ആണാകാൻ മോഹിച്ച പെൺകുട്ടി 6

 

“തെറ്റ് നിൻ്റെയല്ല, എൻ്റെ ഭാഗത്താ”, ഗദ്ഗദങ്ങൾക്ക് ഇടയിലൂടെ ദീപ്തി പറഞ്ഞു, “ഞാനതു പറഞ്ഞു കഴിയുമ്പോൾ … എന്നെ വെറുക്കില്ലെന്ന് സത്യം ചെയ്യുമോ?”

 

“എൻ്റെ മുത്തേ, നിന്നെയെനിക്ക് ഒത്തിരി ഇഷ്ടമാ. എന്തു വന്നാലും അതിനൊരു കുറവും വരുകേല. പോരേ?” സ്വന്തം നെഞ്ചിൽ കൈ വെച്ച് ധന്യ വാക്ക് കൊടുത്തു.

 

ദീപ്തി ധൈര്യം സംഭരിച്ച് ധന്യയോട് മനസ്സു തുറന്നു. പണ്ടേയ്ക്കു പണ്ടേ ഉള്ളിൻ്റെയുള്ളിൽ താൻ ഒരു ആണായിരുന്നു എന്നും ദീപക് എന്നു വിളിക്കപ്പെടാൻ ആഗ്രഹിച്ചിരുന്നു എന്നും അവളോട് തനിക്കുള്ളത് വെറും സൗഹൃദമല്ല, ആത്മാർഥമായ പ്രണയമാണെന്നും, അത് തെറ്റാണെന്ന ഭീതി നിമിത്തമാണ് അവളിൽനിന്ന് താൻ അകന്നു നടക്കാൻ ശ്രമിച്ചതെന്നും ദീപ്തി വെളിപ്പെടുത്തി. ധന്യയുടെ മുഖത്ത് നോക്കാൻ ധൈര്യം കിട്ടാതെ മറ്റെവിടേക്ക് ഒക്കെയോ നോക്കിക്കൊണ്ടും ഇടയ്ക്കിടെ  കവിളുകളിലെ കണ്ണീർ തുടച്ചുകൊണ്ടും അവൾ പറയുന്നതെല്ലാം ധന്യ ശ്രദ്ധയോടെ കേട്ടു. തൻ്റെ കുമ്പസാരത്തിന് ഒടുവിൽ ഭയപ്പാടോടെ ദീപ്തി ധന്യയെ നോക്കി. അവളുടെ മുഖം നിർവികാരമായിരുന്നു.

 

“എന്നോട് ദേഷ്യമാണോ?” ദീപ്തി ഒരു തെറ്റു ചെയ്ത് കയ്യോടെ പിടിക്കപ്പെട്ട കുട്ടിയുടെ ഭാവത്തിൽ ചോദിച്ചു.

 

മെല്ലെ ധന്യയുടെ ചൊടികളിൽ ഒരു മൃദുസ്മേരം തെളിഞ്ഞു. “എടീ പൊട്ടിക്കാളീ”, അവൾ പറഞ്ഞു, “ഞാൻ നിന്നോട് ഇഷ്ടമാണെന്ന് അങ്ങോട്ടു പറയാനിരിക്കുവാരുന്നു! അപ്പഴല്ലേ നീ പരട്ട സ്വഭാവം കാണിച്ചത്?”

 

“ങേ!” ദീപ്തി അന്ധാളിച്ചു പോയി. അവൾക്ക് സ്വന്തം കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

 

“അതേടീ കഴുതേ, നിനക്കെന്നെ ഇഷ്ടാണെന്ന് എനിക്കറിഞ്ഞൂടാരുന്നോ!”

 

“അതെങ്ങനെ മനസ്സിലായി?” അദ്ഭുതത്തിൽനിന്ന് അപ്പോഴും മുക്തയാവാത്ത ദീപ്തി തെല്ല് സങ്കോചത്തോടെ ചോദിച്ചു.

 

“ഓഹോ, ഇപ്പം എങ്ങനെ മനസ്സിലായെന്നോ! ആ ട്രിപ്പിൻ്റെ സമയത്തെ നിൻ്റെ പെരുമാറ്റം കൊണ്ട് ആർക്കാടീ പെണ്ണേ മനസ്സിലാകാത്തെ?”

 

ലജ്ജകൊണ്ട് ദീപ്തിയുടെ മുഖം തുടുത്തു. ശിരസ്സ് താഴ്ന്നു. “ഞാൻ ഒരു പൊടിക്ക് ഓവറാരുന്നല്ലേ?” ചമ്മിയ സ്വരത്തിൽ അവൾ ചോദിച്ചു.

 

ധന്യ അവളുടെ താടിയ്ക്കു പിടിച്ച് ഉയർത്തി. “മുല്ല പൂത്തു നാം കാണ്മതില്ലെങ്കിലും.” അവൾ പറഞ്ഞു.

 

പ്രഭാ വർമ്മയുടെ അതേ പേരിൽ ഉള്ള കവിതയുടെ ഒടുവിൽ, പറയാതെ പോയ തൻ്റെ പ്രണയം എങ്ങനെ അറിഞ്ഞു എന്ന് കാമുകൻ ചോദിക്കുമ്പോൾ, കാമുകി നൽകുന്ന മറുപടി! അതു കേട്ട ദീപ്തി ആകെ കുളിരണിഞ്ഞ് മനസ്സു തുറന്ന് ചിരിച്ചു പോയി. അവൾ ധന്യയെ കെട്ടിപ്പിടിച്ചു.

 

“എൻ്റെ ദീപക് മോനൂ നിന്നെയെനിക്ക് ഒത്തിരി ഇഷ്ടമാടാ.” ധന്യ അവൻ്റെ ചെവിയിൽ മന്ത്രിച്ചു.

 

കാതോരത്തെ മർമരസ്പർശവും സ്പർശവും ഒപ്പം അവളുടെ ദീപക് എന്ന വിളിയും പുല്ലിംഗത്തിലുള്ള സംബോധനയും എല്ലാം ചേർന്ന് അവനെ ആകെ പുളകമണിയിച്ചു.

 

“ഐ ലവ് യൂ റ്റൂ ധന്യക്കുട്ടീ … .” അത് പറഞ്ഞുകൊണ്ട് അവൻ ധന്യയെ തന്നിലേക്ക് കൂടുതൽ ചേർത്ത് അമർത്തി.

 

“വാ, വേഗം കുളിച്ചു റെഡിയാക്, നമുക്ക് കോളജിൽ പോകാം.” ആലിംഗനത്തിൽനിന്ന് സ്വതന്ത്രയായപ്പോൾ ധന്യ പറഞ്ഞു.

 

ദീപക്കിന് നൂറു വട്ടം സമ്മതം. അവൻ ഒരു ജീൻസും ഫ്ലാനൽ ഷർട്ടും ധരിച്ച് ഒരുങ്ങി വന്നു. ധന്യയുടെ സ്കൂട്ടറിൽ അവർ കോളജിലേക്ക് പോയി. ദീപക്കും ധന്യയും ഒന്നിച്ച് വരുന്നതു കണ്ടപ്പോൾ കൂട്ടുകാരികൾക്ക് ആശ്ചര്യവും സന്തോഷവും. “പിണക്കമൊക്കെ മാറിയോ?” എന്ന് അവർ ഇരുവരോടും ചോദിച്ചു. “പിണക്കമൊന്നുമില്ല — ഒരു ചെറിയ കമ്യൂണിക്കേഷൻ ഗ്യാപ്!” എന്നായിരുന്നു അവരുടെ ഒരു കള്ളച്ചിരിയുടെ അകമ്പടിയോടെയുള്ള മറുപടി. അവർ ഫ്രൻഡ്സിനോട് ഒപ്പം ആനുവൽ ഡേ പരിപാടികൾ കണ്ടും കേട്ടും സമയം ചെലവഴിച്ചു. ദീപക്കും ധന്യയും പരസ്പരം കൈകൾ കോർത്ത് പിടിച്ചിരുന്നു. ഇടയ്ക്ക് ധന്യയുടെ സുഹൃത്തായ അഫ്സൽ ഒരു പാട്ട് പാടാൻ സ്റ്റേജിൽ കയറിയപ്പോൾ ധന്യ ദീപക്കിൻ്റെ കൈയിൽ പിടിച്ച് മെല്ലെ അമർത്തി. തന്നെ നോക്കിയ ദീപക്കിനോട് അവൾ കണ്ണുകളാൽ “അവിടെ ശ്രദ്ധിക്ക്” എന്ന് സ്റ്റേജിനു നേർക്ക് ആംഗ്യം കാട്ടി.