അജ്ഞാതന്‍റെ കത്ത് – 7

അരവിയുടെ സംസാരത്തിനു മറുപടിയായി

“പോവാം “

എന്നത് മാത്രം പറഞ്ഞു ഞാൻ.
വഴിയിൽ ഒരു തട്ടുകടയിൽ നിന്നും ഓരോ കാലി കാപ്പി കുടിക്കുമ്പോൾ അലോഷിയുടെ കോൾ വന്നു.

“വേദ, മുസ്തഫ അലിയെ കാണുന്നത് രഹസ്യമായിരിക്കണം.നിനക്ക് പിന്നിൽ വാച്ച് ചെയ്യാൻ ചിലപ്പോൾ ആളുണ്ടാവും”

“സർ “

” വിവരങ്ങൾ അപ്പപ്പോൾ അറിയിക്കണം”

” ശരി സർ “

പത്രത്തിലെ പ്രധാന വാർത്ത പെരുമ്പാവൂരിലെ വീട്ടിലെ ബോഡിയും എൽദോയുടെ അറസ്റ്റുമായിരുന്നു.കുര്യച്ചനും തോമസും അപകടത്തിൽ എന്ന രീതിയിൽ ചില വളച്ചൊടിച്ച വാർത്തകളും. അതിലൊരിടത്തും ഒരു കുഞ്ഞിന്റെ ബോഡി കണ്ടതായി എഴുതിക്കാണാതായപ്പോൾ എന്തോ ഒരാശ്വാസം തോന്നി.
തീർത്ഥ എവിടേയോ ജീവിച്ചിരിപ്പുണ്ട്.

” എൽദോയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. “

തിരികെ ബൈക്കിൽ കയറുമ്പോൾ അരവി പറഞ്ഞു.

എൽദോയെ അറസ്റ്റ് ചെയ്തിട്ട് കാര്യമില്ല. കാരണം അയാൾക്കിതേ പറ്റി വലിയ അറിവില്ല എന്നത് എന്റെ മനസു മന്ത്രിച്ചു. എന്തെങ്കിലും അറിയാമായിരുന്നെങ്കിൽ എൽദോയും മരണപ്പെട്ടേനെ ഇല്ലെങ്കിൽ കുര്യച്ചനെ പോലെ അബോധാവസ്ഥയിൽ ആയേനെ.

പ്രഫസർ മുസ്തഫഅലി സാർ കൃഷ്ണാ റസിഡൻസിയിലായിരുന്നു. കൃഷ്ണാ റസിഡൻസിയിലെ 101 നമ്പർ മുറിയിൽ ഞങ്ങളെത്തുമ്പോൾ 8 മണിയാകാറായിരുന്നു. റൂമിൽ കയറിയ പാടെ പ്രഫസർ ഡോറടച്ച് ലോക്ക് ചെയ്തു.
വലിഞ്ഞു മുറുകിയ ആ മുഖഭാവം എന്തോ അപകടം വിളിച്ചു പറയുന്നുണ്ടായിരുന്നു.
എതിരെയുള്ള സെറ്റി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു തുടങ്ങി.

“നിങ്ങൾക്കീ മെഡിസിനെ പറ്റി എന്തെങ്കിലും ധാരണ ഉണ്ടോ?”

“ഇല്ല.”

“ഇത് എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് തിരിച്ചറിയേണ്ടത് . ഇതിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ മുഴുവനും തിരിച്ചറിയാൻ കഴിയുന്നില്ല എന്നത് എന്നിലെ ആത്മ വിശ്വാസത്തെ ചോദ്യം ചെയ്യുന്നുണ്ട്.തിരിച്ചറിയാൻ കഴിഞ്ഞത് സ്ട്രെച്ചിൻ,ക്യൂറേർ, പിന്നെ മെഡിക്കൽ അനസ്തേഷ്യ ഇത്ര മാത്രം.ഇതിന്റെ ഉപയോഗം എന്താണെന്ന് അറിയില്ല.”

“സർ ആദ്യം പറഞ്ഞ മെഡിസിൻസ് എന്തിനുള്ളതാണ്.?”

“പോയ്സൺസാണ്. ഇതിലൊന്ന് അമേരിക്കൻ ആദിവാസികൾ അമ്പിൽ പുരട്ടാനുപയോഗിക്കുന്ന ഒരു തരം വിഷമാണ് .ഇതെന്തായാലും നല്ലതിനു വേണ്ടിയുള്ളതാവില്ല “

“എവിടുന്ന് കിട്ടി എന്നിടത്തു നിന്ന് നിങ്ങൾ തുടങ്ങേണം. ഇത് ബ്ലഡിൽ അതിവേഗത്തിൽ കലരുമെങ്കിലും ഒരു തരത്തിലും ഇതിന്റെ അളവോ സാന്നിദ്ധ്യമോ തിരിച്ചറിയാൻ കഴിയില്ല എന്നതാണ് വാസ്തവം. അവ മനുഷ്യ ശരീരത്തിനകത്ത് ഏത് തരത്തിൽ പ്രതികരിക്കുമെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.. “

ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ !

“പിന്നെ മറ്റൊന്നുകൂടി.ഇത് ഉണ്ടാക്കിയതിന് പിന്നിൽ ഗൂഢമായ ലക്ഷ്യങ്ങൾ കാണും. സൂക്ഷിക്കണം..”

യാത്ര പറഞ്ഞിറങ്ങിയെങ്കിലും മനസിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ.

” അരവി അനസ്തേഷ്യ മയക്കാനുള്ള മെഡിസിൻ അല്ലേ? അങ്ങനെയെങ്കിൽ ആ മെഡിസിൻ കാരണമാകുമോ തോമസും കുര്യച്ചനും ?”

“നിനക്കെന്താ വേദാ കുര്യച്ചന്റേയും സജീവിന്റേയും കേസുകൾ വ്യത്യാസമാണ്. നിനക്കിപ്പോൾ സുബോധം പോലും പോയതാണോ?”

അരവി എന്തൊക്കെ പറഞ്ഞാലും ഈ കേസുകൾ എല്ലാം തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ചരടുണ്ട്. എല്ലാം തമ്മിൽ കൂട്ടിയോചിപ്പിക്കുന്നത്. അതാണിനി കണ്ടു പിടിക്കേണ്ടത്.
ശത്രുക്കൾക്ക് വേണ്ട എന്തോ ഒന്ന് എന്റെ വീട്ടിലുണ്ട് അതായത് എന്റെ കൈവശം.ഞാൻ മരിച്ചാൽ അതവർക്ക് കിട്ടില്ല എന്ന് ബോധ്യമുള്ളതിനാൽ മാത്രം അവരെന്നെ കൊല്ലാത്തത്.
അതെന്തായാലും അച്ഛന്റെ മരണവുമായി ബന്ധപ്പെട്ടതാണ്.അത് കണ്ടു പിടിക്കാൻ അച്ഛന്റെ മുറി പരിശോധിച്ചേ മതിയാകൂ.

“അരവി വീട്ടിൽ പോവണം”

അവൻ മറുത്തൊന്നും പറഞ്ഞില്ല.
വീട്ടിൽ കയറിയ പാടെ ഞാൻ അച്ഛന്റെ ഓഫീസ് മുറിയിൽ കയറി.അലങ്കോലമായിക്കിടക്കുന്ന കുറേ നിയമ പുസ്തകങ്ങൾ ഒതുക്കി വെച്ചു ഞാൻ അച്ഛന്റെ മേശയിലെ ഫയലുകൾ തുറന്നു.എനിക്കാവശ്യമുള്ളതൊന്നും അതിൽ ഉണ്ടായിരുന്നില്ല. അപ്പയുടെ ഓഫീസ് സിസ്റ്റത്തിനകത്ത് വല്ലതും കാണുമോ? ഇടയ്ക്ക് ഓൺ ചെയ്ത് ഇടാറുണ്ടെന്നല്ലാതെ ഇന്നുവരെ അതിനകത്ത് എന്താണെന്ന് നോക്കിയിട്ടില്ല. ഓൺ ചെയ്തു വെച്ചിരുന്നു ഞാൻ. സ്ക്രീനിൽ പരമശിവന്റെ ചിത്രം തെളിഞ്ഞു.

എന്റർ ദി പാസ് വേർഡ്
എന്തായിരിക്കും? കുറച്ചു നേരം ചിന്തിച്ചു.’kailasam ‘അടിച്ചു എറർ കാണിച്ചു.’KPN888 ‘

അതും എറർ.
അച്ഛന്റെ പാസ് വേർഡ് എന്താവും?
Savithri
veda
Parameswar
Kailasam
മാജിക് നമ്പർ888

‘svpk8’
ഹാവൂ ഭാഗ്യം. സിസ്റ്റം ഓണായി.
ഫോൾഡറുകൾ ഓരോന്നായി തുറന്നു.
Krishnapv
എന്ന ഫോൾഡർ നിറയെ കൃഷ്ണപ്രിയ വസുദേവിന്റെ തിരോധാനത്തിന്റെ കുറേപേപ്പർ കട്ടിംഗുകൾ കൂടാതെ ഒരു ഫോട്ടോ .
ഞാനപ്പോഴാണ് ആ ഹോസ്പിറ്റൽ നേം ശ്രദ്ധിച്ചത് ഷൈൻ സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ.ഇത് തന്നെയല്ലേ കുര്യച്ചന്റെ ഹോസ്പിറ്റൽ?മരണപ്പെട്ട
സീനാബേബി ജോലി ചെയ്ത ഹോസ്പിറ്റൽ ! എവിടെയോ ഒരു വഴിത്തിരിവ്.
പിന്നെ കുറച്ചു ആശുപത്രികളുടെ ലിസ്റ്റ്.
കുറച്ചു ഡോക്ടർമാരുടെ പേരുവിവരങ്ങൾ അടിയിലായി M@.
ഈ ചിഹ്നം എവിടെയോ കണ്ടിട്ടുണ്ട്. യെസ് പാലക്കാട് നിന്നും കൊണ്ടുവന്ന സിറിഞ്ചിലും മെഡിസിൻബോട്ടിലിലും ഞാനിത് കണ്ടിട്ടുണ്ട്.
അച്ഛനിതെല്ലാം അറിയാമായിരുന്നോ?
പക്ഷേ അച്ഛൻ എഴുതിയതിൽ ഒരു ഹോസ്പിറ്റൽ അഡ്രസ് അമേരിക്കയിൽ ഉള്ളതല്ലേ?
എങ്കിലും ഈ ഹോസ്പിറ്റലുകളുടെയെല്ലാം ഡീറ്റെയിൽസ് എടുക്കണം കൂട്ടത്തിൽ ഇതിലെഴുതിയ ഡോക്ടർമാരേയും.
ഫോൺ ശബ്ദിച്ചു.
സ്റ്റേഷനിൽ നിന്നാണ്,

“വേദപരമേശ്വർ ഒന്ന് സ്റ്റേഷൻ വരെ വരണം.അരവിന്ദിനോടും വരാൻ പറയൂ”

“എന്ത് പറ്റി സർ? പെട്ടന്ന്! “

“ആ മോർച്ചറി സൂക്ഷിപ്പുകാരൻ വന്നിട്ടുണ്ട്.ഒരു തിരിച്ചറിയൽ പരേഡ് “

“ഉടനെ എത്താം സർ”

അരവിയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ 10 മിനിട്ടിനുള്ളിൽ എത്താമെന്ന് പറഞ്ഞു.
ഫോൺ കട്ട് ചെയ്തു അപ്പയുടെ സിസ്റ്റത്തിലെ അവശ്യ ഫയലുകൾ ഞാൻ എന്റെ മെയിൽ ഓപൺ ചെയ്ത് അച്ഛന്റെ മെയിലിലേക്കിട്ടു.

പത്ത് മിനിട്ട് ആവും മുന്നേ തന്നേ അരവി എത്തി. അനുവാദം കിട്ടാനായി ഞാൻ പുറത്ത് വെയിറ്റ് ചെയ്തു.

” മേഡം സർ വിളിക്കുന്നു.”

ഒരു കോൺസ്റ്റബിൾ അറിയിച്ചു.
CI യുടെ ഡോർ തുറന്നു കയറാനാഞ്ഞ എനിക്കു മുമ്പി ഡോർ തുറന്നു പുറത്തു വന്നവർ ധരിച്ച സർപ്പ മുഖമുള്ള ഒരു ലോക്കറ്റിൽ മുഖമുടക്കി.ഞാൻ തലയുയർത്തി ആ മുഖത്തേക്ക് നോക്കി. ഇതവർ തന്നെയാണോ?എന്നെ ഗൗനിക്കാതെ നടന്നു പോയ അവർ ധരിച്ച വസ്ത്രത്തിൽ എന്റെ മനസു കുരുങ്ങി .
എതിരെ വന്ന പോലീസുകാരനോട് ഞാൻ

“ആ പോയ സ്ത്രീ ആരാ “

എന്ന് തിരക്കി
“അവരെ അറിയില്ലെ?അവരാണ്……..”

Leave a Reply

Your email address will not be published. Required fields are marked *