അർത്ഥം അഭിരാമം – 8അടിപൊളി  

“ഇപ്പോൾ ഈ നിമിഷം എന്തെങ്കിലുമുണ്ടെങ്കിൽ തീർത്തോളണം..”

പറഞ്ഞിട്ട് നെൽസൺ അവനടുത്തേക്ക് വന്നു.

” ഒന്ന് ഒതുങ്ങിയെന്നു കരുതി ഞാൻ വിശുദ്‌ധനായിട്ടൊന്നുമില്ല………. ”

റോഡിൽ നിന്ന മറ്റുള്ളവരോടായി നെൽസൺ പറഞ്ഞു.

“ഈ പണി ഇവിടം കൊണ്ട് നിർത്തിക്കോണം…… ഇതിന്റെ എല്ലാ സുഖവും അറിഞ്ഞിട്ട് പറയുകയാണെന്ന് കരുതിയാൽ മതി…… ”

അയാൾ ഡ്രൈവിംഗ് സീറ്റിനടുത്തേക്ക് വന്നു ..

” താഹിറേ… മഞ്ഞു കൊള്ളാതെ നാടു പിടിക്കാൻ നോക്കടാ… ”

പറഞ്ഞിട്ട് നെൽസൺ കാർ സ്റ്റാർട്ട് ചെയ്തു.

റോഡിലിട്ടു തന്നെ അയാൾ കാർ വട്ടം തിരിച്ചു …

“പട്ടിക്കഴുവേറി മോൻ.. ”

പല്ലു ഞെരിച്ചു കൊണ്ട് താഹിർ കീശയിൽക്കിടന്ന ഫോണെടുത്തു……

കാറിനുള്ളിൽ നിശബ്ദതയായിരുന്നു……

ചുരിദാറിന്റെ ടോപ്പുയർത്തി, അഭിരാമി അജയ് യുടെ മുഖം തുടച്ചു..

“അജൂട്ടാ… ”

അവളവന്റെ മുഖം പിടിച്ച് മാറിലേക്ക് ചേർത്തു…

” അവർ നിങ്ങളെ തല്ലിയോ………? ”

മുന്നിൽ നിന്ന് നെൽസൺ ചോദിച്ചു …

” ഉം… ”

അജയ് അവളുടെ മാറിൽ നിന്ന് അടർന്ന് മൂളി ..

“എനിക്ക് പരിചയമുള്ള ഒരു ക്ലിനിക്ക് ഉണ്ട് , ഒന്ന് കാണിച്ചിട്ടു പോകാം… ”

നെൽസൺ പറഞ്ഞു……

ആരും അതിനു മറുപടി പറഞ്ഞില്ല…

ശരവേഗത്തിലാണ് കാർ പാഞ്ഞു കൊണ്ടിരുന്നത്……

വനമേഖലയിൽ  നിന്നും പെട്ടെന്ന് പുറത്തു ചാടാനായിരിക്കും അതെന്ന് അജയ് കണക്കു കൂട്ടി ..

” നിങ്ങളെ മനസ്സിലായില്ല………. ?”

ഒരു തരത്തിലും ആലോചനയിൽ  അയാളെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ അജയ് അയാളോട് ചോദിച്ചു……

അടുത്ത നിമിഷം വണ്ടി സഡൻ ബ്രേക്കിട്ടു……

അജയ് യും അഭിരാമിയും ഒരേ സമയം മുന്നോട്ടാഞ്ഞ് തിരികെ വന്നു…

ഒരു കാട്ടുപന്നി റോഡിനു കുറുകെ പാഞ്ഞത് മിന്നായം പോലെ അജയ് യും അഭിരാമിയും കണ്ടു..

കാർ ചലിച്ചു തുടങ്ങി…

” ഇതു കൊണ്ടാണ് അന്ന് നിങ്ങളോട് ഞാൻ രാത്രി വണ്ടി ഓടിക്കാൻ പറ്റില്ല എന്ന് പറഞ്ഞത് … ”

ഗിയർ ചേഞ്ച് ചെയ്തു കൊണ്ട് നെൽസൺ പറഞ്ഞു……

അജയ്ക്ക് ആളെ ഓർമ്മ വന്നു…

തങ്ങളെ മൂന്നാറിൽ നിന്ന് വട്ടവട എത്തിച്ചയാൾ…….!

അയാൾ തന്നെയാണ് രക്ഷകനായി അവതരിച്ചത്…… !

അയാൾ തന്നെയാണ് തിരികെ കൊണ്ടുപോകുന്നതും… ….

അന്നയാൾക്ക് കൂടുതൽ കൊടുത്ത തുക എവിടെയും നഷ്ടപ്പെട്ടിട്ടില്ല, എന്ന് അവനറിഞ്ഞു…

ക്ലിനിക്കിലെത്തുമ്പോഴേക്കും നെൽസൺ താൻ എത്തിച്ചേരാനുള്ള കാരണം അവരോട് വിശദീകരിച്ചിരുന്നു……

രണ്ടു ദിവസം മുൻപ് അയാൾ ഫാം ഹൗസിൽ തിരക്കി വന്ന കാര്യവും പറഞ്ഞു……

ഫാം ഹൗസിന്റെ മുറ്റത്ത് അന്ന് ടയർ പാടുകൾ കണ്ട കാര്യം അജയ്ക്ക് ഓർമ്മ വന്നു…

ക്ലിനിക്കിന്റെ  ചിപ്സ് വിരിച്ച മുറ്റത്ത് കാർ നിന്നു …

“കാര്യങ്ങൾ ഞാൻ പറഞ്ഞോളാം… ”

നെൽസൺ പറഞ്ഞു……

രാത്രിയായതിനാൽ ആരും തന്നെ രോഗികളായി ഉണ്ടായിരുന്നില്ല.

പറയത്തക്ക മുറിവുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല…

അജയ് യുടെ ചുണ്ടും താടിയെല്ലു ചേരുന്ന ഭാഗവും നീരു വെച്ച് തുടങ്ങിയിരുന്നു.

ഉൾക്കവിളിൽ പല്ലു കൊണ്ടും മുറിഞ്ഞിരുന്നു…

അഭിരാമിയുടെ വലതുകൈമുട്ടും വിരലുകളും റോഡിലുരഞ്ഞ് ചെറിയ മുറിവുകൾ മാത്രം …

മുറിവുകൾ ക്ലീൻ ചെയ്തു മരുന്നു പുരട്ടി…

മനസ്സിനേറ്റ മുറിവുകൾ മാത്രം മാരകമായിരുന്നു……

താഹിർ പറഞ്ഞ വാക്കുകൾ അഭിരാമിയുടെ മനസ്സിൽ നിന്നും മാഞ്ഞതേയില്ല……

അജയ് നെ തല്ലാൻ പറഞ്ഞ രാജീവ്…

അതു മാത്രമായിരുന്നു അവളുടെ മനസ്സിൽ…

ക്ലിനിക്കിലെ പണം കൊടുത്തതും നെൽസൺ ആയിരുന്നു……

അയാൾ ആരെയോ ഫോൺ ചെയ്യുന്നത് കാറിനടുത്തേക്ക് വന്ന അജയ് കണ്ടു …

” ഭാര്യയാ… ”

അജയ് നോടായി നെൽസൺ, ഫോൺ കട്ടാക്കിയ ശേഷം പറഞ്ഞു..

കാർ വീണ്ടും പറന്നു തുടങ്ങി…

മൂന്നാറിലെത്തിയപ്പോൾ നെൽസൺ കാർ നിർത്തി…

“എന്താ നിങ്ങളുടെ തീരുമാനം…… ? ”

അയാൾ പിന്നോട്ടു തിരിഞ്ഞു ചോദിച്ചു..

“ഞങ്ങളെ വീട്ടിലെത്തിച്ചു തരണം… ”

അജയ് ദീനതയോടെ പറഞ്ഞു.

“നിങ്ങളല്ലാതെ വല്ലവരുടെയും വാക്ക് കേട്ട് ഇങ്ങനെ ഇറങ്ങിത്തിരിക്കുമോ .? അതും കാട്ടുമുക്കിലേക്ക്… ”

അജയ് അഭിരാമിയെ നോക്കുക മാത്രം ചെയ്തു…

” കോടതിയും പൊലീസുമൊക്കെ ഉള്ള നാടല്ലേ അനിയാ ഇത്……. ഇങ്ങനെ പേടിച്ചോടിയാൽ എത്ര കാലം ഓടും..?”

നെൽസൺ കാർ മുന്നോട്ടെടുത്തു…

” താഹിറൊക്കെ വെറും ലോക്കലാ… അല്ലാത്തവർ ആയിരുന്നേൽ നിങ്ങളെ എപ്പോഴോ അവർ കൊന്നുകളഞ്ഞേനേ… “

ചെറിയ ഭയം ഇരുവരിലുമുണ്ടായി……

കാർ വീണ്ടും പറന്നു തുടങ്ങി…

ഇടയ്ക്ക് തട്ടുകടയിൽ വണ്ടി നിർത്തി രണ്ടു തവണ നെൽസൺ കട്ടൻ ചായ കുടിച്ചു…

വിളിച്ചെങ്കിലും അവർ പോയില്ല..

ഒരു തവണ പെട്രോൾ പമ്പിലും കാർ കയറി…

പുലർച്ചയോടെ അയാൾ അവരെ തൃശ്ശൂർ എത്തിച്ചു..

അഭിരാമി കാറിലിരുന്ന് മയങ്ങിപ്പോയിരുന്നു.

ടൗണിലെത്തിയപ്പോൾ അജയ് നെൽസണ് വഴി പറഞ്ഞു കൊടുത്തു…

അറിയാത്ത വഴിയായതിനാൽ നെൽസൺ പതിയെ ആണ് കാർ ഓടിച്ചത് …

ഗേയ്റ്റിനു മുൻപിൽ കാർ വന്നു നിന്നു…

അജയ് അഭിരാമിയെ വിളിച്ചുണർത്തി……

” അകത്തേക്ക് കയറ്റണോ… ?”

നെൽസൺ ചോദിച്ചു……

” വേണ്ട ചേട്ടാ… ”

കാറിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ അവൻ പറഞ്ഞു.

മറുവശത്തു കൂടി അഭിരാമിയും ഇറങ്ങി…

ഇരുട്ടിൽ പ്രേതാലയം പോലെ വീടു നിൽക്കുന്നത് അവൾ കണ്ടു…

അമ്മിണിയമ്മ വന്ന് ലൈറ്റിടാറില്ലേ, എന്നവൾ ഓർത്തു……

ചുറ്റുവട്ടത്തുള്ള വീടുകളിൽ പ്രകാശം ഉണ്ടായിരുന്നു ..

” ചേട്ടന്റെ ചാർജ്ജ്..?”

അയാളോട് വളരെ മടിച്ചാണ് അജയ് ചോദിച്ചത്……

“അതൊന്നും വേണ്ട അനിയാ… ഞാൻ പറഞ്ഞില്ലേ, ഇത് ദൈവത്തിന്റെ ക്വട്ടേഷനാ… ”

നെൽസൺ പുറത്തേക്ക് ഇറങ്ങുന്നതിനിടെ ചിരിയോടെ പറഞ്ഞു……

അതേ സമയം തന്നെ അയാളുടെ ഫോൺ ബെല്ലടിച്ചു…

അതയാളുടെ ഭാര്യയായിരുന്നു ..

സംസാരത്തിനു ശേഷം അയാൾ ഫോൺ കട്ടാക്കി.

“ഭാര്യയാ………. നമ്മളിവിടെ എത്തിയോ എന്നറിയാൻ വിളിച്ചതാ… ”

നെൽസൺ ചിരിച്ചു……

അജയ് മനസ്സിലാകാതെ അയാളെ നോക്കി …

” ഓട്ടത്തിന്റെ കാര്യമൊക്കെ ഞാൻ അവളോട് പറയാറുണ്ട്.. അങ്ങനെ ഇതും അറിയാം .. സത്യത്തിൽ ഈ ക്വട്ടേഷൻ എനിക്ക് തന്നത് അവളാണ് … ”

അജയ് വിസ്മയം പൂണ്ട് അയാളെ നോക്കി……

അഭിരാമിയും അയാളുടെ വാക്കുകളുടെ അമ്പരപ്പിലായിരുന്നു…

” പെണ്ണുങ്ങൾക്കല്ലേ പെണ്ണുങ്ങളുടെ മനസ്സറിയൂ……. ”

നെൽസൺ കൂട്ടിച്ചേർത്തു……

” നിങ്ങളുടെ നമ്പർ വേണം…… ”

അജയ് പറഞ്ഞു……

അയാൾ ഡോർ തുറന്ന് ഒരു കാർഡ് എടുത്തു അവനു നേരെ നീട്ടി …

” ഞാൻ പോകട്ടെ… നാളെ മറ്റൊരു ഓട്ടമുണ്ട്…….”

അയാൾ തിരിഞ്ഞു……

” നാളെയല്ല, ഇന്നുതന്നെ……. “

വാച്ചു നോക്കി അയാൾ തിരുത്തിപ്പറഞ്ഞു..

കാർ അകന്നതും ഗേയ്റ്റിനു മുൻപിൽ ഇരുവരും തനിച്ചായി..

അജയ് ഗേയ്റ്റിന്റെ ഓടാമ്പലെടുത്തു ..

കരിയിലകൾ വീണു കിടക്കുന്ന മുറ്റത്തേക്ക് ഇരുവരും കൈ കോർത്ത് ഗേയ്റ്റ് കടന്നു…

തിരികെ വന്നിരിക്കുന്നു… ….

അഭിരാമിയുടെ മനസ്സിലൂടെ കഴിഞ്ഞ ദിവസങ്ങൾ ഓടിത്തെളിഞ്ഞു……….

Leave a Reply

Your email address will not be published. Required fields are marked *