അജ്ഞാതന്‍റെ കത്ത് – 7

“സുധീപ് കുമാർ ഇതിനെല്ലാം മറുപടി പറയും മുന്നേ ഞാൻ നിങ്ങൾക്ക് മുന്നിൽ മറ്റൊരാളെ പരിചയപ്പെടുത്താം.”

ക്യാമറ അരുൺജിത്തിനു നേരെ തിരിഞ്ഞു.

” ഇദ്ദേഹം അരുൺജിത്തെന്ന സാമൂഹ്യ പ്രർത്തകനാണ്. ഒറ്റയാൻ പോരാട്ടങ്ങളിലൂടെ സത്യത്തിന്റെ മുഖമുദ്ര ഉയർത്തിപ്പിടിച്ച പോരാളി .ഞങ്ങളിവിടെ എത്തുമ്പോൾ അദ്ദേഹത്തെ സ്റ്റോർ റൂമിൽ കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിൽ കാണുകയാണുണ്ടായത്.”

“കുര്യച്ചൻ കേസിൽ അരുൺജിത്ത് എങ്ങനെ വന്നു?വിശദമാക്കു വേദാപരമേശ്വർ “

” അദ്ദേഹത്തിന്റെ കാണാതെ പോയ സുഹൃത്തിനെ തേടി നടക്കുമ്പോൾ ശത്രുക്കൾ അദ്ദേഹത്തെ ഇവിടെക്കു കടത്തിക്കൊണ്ടുവന്നതാണെന്ന് എന്നദ്ദേഹം പറയുന്നു.?”

“ഏത് സുഹൃത്ത് ?ആരാണ് ശത്രു’?എന്തിനാണവർ കുര്യച്ചൻ താമസിക്കുന്നിടത്തേക്ക് കടത്തിക്കൊണ്ട് വരണം? പറയൂ “

” അതിനു മുന്നേ ഞാൻ നിങ്ങളെ ചില ദുർക്കാഴ്ചകളിലേക്ക് കൊണ്ടുപോവുകയാണ്.
ക്യാമറയുമായി ഞങ്ങൾ അടുക്കളയിലേക്ക് നീങ്ങി .ക്യാമറയുമായി ഞങ്ങൾ അടുക്കളയിലേക്ക് നീങ്ങി. തറയിലെ പാവയിൽ നിന്നും തുടങ്ങി ഹെയർ ബോയിൽ നിർത്തി.
പുറത്ത് പോലീസ് വാഹനം വന്നു നിൽക്കുന്ന ശബ്ദം.
“ഞങ്ങളിവിടെ എത്തിയപ്പോൾ അടുക്കളയുടെ തറഭാഗം മൊത്തം വെട്ടിപ്പൊളിച്ചിട്ടിരിക്കയായിരുന്നു. അരുൺജിത്തിന്റെ സുഹൃത്തിന്റെ ബോഡി മറവ് ചെയ്തത് ഇവിടെയാണെന്ന സംശയത്തിൽ അദ്ദേഹം ഇവിടെ കുഴിച്ചപ്പോഴാണ് ചില ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ കണ്ടത് “

“എന്താണ് വേദപരമേശ്വർ കണ്ടത് തെളിച്ചു പറയൂ.”

“ഇവിടെ ഒന്നിൽ കൂടുതൽ ബോഡികൾ മറവു ചെയ്തിട്ടുണ്ടെന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. “

“ആരുടെ ബോഡികളാണെന്ന് വ്യക്തമായോ വേദാ? മരണപ്പെട്ടത് സ്ത്രീകളോ പുരുഷന്മാരോ?”

” സുധീപ് കുമാർ ഇതിനകത്ത് ഒന്നിൽ കൂടുതൽ ബോഡി മറവു ചെയ്തിട്ടുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാവുന്നത്.അതിൽ ഒന്ന് ഒരു കുഞ്ഞിന്റെതാണോ എന്ന സംശയത്തിലാണ് ഞങ്ങൾ “

അപ്പോഴേക്കും മൂന്ന് നാല് പോലീസുകാർ ഓടിക്കയറി വന്നു.കൂടെ കുറച്ച് ചാനലുകാരും

” എല്ലാരും പുറത്തോട്ട് മാറി നിൽക്കണം.”

ഒരു പോലീസുകാരന്റെ ശബ്ദം ഉയർന്നു. കൂടാതെ പിന്നാലെ വന്ന പോലീസുകാർ എന്നെയും ജോണ്ടിയേയും പുറത്താക്കി. വീടിനു ചുറ്റും ആളുകൾ നിറഞ്ഞു കൊണ്ടിരിക്കയായിരുന്നു.

ലൈവ് കട്ട് ചെയ്യാൻ നിർദ്ദേശം കൊടുത്ത് ഞാൻ തെല്ലുമാറി നിന്നു.
അപ്പോഴേക്കും സ്റ്റുഡിയോയിൽ നിന്നും വന്ന ഷീനയ്ക്ക് ഞാൻ മൈക്ക് കൈമാറി തെല്ലുമാറിയിരുന്നു.

അകത്ത് മരണപ്പെട്ടവരിൽ തീർത്ഥയുമുണ്ടെന്ന വേദന എന്നെ തളർത്തി.
CI റാങ്കിലുള്ള ഒരു പോലീസുകാരൻ അകത്തേയ്ക്ക് പോയി. തുടർന്ന് ഒരു ആംബുലൻസ് വന്നു നിൽക്കുന്നു.കുര്യച്ചനേയും തോമസ് ഐസകിനേയും ആംബുലിസിലേക്ക് കയറ്റി.

ഞാൻ ധൃതിയിൽ എഴുന്നേറ്റു.എല്ലാക്യാമറക്കണ്ണുകളും ആംബുലൻസിലേക്ക്.

“ഇതെന്താ പറ്റിയത്?”

ഒരു പോലീസുകാരനോട് ഞാൻ തിരക്കി.

” മയക്കം വിടുന്നില്ല. ആയതിനാൽ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയതാണ്.”

“ഡോക്ടർ പറഞ്ഞതാണോ ഇത്. “

“അതെ. അവർ രണ്ട് പേരും അബോധാവസ്ഥയിലാണ്.”

ശരിയായിരിക്കാം പുറത്തിത്രയും ബഹളമുണ്ടായിട്ടും അവരുണരാഞ്ഞത് അതാവാം.
തെല്ലു മാറി CI അരുൺജിത്തിനെ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു.
അരുൺജിത്ത് എനിക്ക് നേരെ വിരൽ ചൂണ്ടുന്നു.
ഞാൻ സ്വമേധയാ അവിടേക്ക് ചെന്നു പിന്നാലെ അരവിയും പ്രശാന്തും. നടന്ന കാര്യങ്ങളെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു.

” അതിനകത്ത് ചുരുങ്ങിയത് നാല് മൃതദേഹങ്ങൾ ഉണ്ട്. എല്ലാം തിരിച്ചറിയാൻ പറ്റാത്തത്രയും അഴുകിപ്പോയിട്ടുണ്ട്. മരണപ്പെട്ടവരിൽ 3 പേർ സ്ത്രീകളാണ്. ഡ്രസ് കണ്ട് തിരിച്ചറിഞ്ഞതാണ്. അലക്സാണ്ടർ എന്ന പേരെഴുതിയ ഒരു റിംഗ് കിട്ടിയിട്ടുണ്ട്.”

” കുട്ടികൾ?”

CI എന്നെ സൂക്ഷിച്ചു നോക്കി.

“അവിടെ ഒരു ഡോളും കുഞ്ഞു ഷൂവും കണ്ടു “

” ആഹ്…. അങ്ങനെ……. കുട്ടികൾ ഉണ്ടോ എന്നത് വ്യക്തമല്ല. നമുക്ക് നോക്കാം. വേദ പോവരുത് ഇവിടെ തന്നെ കാണണം.”

ഞാൻ തല കുലുക്കി സമ്മതിച്ചു.അരവിക്കൊപ്പം ഞാൻ വീട്ടുമുറ്റത്തെ മാവിന്റെ ചുവട്ടിലിരുന്നു. ചാനലുകാർ ഒരു ചെറുപഴുതിനായി ഓടി നടന്നു.

“വേദ അലോഷ്യസ് എന്താ മാറി നിൽക്കുന്നത്? ഇവിടെ വരാത്തതെന്താ?”
“എനിക്കറിയില്ല.”

അങ്ങനെ പറയാനാണ് തോന്നിയത്.

“ഒന്ന് പുള്ളിയെ ശ്രദ്ധിക്കണം കേട്ടോ നീ. ചില സംശയങ്ങളുണ്ട് ഞാനത് പറയാം. പ്രഫസർ രാവിലെ കാണണമെന്നു പറഞ്ഞിട്ടുണ്ട്. “

” ഉം.പ്രശാന്തും പുറത്തോട്ട് പോയോ? “

” പോയെന്നു തോന്നുന്നു.”

ഫോറൻസിക് വിദഗ്ദർ അതിവേഗത്തിൽ വീടിനകത്തേയ്ക്ക് പോയി. പുതിയ ന്യൂസുകൾ ഒന്നും വീടിനു പുറത്തെത്താതെ വീട് പോലീസ് സംരക്ഷണത്തിലായി.

ഗായത്രിയുടെ ബാംഗ്ലൂർ നമ്പറിൽ നിന്നും ഒരു കോൾ

“ഹലോ മാഡം.”

” എന്തൊക്കെയാ വേദാ പ്രശ്നം? ന്യൂസ് കണ്ടപ്പോൾ ഞെട്ടി.”

ഞാൻ കാര്യങ്ങൾ ചുരുക്കി പറഞ്ഞു.

” ഒകെ. എല്ലാം ശ്രദ്ധിച്ചു ചെയ്യണം”

ഫോൺ കട്ടായി .
ഗായത്രി എപ്പോൾ പോയി എന്ന ചിന്ത മാത്രം അവശേഷിച്ചു.
നേരം പുലർന്നുവരാറായി അങ്ങിങ്ങ് ചില പക്ഷികളുടെ ശബ്ദം കേട്ടു തുടങ്ങി. ജോണ്ടി ഹോസ്പിറ്റലിലെ കാര്യങ്ങൾ തിരക്കാനായി പോയി.പ്രശാന്തിനെ അവിടെങ്ങും കാണാനില്ല.
റോഡിൽ ഒരു ബഹളം.പെരുമ്പാവൂർ പൗരസമിതി കിടന്നു ബഹളം വെക്കുന്നു. പോലീസ് അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
ഫോണിൽ അലോഷിയുടെ മെസ്സേജ് .

“ഞങ്ങൾ പുറത്തുണ്ട്. എന്നെയവർ തിരിച്ചറിയണ്ട എന്നോർത്താണ് മാറിയത്.ഹോസ്പിറ്റലിലായ കുര്യച്ചനും തോമസിനും ബോധം വീണില്ല ഇതുവരെ “

ബോധം വീണില്ലായെന്ന്. അങ്ങനെയെങ്കിൽ നഴ്സിംഗ് വിദ്യാർത്ഥിയായ കൃഷ്ണപ്രിയ വസുദേവ് ഇതേ അവസ്ഥയിൽ അല്ലേ കാണാതായത്. വൈദ്യശാസ്ത്രത്തിനു തെളിയിക്കാൻ കഴിയാത്ത മയക്കം.

ഞാനുടനെ അലോഷ്യസിനെ വിളിച്ചു.

“സർ കുര്യച്ചനേയും തോമസിനേയും ശ്രദ്ധിക്കണം.അവർ മിസ്സാവാൻ സാധ്യതയുണ്ട്. “

“വാട്ട്?!i

“യെസ് സർ ബാക്കി നേരിട്ട് .”

ഫോൺ കട്ട് ചെയ്തു ഞാൻ CI യോട് എപ്പോ വേണമെങ്കിലും എത്തിക്കോളാമെന്ന് കാര്യം പറഞ്ഞു പുറത്തിറങ്ങി.
ആൾക്കൂട്ടത്തിൽ നിന്നും ആലോഷ്യസിനെ കണ്ടെത്തി .

“സർ എനിക്ക് കിട്ടിയ ഫയലിലെ ഒരു കേസുമായി ഇതിന് സാമ്യമുണ്ട്.ഒരു ക്രിഷ്ണപ്രിയ കേസ്.അങ്ങനെയെങ്കിൽ എത്രയും പെട്ടന്ന് അവരുടെ ഡോക്ടറെ കാണണം. “

” കാണാം. ഡോ: കൃഷ്ണ കുമാറാണ് നമ്മളെ അദ്ദേഹം സഹായിക്കും.”

“എനിക്കൊന്നു രണ്ട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് വരാം.”
പറഞ്ഞു തീരും മുന്നേ അരവി വന്നു. ഞാനും അരവിയും ഒരുമിച്ചിറങ്ങി.

“വേദ പ്രഫസർ മുസ്തഫ അലി കൊച്ചിയിൽ ഉണ്ട്. നേരിട്ട് കണ്ട് സംസാരിക്കണമെന്നദ്ദേഹം പറയുന്നു.”

Leave a Reply

Your email address will not be published. Required fields are marked *