പുറത്തിറങ്ങിയ ശേഷം പ്രസാദമായി കിട്ടിയ ചന്ദനവും കുങ്കുമവും ചിന്നുവിനെ തൊടുവിക്കാൻ സുശീലേച്ചി നോക്കിയപ്പോൾ ചിന്നു സമ്മതിച്ചില്ല. അവിടേയും ഏട്ടൻ മതി എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കി. ആളുകൾ ശ്രദ്ധിക്കും എന്ന് മനസ്സിലായപ്പോൾ ഞാൻ തന്നെ സുശീലേച്ചിയുടെ കൈയിൽ നിന്ന് പ്രസാദം വാങ്ങി തൊട്ടു കൊടുത്തു.
അപ്പോഴും പുതിയ പ്രശ്നവുമായി ചിന്നു വന്നു.
നെറ്റിയിൽ ചന്ദനം തൊട്ട ശേഷം കുങ്കുമവും കൂടെ തൊട്ട് കൊടുക്കാൻ പോയപ്പോൾ അവൾ പറഞ്ഞു.
“ഏട്ടാ. അത് നെറ്റിയിൽ അല്ല ഇവിടെയാണ് തോടേണ്ടത് . വിവാഹം കഴിഞ്ഞവർ എല്ലാവരും ഇവിടെയാ തൊടുക.. കണ്ടില്ലേ അമ്മ തൊട്ടത്”
അവളുടെ അമ്മയെ ചൂണ്ടി കാണിച്ചുകൊണ്ടാണ് ചിന്നു പറഞ്ഞത്. വിവാഹം കഴിഞ്ഞവർ നെറുകയിൽ സിന്ദൂരം തൊടുന്നത് ആണ് അവൾ കാണിച്ചത്.. ഒടുവിൽ അവിടെ വെച്ച് എനിക്ക് ചിന്നുവിന്റെ നെറുകയിൽ സിന്ദൂരം തൊട്ട് കൊടുക്കേണ്ടി വന്നു. അത് കണ്ട് സുശീലേച്ചി കരഞ്ഞു. അപ്പുവും രാമേട്ടനും നോക്കി നിന്നു. അതിന് ശേഷം ഞാൻ രാമേട്ടനോട് പറഞ്ഞു.
“രാമേട്ടാ … ഊട്ടുപുരയിൽ ഇപ്പോൾ ക്യു തുടങ്ങിയിട്ടുണ്ടാവും .. പ്രസാദ സദ്യയുടെ നിങ്ങൾ പോയി കഴിച്ചിട്ട് വാ ഞങ്ങൾ പുറത്ത് ഉണ്ടാകും. ചിന്നൂനേയും കൊണ്ട് അങ്ങോട്ട് വന്നാൽ ശരിയാവില്ല.”
“വേണ്ട. ബാലു. നമുക്ക് പോകാം.” രാമേട്ടൻ പറഞ്ഞു.
“അത് വേണ്ട രാമേട്ടാ.. ഇത്രയും ദൂരെ നിന്ന് വന്നതല്ലേ.. എന്നിട്ട് പ്രസാദ സദ്യ കഴിക്കാതെ പോകാനോ. ചിന്നുവിനെ ഞാൻ നോക്കിക്കോളാം നിങ്ങൾ പോയിട്ട് വാ.”
അതും പറഞ്ഞു ഞാൻ ചിന്നുവിനേയും കൊണ്ട് പുറത്തേക്ക് നടന്നു. അപ്പോഴും ചിന്നു എന്റെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു..
“രാമേട്ടാ… മംഗല്ല്യ പൂജ ചെയ്ത കുങ്കുമം ആണ് ബാലു മോളുടെ നെറുകയിൽ തൊട്ടത്. അവർ തമ്മിൽ നല്ല ചേർച്ചയും ഉണ്ട്.. അവർ ശരിക്കും വിവാഹം കഴിച്ചിരുന്നെങ്കിൽ അല്ലേ?” സുശീലേച്ചി രാമേട്ടനോട് പറഞ്ഞു.
“എന്നിട്ട് ആ പാവം ബാലുനെ വേദനിപ്പിക്കാനോ? അതും …. ഞാൻ ഒന്നും പറയുന്നില്ല.. ” രാമേട്ടൻ പറഞ്ഞു നിർത്തി.
“അങ്ങനെ അല്ല ഞാൻ പറഞ്ഞത്.. കണ്ടില്ലേ നമ്മുടെ മോളുടെ സന്തോഷം. ഇപ്പോൾ കണ്ടാൽ ആരെങ്കിലും പറയുമോ എന്റെ മോൾക്ക് എന്തെങ്കിലും അസുഖം ഉണ്ടെന്ന്.. എത്ര വർഷമായി അവളുടെ ചിരി കണ്ടിട്ട് … സന്തോഷം കണ്ടിട്ട് … അതാ ഞാൻ പറഞ്ഞത്..” സുശീലേച്ചി പറഞ്ഞു.
“ശരിയാണ്.. അച്ഛാ ചേച്ചിയെ ഇത്രയും സന്തോഷത്തിൽ ഒരിക്കലും കണ്ടിട്ടില്ല.. ” അപ്പു പറഞ്ഞു.
“എന്ന് വെച്ച് സുഖമില്ലാത്ത എന്റെ കുട്ടിയെ പിടിച്ചു ആ പാവത്തിന്റെ തലയിൽ കെട്ടിവെക്കണോ.. ശരി വാ ബാലു പറഞ്ഞത് പോലെ നമുക്ക് പോയി പ്രസാദ സദ്യ കഴിക്കാം.” രാമേട്ടൻ പറഞ്ഞു.
അവർ ഊട്ടുപുരയിലേക്കു നടന്നു. ഞാനും ചിന്നുവും.. കാമുകി കാമുകന്മാരെപോലെ അല്ലെങ്കിൽ ഇപ്പോൾ വിവാഹം കഴിഞ്ഞ യുവമിഥുനങ്ങളെപ്പോലെ കൈകോർത്തു നടന്നു. അങ്ങനെയാണ് ഞങ്ങൾ നടക്കുന്നത് കണ്ടാൽ ആർക്കും തോന്നുക.
കുറച്ചു നടന്നപ്പോൾ ചിന്നു എന്റെ കൈയിൽ ചൊറിഞ്ഞു.. ഞാൻ അവളെ നോക്കി.
“ഏട്ടാ എനിക്ക് മുള്ളണം.. ” അവൾ പറഞ്ഞു.
പിന്നെയും പെട്ടോ.. ഇവൾ ഇതിന് മാത്രം വെള്ളം കുടിക്കുന്നുണ്ടോ.. ഉണ്ടെങ്കിൽ ഇവളുടെ വെള്ളം കുടി മുട്ടിക്കണം. അല്ലെങ്കിൽ എന്റെ കാര്യം പോക്കാ.. തീയും പടക്കവും ഒരുമിച്ചു വെച്ചാൽ പ്രശ്നം ആണ്.
ഞാൻ അവളേയും കൂട്ടി നേരത്തെ ഭക്ഷണം കഴിച്ച ഹോട്ടലിൽ പോയി..
“എന്താ സാർ എന്ത് വേണം?
.. എന്തെങ്കിലും മറന്നു പോയതാണോ?
നേരത്തെ ഞങ്ങൾ വന്നപ്പോൾ ഞങ്ങൾക്ക് ഭക്ഷണം എടുത്തു തന്നയാൾ ചോദിച്ചു. അയാൾക്ക് ഞങ്ങളെ മനസ്സിയിരുന്നു.
” ഒന്ന് ടോയ്‌ലറ്റിൽ പോകണം.. വൈഫിനു വയറിനു സുഖം ഇല്ല. ” ഞാൻ പറഞ്ഞു.. അപ്പോൾ അങ്ങനെ പറയാൻ ആണ് എനിക്ക് തോന്നിയത്. കാരണം ഞങ്ങളെ കണ്ടാൽ അങ്ങനെ മാത്രമേ തോന്നു.. കൂടാതെ അവളുടെ നെറുകയിൽ ഉള്ള സിന്ദൂരവും.
