അനുപല്ലവി – 2

ശിഖ ഉള്ളിൽ നിന്നും എടുത്തു കൊണ്ട് വന്നത് പഴയൊരു ആൽബം ആണ്‌…

അനുവേട്ടാ ഇത് നോകിയെ…

ശിഖ ഇങ്ങനെ ഓടരുത്.. ഉള്ളിൽ ഒരാൾ കൂടെ ഉണ്ടെന്നുള്ളത് മറക്കണ്ട…അടി വയറിനു ഭാരം കൂടുന്നത് കൊണ്ട് ചിലപ്പോ നീ വിചാരിക്കുന്നത് പോലെ ബാലൻസ് കിട്ടീന്നു വരില്ല.. ഞാൻ അവളെ ഉപദേശിച്ചു.. അവൾ എന്നെ സാകൂതം വീക്ഷിച്ചു..എന്നിട്ട് പറഞ്ഞു..

എനിക്കിപ്പോളും ആ പഴയ അനുവെട്ടനെയാ ഓർമ വരുന്നേ… വല്യ ഡോക്ടർ ആയെന്നൊന്നും തോന്നുന്നില്ല..

ദേ നോക്കിയേ…അവൾ ആൽബം തുറന്നു

ആദ്യത്തെ പേജിൽ തന്നെ ഞങ്ങൾ പഴയ വാൽ മാക്രികളുടെ ഫോട്ടോ..
ആദ്യത്തെ പേജിൽ ഞാനും നിക്കറിടാത്ത അജുവും ശിഖയും.. ചിന്നുവും.. അജുവിന്റെ കോലം കണ്ടു എനിക്ക് ചിരി വന്നു…ശിഖയുടേം ചിന്നുവിന്റെയും നടുക്ക് ഒരു നൂൽ ബന്ധം പോലും ഇല്ലാതെ അവൻ… ഞാൻ ഫോൺ എടുത്തു അതിന്റെ ഫോട്ടോ എടുത്തു… കുറച്ചു കഴിഞ്ഞു അവനു വാട്സ്ആപ്പ് ചെയ്തു കൊടുക്കണം…

അങ്കിൾ ഇപ്പോളും ആ ക്യാമറ കയ്യിലുണ്ടോ..

മോനു ഓർമ്മയുണ്ടോ.. ആ ക്യാമറ..

പിന്നെ എന്നെ തല്ലു കൊള്ളിച്ച ക്യാമറ അല്ലേ മറക്കാൻ പറ്റുവോ..?

ആ ഫോട്ടോയും ഇതിൽ ഉണ്ട്‌ കേട്ടോ… ചിരിച്ചു കൊണ്ട് ശിഖ പറഞ്ഞു….

അനുവേട്ടാ അജു ഇപ്പൊ എന്ത് ചെയ്യ്വാ..

അവൻ പഠിക്കുന്നു.. മംഗലാപുരത്താണ്.. അടുത്ത ആഴ്ച വരുമായിരിക്കും…

ഈ ചിന്നു ഇപ്പോൾ എവിടെയാ.. എന്റെ കയ്യിൽ ഇരുന്ന ഫോട്ടോയിലേക് നോക്കിയാണ് ഞാൻ ചോദിച്ചത്..

“മുറപ്പെണ്ണ് എവിടെന്നു ചോദിക്കുന്ന മുറ ചെറുക്കൻ”..രാജേട്ടൻ കളിയാക്കി…

അനുവേട്ടാ അവളും അവിടെ ഉണ്ട്‌ ഡോണ ഹോസ്പിറ്റലിൽ…

ങേ… ചിന്നുവോ?

പല്ലവി അവിടെ നേഴ്സ് ആണ്‌… ഏട്ടാ ശിഖ തുടർന്നു

“പല്ലവി ” ശിഖ ആ പേരു പറയുന്നത് കേട്ടു

എന്റെ വായിൽ നിന്നും ആ പേരു അറിയാതെ പുറത്തേക് വന്നതു ആകാംഷയോടെ ആണ്‌….

അതെ ഏട്ടാ പല്ലവി തന്നെ…

ചിന്നുവിന്റെ പേര് പല്ലവി എന്നരുന്നോ…. ചിന്നു എന്നല്ലാതെ പണ്ട് ആ പേര് ആരും വിളിച്ചു കേട്ടിരുന്നില്ല

അമ്മയുടെ ആങ്ങളയുടെ മകൾ ആണെന്ന് പറഞ്ഞിട്ടെന്തു കാര്യം..ഞങ്ങളോട് മിണ്ടുന്നതു പോലും അമ്മാവന് ഇഷ്ടം ഇല്ലായിരുന്നു….

ശിഖയുടെ കൂടെ ഓടിച്ചാടി വന്നു കൊണ്ടിരുന്ന കുഞ്ഞു ചിന്നു വിനെ ഓർമ വന്നു… ചുണ്ടിൽ ചെറിയൊരു ചിരി മിന്നി മറഞ്ഞു…

പഴയ 10വയസ്സ് കാരനിലേക് മനസ്സ് പോയത് പെട്ടെന്നാണ്…
ആ ഓർമകൾക്ക് വല്ലാത്തൊരു സുഗന്ധം ഉണ്ടായിരുന്നു…. തെങ്ങോല കൊണ്ട് പന്തുണ്ടാക്കി കളിച്ചതും…. അച്ഛൻ കെട്ടി തന്ന ഊഞ്ഞാലിൽ ഇരുത്തി ചിന്നുവിനെ ആട്ടിയതും… ഊഞ്ഞാലിൽ നിന്നു വീണു അവളുടെ മുട്ട് പൊട്ടിയതും ആ മുറിവിൽ കമ്മ്യൂണിസ്റ്റു കാടു ഞെരടി വെച്ചു ജീവിതത്തിൽ ആദ്യത്തെ ഡോക്ടർ ആയതും…

ഉണ്ണിയേട്ടാ എന്നു വിളിച്ചു കഴുത്തിൽ തൂങ്ങി നടന്നവൾ ഇന്നെന്റെ കവിളിൽ പൊന്നീച്ച പാറിച്ചു…

അപ്പോൾ ഉണ്ടായ ദേഷ്യവും വേദനയും മാറി അതിനു തലോടലിന്റെ മർദ്ദവത്വം….കൈ വരുന്നത് അറിയാതെ എന്നോണം അവൻ അറിഞ്ഞു…

ഒരു പത്തു വയസ്സുകാരന്റെ മനസ്സിൽ അഞ്ചു വയസ്സുകാരിയോട് മൊട്ടിട്ടതു പ്രണയം ആയിരുന്നോ..?

ആ പ്രായത്തിൽ എനിക്ക് അറിയാമായിരുന്നത് കല്യാണം ആണ്‌..

കല്യാണം കഴിച്ചാൽ കുട്ടികൾ ഉണ്ടാവും എന്നും…

നാട്ടിലെ പ്രമുഖരായ ഒരാളുടെ മകന്റെ കല്യാണത്തിന് നാട് അടച്ചു ഷണം ഉണ്ടായിരുന്നു… ഞാനും ചിന്നുവും ഒക്കെ പോയ കല്യാണം..അതിന്റെ ഓർമയിൽ ആണ്‌ പിറ്റേദിവസം ഞങ്ങൾ കുട്ടികളുടെ കളിയിൽ കല്യാണവും ഒരു കളി ആയതു..

തുളസിയില കൂട്ടി വെച്ചു വാഴ നാരു കൊണ്ട് കെട്ടി മാല ആക്കിയത് ശിഖ ആണ്‌….രാജൻ അങ്കിൾ ന്റെ വീട്ടിലെ പൂജ മുറിയിൽ ഇരുന്ന കൃഷ്ണ വിഗ്രഹം മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ ഞങ്ങളുടെ വിവാഹത്തിന് സാക്ഷി ആവാൻ ഉണ്ടായിരുന്നു….പരസ്പരം മാല അണിഞ്ഞു ശിഖ കുരവയും ഇട്ടു കൊണ്ട് നികുമ്പോളാണ് രാജൻ അങ്കിൾ ഞങ്ങളെ കണ്ടത്…കുരവഃ എന്നു പറഞ്ഞൂടാ ആറു വയസ്സ് കാരിയുടെ കുരവഃ മീൻ കാരന്റെ കൂവലിനു സമം ആയിരുന്നു… .ഞങ്ങളെ കണ്ടിട്ട് അങ്കിൾ നു ചിരി വന്നിട്ടുണ്ടാവണം..

എന്താ ഉണ്ണീ അവിടെ പരുപാടി.

അച്ഛാ ഉണ്ണിയേട്ടന്റെ കല്യാണം കഴിഞ്ഞു.. ശിഖ ആണ്‌ വിളിച്ചു പറഞ്ഞത്..

ആഹാ അപ്പോ ഫോട്ടോ എടുക്കണ്ടേ…

വേണം വേണം…ചിന്നു തുള്ളി ചാടി കൊണ്ട് പറഞ്ഞു..

അങ്കിൾ അപ്പോളേക്കും ആ ക്യാമറ കൊണ്ട് വന്നിരുന്ന്.. ഫോട്ടോയും എടുത്തു..

അങ്കിൾ എടുത്ത ഫോട്ടോ പിന്നീട് വല്ല്യ ഒരു പ്രശ്നം ആവുമെന്ന് അന്നേരം അറിഞ്ഞിരുന്നില്ല..
ആ ഫോട്ടോയും കയ്യിൽ പിടിച്ചു വിശ്വനാഥൻ അമ്മാവൻ; ചിന്നുവിന്റെ അച്ഛൻ അവളെ തല്ലുന്നതാണ് ചിന്നുവിനെ കുറിച്ചുള്ള അവസാന ഓർമ…

അന്ന് അമ്മാവൻ പറഞ്ഞത് ഇന്നും കാതിൽ മുഴങ്ങുന്നുണ്ട്….

“അസത്തു്.. കണ്ട തെണ്ടി പിള്ളേരുടെ കൂടെ കളിക്കാൻ പോയിരിക്കുന്നു…മേലാൽ വീട്ടിനു പുറത്തിറങ്ങി പോകരുത്…”

പിന്നീട് അവൾ ഞങ്ങളുടെ കൂടെ കളിക്കാൻ വന്നിട്ടില്ല…

ഒരുപാടു വേദനിച്ചിരുന്നു ആ പത്തു വയസ്സുകാരന്റെ മനസ്സ്…

രാജൻ അങ്കിൾ പറഞ്ഞു വീട്ടിലും അറിഞ്ഞിരുന്നു… അച്ഛൻ കുറെ വഴക്ക് പറഞ്ഞു… എന്തിനായിരുന്നു എന്നു അന്നറിയില്ലാരുന്നു… പക്ഷെ കരഞ്ഞു.. ചിന്നുവിന് കിട്ടിയ അടിയും വേദനിപ്പിച്ചത് എന്റെ ഉള്ള് ആയിരുന്നു..

ഒടുവിൽ അമ്മ മടിയിൽ പിടിച്ചിരുത്തി ആശ്വസിപ്പിച്ചതോർക്കുന്നു വലുതാവുമ്പോ നീ ചിന്നുവിനെ കല്യാണം കഴിച്ചോ.. ഇപ്പൊ നീ കുഞ്ഞല്ലേ അതാ അച്ഛൻ വഴക്ക് പറഞ്ഞതെന്ന്…അമ്മയുടെ ആ വാക്കുകൾ ആവണം ഇത് വരെ മറ്റൊരു പെണ്ണിനോടും പ്രണയം തോന്നാതിരുന്നതു്…

എപ്പോളോ പൊറിഞ്ചു കളി ആയി പറഞ്ഞതും ഓർമ വന്നു…. നിനക്ക് മിക്കവാറും അവളുടെ പ്രസവം എടുക്കാനാകും വിധി എന്നു.

എന്താ അനുവേട്ടാ ആലോചിക്കുന്നത്..

ശിഖ യാണ് ഓർമകളിൽ നിന്നുണർത്തിയത്…

ഒന്നുമില്ല പഴയത് ഒക്കെ ഓർത്തതാ…

ചിന്നുവിന്റെ കല്യാണം…? അർദ്ധ വിരാമം ഇട്ടു നിർത്തി

ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് അറിവ്.. അവൾ അവളുടെ അമ്മയുടെ വീട്ടിൽ നിന്നാ പഠിച്ചതൊക്കെ ഇവിടേക്ക് അങ്ങനെ വരാറില്ല… പഠിക്കുന്ന സമയത്തു വെക്കേഷൻ ടൈമിൽ കാണും.. പിന്നെ കാണുന്നത് അമ്പലത്തിലെ ഉത്സവത്തിന് വരുമ്പോളാ…പിന്നെ ഹോസ്പിറ്റലിൽ ചെക്ക് അപ്പിന് പോകുമ്പോൾ കണ്ടിരുന്നു.. അന്ന് തിരക്കായതോണ്ട് ഒന്നും സംസാരിക്കാൻ പറ്റിയില്ല…

ഹ്മ്മ്.. ഞാൻ ഒന്ന് മൂളി… പ്രതീക്ഷയുടെ കനൽ നാളം ഏഴു തിരിയായി എവിടെയോ തെളിയുന്നു .. അന്ന് നടന്ന സംഭവങ്ങൾ ഓർത്തപ്പോൾ മോഹങ്ങൾ ഒക്കെ കരിന്തിരി കത്തും എന്നു തോന്നി…

തിരിച്ചു വീട്ടിലേക്കു വരുമ്പോൾ.. അമ്മയുടെ തറവാട് വീടിന്റെ മുമ്പിലൂടെ ആണ്‌ വന്നതു…

ചുറ്റും മതില് കെട്ടി തിരിച്ച വലിയ പറമ്പ്..
നിറയെ തെങ്ങും പ്ലാവും മവുമൊക്കെ യാണ് റോഡ് സൈഡിൽ പടിപ്പുര പോലെ കെട്ടിയ ഗേറ്റിന്റെ ഉള്ളിൽ നിന്നും വീടിന്റെ മുന്നിലെ തുളസിത്തറ വരെ നീളുന്ന ചെങ്കല്ല് അടുക്കിയ വഴി.. ഇരു സൈഡിലും വെട്ടിയൊതുക്കി നിർത്തിയിരിക്കുന്ന ചെടികൾ… പഴമയുടെ പ്രൗഢി വിളിച്ചോതുന്ന വലിയ വീട്… “ശ്രീലകം “

Leave a Reply

Your email address will not be published. Required fields are marked *