അർത്ഥം അഭിരാമം – 4അടിപൊളി  

തന്നെ തള്ളി റോഡിലിട്ടിട്ട് അമ്മയേയും കൊണ്ട്…………..

ഭീതിദമായ ചിന്തയുടെ നടുക്കം അവനെ ഗ്രസിച്ചു..

പാടില്ല……

അവന്റെ അന്തരംഗം മുരണ്ടു…

അടുത്ത നിമിഷം ഒരു പൊലീസ് വാഹനത്തിന്റെ സൈറൺ കേട്ടു…

വിറ കൊണ്ടാലെന്നവണ്ണം അഭിരാമി അവനെ പിന്നിൽ നിന്നും പുണർന്നു പിടിച്ചു ….

“അജൂട്ടാ………. “

കരയുന്ന പോലെയായിരുന്നു അഭിരാമിയുടെ സ്വരം .

” നടക്കെടാ… “

പിന്നിൽ നിന്നയാൾ അവനു നേരെ തിമിട്ടി……

അജയ് പിന്നിലേക്ക് തിരിഞ്ഞ് അവനെ ദഹിപ്പിക്കുന്ന രീതിയിൽ ഒന്നു നോക്കി..

അടുത്ത നിമിഷം വളരെ തൊട്ടടുത്തു നിന്നെന്നവണ്ണം ഒരു കൊമ്പന്റെ ചിന്നം വിളി കേട്ടു…

നട്ടെല്ലിലൂടെ ഒരു വിറയൽ പാഞ്ഞുകയറിയത് അവനറിഞ്ഞു …

ഉടുമ്പു പിടിച്ചതു പോലെ തന്റെ ദേഹത്തു ചുറ്റിയ അമ്മയുടെ കൈ മുറുകുന്നത് അജയ് അറിഞ്ഞു..

തന്റെ മുന്നിലുള്ളയാൾ വേഗത്തിൽ നടക്കുന്നത് അജയ് ശ്രദ്ധിച്ചു..

റോഡിലേക്ക് മിലിറ്ററി കോൺവോയ് പോലെ പൊലീസ് വാഹനങ്ങളും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ വാഹനങ്ങളും റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ വാഹനങ്ങളും ആംബുലൻസും വന്നു നിരന്നു……

എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആളുകൾ പരക്കം പാഞ്ഞ് ഓടിത്തുടങ്ങി……

ഊഹം ലഭിച്ചവർ ധൃതിയിൽ തങ്ങളുടെ വാഹനങ്ങൾക്കരികിലേക്ക് പാഞ്ഞു..

“ആനയിറങ്ങിയിട്ടുണ്ട് … എല്ലാവരും വാഹനങ്ങൾ ഉപേക്ഷിച്ച് മൂന്നാർ ഭാഗത്ത് പെട്ടെന്ന് മാറുക… “

പൊലീസിന്റെ ലൗഡ്സ് സ്പീക്കർ മുഴങ്ങി…

അടുത്ത സന്ദേശം തമിഴിൽ വന്നപ്പോഴേക്കും ഒരു ചിന്നം വിളി കൂടി ഉയർന്നു..

ചാനലുകളിൽ കണ്ട അരിക്കൊമ്പന്റെയും ചക്കക്കൊമ്പന്റെയും പടയപ്പയുടേയും ദൃശ്യങ്ങൾ അവന്റെ മനസ്സിൽ ഒന്നു മിന്നിയണഞ്ഞു…

ആളുകൾക്കിടയിൽ നിന്നും ഒരാരവമുണ്ടായി …

ആനയിറങ്ങിയിരിക്കുന്നു… !

അജയ് യുടെ പഞ്ചേന്ദ്രിയങ്ങളും ചിന്നം വിളിച്ചു… ….

അജയ് അഭിരാമിയെ കൂട്ടിപ്പിടിച്ച് പിന്നിലേക്ക് ഒന്ന് തിരിഞ്ഞു…

പഞ്ചിംഗ് കൃത്യമായിരുന്നു…

മുക്കിനിടിയേറ്റ് പിന്നിൽ നിന്നവൻ മുഖം പൊത്തി ഇരുന്നു പോയി..

സംഭവിച്ചതെന്താണെന്ന് അഭിരാമി മനസ്സിലാക്കും മുൻപേ അവളെയും വലിച്ച് അജയ് പത്തു മീറ്റർ ഇടതു വശം ചേർന്ന് ഓടിയിറങ്ങിയിരുന്നു… ….

പൊലീസ് ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയിരുന്നു……

ഇരുവരും റോഡിലെത്തി…

ഇടതു വശത്ത് ആന…

പിന്നിലും വലതു ഭാഗത്തും ശത്രുക്കൾ…

മുന്നിലെ കുന്നിറങ്ങുകയല്ലാതെ മറ്റൊരു വഴിയും അവർക്കു മുന്നിൽ ഉണ്ടായിരുന്നില്ല…

ആളുകളുടെ മരണപ്പാച്ചിലിനിടയിൽ ഒരു ചിന്നംവിളി കൂടി ഉയർന്നു..

മുന്നിൽ പോയ ആൾ തന്റെ നേർക്കു വരുന്നത് ഓടുന്നതിനിടയിൽ അജയ് കണ്ടു..

അഭിരാമിയെ പിന്നിൽ നിർത്തി അജയ് മണ്ണിൽ ചവുട്ടി അവനെ കാത്തു നിന്നു…….

ഹുങ്കാരത്തോടെ ഒരു കാറ്റു വീശി…

അജയ് അവനടുത്തെത്തിയതും കൈ ഉയർത്തി വീശി..

സിമന്റു തറയിൽ തെങ്ങോല മടൽ കൊണ്ട് അടിച്ചതു പോലെ ഒരു ശബ്ദം അഭിരാമി കേട്ടു…

അടി കിട്ടിയവൻ അതറിഞ്ഞു വന്നപ്പോഴേക്കും അജയ് അവനെ വയറ്റിൽ ചവിട്ടി പുല്ലിലേക്ക് വീഴ്ത്തി …

അയാൾ നിരങ്ങി താഴേക്കു പോയി…

വീണ്ടും അവളെയും വലിച്ച് അവൻ കുന്നിറങ്ങി……

വീണവനും മറ്റൊരുവനും വീണ്ടും യൂക്കാലി മരങ്ങൾക്കിടയിലൂടെ വരുന്നത് അവൻ കണ്ടു …

മുകളിൽ നിന്ന് അലർച്ചയും ആരവവും കേൾക്കുന്നുണ്ടായിരുന്നു…

തൊട്ടു മുന്നിൽ രണ്ടു മീറ്ററോളം വീതിയുള്ള വെള്ളം കുറഞ്ഞ ഒരു കൈത്തോട് കണ്ടതും അജയ് നിന്നു…

അവന്റെ പുറത്തെ ബാഗിൽ വന്നിടിച്ച് അഭിരാമിയും…

അവർ അവനടുത്തേക്ക് എത്തിത്തുടങ്ങിയിരുന്നു……

“അമ്മാ………… “

അവൾ അവനെ ചുറ്റിപ്പിടിച്ച് കിതച്ചു , കിലുകിലെ വിറച്ചു കൊണ്ട് അവനെ നോക്കി…

” തോട്ടിലേക്കിറങ്ങ്……. “

” അവൾ ദയനീയമായി അവനെ നോക്കി …

” ഇറങ്ങമ്മാ… “

അവന്റെ സ്വരം കനത്തു……

അവൾ അവനെ പതിയെ വിട്ടു, തോട്ടിലേക്ക് നോക്കി…

പല്ലിളിച്ചു കൊണ്ട് ആദ്യം വന്നവൻ അവനു നേരെ വന്നു …

അജയ് യുടെ നീക്കം ഝടുതിയിലായിരുന്നു..

വന്നവന്റെ കഴുത്തിനു കുത്തിപ്പിടിച്ച് അടുത്തു നിന്ന യൂക്കാലി മരത്തിലേക്ക് തല ഒറ്റയിടിയായിരുന്നു …

ഒരു നിലവിളി അയാളിൽ നിന്നും ഉണ്ടായി……

യൂക്കാലി മരത്തിന്റെ തൊലിയിളകി വീഴുന്നത് തോട്ടിലേക്കിറങ്ങിയ അഭിരാമി കണ്ടു …

മുന്നിൽ വന്നവന്റെ അവസ്ഥ കണ്ട്, പിന്നാലെ വന്നവൻ പകച്ചു നിന്നു…

“വന്നാൽ കൊല്ലും ഞാൻ……. “

അജയ് അവനു നേരെ നോക്കി ഗർജ്ജിച്ചു..

അവനെ തന്നെ നോക്കിക്കൊണ്ട് പിന്നിലേക്ക് അടി വെച്ച് , അജയ് തോട്ടിലേക്കിറങ്ങി..

തോടു കടന്നതും അഭിരാമിയേയും വലിച്ച് അവൻ മുന്നോട്ടോടി..

തോടിനപ്പുറം റിസർവ് ഫോറസ്റ്റായിരുന്നു……

ഇരുണ്ടു തുടങ്ങുന്ന കുന്നുകളിൽ ഒരു തവണ കൂടി കൊമ്പന്റെ ചിന്നം വിളി മുഴങ്ങി… ….

 

(തുടരും…)

Leave a Reply

Your email address will not be published. Required fields are marked *