അജ്ഞാതന്‍റെ കത്ത് – 7 1

“വേദ ഒരു ലൈവ് ടെലികാസ്റ്റിംഗ് പറ്റുമോ?”

അരുൺജിത്തിന്റെ ചോദ്യം ഞാൻ എന്തിനെന്ന ഭാവത്തിൽ അവരെ നോക്കി.

“ഇവിടെയൊരു പാട് ചോദ്യങ്ങളുണ്ട്. ആര് എന്ത് എന്തിന് ആർക്കു വേണ്ടി. ഉത്തരങ്ങൾ കിട്ടും മുന്നേ മുറിഞ്ഞുപോയ യാചനകൾക്കു മുന്നിൽ മുഖത്തേക്കു തെറിച്ച ചുടുനീര് ചോരയാണെന്നതറിയാതെ പോയവർ.”

” നിങ്ങളെന്താണ് പറഞ്ഞു വരുന്നത്?”

ഞാൻ പതിയെ ചോദിച്ചു. അപ്പോൾ അകത്തൊരു ഞെരക്കം കേട്ടു .ഞങ്ങൾ വീണ്ടും പതുങ്ങി. നിശബ്ദമായപ്പോൾ ഞങ്ങൾ ഹാളിലേക്കു കടന്നു.തൊട്ടടുത്ത ദിവസം പെയിന്റടിച്ചതിനാൽ പെയിന്റിന്റെ രൂക്ഷഗന്ധം മൂക്കിൽ തുളച്ചുകയറുന്നുണ്ടായിരുന്നു.
ഹാളിലെ ടീപോയ് മേൽ ഒഴിഞ്ഞ മദ്യക്കുപ്പിയും ഗ്ലാസുകളും തെറിച്ചുവീണ മിക്സ്റും പ്ലേറ്റും.നേരത്തെ കണ്ട ബെഡിൽ ഇപ്പോൾ രണ്ടു പേരുണ്ട്. ഒരാൾ കമിഴ്ന്നു കിടക്കുന്നതിനാൽ അതാവും തോമസ് മറ്റേത് ഒളിവിൽ കഴിയുന്ന കുര്യച്ചൻ.!

ഞാൻ കുര്യച്ചനു തൊട്ടടുത്തെത്തി. അദ്ദേഹം ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.

” ആരെങ്കിലും ഒരാൾ ഇവിടെ ഇവരെ നോക്കിയിരിക്കണം ബാക്കിയുള്ളവർ എനിക്കൊപ്പം വാ.”

അരുൺ ജിത്തിനൊപ്പം ഞാനും അലോഷ്യസും നീങ്ങി.പ്രശാന്ത് അവർക്ക് കാവലായി നിന്നു.
അടുക്കളയിലെ മൂലയിൽ കൂട്ടിയിട്ട പിക്കാസെടുത്തു തറയിൽ ഇളക്കിയിട്ട മണ്ണിൽ കൊത്തിക്കോരാൻ തുടങ്ങി.

“നിങ്ങളെന്താണീ കാണിക്കുന്നത്?”

അലോഷ്യസിന്റെ ചോദ്യത്തെ പാടെ അവഗണിച്ചായിരുന്നു അരുൺജിത്തിന്റെ പെരുമാറ്റം. അയാൾ ഭ്രാന്തമായ മെയ് വഴക്കത്തോടെ അടുക്കളയിൽ അങ്ങിങ്ങ് ചെറിയ കുഴികൾ കുത്തിക്കൊണ്ടിരുന്നു.

“ഓഹ്….. “
അവ്യക്തമായ ഒരു ശബ്ദം കേട്ട് ഞാൻ കുഴിയിലേക്ക് നോക്കി.വെള്ളയിൽ മഞ്ഞപ്പൂക്കളുള്ള ഒരു തുണിക്കഷ്ണമാണ് ആദ്യം കണ്ണിൽ പെട്ടത് തുടർന്ന് വല്ലാത്ത ദുർഗന്ധവും. എനിക്കോക്കാനം വന്നു. സൈഡിലെ വാഷ്ബേസിനിലേക്ക് ഞാൻ കൊഴുത്ത വെള്ളവും ഇനിയും ദഹിക്കാത്ത മസാല ദോശയും ഛർദ്ദിച്ചു. അഴുകിയ മാംസത്തിന്റെ ഗന്ധം.

“വേദ ലൈവ് നടത്തിയാലോ…. “

അലോഷ്യസിന്റെ ചോദ്യം.

ഞാൻ അരവിയെ വിളിച്ചു.

“ഹലോ അരവീ… “

” വേദ പ്രഫസർ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു വിളിച്ചിരുന്നു”
അവൻ ചാടിക്കേറി പറഞ്ഞു.

“നാളെ പോവാം.അരവി പെരുമ്പാവൂരിലെ കുര്യച്ചൻ ഒളിച്ചു താമസിച്ച വീട്ടിൽ ഉടൻ എത്തുക. ഒരു ലൈവിന് റെഡിയായിട്ട് വേണം വരാൻ ചാനലിന് വേണ്ട നിർദ്ദേശം നൽകുക.”

അവന്റെ മറുപടിക്ക് കാക്കാതെ ജോണ്ടിക്കു മെസ്സേജ് ചെയ്തു.

“എത്രയും പെട്ടന്ന് പെരുമ്പാവൂർ വീട്ടിലെത്തുക. സ്റ്റുഡിയോ വാൻ വരുന്നതിനു മുന്നേ തന്നെ .”

മൂക്കിലമർത്തി പിടിച്ചു കൊണ്ട് ഞാൻ വീണ്ടും കുഴിയിലേക്ക് നോക്കി. അരുൺജിത്ത് പിക്കാസിനാൽ തോണ്ടിയെടുത്തത് ഒരു കുഞ്ഞു പാവക്കുട്ടിയെ ആയിരുന്നു. പിന്നാലെ പിങ്ക് നിറത്തിലുള്ള ഒരു ഹെയർ ബോ. ഒരു കുഞ്ഞു ബ്ലാക്ക് ഷൂ
“തീർത്ഥ “

എന്റെ ചുണ്ടുകൾ മന്ത്രിച്ചു.

അലോഷ്യസ് കൊത്തുന്നത് നിർത്താൻ അരുൺജിത്തിനു നിർദ്ദേശം നൽകി.

“വേദ തൊട്ടടുത്ത സ്റ്റേഷനിൽ ഒന്നറിയിക്കുന്നത് നന്നായിരിക്കും “

സ്റ്റേഷനിൽ അറിയിക്കാൻ ഞാൻ അരവിക്കു മെസേജ് ചെയ്തു!
കുഴിക്കകത്തെ കാഴ്ച കണ്ട് എന്നെപ്പോലെ അവരും ഞെട്ടിയിരുന്നു.അരുൺജിത്ത് നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. പിക്കാസ് ചാരിവെച്ച് അയാൾ കിച്ചൻസ്ലേബിൽ കയറിയിരുന്ന് കിതയ്ക്കാൻ തുടങ്ങി.

“ഇന്നലെ അർദ്ധരാത്രിയാണ് ഞാനിവിടെ എത്തിയത്. കോട്ടയം മുതൽ ഞാൻ തോമസ് ഐസക്കിന്റെ പിന്നാലെ ഉണ്ടായിരുന്നു. കോട്ടയം സെൻട്രൽ സ്ക്കൂൾ പരിസരത്തു മയക്കുമരുന്നു കച്ചവടം നടത്തുന്നവരിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് ഞാൻ എത്തിയത് തോമസ് ഐസക്കിനടുത്താണ്. തോമസ് ഐസക് സിറ്റിയിൽ നടത്തുന്ന ആയുർവേദ ഫാർമസിയുടെ മറവിൽ നടത്തുന്നത് വൻകിട മയക്കുമരുന്ന് ബിസിനസാണെന്നത് പുറം ലോകത്തെത്തിക്കാൻ എന്റെ കൈവശം
തെളിവുകളില്ലായിരുന്നു.
ആ തെളിവുകളുണ്ടാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു കഴിഞ്ഞ മൂന്ന് മാസം. ഏറെക്കുറേ എനിക്കതിന് കഴിയുകയും ചെയ്തു. അതിനെന്നെ സഹായിച്ചത് അവിടെ ജോലി ചെയ്യുന്ന അമൃത എന്ന ഡോക്ടറായിരുന്നു. മേരിമാതാ ഓർഫനേജിൽ വളർന്ന അമൃത എന്ന ഡോക്ടർ.പഠന ശേഷം ഓരോരോ ചാരിറ്റി പ്രവർത്തനങ്ങളുമായി ഒരിടത്തും സ്ഥിരമായി നിൽക്കാത്ത സാധു പെൺകുട്ടി. കഴിഞ്ഞ അഞ്ചു മാസമായി തോമസിന്റെ ആയുർവേദ ഫാർമസിയിൽ ജോലി ചെയ്തു വരികയായിരുന്നു.
തെളിവുകൾ തേടി അലയുന്ന എന്നെ തേടി അവൾ ഇങ്ങോട്ട് വരികയായിരുന്നു. എനിക്കാവശ്യമുള്ള എല്ലാ വിവരങ്ങളും അവൾ നൽകിയ അന്നു ഉച്ചമുതൽ അമൃത മിസ്സിംങ്ങാണ്. അവളെ തേടിയാണ് ഞാനിവിടെ എത്തിയത്. അവളെ കാണാതായ ദിവസം ഫാർമസിയിൽ നിന്നും അവൾ പോയത് തോമസ് ഐസക്കിന്റെ കാറിലാണെന്നറിഞ്ഞപ്പോൾ എനിക്കപകടം മണത്തു. അപ്പോഴാണ് വേദയുടെ വീട്ടിലെ വാട്ടർ ടാങ്കിൽ നിന്നും ഒരു പെൺകുട്ടിയുടെ ബോഡി കിട്ടിയത്. ഞാനതറിഞ്ഞ ദിവസം ഹോസ്പിറ്റൽ മോർച്ചറി സന്ദർശിച്ചു. അത് അമൃത ആയിരുന്നില്ല. അമൃത എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസമുണ്ടായിരുന്നു എനിക്ക്. ഇപ്പോ എനിക്കാ വിശ്വാസം നഷ്ടമായി. “

Leave a Reply

Your email address will not be published. Required fields are marked *