അജ്ഞാതന്‍റെ കത്ത് – 7

“ശബ്ദിക്കരുത്. ശത്രുവല്ല മിത്രമാണ് “

എന്റെ ചെവിക്കരികിൽ ഒരു സ്ത്രീ സ്വരം. എന്നെ മുറുക്കി പിടിച്ച കൈ അയഞ്ഞു.

രേഷ്മ!
തൊട്ടു മുന്നേ റോഷനോട് സംസാരിച്ചിരുന്നവൾ.
എന്റെ കൈകളിൽ അവൾ മുറുകെ പിടിച്ചു മുന്നോട്ട് നടന്നു.

“വേദമേഡം വരൂ “

എന്റെ പേരിവൾക്കെങ്ങനെയറിയും? ഇവളെങ്ങോട്ടാണ് കൊണ്ടുപോവുന്നത്.
ഞാൻ പിന്തിരിഞ്ഞ് അലോഷി കയറി പോയ മുറിയിലേക്ക് നോക്കി.

“പേടിക്കേണ്ട. റോഷൻ ഇനി രാവിലെയെ വരൂ.”

എന്നിട്ടും എന്നിലെ ഭയം മാറിയിരുന്നില്ല. ഒരു ചെറിയ മുറിയിൽ അവൾ എന്നെയും കൊണ്ടെത്തി.സിംഗിൾ ബെഡ് ഒരു ചെറിയ മേശ ചുവരിലെ ഒരാൾ പൊക്കമുള്ള ഷെൽഫ് കൂടാതെ ചെറിയ ഒരു ടേബിൾഫാനും അറ്റാച്ച്ഡ് ബാത്റൂം.

“നിങ്ങൾ അകത്ത് കടന്നത് ഞാൻ കണ്ടിരുന്നു. അതിനാലാണ് പിന്നാലെ വന്നത്. രക്ഷകരാണോ ശിക്ഷകരാണോ എന്നറിയില്ലായിരുന്നു. മേഡത്തെ കണ്ടപ്പോൾ പാതി ജീവൻ തിരിച്ചു വന്നു.വ്യാഴാഴ്ച പ്രോഗ്രാം സ്ഥിരമായി കാണാറുണ്ടായിരുന്നു ഞാൻ “

അങ്ങനെയാണിവൾ എന്നെ തിരിച്ചറിഞ്ഞത്.

“എനിക്കിവിടുന്നു രക്ഷപ്പെടണം ഒരു വലിയ ചതിയിലാണ് ഞാൻ. ഇവിടെ നിയമത്തിനെതിരായി എന്തൊക്കെയോ നടക്കുന്നുണ്ട്. നിങ്ങൾ പുറത്തുള്ളതറിഞ്ഞിട്ടാണ് ഞാൻ റോഷനോട് അങ്ങനെ സംസാരിച്ചത്.”

എനിക്ക് ചെറുതായി ധൈര്യം വന്നു തുടങ്ങി.

” അതിനുള്ളിൽ എന്താണ് നടക്കുന്നത്?”

ഞാനവൾക്ക് അഭിമുഖമായി നിന്നു.

“വ്യക്തമായി അറിയില്ല. എന്റെ സംശയമെന്തെന്നാൽ അവ മനുഷ്യന് ദോഷമായ മയക്കുമരുന്നാണെന്നാണ്.?”

“ആരാണിതിന്റെ ഹെഡ്?”

“TBസാർ. പക്ഷേ അതാരാണെന്ന് ഞാനിന്നു വരെ കണ്ടിട്ടില്ല. ഞാൻ കാണുന്നത് തുളസി മേഡത്തെയാണ്”

തുളസി !
സജീവിന്റെ ഭാര്യ!

” ഇവിടെ എന്താണ് നടക്കുന്നത്.? രേഷ്മ പറയാമോ?”

” പറയാം എന്നെപ്പോലെ വേറെ അഞ്ചു പെൺകുട്ടികൾ കൂടെ ഇവിടുണ്ട്.ഗതികേട് കൊണ്ട് വന്ന് പെട്ടു പോയവർ.”

” രേഷ്മ ഇവിടെ എങ്ങനെയെത്തി?”

” അഞ്ച് മാസം മാസം മുന്നേ ആയുർവേദ നഴ്സിംഗ് പൂർത്തിയാക്കിയിരിക്കുമ്പോഴാണ് പത്രത്തിൽ ഒരു പരസ്യം കണ്ടത്. അതിൽ കണ്ട നമ്പറിൽ വിളിച്ചു ഇന്റർവ്യൂ നടത്തി.രണ്ട് വർഷം കൂടുമ്പോൾ 15 ദിവസത്തെ ലീവ് എന്നുള്ള കരാറിൽ ഒപ്പുവെച്ചത് വീട്ടിലെ കഷ്ടപ്പാട് ഒന്നുകൊണ്ട് മാത്രമാണ്. “

” എവിടെ വെച്ചായിരുന്നു ഇന്റർവ്യൂ .? ആരാണ് ഇന്റർവ്യൂ നടത്തിയത്?”

“കോട്ടയം മേരിമാതാ ആയുർവേദ ഫാർമസിയിൽ വെച്ച്.ഒരു തോമസ് ഐസക് സാറും, റോഷനും, ഡോക്ടർ സിറിയക്സാറും.”
തോമസും, റോഷനും ok ഇനി സിറിയക്?

“ഇവിടെ എത്രരോഗികളുണ്ട്. “
” ഇപ്പോൾ പതിനേഴ് പേരുണ്ട് അതിൽ പതിനൊന്ന് വിദേശികളാണ്. മൂന്ന് സ്ത്രീകളും പതിനാലു പുരുഷന്മാരും. അഞ്ച് നഴ്സുമാരും പിന്നെ റോഷൻ ഡോക്ടറും, തൊമ്മിയും “

“തൊമ്മി ?”

” കാവൽക്കാരൻ തമിഴൻ “

കയറി വരുമ്പോൾ കണ്ട തടിയനാവാം.
ഇവിടെയുള്ള എല്ലാ പെൺകുട്ടികളും രോഗികളുടെ ഇഷ്ടത്തിനു നിൽക്കണം.. റോഷന് എന്നിൽ ഒരു താൽപര്യമുള്ളതിനാൽ ഞാനവനു വേണ്ടി മാത്രമേ തുണിയൂരേണ്ടി വന്നുള്ളൂ. പ്രണയം നടിച്ച് അവനെല്ലാം നേടി. അവന്റെ യഥാർത്ഥ മുഖം ഞാൻ തിരിച്ചറിഞ്ഞിട്ട് മൂന്ന് ദിവസമായതേയുള്ളൂ. ജീവിക്കാൻ കൊതിയുള്ളതിനാൽ എതിർക്കാൻ ധൈര്യമില്ല.”

“ഇവിടെ വേറെ ആരെങ്കിലും വരാറുണ്ടോ? തുളസിയുടെ ഫാമിലി?”

” അതിനവർ വിവാഹിതയാണോ എന്നു പോലും അറിയില്ല. പക്ഷേ ഒരിക്കൽ കൈയിൽ Sajeev എന്ന് പച്ചകുത്തിയത് ഞാൻ കണ്ടിട്ടുണ്ട്. “

“ഇവിടുത്തെ ചികിത്സാ രീതികൾ എങ്ങനെയാണ്? ഫുഡ് അടക്കം പറയണം.”

” ആദ്യമായി വരുന്ന രോഗിക്ക് ചികിത്സ തുടങ്ങുന്നതിന്റെ തലേ ദിവസം വൈകീട്ട് ഭക്ഷണം കൊടുക്കുന്നു.അതു കഴിഞ്ഞ് 12 മണിക്കൂറിനു ശേഷം ഒരു ഗ്ലാസ് തുളസിയിലയിട്ട വെള്ളത്തിൽ ഒരു തുള്ളി ഔഷധ മരുന്ന് ഇറ്റിച്ച് നൽകും അതു കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം മാങ്ങയുടേയോ ഓറഞ്ചിന്റേയോ പപ്പായയുടേയോ ഓരോ ഗ്ലാസ് ജ്യൂസ്. ഉച്ചയ്ക്ക് ഒരു കപ്പ് ചോറ് സാലഡ് മാത്രം. രാത്രി കട്ട് ചെയ്ത വെജിറ്റബിൾസും ഫ്രൂട്ട്സും.ഇത് മൂന്ന് ദിവസം ആവർത്തിക്കും. മൂന്നാം ദിവസം രാത്രി ശരീരം തളർത്താൻ ഒരു ഇൻജക്ഷൻ. നാലാം ദിവസം മുതൽ ഉഴിച്ചിൽ തുടങ്ങും, ഫുഡ് പഴയതുപോലെ.പിന്നെ കിഴി,നസ്യം, യോഗ ഇവയെല്ലാം. “

“എത്രയാണ് ചികിത്സയുടെ സമയപരിധിയും കാശും.”

“കാശിനെ പറ്റി വ്യക്തത ഇല്ല. കാലാവധി ഒരു മാസം മുതൽ മൂന്ന് മാസം വരെ “

“ഇവിടെ വന്നവർക്ക് വീടുമായി ബന്ധം?”

” ഇല്ല മേഡം.ഇവിടെ ഒരു നെറ്റ് വർക്കും കിട്ടില്ല. ആകെയുള്ളത് ആ മുറിയിലുള്ള ലാന്റ് ഫോൺ മാത്രം. അതിന്റെ കീ എപ്പോഴും റോഷന്റെ കൈയിലാണ്.”

പുറത്ത് വാതിലിൽ മുട്ട് കേട്ട്

“രേഷ്മാ വാതിൽ തുറക്ക് “

റോഷന്റെ ശബ്ദവും. ഞാൻ ഒളിക്കാനായി ആ ചെറിയ മുറിയിൽ പരതി. രേഷ്മയുടെ കണ്ണുകളിൽ ഭയം കുടിയേറി.

Leave a Reply

Your email address will not be published. Required fields are marked *