അർത്ഥം അഭിരാമം – 8അടിപൊളി  

അയാളവനെ മാറോടു ചേർത്തു……

വിനയചന്ദ്രന്റെ താടിരോമങ്ങൾ വലിച്ചു പറിക്കാനുള്ള ശ്രമത്തിലേക്ക് വിനുക്കുട്ടൻ ശ്രദ്ധ തിരിച്ചു……

പത്തു മിനിറ്റിനകം വിനയചന്ദ്രൻ കുട്ടിയേയും കൊണ്ട് പുറത്തിറങ്ങി..

മുറിക്കകത്തു നിന്നും അയാൾ രക്ഷപ്പെടാൻ വെമ്പൽ കൊള്ളുകയായിരുന്നു…

അയാൾക്കു പിന്നാലെ ശിവരഞ്ജിനിയും പുറത്തേക്ക് വന്നു.

സനോജ് കസേരയിൽ ഇരിപ്പുണ്ടായിരുന്നു… അയാളോട് കുശലം പറഞ്ഞ് യുവാവും…

“അനിയനാ… രാജേഷ്……. ”

അവൾ അച്ഛന് അവനെ പരിചയപ്പെടുത്തി.

” സ്കൂൾ കുട്ടികളുടെ ഓട്ടം ഉണ്ട്… ഒഴിവാക്കാൻ വയ്യ ..,”

രാജേഷ് ക്ഷമാപണസ്വരത്തിൽ പറഞ്ഞു …

“അത് സാരമില്ല…… പോയിട്ടു വാ.”

വിനയചന്ദ്രൻ പറഞ്ഞു……

രാജേഷ് മടിയോടെ ഒതുക്കു കല്ലുകൾ കയറിപ്പോയി…

” എന്താ രാഹുലിന്റെ പ്രശ്നം … ?”

വിനയചന്ദ്രൻ അവളുടെ മുഖത്തേക്ക് നോക്കി……

” സ്പൈനലിന് ഇഷ്യൂ ഉണ്ട്… അതാണ് മെയിൻ… ”

അവൾ നിലത്തു നോക്കിപ്പറഞ്ഞു……

വിനയചന്ദ്രന് വീണ്ടും ശ്വാസം മുട്ടിത്തുടങ്ങി……

” ടീച്ചേഴ്സ്  സഹായിച്ചിരുന്നു… പിന്നെ ഇവിടുത്തെ ഒരു ട്രസ്റ്റ് സഹായിക്കാനായി ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്…… അതൊന്നും എവിടെയും എത്തിയിട്ടില്ല… ”

അവളത് പറഞ്ഞത് നിർവ്വികാരമായിട്ടായിരുന്നു…

വിനയചന്ദ്രൻ പൂർണ്ണമായും തളർന്നിരുന്നു…

തന്റെ മകളുടെ ഭർത്താവ് , എന്തിന് മകൻ തന്നെ ചികിത്സക്കായി സാമ്പത്തിക സഹായം ഇരന്നു തുടങ്ങിയത്, അയാളുടെ തലച്ചോറു വരെ ശിഥിലമാക്കാൻ തക്കതായ കാര്യമായിരുന്നു..

സനോജ് അയാളെ ഒന്നു നോക്കി…

താൻ വെറും പുഴു മാത്രമാണെന്ന് വിനയചന്ദ്രന് തോന്നി..

തറവാട്ടു മഹിമയുടെയും ആഢ്യത്വത്തിന്റെയും പിൻബലത്തിൽ മാത്രം നെഗളിച്ചു നടന്നിരുന്ന പുഴു…

ജ്യേഷ്ഠനു മരുന്നു വാങ്ങാനും ഭക്ഷണം കൊടുക്കാനും മുച്ചക്രം ഉരുട്ടാൻ പോയ അനിയന്റെ ഏഴയലത്തുപോലും തനിക്ക് സ്ഥാനമില്ലെന്നറിഞ്ഞ് അയാൾ ഹൃദയം വെടിച്ചു കീറി തൊലിയുരിഞ്ഞു നിന്നു…

തന്റെ ന്യായവാദങ്ങൾ തെറ്റായിരുന്നു… !

മകളെ വെറുക്കാനുണ്ടായ കാരണം അയാൾ മരിച്ചു കിടന്ന മനസ്സിൽ വെറുതെ മാന്തി നോക്കി…

ഗുരുനാഥനെ പ്രേമിച്ചത് തെറ്റ്…… !

ഗുരുനാഥനെ കാമിച്ചത് തെറ്റ്…… !

കാഞ്ചനയുടെ മകൾ എന്നതിലായിരുന്നു , വെറുപ്പധികവും……

അമ്മ ചെയ്തത് തന്നെ മകളും ചെയ്തപ്പോൾ പിന്നീടൊന്നും താൻ ആലോചിച്ചില്ല…

അതൊരു വലിയ കാരണമാക്കി കൊട്ടിഘോഷിച്ച്, സ്വയം നശിച്ച നീ എന്തു നേടി…….?

ശിവരഞ്ജിനി കാഞ്ചനയുടെ മാത്രമല്ല, നിന്റെയും കൂടി മകളായിരുന്നു..

നീ നിന്റെ ദൗത്യവും കടമയും മറന്നു വിനയചന്ദ്രാ…….

മനസ്സാക്ഷിയുടെ പരിഹാസ വാക്കുകളേറ്റ്, ആത്മനിന്ദയാൽ അയാളുടെ ശിരസ്സ് കുനിഞ്ഞു..

സനോജ് എഴുന്നേറ്റ കസേരയിലേക്ക് അയാളിരുന്നു…

സനോജിന് ഇരിക്കാൻ വേണ്ടി , ശിവരഞ്ജിനി ചായഗ്ലാസ്സുകൾ വെച്ചിരുന്ന പാത്രം എടുത്തു.

വിനയചന്ദ്രൻ കൈ നീട്ടിയപ്പോൾ അവൾ ഒരു ഗ്ലാസ്സ് എടുത്തു കൊടുത്തു..

പരവേശം കൊണ്ട് , തണുത്ത ചായ അയാൾ ഒരു വലിക്ക് കുടിച്ചു തീർത്തു.

ശിവരഞ്ജിനി ചായഗ്ലാസ്സ് വാങ്ങി അകത്തേക്ക് പോയി…

” മാഷേ… …. ”

സനോജ് വിളിച്ചു..

വിനയചന്ദ്രൻ മിണ്ടിയില്ല…

തന്റെ വിളി കൊണ്ടൊന്നും അയാളുടെ തപ്തമായ മനസ്സ് തണുക്കില്ലെന്നറിഞ്ഞ സനോജ് പിന്നീടയാളെ വിളിച്ചില്ല..

വികാര വായ്പോടെ അയാൾ കയ്യിലിരുന്ന കുഞ്ഞിനെ ചുംബിച്ചുകൊണ്ടിരുന്നു……

അയാളുടെ രോമനിബിഡമായ താടിയുടെ സ്പർശനമേറ്റതും വിനുക്കുട്ടൻ ഇക്കിളി കൊണ്ട് ചിരി തുടങ്ങിയിരുന്നു…

സനോജ് അവരുടെ പ്രകടനങ്ങളിലേക്ക് എത്തിനോക്കി മന്ദഹസിച്ചു നിന്നു…

ശിവരഞ്ജിനി തിരികെ വന്നു……

” നീയിരിക്കെടാ… ”

പിഞ്ചുപൈതലിന്റെ സാമീപ്യത്താൽ ലാഘവം വന്ന മനസ്സോടെ വിനയചന്ദ്രൻ പറഞ്ഞു……

സനോജ്, ഒരു വിളറിയ ചിരിയിലതൊതുക്കി..

” ഞാൻ ഉടനെ വരും…… രാഹുലിനെ പറഞ്ഞ് മനസ്സിലാക്കുക… നാട്ടുകാരോട് ഇരന്നു ചികിത്സ നടത്താൻ ഞാൻ മരിച്ചിട്ടില്ലല്ലോ …… ”

അവളുടെ കയ്യിലേക്ക് കുഞ്ഞിനെ തിരികെ കൊടുക്കുന്നതിനിടയിൽ വിനയചന്ദ്രൻ പറഞ്ഞു.

ശിവരഞ്ജിനി അച്ഛനെ ഒന്നു നോക്കി……

” ചിലപ്പോൾ ഇവനാകും വരിക………. കൂടെപ്പോന്നാൽ മതി……”

സനോജിനെ നോക്കി വിനയചന്ദ്രൻ പറഞ്ഞു.

ഇതാരാണ് എന്നൊരു ചോദ്യം അവളുടെ മിഴികളിൽ കണ്ട് അയാൾ തുടർന്നു……

“നിന്റെ ചേട്ടനായിട്ടു കണ്ടാൽ മതി… ”

ഇത്തവണ ചിതറിയത് സനോജിന്റെ ഹൃദയമായിരുന്നു ……….

എത്ര നിയന്ത്രിച്ചിട്ടും തന്റെ മിഴികൾ തൂവിപ്പോയതറിഞ്ഞ് ശ്വാസം വിലങ്ങി അവൻ നിന്നു…

അനാഥത്വത്തിനിടെ  ഒരു മണിക്കൂർ സമയത്തിനുള്ളിൽ അച്ഛനും ജ്യേഷ്ഠനും ഒരുപോലെ കൺമുന്നിലവതരിച്ച അവിശ്വസനീയതയിൽ ശിവരഞ്ജിനിയും വിഭ്രാന്തിക്കടിപ്പെട്ടതുപോലെ നിന്നു…

അച്ഛൻ ഒരാളെക്കുറിച്ച് അങ്ങനെ പറയണമെങ്കിൽ അത് അത്രയ്ക്ക് വിശ്വാസത്തിലെടുക്കേണ്ട കാര്യമാണെന്ന് അവൾക്കറിയാമായിരുന്നു…

” നിന്റെ അക്കൗണ്ട് പഴയതു തന്നെയാണോ…? ”

” അതൊക്കെ ഫ്രീസ് ആയി..”

അവൾ പറഞ്ഞു……

” എന്റെ നമ്പർ മാറിയിട്ടില്ല…… നീ അതിലേക്ക് ഏതാണെന്നു വെച്ചാൽ അയക്ക്…”

“ഉം… ”

അവൾ മൂളി…

” അവനോട് ദുരഭിമാനമൊന്നും വേണ്ട എന്ന് പറഞ്ഞേക്ക്… നിനക്ക് അവകാശപ്പെട്ടതു തന്നെയാ……. ”

വിനയചന്ദ്രൻ പറഞ്ഞു.

ഒരു വിശ്വാസക്കുറവ് മകളുടെ മുഖത്ത് അയാൾ കണ്ടു…

“എന്താ മോളേ ….?”

” ഒന്നുമില്ലച്ഛാ… ”

അവൾ പറഞ്ഞൊഴിയാൻ ശ്രമിച്ചു……

” കാര്യം പറയെടാ… …. ”

ആ സമയം അയാൾ പഴയ വിനയചന്ദ്രനായി… ….

“രാജീവങ്കിൾ ഇവിടെ വന്നിരുന്നു… ”

ഒരു കൊള്ളിയാൻ വിനയചന്ദ്രന്റെ ഉള്ളിലൂടെ പാഞ്ഞു പോയി……

അതേ നടുക്കത്തോടെ സനോജ് അയാളെ നോക്കി…

” രാജീവോ……..? ”

നടുക്കം വിട്ടുമാറാതെ വിനയചന്ദ്രൻ ചോദിച്ചു……

” ഉം………. ”

അവൾ മൂളി… ….

“എന്താ അവൻ പറഞ്ഞത്… ? എന്തിനാ അവനിവിടെ വന്നത് … ?”

ചോദ്യങ്ങളുമായി വിനയചന്ദ്രൻ അവളിലേക്ക് , എഴുന്നേറ്റടുത്തു……

“അങ്ങനെ ഒന്നുമില്ലച്ഛാ……………”

അയാളുടെ ഭാവമാറ്റം കണ്ട് പേടിയോടെ അവൾ പറഞ്ഞു……

” എന്നാലങ്ങനെയുണ്ട്…… മോള് കാര്യം പറ… ”

അവൾ ഭയന്നത് മനസ്സിലാക്കി അയാൾ സ്വരത്തിൽ ശാന്തത വരുത്തി……

” വന്നു… …. ഇരുപതിനായിരം രൂപ തന്നു..”

അവൾ വിക്കി വിക്കി പറഞ്ഞു……

” വേണ്ടാന്ന് പറഞ്ഞതാ……… ”

അവൾ പണം മേടിച്ചതിൽ വിനയചന്ദ്രന് ഒന്നും തോന്നിയില്ല..

അവസ്ഥ അതാണ്… !

” പറ എന്നിട്ട്……….?”

അയാൾ ഉദ്വേഗം കൊണ്ട് മുഖം അവളിലേക്കടുപ്പിച്ചു…….

ഒരു പൊട്ടിക്കരച്ചിൽ അവളിൽ നിന്നുണ്ടായി……….

“അച്ഛ…… എന്നെ വഴക്കു പറയല്ലേ… ….”

പറഞ്ഞു കൊണ്ട് ശിവരഞ്ജിനി അയാളുടെ ദേഹത്തേക്ക് വീണു……

അവളപ്പോൾ കൊച്ചുകുട്ടിയായിരുന്നു…

അയാളവളുടെ വിനുക്കുട്ടനും…

“കരയണ്ടെടാ… …. ”

വിനയചന്ദ്രൻ അവളുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു……

സനോജ് വീണ്ടും നിറഞ്ഞ മിഴികൾ, അയാൾ കാൺകെ തന്നെ തുടച്ചു… ….

Leave a Reply

Your email address will not be published. Required fields are marked *