അർത്ഥം അഭിരാമം – 8അടിപൊളി  

സനോജ് ഇടവഴിയിലേക്ക് മുഖം തിരിച്ചു കളഞ്ഞു…

കാല്പാദങ്ങൾ പൊള്ളിയപ്പോൾ വിനയചന്ദ്രൻ നിറഞ്ഞ മിഴികൾ തുറന്നു…

ചെരിപ്പിനു മീതെ പിടിമുറുക്കിയ മകളുടെ വിരലിന്റെ തണുപ്പറിഞ്ഞ് വിനയചന്ദ്രൻ ഒരു നിമിഷം നിന്നു…

അടുത്ത നിമിഷം, അയാളാ പിഞ്ചുകുഞ്ഞിനെ ഉയർത്തി മാറോടടുക്കിക്കളഞ്ഞു…

” അച്ഛാ… ”

അവളുടെ നിലവിളി തൊണ്ടയിലമർന്നു പോയി…

അവളെ മാറോടടുക്കിപ്പിടിച്ച് അന്ത:വിക്ഷോഭത്താൽ വിനയചന്ദ്രൻ മിഴികൾ ചുറ്റുപാടും പരതിക്കൊണ്ടിരുന്നു …

ഇരുതുള്ളി മിഴിനീർ ശിവരഞ്ജിനിയുടെ നെറുകയിലേക്കിറ്റു.

അവളുടെ മൂർദ്ധാവിലേക്ക് അയാൾ സമ്മിശ്ര വികാരത്താൽ മുഖം ചേർത്തു……

കാച്ചെണ്ണയുടെ ഗന്ധം വഴിഞ്ഞൊഴുകിയിരുന്നു , അവളുടെ ഇടതൂർന്ന മുടിയിഴകളിൽ നിന്ന് കുഴമ്പിന്റെയും വിയർപ്പുണങ്ങിയതിന്റെയും സമ്മിശ്ര ഗന്ധം അയാൾക്കനുഭവപ്പെട്ടു……

” സുഖാണോ മോളേ നിനക്ക്… ?”

ഗദ്ഗദം ശ്ലഥമാക്കിയ വാക്കുകൾ അയാളിൽ നിന്ന് അടർന്നു വീണു..

കുസൃതി നിറഞ്ഞ പോലൊരു മൂളൽ അവളിൽ നിന്നുണ്ടായപ്പോൾ അയാളുടെ ഹൃദയം വീണ്ടും തപ്തമായി…

തന്റെ മനസ്സ് വീണ്ടും പിന്നിലേക്കോടുന്നത് വിനയചന്ദ്രൻ അറിഞ്ഞു..

തന്റെ കുസൃതി കുടുക്ക… !

ഇടം കൈത്തലം കൊണ്ട് വിനയചന്ദ്രൻ മിഴികൾ തുടച്ചു കളഞ്ഞു……

മാഷ്  കരയുന്നത് ,ആദ്യമായി  സനോജ് കണ്ടു…

വിനയചന്ദ്രൻ അവളുടെ താടിയിൽ പിടിച്ച്, തനിക്കഭിമുഖമായി മുഖമുയർത്തി……

” മോള് റെഡിയാക്……. നമുക്ക് പോകാം..”

അയാളുടെ മിഴികളിൽ പ്രത്യാശയും പ്രതീക്ഷയും തിളങ്ങി……

വെയിൽ നാളങ്ങൾ ഒന്ന് മങ്ങി………

ക്ലാവു പിടിച്ചതു പോലെ ഒരു ചിരി ശിവരഞ്ജിനിയുടെ മുഖത്തയാൾ കണ്ടു…

“ആഗ്രഹമുണ്ടെങ്കിലും എനിക്കതിനാവില്ലച്ഛാ… ”

മകളുടെ സ്വരം വിനയചന്ദ്രനിൽ ചെറിയ നടുക്കം പ്രകടമാക്കി……

“ചായ………. ”

സേവനയുടെ പച്ചനിറത്തിലുള്ള പ്ലേറ്റിൽ , ചായ ഗ്ലാസ്സുകളുമായി , ആദ്യം വന്നു നോക്കിപ്പോയ സ്ത്രീ മുറ്റത്തേക്ക് വന്നു.

ഒഴിഞ്ഞു കിടന്ന കസേരയിലൊന്നിൽ പാത്രം വെച്ചിട്ട് അവർ തിരിഞ്ഞു…….

” അമ്മയാ..”

ശിവരഞ്ജിനി പറഞ്ഞു……

അലച്ചിലും കഷ്ടപ്പാടും ആലേഖനം ചെയ്തുവെച്ച , മുഖത്താൽ , അവർ തിരിഞ്ഞു മന്ദഹസിക്കുക മാത്രം ചെയ്തു.

തന്റെ സാന്നിദ്ധ്യം അവിടെ ആവശ്യമാണോ എന്നൊരു സന്ദേഹത്താൽ ഒരു നിമിഷം അവിടെ നിന്ന ശേഷം, അവർ അകത്തേക്ക് പോയി..

” അച്ഛൻ അകത്തേക്ക് വാ……. ”

അവൾ അയാളെ ക്ഷണിച്ചു..

സനോജിനെ ഒന്ന് നോക്കിയ ശേഷം, വിനയ ചന്ദ്രൻ അവളോടൊപ്പം അകത്തേക്ക് കയറി…

ഒരു ചെറിയ മേശയും രണ്ട് ചായം മങ്ങിയ സ്റ്റൂളുകളും കയറിച്ചെന്ന മുറിയിൽ കണ്ടു.

സാരി കൊണ്ട് കർട്ടനിട്ട രണ്ടു മുറികൾ…

പ്ലൈവുഡ്‌ വാതിലടിച്ച ഒരു മുറിയിലേക്ക് അവൾ കയറി……

പിന്നാലെ അയാളും കയറി…

കുഴമ്പിന്റെയും അങ്ങാടിമരുന്നുകളുടെയും ഗന്ധം മുറിയിൽ തങ്ങി നിന്നിരുന്നു……

തുറന്നു കിടന്നിരുന്ന ഒറ്റപ്പാളി ജനലിലൂടെ പുലരിയുടെ പ്രകാശം കയറുന്നുണ്ടായിരുന്നു……

വലതു വശത്ത് കഴുക്കോലിൽ ഒരു തൊട്ടിൽ കിടന്ന് ചെറുതായി ആടുന്നുണ്ടായിരുന്നു..

കട്ടിലിൽ മനുഷ്യക്കോലത്തിൽ ഒരു രൂപം..!

മുറിയിലെ വെളിച്ചവുമായി ഇടപഴകിയപ്പോൾ അയാളാ രൂപം വ്യക്തമായി കണ്ടു…

ശ്മശ്രുക്കൾ വളർന്ന മുഖം…!

താൻ കണ്ടിട്ടുള്ള രാഹുലിന്റെ അപരനിലും വലിയ മാറ്റം വിനയചന്ദ്രൻ അവനിൽ കണ്ടു…

കുഴമ്പും കറയും പിടിച്ച വെളുത്ത മുണ്ടിനുള്ളിൽ കിടന്ന് ആ രൂപം വിനയചന്ദ്രനെ നോക്കി പുഞ്ചിരിച്ചു…

ഹൃദയത്തിന് തീ പിടിച്ച് വിനയചന്ദ്രൻ നിന്നു വെന്തു…

ആ ദൈന്യതയുടെ മുൻപിൽ പറയാൻ വന്ന വാക്കുകൾ മറന്ന് അസ്തപ്രജ്ഞനായി അയാൾ കത്തിയുരുകി……

” അച്ഛനിരിക്ക്………. ”

രാഹുലിന്റെ സ്വരം ഗുഹയിൽ നിന്നെന്നപോലെ അയാൾ കേട്ടു…….

ശിവരഞ്ജിനി നീക്കിയിട്ട സ്റ്റൂളിലേക്ക് അഭയം കിട്ടിയതു പോലെ അയാൾ ഇരുന്നു പോയി……

” പറ്റാതായിപ്പോയി….. അതാ…. ”

രാഹുലിന്റെ ഇടറിയ സ്വരം അയാൾ കേട്ടു…

” ഇഷ്ടക്കുറവൊന്നുമില്ല…… പൊന്നുപോലെയാ നോക്കിയിരുന്നത്……. ”

രാഹുലിന്റെ വിങ്ങിയ വാക്കുകൾ കേട്ട് ചങ്കുപൊടിഞ്ഞ് വിനയചന്ദ്രൻ അകിലു കണക്കെ പുകഞ്ഞു …

ഉടുവസ്ത്രത്തിന്റെ ഒരറ്റം വായിലേക്ക് തിരുകി ശിവരഞ്ജിനി വിങ്ങിവിറയ്ക്കുന്നത് കൺകോണാൽ വിനയചന്ദ്രൻ കണ്ടു..

ജീവിതത്തിൽ ഒരച്ഛനും… ഒരച്ഛനും ഇങ്ങനെയൊരു ദുർഗ്ഗതി വരുത്തരുതേ, എന്നയാൾ നിശബ്ദം വിലപിച്ചു…

” അവിടുത്തെ ടെംപററി പോസ്റ്റിംഗായിരുന്നു … അതു കഴിഞ്ഞ്, മണ്ണാർക്കാട്…… ”

രാഹുൽ പതിയെ പറഞ്ഞു തുടങ്ങി……

” പിന്നെ ഒലവക്കോട് പെർമനന്റായി.. ഒരു സുഹൃത്തും ഞാനുമാണ് സ്ഥിരം പോയി വരാറുള്ളത്…… ”

നിർത്തി നിർത്തിയാണ് രാഹുൽ സംസാരിച്ചിരുന്നത്…

” എതിരെ വന്ന വണ്ടിയുടെ ബ്രേക്ക് പോയിരുന്നു.. കൂടെ അവനും പോയി……….”

ഹൃദയം തകർത്ത ഓർമ്മയിൽ പറഞ്ഞിട്ട് രാഹുൽ മിഴികൾ അടച്ചു കളഞ്ഞു…

തന്റെ മനസ്സിലെ കാലുഷ്യവും പകയും ആരോടാണ് എന്ന് വിനയചന്ദ്രൻ ചിന്തിച്ചു പോയി…

നിമിഷങ്ങൾ യുഗങ്ങളായി പരിണമിച്ചു…

” ഇവൾക്ക് ഞാനും കൂടെ ഇല്ലേൽ പിന്നെ ആരാ..? അതുകൊണ്ട് എന്നെ ദൈവം വെറുതെ വിട്ടു..”

വജ്റ മുന പോലെ കുത്തിക്കയറുന്ന വാക്കുകൾക്ക് മുൻപിൽ ഉത്തരമില്ലാതെ വിനയചന്ദൻ മിഴികൾ നിറഞ്ഞ് ഇരുന്നു…

” ഒന്ന് വിളിക്കാമായിരുന്നു…… ”

നഷ്ടപ്പെട്ട ശബ്ദം വീണ്ടെടുത്ത് വിനയചന്ദ്രൻ പറഞ്ഞു……

രാഹുൽ ഒന്ന് ചിരിച്ചു……

അതിലെ പുച്ഛരസം തിരിച്ചറിയാൻ അര നിമിഷം പോലും വിനയചന്ദ്രന് വേണ്ടി വന്നില്ല..

” ഞാൻ പഴയ ആളാ… …. ഈശ്വരനേക്കാൾ പ്രാധാന്യം ഗുരുനാഥന് കൊടുത്ത തലമുറ……. ”

ആ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു…

ആ സമയം തൊട്ടിൽ ഒന്നു പിടഞ്ഞു.

പിന്നാലെ ഒരു കുഞ്ഞിന്റെ ചിണുങ്ങലും കരച്ചിലും കേട്ടു…….

ശിവരഞ്ജിനി തൊട്ടിലിനരികിലേക്ക് നീങ്ങി…

കൈ നീട്ടി കുട്ടിയെ എടുത്ത ശേഷം, അവൾ വിനയചന്ദ്രനരികിലേക്ക് വന്നു…

” മോനാ… ”

ഉറക്കം വിട്ട കുഞ്ഞിന്റെ മുഖത്തേക്ക് അയാൾ നോക്കി…

” വിനായകൻ…… വിനുക്കുട്ടാ ന്ന് വിളിക്കും…… ”

ശിവരഞ്ജിനി പറഞ്ഞു..

കുട്ടിയെ എടുക്കാൻ കൈ നീട്ടിയ വിനയചന്ദ്രന്റെ കൈകൾ വായുവിൽ ഒരു നിമിഷം നിശ്ചലമായി…

” വിനുക്കുട്ടൻ… …. ”

അകത്തളങ്ങളിൽ നിന്ന് ഒരു കുസൃതിക്കുടുക്ക വിനുക്കുട്ടാ എന്ന് നീട്ടി വിളിക്കുന്നത് കേട്ട് അയാൾ നെഞ്ചു പിഞ്ഞിപ്പറിഞ്ഞിരുന്നു…

കുസൃതിയും വാത്സല്യവും സ്നേഹവും ഇടകലർത്തി , ശിവരഞ്ജിനി തന്നെ വിളിച്ചിരുന്നത് അയാൾക്ക് ഓർമ്മ വന്നു……

വിനായകനെ  വിനയചന്ദ്രൻ കൈ നീട്ടി വാങ്ങി……

അയാളുടെ കൈകൾ വിറച്ചു കൊണ്ടിരുന്നു…

വിറക്കുന്ന അധരങ്ങൾ അയാൾ കുരുന്നിന്റെ കൺമഷിപ്പൊട്ട് കുത്തിയ കവിളിൽ ചേർത്തു..

പൗത്രന് ആദ്യ ചുംബനം……….!

കണ്ണീർ വന്ന് കാഴ്ച മറച്ചു കളഞ്ഞത് , വിനയചന്ദ്രൻ അറിഞ്ഞു……

രക്തം, രക്തത്തെ തിരിച്ചറിഞ്ഞതിനാലാകാം, വിനയചന്ദ്രന്റെ മുഖത്തേക്ക് പൈതൽ , ശൈശവ സഹജമായ നോട്ടം നോക്കിക്കിടക്കുക മാത്രം ചെയ്തു……

Leave a Reply

Your email address will not be published. Required fields are marked *