ഇന്ന് വരുന്നില്ല ഞാൻ വീട്ടിലേക്കു പോകുവാണെന്നു പറയാൻ വിളിച്ചതാ…
വീട്ടിലേക്കു പോണോടീ… അവൾ സംശയത്തോടെ ചോദിച്ചു….
എന്തെ എന്നായാലും ഞാൻ പോവണ്ടേ… ഞാൻ ഇന്ന് പോകുവാ.. ബാക്കിയൊക്കെ പിന്നല്ലേ…എല്ലാം വരുന്നിടത്തു വെച്ചു കാണം
**** ***** ***** **** ***** ***** *****
എന്താ നിധി ഒരു സങ്കടം…
അജുവും നിധിയും കോളേജിന്റെ ക്യാന്റീനിലേ ഒരു കോർണർ ടേബിളിൽ ആയിരുന്നു…അജു MCA യ്കും നിധി അതെ കോളേജിൽ BBA യ്കും പഠിക്കുന്നു..
ഇരുവശത്തും ആയി ഇരുന്ന അവരുടെ ഇടം കൈ പരസ്പരം കൊരുത്തു പിടിച്ചിരുന്നു
ഒന്നുമില്ല അജുവേട്ടാ….ചേച്ചിയുടെ കാര്യം ആലോചിച്ചിട്ട…
ചേച്ചിക്കെന്താ പ്രശ്നം.. അജു ചോദിച്ചു..
ചേച്ചി പിന്നെം വീട്ടീന്നിറങ്ങി പോയി.. അച്ഛനോട് വഴക്കിട്ടിട്ട്.. അമ്മ വിളിച്ചിരുന്നു..
നിന്റെ ചേച്ചിക്കെന്താ ഇത്ര പ്രശ്നം…
എന്റെ തറവാട്ടിൽ പെണ്ണുങ്ങൾക്കൊന്നും വോയിസ് ഇല്ല അജുവേട്ടാ.. അച്ഛനും അമ്മാവനും പറയുന്നത് കേൾക്കണം…തിരിച്ചു ഒന്നും പറയാൻ പാടില്ല.. പാവം എന്റെ ചേച്ചി ഒരുപാട് അടി കൊണ്ടിട്ടുണ്ട്… ചെറുപ്പം തൊട്ടു.. ചെറുപ്പത്തിൽ ഞങ്ങൾ കാണിക്കുന്ന കുസൃതികൾക്കു പോലും ചേച്ചിയാണ് അടി കൊള്ളാറുള്ളത്…തറവാട്ടിൽ അച്ഛനോട് എതിർത്തു സംസാരിക്കാൻ തന്റേടം കാട്ടിയിട്ടുള്ളതും ചേച്ചി മാത്രം ആണ്..
അവൾ പറഞ്ഞു നിർത്തുന്നതിനു മുന്നേ അജു ചോദിച്ചു
നിന്റെ അച്ഛൻ ആരാ ഹിറ്റ്ലറോ അതോ മുസ്സോളിനിയോ..
ഞാൻ നോക്കീട്ടു അവരൊക്കെ എത്ര പാവങ്ങള.. അവളുടെ കണ്ണുകളിലെ നിസ്സഹായത അജുവിന്റെ ഉള്ളിലെവിടോ ഒരു നോവ് കോറിയിട്ടു..
മൂഡ് മാറ്റാൻ എന്നോണം ചോദിച്ചു
അപ്പോ നിന്നെ എനിക്ക് കിട്ടണേൽ ഒരു മൂന്നാം ലോക മഹായുദ്ധം വേണ്ടി വരുവോ….
അതൊക്കെ പോട്ടെ.. ഇപ്പൊ എന്താ പ്രശ്നം..
അച്ഛൻ ചേച്ചിയുടെ കല്യാണം നിശ്ചയിച്ചു എന്നു…
അതിനെന്താ..
ചേച്ചിക്ക് വേറെ ലൗവർ ഉണ്ടോ..?
അങ്ങനെ ചോദിച്ചാൽ എനിക്കറിയില്ല…
അതെന്താ ചേച്ചിയുടെ സുന്ദരി മണിയല്ലേ ഇത്.. ചേച്ചി പറഞ്ഞിട്ടില്ലേ.. അവളുടെ കവിളിൽ നുള്ളി കൊണ്ടാണ് അജു ചോദിച്ചത്….
ചേച്ചി എനിക്ക് അമ്മയെപോലെയാ….ഒരു കണക്കിന് പറഞ്ഞാൽ എന്നെ അമ്മയേക്കാൾ നോക്കിയത് ചേച്ചിയാ അത് കൊണ്ട് തന്നെ ഇങ്ങനുള്ള കാര്യങ്ങൾ ചേച്ചിയോട് ചോദിക്കാൻ എനിക്ക് പേടിയാ…
പക്ഷെ ചേച്ചിയുടെ ഡയറി ഞാൻ കണ്ടിട്ടുണ്ട്.. അതിലെ ചില വരികൾ കാണുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് ചേച്ചിക് ആരോടോ ഇഷ്ടം ആണെന്ന്…
ഡയറിയോ..
ഹ്മ്മ് ഇതാ… നിധി ബാഗിനുള്ളിൽ നിന്നും ഒരു ഡയറി എടുത്തു പുറത്തേക് വെച്ചു…
അജു അതെടുത്തു….
ചുവന്ന പുറം ചട്ടയിൽ സ്വർണ നൂലിൽ തീർത്ത കൊക്കുരുമ്മി ഇരിക്കുന്ന രണ്ട് ഇണ കുരുവികൾ…
അജു അതിന്റെ പുറം ചട്ട മറിച്ചു ആദ്യത്തെ പേജിലേക് നോക്കി…
“എനിക്കെന്റെ വേദനകളിൽ നിന്നാണ് നിന്നോടുള്ള പ്രണയം തുടങ്ങുന്നത്..
എന്നെങ്കിലും കിട്ടുമോ എന്നു പോലും അറിയാതെ… എന്റെ മനസ്സിന്റെ താളുകളിൽ ഒരു മയിൽ പീലി തണ്ട് പോലെ ഞാൻ സൂക്ഷിച്ചു വെക്കുന്നുണ്ട് ആ വാഴ നൂലിൽ കോർത്ത തുളസീ ദളങ്ങൾ “
അടുത്ത പേജും.. അവൻ മറിച്ചു…
“ഏകാന്തതയിൽ ഞാനെന്നെ നഷ്ടപ്പെടുത്തുമ്പോഴൊക്കെയും കണ്ടുപിടിച്ച് തിരികെയെത്തിക്കുന്നത് നിന്റെ കുഞ്ഞോർമ്മകളാണ്. സങ്കടപ്പെയ്ത്തുകളിൽ സാന്ത്വനമാകുന്നത്
എന്റെ വേദന നിറഞ്ഞ മിഴികളെ നോക്കി നിറഞ്ഞ നിന്റെ മിഴിയുടെ ഓർമകളാണ് “
അത് മാത്രം എഴുതിയ അടുത്ത പേജും അജു മറിച്ചു..
“എന്നും തുറന്നു നോക്കാറുള്ള ജനലഴിയിൽ എന്റെ നോട്ടമെത്തുന്ന ദൂരത്തു നിന്റെ സ്വരത്തിനായി ഞാൻ കാതോർക്കാറുണ്ട്… മുഖമോ സ്വരമോ പോലും അറിയില്ല എങ്കിലും.. നീ എന്നിലേക്കോ ഞാൻ നിന്നിലേക്കോ വരുമെന്ന് ചിത്തം കൊതിക്കാറുണ്ട്..
എന്റെ മനസ്സിലെ നിന്റെ മുഖത്തിനു ഇപ്പോളും ബാല്യമാണ്… മൂവാണ്ടൻ മാവിനെ തഴുകി എന്റെ ജനലഴിയിലേക് വീശിയെത്തുന്ന കാറ്റിന് നിന്റെ മണമാണ്..
കാത്തിരിക്കും ഞാൻ ഏഴു ജന്മങ്ങളും…നിനക്കായി മാത്രം…..”
