അർത്ഥം അഭിരാമം – 4 2അടിപൊളി  

അവിടേക്ക് വണ്ടിക്ക് കടന്നുചെല്ലാൻ സാധിക്കില്ലായിരുന്നു ..

അമ്മിണിയമ്മയുടെ മകന്റെ ഭാര്യയാണ് ഇറങ്ങി വന്നത്…

പൊലീസിനെ കണ്ടപ്പോൾ ആ യുവതിയൊന്നു പകച്ചു…

” അമ്മിണിയമ്മ………. ? “

എ. എസ്.ഐ യുവതിയെ നോക്കി……

” വിളിക്കാം സാർ..”

ഒരു മിനിറ്റിനകം അമ്മിണിയമ്മയേയും കൂട്ടി യുവതി എത്തി..

” ഞങ്ങൾ എന്തിനാ വന്നതെന്ന് അറിയാമോ .?”

“അറിയാം… “

ആ സാധു സ്ത്രീ കുനിഞ്ഞു നിന്നാണ് അവരോട് സംസാരിച്ചത്……

” പോകുന്നതിനു മുൻപ് അഭിരാമി നിങ്ങളോട് വല്ലതും പറഞ്ഞായിരുന്നോ?”

” ഇല്ല… “

” പോകുന്ന കാര്യം വല്ലതും:…?”

” ഒന്നും പറഞ്ഞില്ല… “

” രാജീവ് ആളെങ്ങനെ… ?”

” ദുഷ്ടനാ സാറേ…”

തുടർന്ന് അമ്മിണിയമ്മ അന്നത്തെ സംഭവങ്ങൾ അവരോട് വിശദീകരിച്ചു. അഭിരാമി കുത്തിയ കാര്യവും വിനയചന്ദ്രൻ വന്നതും അവർ പറഞ്ഞു……

“ആ കൊച്ച് തീരെ നിവൃത്തിയില്ലാഞ്ഞിട്ട് ചെയ്തതാ സാറേ… “

തന്റെ യജമാനത്തിയെ അവർ ന്യായീകരിച്ചു……

പൊലീസുകാർ തിരികെ വാഹനത്തിനടുത്തേക്ക് ചെന്നു…

അമ്മിണിയമ്മ പറഞ്ഞ കാര്യങ്ങൾ അവർ എസ്.ഐ യെ ധരിപ്പിച്ചു..

പൊലീസ് വാഹനം നേരെ പോയത് വിനയചന്ദ്രന്റെ വീട്ടിലേക്കായിരുന്നു…

സനോജ് പോയ ശേഷം ഹാളിൽ തന്നെയിരുന്ന് മയങ്ങുകയായിരുന്നു അയാൾ…

മുറ്റത്ത് വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ട് അയാൾ കണ്ണു തുറന്നു…

” കേറിപ്പോര്……………”

വിനയചന്ദ്രൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

എസ് . ഐ സുനിലും ഒരു പൊലീസുകാരനും സിറ്റൗട്ട് കടന്നു ഹാളിലേക്ക് വന്നു …

ഒരു സ്റ്റൂളിൽ മുറിവു പറ്റിയ കാൽ ഉയർത്തി വെച്ചാണ് അയാളിരുന്നത്.

” ഇരിക്ക് സാറേ… “

ഒന്നു നിവർന്നു കൊണ്ട് വിനയചന്ദ്രൻ പറഞ്ഞു……

” വേണ്ട…… എഴുന്നേൽക്കണ്ട..”

അയാളെ തടഞ്ഞുകൊണ്ട് സുനിൽ പറഞ്ഞു……

” എന്ത് പറ്റിയതാ… ….? “

സോഫയിലേക്കിരുന്നുകൊണ്ട് എസ്.ഐ ചോദിച്ചു.

കൂടെ വന്ന പൊലീസുകാരൻ നിന്നതേയുള്ളൂ…

” ഒന്ന് വീണു…..”

” മാഷ് ഒരു ആൽക്കഹോളിക്കാണല്ലേ… “

ഒരു പുഞ്ചിരിയോടെ സുനിൽ ടീപോയിലേക്ക് നോക്കി ചോദിച്ചു …

“അങ്ങനെയായിപ്പോയി… “

വിനയചന്ദ്രനും ചിരിച്ചു……

” നമുക്കിതങ്ങ് ഒഴിവാക്കിയാലോ… ?”

” ബുദ്ധിമുട്ടാണ്…… കുറേക്കാലം പല പല സെന്ററുകളിൽ കിടന്നതാണ്…… “

എസ്.ഐ ഹാൾ ആകമാനം ഒന്ന് വീക്ഷിച്ചു..

അടുക്കും ചിട്ടയുമില്ലാത്ത പുസ്തകങ്ങളും ഷെൽഫും കർട്ടനും സോഫയും ഒരു മദ്യപാനിയുടെ അവസ്ഥ വിളിച്ചറിയിക്കുന്നതായിരുന്നു..

“ആരാ സഹായത്തിന്… ….?”

എസ്. ഐ ചോദിച്ചു.

“ഒരാളുണ്ട്…… പറമ്പിലൊക്കെ പണിക്കു വരുന്നത് അവനാ… ഇപ്പോൾ അവനേയുള്ളൂ സഹായത്തിന്……. “

വിനയചന്ദ്രൻ പറഞ്ഞു..

” സനോജ്……….?”

എസ്. ഐ പുരികമുയർത്തി ചോദിച്ചു……

ഉള്ളിലുണ്ടായ നടുക്കം പുറമേ വരാതിരിക്കാൻ വിനയചന്ദ്രൻ പണിപ്പെട്ടു.

തന്നെക്കുറിച്ച് എല്ലാം അന്വേഷിച്ചിട്ടാണ് അയാൾ മുന്നിൽ വന്നിരിക്കുന്നത് എന്ന് വിനയചന്ദ്രന് മനസ്സിലായി..

” അതു തന്നെ ആള് … “

“ഇപ്പോൾ എവിടെപ്പോയി…… …? “

” ഭക്ഷണം വാങ്ങാൻ പോയതാ… “

” ആരാ ശിവരഞ്ജിനി……..?”

എസ്. ഐ യുടെ അടുത്ത ചോദ്യം പെട്ടെന്നായിരുന്നു…

ആ ചോദ്യത്തിനു മുൻപിൽ വിനയചന്ദ്രൻ ഒന്നു പകച്ചു …

“അ. തെന്റെ മോള്……… “

ഒന്നു വിക്കിയാണ് വിനയചന്ദ്രൻ പറഞ്ഞത് ..

“കാര്യങ്ങളൊക്കെ അറിയാം, കൂടുതൽ ചോദിച്ചു വിഷമിപ്പിക്കുന്നില്ല… …. “

” ചോദിക്ക് സാറേ… “

വിനയചന്ദ്രൻ പോയ ധൈര്യം തിരികെ പിടിച്ചു…

“മോൾ വിളിക്കാറുണ്ടോ… ….?”

ഒരു മിന്നൽ വിനയചന്ദ്രന്റെ ഹൃദയത്തിലൂടെ പാഞ്ഞു പോയി…

അയാൾ പെട്ടെന്നു തന്നെ തന്റെ മനോനില തിരികെ പിടിച്ചു …

“വല്ല കാലത്തും… കഴിഞ്ഞ ദിവസം വിളിച്ചത് ഒരുപാട് കാലം കൂടിയാ… …. “

” ഉം… “

ഒന്നിരുത്തി മൂളിയിട്ട് എസ്.ഐ എഴുന്നേറ്റു

“ഞങ്ങൾ അന്വേഷിക്കുന്നുണ്ട്…… “

വിനയചന്ദ്രൻ എഴുന്നേൽക്കാനായി ഭാവിച്ചെങ്കിലും സുനിൽ അയാളെ തടഞ്ഞു……

” വേണ്ട…… ഞങ്ങളിറങ്ങുന്നു …”

വാതിൽ കടന്ന് പൊലീസുകാർ ഇറങ്ങി..

വാഹനം സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടതിനു ശേഷം അയാൾ കുപ്പിയിൽ അവശേഷിച്ചിരുന്ന മദ്യം ഗ്ലാസ്സിലേക്കൊഴിച്ചു…

Leave a Reply

Your email address will not be published. Required fields are marked *