“വേദപരമേശ്വർ ഒന്ന് സ്റ്റേഷൻ വരെ വരണം.അരവിന്ദിനോടും വരാൻ പറയൂ”
“എന്ത് പറ്റി സർ? പെട്ടന്ന്! “
“ആ മോർച്ചറി സൂക്ഷിപ്പുകാരൻ വന്നിട്ടുണ്ട്.ഒരു തിരിച്ചറിയൽ പരേഡ് “
“ഉടനെ എത്താം സർ”
അരവിയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ 10 മിനിട്ടിനുള്ളിൽ എത്താമെന്ന് പറഞ്ഞു.
ഫോൺ കട്ട് ചെയ്തു അപ്പയുടെ സിസ്റ്റത്തിലെ അവശ്യ ഫയലുകൾ ഞാൻ എന്റെ മെയിൽ ഓപൺ ചെയ്ത് അച്ഛന്റെ മെയിലിലേക്കിട്ടു.
പത്ത് മിനിട്ട് ആവും മുന്നേ തന്നേ അരവി എത്തി. അനുവാദം കിട്ടാനായി ഞാൻ പുറത്ത് വെയിറ്റ് ചെയ്തു.
” മേഡം സർ വിളിക്കുന്നു.”
ഒരു കോൺസ്റ്റബിൾ അറിയിച്ചു.
CI യുടെ ഡോർ തുറന്നു കയറാനാഞ്ഞ എനിക്കു മുമ്പി ഡോർ തുറന്നു പുറത്തു വന്നവർ ധരിച്ച സർപ്പ മുഖമുള്ള ഒരു ലോക്കറ്റിൽ മുഖമുടക്കി.ഞാൻ തലയുയർത്തി ആ മുഖത്തേക്ക് നോക്കി. ഇതവർ തന്നെയാണോ?എന്നെ ഗൗനിക്കാതെ നടന്നു പോയ അവർ ധരിച്ച വസ്ത്രത്തിൽ എന്റെ മനസു കുരുങ്ങി .
എതിരെ വന്ന പോലീസുകാരനോട് ഞാൻ
“ആ പോയ സ്ത്രീ ആരാ “
എന്ന് തിരക്കി
“അവരെ അറിയില്ലെ?അവരാണ്……..”
“അവരെ അറിയില്ലെ അവരാണ് പുതിയ ACP രേണുക കൃഷ്ണൻ, ഇന്ന് രാവിലെ ചാർജ്ജെടുത്തതേയുള്ളൂ. “
“വേദാ വരൂ “
CI അകത്തു നിന്നും വിളിക്കുന്നു.
എവിടെയോ ഒരു കെണി മണക്കുന്നു. എല്ലാം തുറന്നു പറയാമോ?
“വേദ മോർച്ചറി സൂക്ഷിപ്പുകാരൻ വന്നിട്ടുണ്ട്. നിങ്ങൾ തന്നെയാണെന്ന് കൺഫോം ചെയ്യാൻ. അരവിന്ദ് വന്നിട്ടില്ലേ?”
“ഉവ്വ് പുറത്തു നിൽപുണ്ട്.”
തുടർന്ന് മേശപ്പുറത്തെ ബെല്ലിൽ കൈയമർത്തി. വാതിൽ തുറന്ന് ഒരു പോലീസുകാരൻ കടന്നു വന്നു.
” പുറത്ത് നിൽക്കുന്ന മോർച്ചറി സൂക്ഷിപ്പുകാരനെ വിളിക്കൂ.കൂടാതെ അരവിന്ദിനേയും “
അയാൾ പോയി ഒരു മിനിട്ടിനുള്ളിൽ അരവിന്ദനും പിന്നാലെ മോർച്ചറി സൂക്ഷിപ്പുകാരനും വന്നു. അയാൾ എന്നെ നോക്കി പരിചയ ഭാവത്തിൽ ചിരിച്ചു. പക്ഷേ എനിക്ക് ചിരി വന്നില്ല.
“Mr: വാസുദേവൻ ഇവരെയല്ലേ അന്ന് രാത്രി കണ്ടത്?”
“അല്ല സാറേ. “
“ഇതാണ് നിങ്ങൾ പോലീസിന് മൊഴി കൊടുത്ത അരവിന്ദും വേദാ പരമേശ്വറും “
“ഇവരല്ല സാറേ .ആ സ്ത്രീയുടെ മൂക്കിനു സൈഡിലായിട്ടു ഒരു കറുത്ത പാടുണ്ട്.അരവിന്ദെന്നു പറഞ്ഞു പരിചയപ്പെടുത്തിയവരും ഇദ്ദേഹമല്ല.”
CI ആകെ സംശയത്തിലായി.
ഈശ്വരാ ഇവരെ കാണാൻ അലോഷിക്കൊപ്പം പോയ കാര്യം പറഞ്ഞാൽ തീർന്നു എല്ലാം.
“സോറി വേദ നിങ്ങളെ രണ്ടു ബുദ്ധിമുട്ടിക്കേണ്ടി വന്നതിൽ ക്ഷമിക്കുക.
നിങ്ങൾ പോയ്ക്കോളൂ. എനിക്ക് ഒരത്യാവശ്യ മീറ്റിംഗുണ്ട് ACP യുമായി.”
ഞങ്ങൾ എഴുന്നേറ്റു. പിന്നാലെ CIഉം.
അരവിയുടെ ബൈക്കിനു പിന്നിൽ കയറാനിരുന്നപ്പോൾ അലോഷിയുടെ കോൾ വന്നു.
“സർ “
“വേദ ചെറിയൊരു മെസ്സേജ് ഉണ്ട്.കെടി മെഡിക്കൽസ് ഉടമയുടെ മകൾ മിസ്സിംഗാണ്”
“സർ അതെങ്ങനെ?”
“വിശദമായി പറയാം അതിനു മുന്നേ താൻ VK മാർട്ടിനു ലെഫ്റ്റ് സൈഡിൽ ഞാനുണ്ട്, താൻ വാ.”
ഞാൻ ആക്ടിവ എടുത്തു പിന്നിൽ അരവി കയറി. വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ മിററിൽ ഞാൻ കണ്ടു ACPരേണുക കൃഷ്ണൻ. അവരുടെ നോട്ടം എന്നെയായിരുന്നു.
തുളഞ്ഞു കയറുന്നതു പോലെ. ന്യൂസവർ അറിഞ്ഞതിനാൽ ഇന്നലെ അവരെ ഞാൻ കണ്ടത് അവർക്കറിയാമെങ്കിൽ അതെന്റെ ജീവന് അപകടമാണ്..
VK മാർട്ടിനു മുന്നിൽ ആക്ടിവ നിർത്തി ഞാനിറങ്ങി.അരവിയോട് പോയ്ക്കോളാൻ പറഞ്ഞു. അക്ടിവയും അരവിയും കാഴ്ചയ്ക്കപ്പുറമായതിനു ശേഷമാണ് ഞാൻ അലോഷ്യസിന്റെ അടുത്തേക്ക് നീങ്ങിയത്.
കാറിൽ കയറിയതും കാർ നീങ്ങി.
“വേദ KT മെഡിക്കൽസ് ഉടമ തൗഹയുടെ മകൾ കൊല്ലപ്പെട്ടിരിക്കുമെന്ന വലിയ വിശ്വാസത്തിലാണ് ഞാനിപ്പോൾ. അന്ന് തന്റെ വാട്ടർ ടാങ്കിൽ കണ്ട ബോഡി അത് മുംതാസാവാം. “
“സർ അതെങ്ങനെ കഴിഞ്ഞ ദിവസം സർ അവരുമായി ചാറ്റ് ചെയ്തതല്ലേ?”
“അതെ. പക്ഷേ ഇന്ന് രാവിലെ ഞാനവരെ ഓൺലൈനിൽ വാച് ചെയ്തിരുന്നു. വെറുതെ ഒരു gd Mgവിഷ് ചെയ്യുകയും ചെയ്തു.പ്രശ്നം അതല്ല.ഞാൻ തിരക്കിയപ്പോൾ അവൾ പുതിയ ജോലി പെട്ടന്ന് റെഡിയായെന്നും വിദേശത്താണെന്നും പറഞ്ഞു. ഒരു കല്ലുകടി തോന്നിയതിനാൽ ഞാൻ ലൊക്കേഷൻ നോക്കി. ശരിയായിരുന്നു. അവൾ അപ്പോൾ മസ്ക്കറ്റിലായിരുന്നു. അവളോട് എവിടെയാണെന്ന് ചോദിച്ചപ്പോൾ ഖത്തർ എന്നാണ് മെസ്സേജ് ചെയ്തത്.
പോകുമ്പോൾ എന്താ പറയാതിരുന്നതെന്ന ചോദ്യത്തിന് ഉപ്പച്ചിക്ക് അത്യാവശ്യമായി വരാനുണ്ടായിരുന്നു. അപ്പോൾ ഞാനും കുറച്ച് നേരത്തെ വന്നു എന്ന്. അതിൽ ഒരു കള്ളം ഫീൽ ചെയ്തു. ഉടനെ തന്നെ ഞാൻ അതേ പറ്റി അന്വേഷിപ്പിച്ചു. അപ്പോൾ അറിയാൻ കഴിഞ്ഞത് തൗഹബിൻ പരീതിനൊപ്പം മുംതാസ് തിരുവനന്തപുരത്തു നിന്നും കഴിഞ്ഞ 5 ദിവസങ്ങളിലൊന്നും ഫ്ലൈറ്റ് കയറിയിട്ടില്ല എന്നതാണ്. മാത്രവുമല്ല.. മിനിഞ്ഞാന്ന് ഉച്ചയ്ക്കുള്ള ഫ്ലൈറ്റിന് തൗഹബിൻ പരീത് മസ്ക്കറ്റിലേക്ക് പോയതായി വിവരം കിട്ടിയിട്ടുണ്ട്. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ യാത്ര മുൻകൂട്ടി അറിയാവുന്ന ആരോ അദ്ദേഹഹത്തെ കരുവാക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.”
