അർത്ഥം അഭിരാമം – 4അടിപൊളി  

” മാഷ് എന്തെങ്കിലും ഒന്ന് പറ… “

ഒടുവിൽ സഹികെട്ടന്നപോലെ സനോജ്‌ പറഞ്ഞു……

” അത് അവൾ തന്നെയാണ്…… എന്റെ ഭാര്യയായിരുന്നവൾ… “

” അത് പറഞ്ഞതല്ലേ… ?”

“അവരെന്തിനാ ആ നാറിയുടെ പിന്നാലെ നടക്കുന്നതെന്നാ എനിക്കു മനസ്സിലാകാത്തത്…… …? “

ആരോടെന്നില്ലാതെ അവൻ പറഞ്ഞു……

” എനിക്കും അതറിയില്ല… “

വിനയചന്ദ്രൻ പതിയെ സംസാരിച്ചു തുടങ്ങി……

” മാഷിനോടുള്ള ശത്രുതയ്ക്കയാൾ…? “

സനോജ് ഒന്നു നിർത്തി.

“രാജീവിന് എന്തിനാടാ എന്നോട് ശത്രുത … ? അവർ തന്ന സ്വർണ്ണവും പണവും മാത്രമല്ല കോമ്പൻസേഷൻ എമൗണ്ടു വരെ കൊടുത്തിട്ടാണ് ഞാൻ ബന്ധം ഒഴിവാക്കിയത്…… കാഞ്ചനയ്ക്ക് ഒരു തരത്തിലും എന്റെ മരണം കൊണ്ട് ഒന്നും നേടാനില്ല… …. രാജീവിനുമില്ല… ….പിന്നെ ആർക്കുവേണ്ടിയാടാ ഞാൻ ചാവേണ്ടത്… ….?”

വിനയചന്ദ്രന്റെ സ്വരം ഉയർന്നു..

“മാഷ് ദേഷ്യപ്പെടാൻ പറഞ്ഞതല്ല ഞാൻ… “

സനോജ് അയാളെ ശാന്തനാക്കാൻ ശ്രമിച്ചു……

” നമ്മളറിയാത്ത ഒരു വലിയ കളി ഇതിലുണ്ട് സനോജേ… …. “

ചിന്തയോടെ വിനയചന്ദ്രൻ പറഞ്ഞു……

“പണമാണ് മനുഷ്യനെ ഭ്രാന്തനാക്കുന്നത്…… അവനെ അവനല്ലാതാക്കുന്നത്…… “

വിനയചന്ദ്രൻ പിറുപിറുത്തു…

” അത് ശരിയാ മാഷേ… …. ഞങ്ങൾ കോളനിക്കാർക്ക് പണമില്ല, ഞങ്ങൾ തല്ലും കുടും, ചീത്തയും വിളിക്കും…… പിറ്റേന്ന് കാലത്ത് ഒരു ഷെയറിട്ട് ‘കാട്ടറായി ” വാങ്ങിയടിച്ചാൽ തീരുന്ന പിണക്കമേ ഞങ്ങൾക്കുള്ളൂ…… “

ആ സമയത്തെയും അവന്റെ നിഷ്കളങ്കത കണ്ട് വിനയചന്ദ്രൻ ഒന്നു ചിരിച്ചു……

” അല്ല മാഷേ , ചോദിക്കുന്നതിൽ ഒന്നും വിചാരിക്കരുത്…”

സനോജ് മുൻകൂർ ജാമ്യമെടുത്തു……

നീ ചോദിക്കെടാ……..”

വിനയചന്ദ്രൻ ധൈര്യം കൊടുത്തു…

” മാഷിന് എത്ര രൂപ മൊത്തം ആസ്തിയുണ്ട്…… ?”

പരുങ്ങലോടെയാണ് അവൻ ചോദിച്ചത്……

വിനയചന്ദ്രൻ അവനെ നോക്കി……

പിന്നെ ചെറിയ രീതിയിൽ ചിരിച്ചു തുടങ്ങി……

ചോദിച്ചത് അബദ്ധമായോ എന്ന രീതിയിൽ സനോജ് പകച്ചിരുന്നു..

“സനോജേ……. “

വിനയചന്ദ്രൻ വിളിച്ചു.

” പറ മാഷേ… “

അവൻ വിനയാന്വിതനായി……

“എന്റെയീ വീടും , അതിരിക്കുന്ന സ്ഥലവും , പിന്നെ പറമ്പുകൾ, എല്ലാം നിനക്കറിയത്തില്ലേ……… ?”

“അറിയാമല്ലോ… …. “

“എന്നാൽ നീ തന്നെ ഒരേകദേശം കൂട്ടി നോക്ക്… “

സനോജ് മനക്കണക്കുകൂട്ടി കുറച്ചു സമയം മിണ്ടാതിരുന്നു…

” എത്രയുണ്ടെടാ… ?”

വിനയചന്ദ്രൻ ചോദിച്ചു:

“കണക്കിനൊക്കെ ഞാൻ പുറകോട്ടാ മാഷേ…… “

അവൻ തല ചൊറിഞ്ഞു …

“എന്നാലും… “

“ഒരഞ്ചെട്ടു കോടി വരൂല്ലേ മാഷേ…… ?”

ഒരു സംശയത്തോടെ അവൻ ചോദിച്ചു.

” അത്രയൊന്നുമില്ലെടാ… …. “

വിനയചന്ദ്രൻ പറഞ്ഞു……

” അതിന്റെ പകുതി…… …? “

സനോജ് വീണ്ടും തല ചൊറിഞ്ഞു…

” കാണുമായിരിക്കും………. “

തന്റെ കണക്ക് പകുതി ശരിയായ സന്തോഷത്തിൽ സനോജ് ഒന്നു നിവർന്നിരുന്നു……

” ചുമ്മാതല്ല ആളുകൾ പറയുന്നത് … “

വിനയചന്ദ്രൻ അവനെ നോക്കി..

“എന്ത്… ?”

“കോടീശ്വരനുമായിട്ടാ നിന്റെ കൂട്ടെന്ന്… “

അവൻ അഭിമാനത്തോടെ പറഞ്ഞപ്പോൾ വിനയചന്ദ്രൻ ചിരിച്ചു.

“സാറിനിങ്ങനെ കുടിച്ചു നശിക്കാതെ വേറെ ഒരു പെണ്ണാക്കെ കെട്ടി ജീവിച്ചു  കൂടെ…… …?

ഒരു സംശയത്തിൽ അല്പം മടിച്ചു മടിച്ചാണ് അവനാ ചോദ്യം ഉന്നയിച്ചത്…

“നീയാ വിഷയം വിട്… “

വിനയചന്ദ്രൻ ആ സംസാരം മുളയിലേ നുള്ളിക്കളഞ്ഞു..

“നീ ഒന്നുകൂടി ഒഴിക്ക്…… “

സനോജ് അനുസരിച്ചു ..

” രണ്ടു മൂന്ന് ദിവസത്തേക്ക് നീ പണിക്ക് പോകണ്ട , കൂലി ഞാൻ തന്നേക്കാം. “

മദ്യം കഴിച്ച ഗ്ലാസ്സ് ടീപ്പോയിൽ വെച്ചുകൊണ്ട് വിനയചന്ദ്രൻ പറഞ്ഞു……

“അതൊന്നും വേണ്ട മാഷേ… ഞാൻ പണിക്കു പോകുന്നില്ല…”

അയാളതിനു മറുപടി പറഞ്ഞില്ല …

” നാളെ നീ ബാങ്കിൽ ഒന്ന് പോകണം . കുറച്ചു പണമെടുക്കണം .. ഞാൻ വിളിച്ചു പറയാം… “

” ഉം……………” അവൻ മൂളി… ….

“നിന്റെ ലൈസൻസോ … ?”

” റെഡിയായി…… “

“ഈ ഏരിയായിൽ നിന്ന് വേണ്ട, ഒരു കാർ വാടകയ്ക്ക് എടുക്കണം … “

“എന്തിനാ മാഷേ… ….?”

” നമുക്ക് ഒരു യാത്ര പോകാനാടാ..”

“എവിടേക്കാ മാഷേ…?”

” പറയാടാ.. ഈ മുറിവൊന്ന് ഉണങ്ങട്ടെ…… “

കാൽ നിവർത്തിക്കൊണ്ട് വിനയചന്ദ്രൻ പറഞ്ഞു …..

 

****       ****        ****          ****

അമ്മിണിയമ്മയുടെ വീടിനു മുൻപിലേക്ക് പൊലീസുകാർ നടന്നാണ് ചെന്നത് .

അവിടേക്ക് വണ്ടിക്ക് കടന്നുചെല്ലാൻ സാധിക്കില്ലായിരുന്നു ..

അമ്മിണിയമ്മയുടെ മകന്റെ ഭാര്യയാണ് ഇറങ്ങി വന്നത്…

പൊലീസിനെ കണ്ടപ്പോൾ ആ യുവതിയൊന്നു പകച്ചു…

” അമ്മിണിയമ്മ………. ? “

എ. എസ്.ഐ യുവതിയെ നോക്കി……

” വിളിക്കാം സാർ..”

ഒരു മിനിറ്റിനകം അമ്മിണിയമ്മയേയും കൂട്ടി യുവതി എത്തി..

” ഞങ്ങൾ എന്തിനാ വന്നതെന്ന് അറിയാമോ .?”

“അറിയാം… “

ആ സാധു സ്ത്രീ കുനിഞ്ഞു നിന്നാണ് അവരോട് സംസാരിച്ചത്……

” പോകുന്നതിനു മുൻപ് അഭിരാമി നിങ്ങളോട് വല്ലതും പറഞ്ഞായിരുന്നോ?”

” ഇല്ല… “

” പോകുന്ന കാര്യം വല്ലതും:…?”

” ഒന്നും പറഞ്ഞില്ല… “

” രാജീവ് ആളെങ്ങനെ… ?”

” ദുഷ്ടനാ സാറേ…”

തുടർന്ന് അമ്മിണിയമ്മ അന്നത്തെ സംഭവങ്ങൾ അവരോട് വിശദീകരിച്ചു. അഭിരാമി കുത്തിയ കാര്യവും വിനയചന്ദ്രൻ വന്നതും അവർ പറഞ്ഞു……

“ആ കൊച്ച് തീരെ നിവൃത്തിയില്ലാഞ്ഞിട്ട് ചെയ്തതാ സാറേ… “

തന്റെ യജമാനത്തിയെ അവർ ന്യായീകരിച്ചു……

പൊലീസുകാർ തിരികെ വാഹനത്തിനടുത്തേക്ക് ചെന്നു…

അമ്മിണിയമ്മ പറഞ്ഞ കാര്യങ്ങൾ അവർ എസ്.ഐ യെ ധരിപ്പിച്ചു..

പൊലീസ് വാഹനം നേരെ പോയത് വിനയചന്ദ്രന്റെ വീട്ടിലേക്കായിരുന്നു…

സനോജ് പോയ ശേഷം ഹാളിൽ തന്നെയിരുന്ന് മയങ്ങുകയായിരുന്നു അയാൾ…

മുറ്റത്ത് വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ട് അയാൾ കണ്ണു തുറന്നു…

” കേറിപ്പോര്……………”

വിനയചന്ദ്രൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

എസ് . ഐ സുനിലും ഒരു പൊലീസുകാരനും സിറ്റൗട്ട് കടന്നു ഹാളിലേക്ക് വന്നു …

ഒരു സ്റ്റൂളിൽ മുറിവു പറ്റിയ കാൽ ഉയർത്തി വെച്ചാണ് അയാളിരുന്നത്.

” ഇരിക്ക് സാറേ… “

ഒന്നു നിവർന്നു കൊണ്ട് വിനയചന്ദ്രൻ പറഞ്ഞു……

” വേണ്ട…… എഴുന്നേൽക്കണ്ട..”

അയാളെ തടഞ്ഞുകൊണ്ട് സുനിൽ പറഞ്ഞു……

” എന്ത് പറ്റിയതാ… ….? “

സോഫയിലേക്കിരുന്നുകൊണ്ട് എസ്.ഐ ചോദിച്ചു.

കൂടെ വന്ന പൊലീസുകാരൻ നിന്നതേയുള്ളൂ…

” ഒന്ന് വീണു…..”

” മാഷ് ഒരു ആൽക്കഹോളിക്കാണല്ലേ… “

ഒരു പുഞ്ചിരിയോടെ സുനിൽ ടീപോയിലേക്ക് നോക്കി ചോദിച്ചു …

“അങ്ങനെയായിപ്പോയി… “

വിനയചന്ദ്രനും ചിരിച്ചു……

” നമുക്കിതങ്ങ് ഒഴിവാക്കിയാലോ… ?”

” ബുദ്ധിമുട്ടാണ്…… കുറേക്കാലം പല പല സെന്ററുകളിൽ കിടന്നതാണ്…… “

എസ്.ഐ ഹാൾ ആകമാനം ഒന്ന് വീക്ഷിച്ചു..

അടുക്കും ചിട്ടയുമില്ലാത്ത പുസ്തകങ്ങളും ഷെൽഫും കർട്ടനും സോഫയും ഒരു മദ്യപാനിയുടെ അവസ്ഥ വിളിച്ചറിയിക്കുന്നതായിരുന്നു..

“ആരാ സഹായത്തിന്… ….?”

എസ്. ഐ ചോദിച്ചു.

“ഒരാളുണ്ട്…… പറമ്പിലൊക്കെ പണിക്കു വരുന്നത് അവനാ… ഇപ്പോൾ അവനേയുള്ളൂ സഹായത്തിന്……. “

Leave a Reply

Your email address will not be published. Required fields are marked *