” പുറത്ത് പൊലീസുണ്ട്…… പേടിക്കണ്ട, പറഞ്ഞതൊന്നും മറക്കണ്ട… ”
അമർത്തിയ സ്വരത്തിൽ പറഞ്ഞിട്ട് അജയ് തിരിഞ്ഞു…
അഭിരാമി പകച്ച മിഴികളോടെ അവനെ ഒന്നു നോക്കി…
“ഇപ്പോൾ വരും സർ…”
അജയ് സിറ്റൗട്ടിലേക്ക് ചെന്നു…
” നിങ്ങൾ എവിടേക്കായിരുന്നു പോയത്……?”
സൗമ്യമായ സ്വരത്തിലായിരുന്നു സുനിലിന്റെ ചോദ്യം……
” മൂന്നാർ… ”
ഭാവവ്യത്യാസമില്ലാതെ അവൻ മറുപടി പറഞ്ഞു…
“ആരാ അവിടുള്ളത്…… ?”
” ഒരു സുഹൃത്തുണ്ട്…”
അജയ് പറഞ്ഞു..
അപ്പോഴേക്കും വാതിൽ കടന്ന് അഭിരാമി വന്നു……
ആദ്യം വന്ന പൊലീസുകാരൻ പടികളിറങ്ങി മുറ്റത്തേക്ക് പോയി…
നെറ്റിയിലും ചെവിയുടെ വശങ്ങളിലും നനഞ്ഞിരിക്കുന്നതിനാൽ, അവളപ്പോൾ മുഖം കഴുകിയതായി അവന് മനസ്സിലായി…
ചുരിദാർ ഷാളെടുത്ത് അവൾ ചുമലിൽ പുതച്ചിരുന്നു …
” വിനയചന്ദ്രൻ പറഞ്ഞിട്ടാണ് നിങ്ങൾ പോയത് , അല്ലേ… ?”
എസ്. ഐ സൗമ്യതയോടെ തന്നെയായിരുന്നു ചോദിച്ചത്……
” അല്ല… ”
അജയ് പെട്ടെന്ന് പറഞ്ഞു…
“കള്ളം പറയണ്ട അജയ്… അയാളുടെ നിർദ്ദേശപ്രകാരമാണ് നിങ്ങൾ പോയതെന്ന് ഞങ്ങൾക്കറിയാം … നിങ്ങളും അയാളും കൂടെയല്ലേ , നിങ്ങളുടെ വക്കീലിനെ കണ്ട് എവിടെയോ പോകുന്ന കാര്യം സംസാരിച്ചത്…?”
അഭിരാമിയുടെ നേരെ നോക്കിയായിരുന്നു എസ്.ഐ യുടെ ചോദ്യം …
ചോദ്യമൽപ്പം ഘനത്തിലായിരുന്നു…
ഉൾക്കിടിലമുണ്ടായിട്ടും അവളത് പ്രകടിപ്പിക്കാത്ത രീതിയിൽ നിന്നു…
” കാര്യങ്ങളൊക്കെ ഞങ്ങൾ അറിഞ്ഞു… നിങ്ങളും ഹസ്ബന്റും തമ്മിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ ഞങ്ങൾക്ക് പരാതി തരുക…… അല്ലാതെ കുത്തിത്തീർക്കുകയല്ല വേണ്ടത്… ”
വീണ്ടും അയാളുടെ സ്വരം മയപ്പെട്ടു……
അഭിരാമിയിലും അജയ് യിലും ഒരേ സമയം ഒരു നടുക്കമുണ്ടായി……
എസ്. ഐ അത് ശ്രദ്ധിച്ചു……
” നിങ്ങൾ തിരിച്ചു വന്ന സ്ഥിതിക്ക് കേസ് ഞാൻ ക്ലോസ് ചെയ്യുകയാണ്……”
എസ്.ഐ അവരെ ഒന്നു നോക്കി…
” എനിക്കയാളെ ഒന്ന് കാണണം…… വിനയചന്ദ്രനെ… ….. ”
ആ വാക്കുകൾക്ക് അല്പം മൂർച്ചയുള്ളതായി അവന് തോന്നി……
“ഞങ്ങളെ അച്ഛൻ അപകടപ്പെടുത്തും എന്ന് കരുതിയായിരിക്കും വിനയനങ്കിൾ പരാതി തന്നത്…….”
അജയ് പരുങ്ങലോടെ പറഞ്ഞു……
” പിന്നെ ഞങ്ങളൊക്കെ എന്തിനാടോ ഇവിടെ..? അയാളാണോ നിങ്ങൾക്കീ ബുദ്ധി ഉപദേശിച്ചു തന്നത് … ?”
സുനിൽ ശബ്ദമുയർത്തി…
ഇരുവരും മിണ്ടിയില്ല..
“കോർട്ടിൽ കേസ് നടക്കുന്നില്ലേ… നീതിയും നിയമവുമൊക്കെ അവിടെ കിട്ടും…… അതിന് വളഞ്ഞ വഴി ആലോചിക്കണ്ട…”
ഒരു നിമിഷം നിർത്തി എസ്. ഐ തുടർന്നു…
” അയാൾ നിങ്ങളെ ഉപദ്രവിക്കാതിരിക്കാൻ വേണ്ടത് ഞാൻ ചെയ്തോളാം. അതു പോലെ അയാൾക്ക് എന്ത് സംഭവിച്ചാലും ഞാനാദ്യം നിങ്ങളെ തേടിയേ വരൂ…”
അഭിരാമിയെ നോക്കിയാണ് അയാളത് പറഞ്ഞത്……
അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു…
“നിങ്ങൾ പൊയ്ക്കൊള്ളൂ… ”
അഭിരാമിയോടായി എസ്. ഐ പറഞ്ഞു……
അവൾ അകത്തേക്ക് കയറിയതും എസ്. ഐ സിറ്റൗട്ടിൽ നിന്നും പുറത്തേക്കിറങ്ങി…
” അജയ്… …. ”
മുറ്റത്തു നിന്ന് അയാൾ വിളിച്ചു..
അടുത്തേക്ക് ചെല്ലാൻ ആംഗ്യം കാണിച്ചതും അവൻ മുറ്റത്തേക്കിറങ്ങി ചെന്നു……
” കുറ്റക്കാർ നിങ്ങളല്ലാത്തതു കൊണ്ട് മാത്രം ഞാനിത് ഒഴിവാക്കുന്നു … മാത്രമല്ല, ഇതിലും വലിയ കേസുകൾ ഞങ്ങൾക്കുണ്ട്… എല്ലാവരും എന്നേപ്പോലെയാകണമെന്നില്ല , എല്ലായ്പ്പോഴും ഞാനും ഇങ്ങനെ ആകണമെന്നില്ല……”
എസ്.ഐ യുടെ സംസാരത്തിലെ താക്കീത് അവന് മനസ്സിലായി……
” അയാളുടെ ഭീഷണിയുടെ പേരിൽ ഒരു പരാതി സ്റ്റേഷനിൽ കൊടുത്തിട്ടേക്ക്… ”
പറഞ്ഞിട്ട് എസ്. ഐ ബൊലീറോയുടെ ഡോർ തുറന്നു..
പൊലീസ് ജീപ്പ് തിരികെ പോയതും ആശ്വാസത്തോടെ അജയ് നെടുവീർപ്പിട്ടു…
ഈ ഒരു നിസ്സാര കാര്യത്തിനാണോ വട്ടവടയിൽ നിന്ന് പോരാൻ മടിച്ചു നിന്നത് എന്നവൻ ഓർത്തു…
ആ എസ്. ഐ നല്ലൊരു മനുഷ്യനാണ്…
അവൻ ഹാളിലേക്ക് കയറി വാതിലടച്ചു……
അഭിരാമി ഹാളിൽ ഉണ്ടായിരുന്നില്ല..
അവളുടെ മുറിയുടെ വാതിലിൽ തട്ടിയപ്പോൾ അത് അകത്തു നിന്ന് ലോക്ക് ചെയ്തിരിക്കുന്നതായി അവന് മനസ്സിലായി……
********* ******* ******* *******
