അവളെഴുന്നേറ്റ് നടന്നു പുറകെ ഞാനും
ഒരു രണ്ട് മിനിറ്റ് നടന്നതും അവളുടെ വീടെത്തി
“പൈപ്പ് ആ വലത്തേ സൈഡിൽ ഉണ്ട് ഞാൻ പോയി ഡെറ്റോളും പഞ്ഞിയും എടുത്തിട്ട് വരാം ”
“ഡീ കുറച്ച് തണുത്ത വെള്ളവും എടുത്തോ ”
അതും പറഞ്ഞ് അവളകത്തേക്കും ഞാൻ പൈപ്പിന്റെ അടുത്തേക്കും നടന്നു
മുഖവും കൈയും നന്നായിട്ട് കഴുകി
മുഖം കഴുകുമ്പോ മൂക്കിന്റെ സൈഡിലൊക്കെ നല്ല വേദനയായിരുന്നു
ഇപ്പോഴാണേൽ മൂക്കിൽ ആരോ പിടിച്ചേക്കുമ്പോലെ
എന്തോ ഒരു അസ്വസ്ഥ
ഞാൻ കൈയും മുഖവും കഴുകി അവളുടെ വീടിന്റെ മുറ്റത്തു പോയി നിന്നു
“നീയെന്നാ മുറ്റത്തു തന്നെ നിക്കണത് വാ അകത്തേക്ക് വാടാ ”
ഞാൻ മുറ്റത്ത് പരുങ്ങി കളിക്കണത് കണ്ടതും അവളകത്തേക്ക് വിളിച്ചു
ഞാൻ ഇട്ടിരുന്ന ബൂട്ട് ഊരി സ്റ്റെപ്പിന്റെ സൈഡിൽ വെച്ചിട്ട് അകത്തേക്ക് കേറി
ഏകദേശം എന്റെ വീടിന്റെ ഹാൾ പോലത്തെ ഹാൾ
അകത്തേക്ക് കേറിയപ്പോ നല്ല മണം
ഏതോ നല്ല ബ്രാൻഡ് റൂം ഫ്രഷ്നേർ ആണ്
വീട്ടിലും ഉണ്ട് ഒരുമാതിരി വൃത്തിക്കെട്ട മണമുള്ള സ്പ്രേ അത് മാറ്റാൻ പറഞ്ഞാലോട്ട് അമ്മ സമ്മതിക്കുകേല
ഞാൻ റൂം ഫ്രഷ്നേറിന്റെ മണവും ആസ്വദിച്ചു സോഫയിൽ ഇരുന്നതും ഓറഞ്ച് ജ്യൂസും ഡെറ്റോളും കുറച്ച് പഞ്ഞിയും കൊണ്ട് റിയ വന്നു
“ജ്യൂസ് നീയിപ്പോ എനിക്ക് വേണ്ടി ഉണ്ടാക്കിയതാണോ അതോ വീട്ടിലുണ്ടാക്കി വെക്കാറുള്ളതാണോ ??”
“മ്മ് ഇപ്പൊ നിനക്ക് വേണ്ടി ഉണ്ടാക്കിയതാണ് എന്തെ കൊള്ളുലെ??”
“നല്ലതാടി നല്ല ടേസ്റ്റ് ഉണ്ട് ”
ആ ജ്യൂസ് കുടിച്ചുകഴിഞ്ഞപ്പോഴാണ് എനിക്ക് ബോധം നേരെ വീണത്
ഇപ്പോ മൂക്കിന് ചെറിയ വേദനയുണ്ടന്നല്ലാതെ
വേറെ കൊഴപ്പം ഒന്നും ഇല്ല
“ഡാ ആ പഞ്ഞിയെടുത്തു ഡെറ്റോളിൽ മുക്കി മൂക്കിൽ വെക്ക് ”
“എന്തിന്???”
“”മൂക്കിനകം പൊട്ടിയിട്ടുണ്ടെന്ന് തോന്നുന്നു അതിൽ ഇൻഫെക്ഷൻ ഉണ്ടാവാതിരിക്കാനാണ് “”
“ഏയ് എനിക്കൊന്നും വയ്യ മൂക്കിലോട്ട് പഞ്ഞിക്കുത്തികേറ്റാൻ ”
“ഡാ ആ പഞ്ഞിയെടുത്തു കൊറച്ചു നേരം വെക്ക് എന്നിട്ട് കളഞ്ഞോ അല്ലെങ്കി പൊടിയൊക്കെ കേറുമ്പോ പഴുക്കും ”
“പോടീ അങ്ങനെ പഴുക്കെന്നും ഇല്ല
ഞാൻ ഗ്രൗണ്ടിലേക്ക് പോകുവാ ”
ഞാനവിടെ നിന്നെഴുന്നേറ്റത്തും അവളോടി വന്ന് എന്നെ അവിടെ തന്നെ പിടിച്ചിരുത്തി
എന്നിട്ട് അവള് തന്നെ പഞ്ഞി ഡെറ്റോളിൽ മുക്കി മൂക്കിൽ വെച്ച് തന്നു
മൂക്കിലേക്ക് വെച്ചതും ഒരു നീറ്റൽ
”’സ് ”’ ഞാൻ എരിവ് വലിച്ചു
“നീയെന്നെ വേദനിപ്പിച്ചു കൊല്ലാൻ നോക്കുവാണോ??”
വേദനയെടുത്ത കലിപ്പിൽ ഞാൻ ചോദിച്ചു
“ഓ ഇപ്പൊ ഒന്ന് സഹായിക്കാൻ വന്നതിനാണോ കുറ്റം
ഇത്തിരി മുൻപൊരുത്തൻ മൂക്കിനിട്ടിച്ചപ്പോ മിണ്ടാട്ടം ഇല്ലാരുന്നല്ലോ ഇനിപ്പോ ഇത്തിരി വേദനയൊക്കെ സഹിക്ക് ”
ആ നിറൽ മാറാൻ ഞാൻ കുറച്ചു നേരം ആ ഇരിപ്പവിടെ ഇരുന്നു
ഗ്രൗണ്ടിൽ നിന്ന് പോന്നിട്ട് ഒരുപാട് നേരമായിന്ന് തോന്നിയപ്പോ ഞാൻ തിരിച്ചുപോകാൻ ഇറങ്ങി
“ഡി നീ ഗ്രൗണ്ടിലേക്ക് വരുന്നുണ്ടോ
ഞാൻ പോകുവാ ചേട്ടന്മാര് തിരക്കും ”
ജൂസ് കുടിച്ച ഗ്ലാസ് എടുത്ത് ടേബിളിന്റെ പുറത്ത് വെച്ചുകൊണ്ട് ഞാൻ ചോദിച്ചു
“മ്മ് നിക്കട ഞാനും വരാ
ഈ ഗ്ലാസ്സൊന്ന് കഴുകി വെച്ചോട്ടെ ”
അവളോടി പോയി ഗ്ലാസും കഴുകി വെച്ച് വന്നതും
ഞങ്ങളവിടെ നിന്നിറങ്ങി ഗ്രൗണ്ടിലേക്ക് നടന്നു
ഗ്രൗണ്ടിൽ ചെന്നതും ആദ്യത്തെ കളി കഴിഞ്ഞിരുന്നു
എന്നെ കണ്ടതും അഭിലാഷേട്ടൻ ഓടി എന്റടുത്തേക്ക് വന്നു
“അനിയൻകുട്ടാ നീ എവിടെരുന്നു???
ഇവിടെന്നും നോക്കിട്ട് കണ്ടില്ല ”
“ഞാൻ ദേ ഇവളുടെ വീട് വരെ പോയേക്കുവാരുന്നു”
എന്റടുത്തു നിന്ന റിയയെ ചൂണ്ടി ഞാൻ അഭിലാഷേട്ടനോട് പറഞ്ഞു
“എന്താരുന്നു ഇവളുടെ വീട്ടിൽ പരുപാടി????”
പുള്ളി എന്നെ നോക്കി ഒരു കള്ളച്ചിരിയോടെ ചോദിച്ചു
ഞാൻ പുള്ളിടെ ചോദ്യം കേട്ടതും അവളുടെ റിയാക്ഷൻ എന്താണെന്നറിയാനായി അവളുടെ മുഖത്തേക്ക് നോക്കിയതും കണ്ടത്
അഭിലാഷേട്ടനെ രൂക്ഷമായി നോക്കി കൊണ്ടിരിക്കുന്ന റിയയെ ആണ്
“ഞാൻ കുറച്ച് വെള്ളം കുടിക്കാനായി പോയതാ ”
“വെള്ളം കുടിക്കാൻ ഇത്രേം നേരം വേണോ?? ”
