽ ഇവളായിരുന്നു ന്റെ കൂട്ട്. മിക്ക ദിവസവും ഇവളുടെ അമ്മക്ക് മുന്നേ ഇവളിവിടെ ഹജറാകും സ്കൂൾ വിട്ടാൽ ഓടി എന്റെ അടുത്തേക്ക് വരും. ടീവിക്കാണലും, പുറത്ത് പോകലും ഒക്കെയായി ഞങ്ങൾ അങ്ങ് കുടും.., ഇപ്പോ സെക്രട്ടറി പുതിയ സെക്യൂരിറ്റിയെ നിർത്തിയത് കൊണ്ട് എന്നും താഴെ ചെന്ന് വിളിക്കണ്ട വരും. അതാണ് അവൾക്കും ഇഷ്ടം, നടക്കണ്ടല്ലോ ഞാൻ എടുത്തോളുമല്ലോ.

ഉടുപ്പും ഇടിപ്പിച്ചു അടുക്കളയിൽ നിന്ന് ഉച്ചക്ക് ഉണ്ടാക്കിയ ചോറും, തക്കാളികറിയും പയറു തോരനും, സമ്മന്തിയും, മോദവറുത്തതും കൂട്ടി, ഡിനിംഗ് ഹാളിന് മുകളിൽ ഇരിക്കുന്ന ആ കുഞ്ഞി പെണ്ണിന് ഞാൻ ഊട്ടി, ഇടയ്ക്കിടെ എരിവ് വലിച്ചു പെണ്ണ് നാക്ക് വെളിയിലേക്ക് നീട്ടും.. ചുമ്മാ… വെള്ളം കുടിച്ചു വയറു നിറക്കാൻ പെണ്ണ് അടവ് ഇടുന്നതാണേ..

ഇതെല്ലാം അവൾക്ക് വേണ്ടിയാണ് ഞാൻ ഉണ്ടാക്കിരുന്നത്, അതോർത്തപ്പോ വീണ്ടും കണ്ണൊന്നു നിറഞ്ഞു.

“” ഇന്നും സാറുക്ക് കഷ്ടമാക്കി ല്ലേ ഇവൾ… “” തുറന്നു കിടന്ന വാതിലും താണ്ടി മല്ലിക അകത്തേക്ക് കയറി, അവൾ അവളുടെ മുറി മലയാളവുമായി കയ്യിലെ സഞ്ചി സൈഡിലേക്ക് വെച്ചു, സെൽവി, അമ്മയെ കണ്ടതും ഡിനിംഗ് ടേബിളിൽ ഇരുന്ന് നിരങ്ങാൻ തുടങ്ങി, ഞാൻ അവളെ എടുത്ത് നിലത്തേക്ക് വെച്ചതും പെണ്ണ് ഓടിപ്പോയി മല്ലികയെ കെട്ടിപ്പിടിച്ചു. അവളെ ചേർത്താ കവിളിൽ ഒരുമ്മ കൊടുത്ത് മല്ലിക

“” നീ അണ്ണവേ റൊമ്പ തോന്ദരവ് പണ്ണിട്ടിയാടി ചെല്ലോ… “”

അതിനവൾ ആ കുഞ്ഞു ചുണ്ടുമടക്കി ഇല്ലെന്ന് തലയനക്കി. അപ്പോളാണ് മല്ലിക അവളുടെ ഡ്രസ്സ്‌ കണ്ടത്,

“” അണ്ണേ.. ഇത് ഉന്നോടെ കോളന്തയുടെ താനെ…””

മറുപടി ഒന്നും പറഞ്ഞില്ല ഞാൻ, കാര്യം മനസിലാക്കിയ മല്ലിക കുഞ്ഞിനെ ന്റെ അടുത്തേക്ക് വിട്ട് അടുക്കളയിലേക്ക് കയറി, വൈകിട്ടത്തേക്കിന് ഉള്ളത് ഉണ്ടാക്കാനുള്ള തയാറെടുപ്പ് തുടങ്ങി. ഞാൻ കുഞ്ഞുമായി അടുക്കളയിലേക്ക് ചെന്ന് അവളെ ആ സ്ലാബിലേക്ക് ഇരുത്തി, വീണ്ടും കുഞ്ഞിനെ കളിപ്പിച്ചോണ്ട് ഓരോന്ന് ചോദിച്ചു ഞാൻ ഇരുന്നു, ഇടക്കെല്ലാം മല്ലിക ന്നെ നോക്കുന്നുണ്ട്.. പിന്നെ നോട്ടം മാറ്റി പണിയിൽ മുഴുകും.

“” മല്ലികക്ക് ന്നോട് വല്ലതും പറയാനുണ്ടോ…?? “”

“” ഏയ്യ് ഒന്നുമില്ലണ്ണേ.. ” അവൾ വീണ്ടും പണിയിൽ മുഴുകി, അവൾക്കറിയാം, അവളെ ആവശ്യം ഇല്ലാഞ്ഞിട്ടും ഇവിടെ ജോലിക്ക് നിർത്തിയത് സെൽവിയെ ഓർത്തിട്ടാണെന്ന്., ആഹാരം ഉണ്ടാക്കാൻ ഏറെ ഇഷ്ടം ഉള്ള ഒരാൾ ആയിട്ട് കൂടി വൈകുനേരം ഇവളെ ഇങ്ങോട്ട് വിളിക്കുന്നതും എനിക്ക് ആവശ്യം ഉണ്ടായിട്ടല്ല ന്ന് അവൾക്ക് നന്നായി തന്നെ അറിയാം. അതാണ് പറയാൻ ന്തോ ഉണ്ടായിട്ടും അവൾ വേണ്ടെന്ന് വെച്ചത്. ഞാൻ കൂടുതൽ അതിലേക്ക് ശ്രദ്ധ കൊടുത്തില്ല. പോകാൻ നേരം യാത്ര പറഞ്ഞിറങ്ങിയ സെൽവി മോൾക്ക് ഒരു ഉമ്മയും അവളുടെ നനഞ്ഞ യൂണിഫോംമും ഞാൻ മല്ലികയുടെ കയ്യിലേക്ക് കൊടുത്തു, അവൾ അതും വാങ്ങി നാളെ വരാമെന്ന് പറഞ്ഞ് മുന്നോട്ട് പോകാൻ നിന്നതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി, കാര്യം എന്താണെന്ന് അവൾ ആംഗ്യത്തിൽ മുഖം ചുളിച്ചു ചോദിച്ചതും പിടിമുറുക്കിയ കൈ ഞാൻ നിവർത്തി ആ കയ്യിലേക്ക് രണ്ടായിരത്തിന്റെ അഞ്ചു നോട്ട് വെച്ചു കൊടുത്തു.