സനോജ് വീണ്ടും നിറഞ്ഞ മിഴികൾ, അയാൾ കാൺകെ തന്നെ തുടച്ചു… ….
“ആന്റിയാ പൈസ തന്നത്……. ഞാൻ കുറേ വേണ്ടാന്ന് പറഞ്ഞതാ… ”
കരച്ചിലിനിടയിൽ അവൾ പറഞ്ഞു……
” ആര്… ? അഭിരാമിയോ… ?”
വിനയചന്ദ്രൻ ചോദിച്ചു …
” അല്ല… വേറൊരാന്റി………?”
ഒരു കൊള്ളിയാൻ കൂടെ മിന്നി…….
അടുത്ത നടുക്കത്താൽ വിനയചന്ദ്രൻ സനോജിനെ നോക്കി…
അവളുടെ അടുത്ത വാക്കിനായി അവൻ ചെവി വട്ടം പിടിക്കുന്നത് അയാൾ കണ്ടു …
” മോള് കരയാതെ കാര്യം പറയെടാ ചക്കരേ…”
ഉള്ളിലെ നടുക്കവും ആകാംക്ഷയും പുറത്തു കാണിക്കാതെ വിനയചന്ദ്രൻ മകളുടെ നെറുകയിൽ മുത്തി… ….
അച്ഛൻ ശാന്തനായി എന്നറിഞ്ഞതും അവൾ തുടർന്നു…
” മാഷിന് അപകടം പറ്റി , അഞ്ചാറു മാസം കഴിഞ്ഞാണ് അവരാദ്യം വന്നത്. അന്ന് പതിനായിരം രൂപ തന്നു… ”
മാഷെന്ന് അവൾ ഉദ്ദേശിച്ചത് രാഹുലിനെയാണെന്ന് അയാൾക്ക് മനസ്സിലായി……
“പണത്തിന്റെ കാര്യം വിട് മോളെ… അവരെന്താ പറഞ്ഞത്………. ? ”
പണം വാങ്ങിയ പ്രശ്നത്തിലാണ് താൻ ദേഷ്യപ്പെട്ടത് എന്ന് കരുതിയാണ് മകൾ സംസാരിക്കുന്നതെന്ന് വിനയചന്ദ്രന് മനസ്സിലായി…
ശിവരഞ്ജിനി അയാളുടെ നെഞ്ചിൽ നിന്നും അടർന്നു……
അയാളുടെ മുഖത്തു നോക്കി അവൾ തുടർന്നു…
“ആദ്യം വന്നപ്പോഴും ആ ആന്റി ഉണ്ടായിരുന്നു…… അമ്മയുടെ കൂട്ടുകാരിയാണെന്നാ പറഞ്ഞത്…… അമ്മയ്ക്ക് എന്നെ കാണാൻ ആഗ്രഹമുണ്ടെന്നും എന്റെ മുഖത്തു നോക്കാൻ പറ്റാഞ്ഞിട്ടാണ് വരാത്തതും എന്നാണ് പറഞ്ഞത്… ”
വിനയചന്ദ്രൻ ഒന്നു മൂളി…
” ഒരു ദിവസം അമ്മയെ കൂട്ടി വരും, അമ്മയോട് പിണക്കമൊന്നും വിചാരിക്കണ്ട എന്നാണ് പറഞ്ഞത്…… ”
വിനയചന്ദ്രൻ നിശബ്ദത പാലിച്ചു……
“പിന്നെ വന്നത് ഒരാഴ്ചയായില്ല…… ”
ശിവരഞ്ജിനി ഒന്നു നിർത്തി……
അവളാ രംഗം മനസ്സിൽ കാണുകയായിരുന്നു…
“അച്ഛന് നിന്നോട് സ്നേഹമൊന്നുമില്ല മോളേ.. പൊറുക്കാൻ കഴിയാത്ത തെറ്റൊന്നുമല്ലല്ലോ മോള് ചെയ്തത്… ? വർഷം നാലാവുകയല്ലേ .?”
മുറ്റത്തെ കസേരയിലായിരുന്നു രാജീവ്… അയാൾക്കരുകിലായി ഒരു സ്ത്രീ ഇരുന്നിരുന്നു …
” കള്ളുകുടി തന്നെയാ എപ്പോഴും… അതിനു പറ്റിയ കുറച്ച് കൂതറകളും ………. ”
ശിവരഞ്ജിനി അത് കേട്ട് , വിനുക്കുട്ടനെ ചുമലിലിട്ട് നിശബ്ദം നിന്നു.
“മോളനുഭവിക്കേണ്ട പണമാ , അയാൾ നശിപ്പിക്കുന്നത്…… ആർക്കൊക്കെയോ വാരിക്കോരി കൊടുക്കുന്നുണ്ട്…… ബോധമില്ലല്ലോ… വല്ലതും ബാക്കിയുണ്ടോന്ന് ആർക്കറിയാം… ”
ഒരു നിമിഷത്തെ ഇടവേളയിൽ രാജീവ് തുടർന്നു..
“രാഹുലിന്റെ ചികിത്സക്ക് കുറച്ചു പണം.. ഒരു വീട്… അതെന്തായാലും അങ്കിൾ ശരിയാക്കി തരും… “
ശിവരഞ്ജിനി പ്രതീക്ഷയോടെ അയാളെ നോക്കി……
” നിന്റെ അച്ഛൻ അമ്പിനും വില്ലിനും അടുക്കില്ല എന്നറിയാമല്ലോ … ലീഗലായി നീങ്ങേണ്ടിവരും. വെറുതെ നാട്ടുകാർ കൊണ്ടുപോകുന്നതിലും നല്ലതല്ലേ… ”
” അച്ഛൻ പാവമാ… അച്ഛനെ എല്ലാവരും പറ്റിക്കും … ”
ശിവരഞ്ജിനി പറഞ്ഞു……
” അതു തന്നെയാ മോളേ പറഞ്ഞു വരുന്നത്…… നല്ലതു പറയാൻ വരുന്ന ഒരു ബന്ധുക്കളെയും കണ്ടു കൂടാ… എന്നോടും മിണ്ടാറില്ല… ”
ശിവരഞ്ജിനി മൗനം പാലിച്ചു……
“എന്റെയൊരു സുഹൃത്ത് അഡ്വക്കറ്റ് ഉണ്ട്.., വിശദമായി ഒന്നും പറയാൻ പറ്റിയില്ല… ഫോണിലാ സംസാരിച്ചത് … മോൾ മൂന്നാലു ഒപ്പിട്ടു തന്നാൽ കാര്യങ്ങൾ വേഗത്തിലാക്കാമെന്നാ അയാള് പറഞ്ഞത് … ”
രാജീവ് മുഖത്തെ കണ്ണട ഒന്നുകൂടി വലതുകയ്യുടെ ചൂണ്ടുവിരലാൽ ഉറപ്പിച്ചു.
” മാത്രമല്ല … നല്ല കുടിയാ… എത്രകാലം ഉണ്ടാകുമെന്ന് …… ”
ശിവരഞ്ജിനി പേടിയോടെ അയാളെ നോക്കി……
രാജീവിന്റെ പ്രലോഭനത്തിനു വഴങ്ങി, വെറും മുദ്രപ്പത്രത്തിൽ ഒപ്പിടുമ്പോൾ രാഹുലിന്റെ ചികിത്സ മാത്രമായിരുന്നു അവളുടെ മനസ്സിൽ..
“ഇനി അങ്കിൾ വരുമ്പോൾ രാഹുലിനെ ഹോസ്പിറ്റലിലാക്കാനായിട്ടേ വരു… അതിന് മോളുടെ അച്ഛന്റെ പണമൊന്നും വേണ്ട…… ”
ശിവരഞ്ജിനിയുടെ മുഖം ഒന്ന് പ്രകാശിച്ചു……
“അങ്കിളിനെവിടുന്നാ മോളേ പണം…… നോക്കട്ടെ, അഭിരാമിയോട് ഞാൻ സൂചിപ്പിച്ചിട്ടുണ്ട് … അവളെക്കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു…”
