“”…അവൾക്കൊരു പ്രശ്നോമില്ല… അവള് വന്നോളും…!!”””_ മീനാക്ഷിയ്ക്കൊരു മറുപടി പറയാനുള്ള സാവകാശംപോലും കൊടുക്കാതെ ഞാൻ മൊഴിഞ്ഞതും ചെറിയമ്മ ചാടിയിടയ്ക്കു കേറി…,
“”…അതു നീ പറഞ്ഞാമതിയോ..?? എന്തായാലും നീ വരാതെ ഇവളുംവരണ്ട..!!”””
“”…എടീ… മീനൂങ്കൂടെ വരട്ടേ… അവടെ ചെല്ലുമ്പോൾ രണ്ടുപേരും വന്നില്ലെന്നു പറയുന്നതു മോശമല്ലേ..??”””_
ചെറിയമ്മേടെ ഡയലോഗുകേട്ടതും അമ്മചോദിച്ചു…
അതിന്,
“”…അതൊന്നുമൊരു മോശോമില്ല… അവർക്കൊക്കിവളെ പരിചയപ്പെടുത്തി കൊടുക്കേണ്ടതിവനാ… അല്ലാണ്ടു നമ്മളല്ല… അതോണ്ട് ഇവനില്ലാണ്ടിവളും വരണ്ട…!!”””_
ചെറിയമ്മയെന്നൊന്നു തുറിച്ചു നോക്കിയാണതു പറഞ്ഞത്.. അങ്ങനെ നിന്നെയൊന്നും വെറുതെവിടില്ലെന്ന മട്ടിൽ…
“”…നീയെന്തോത്തിനാ ആവശ്യമില്ലാണ്ടു വാശിപിടിയ്ക്കുന്നേ..?? എന്തൊക്കെപ്പറഞ്ഞാലും രണ്ടിനേങ്കൂടൊരുമിച്ചിവടെ നിർത്താമ്പറ്റൂല… അതോണ്ടിവളെക്കൂടെ കൊണ്ടുപോയേ പറ്റൂ…!!”””_
അമ്മയുടെ വായിൽനിന്നുമതു കേട്ടതും ഞാനൊന്നു മീനാക്ഷിയെ പാളിനോക്കി അപ്പോളവളൊരു പുച്ഛഭാവത്തോടെ എന്നെയും…
എന്നിട്ട്,
“”…അടിപൊളി…!!”””_എന്നു ചുണ്ടനക്കുക മാത്രം ചെയ്തു….
…പാവം അമ്മ.! ഞങ്ങളെ രണ്ടിനേംകൂടി തനിച്ചാക്കിപ്പോയാൽ തുണിയില്ലാണ്ടു വീട്ടുമുറ്റത്തുകിടന്നു പെർഫോമൻസു നടത്തി പട്ടികൾക്കു കോംപെറ്റീഷൻ കൊടുത്താലോന്നു പേടിച്ചിട്ടുണ്ടാവും.!
അപ്പോഴേയ്ക്കും ചെറിയമ്മ വീണ്ടുമമ്മയ്ക്കു നേരേ ചാടി,
“”…പെണ്ണേ നീയൊന്നു മിണ്ടാണ്ടിരുന്നേ… ആവശ്യമില്ലാണ്ടോരോന്നൊക്കെ… അവള് കൂടെ വന്നാപ്പിന്നെ ഇവനാരു വെച്ചുവിളമ്പിക്കൊടുക്കും..??””‘
“”…ഓ.! അതിനുവേണ്ടിയാരേം പിടിച്ചു നിർത്തണോന്നില്ല… ഞാൻ വല്ല ഹോട്ടലീന്നും കഴിച്ചോളാം…!!”””_ എന്നുമ്പറഞ്ഞ് ചെറിയമ്മയ്ക്കിട്ടൊരു ആപ്പുവെയ്ക്കുമ്പോളും അവളുണ്ടാക്കിത്തരുന്ന വിഷം കഴിയ്ക്കുന്നേലും ഭേദം ഹോട്ടൽഫുഡാന്നായിരുന്നെന്റെ മനസ്സിൽ…
“”…അതൊന്നുമ്മേണ്ട… ഒരുത്തീനെ കെട്ടിപ്പെറുക്കി കൊണ്ടുവന്നിട്ടു നീയങ്ങനെ
ഹോട്ടലീന്നു കഴിയ്ക്കണ്ട… അല്ലേത്തന്നെ നിന്നിവടൊറ്റയ്ക്കാക്കി ഇവളേംകൊണ്ടുപോയാൽ എനിയ്ക്കൊരു സമാധാനങ്കാണൂല… ഇവളുണ്ടെങ്കി നേരത്തിനെന്തേലും കഴിപ്പിയ്ക്കയെങ്കിലും ചെയ്തോളും…!!”””_
എന്നായി ചെറിയമ്മ…..!
…അതേ… ജീവനുണ്ടേലേ വല്ലതുമൊക്കെ കഴിയ്ക്കേണ്ടാവശ്യം വരത്തുള്ളൂന്നു പറയണമെന്നുണ്ടായിരുന്നു…
മാത്രോമല്ല… ഇത്രേംനാൾ ഹോട്ടലീന്നു കഴിച്ചയെനിയ്ക്കു നാളെയൊരു ദിവസത്തേയ്ക്കെന്തു പുതുമയെന്നു ചോദിയ്ക്കാനും നാവു തുടിച്ചതാണ്…
പക്ഷേ, വീണ്ടും മൊടക്കു പറഞ്ഞുനിന്നാൽ ചിലപ്പോൾ എന്നേം മീനാക്ഷിയേംകൂടി കല്യാണത്തിനു പറഞ്ഞുവിട്ടാലോന്നുള്ള പേടിയുള്ളതുകൊണ്ടു ഞാനൊന്നും മറുത്തുപറയാതെ സമ്മതിച്ചെന്നു മാത്രം…
എന്നാലെന്നെയും മീനാക്ഷിയേയും ഒറ്റയ്ക്കാക്കി പോകാൻ താല്പര്യമില്ലാതിരുന്ന അമ്മ, വീണ്ടും ചെറുക്കാൻ ശ്രെമിച്ചെങ്കിലും അമ്പിനും വില്ലിനുമടുക്കാതെ നിന്ന ചെറിയമ്മയ്ക്കു മുന്നിൽ പത്തി മടക്കേണ്ടി വന്നു…
അല്ലേലും ചെറിയമ്മയെ വാദിച്ചു തോൽപ്പിയ്ക്കാനുള്ള കഴിവൊന്നും എന്റമ്മയ്ക്കില്ല…
അതോടതിനൊരു തീരുമാനമായെന്ന മട്ടിലേയ്ക്കു കാര്യങ്ങൾ വന്നപ്പോഴാണ്, ഒരുകാതിലായി ഹെഡ്സെറ്റുംവെച്ച് കീത്തുവിറങ്ങി വന്നത്…
…ഇവളിതിത്രേന്നേരം എവിടായ്രുന്നു..??_ എന്നൊരു ഭാവത്തിൽ ഞാൻ കീത്തുവിന്റെ മുഖത്തേയ്ക്കു നോക്കുമ്പോളാണ് മീനാക്ഷി ചെറിയമ്മയ്ക്കുള്ള മറുപടി കൊടുത്തത്…
“”…അതിന് എനിയ്ക്കൊന്നും വെച്ചുണ്ടാക്കാൻ അറിയത്തില്ല..!!”””
കേൾക്കേണ്ടതാമസം ഒരാവശ്യോമില്ലാതെ കീത്തുവതിൽ കേറിപ്പിടിയ്ക്കുവേം ചെയ്തു…
“”…എന്താന്ന്…?? നെനക്കിത്രേന്നാളായ്ട്ട് കഞ്ഞി വെയ്ക്കാനറിയത്തില്ലാന്നോ..??”””_ എന്നായിരുന്നു ചോദ്യം…
അതിനമ്മയുടെ വക,
“”…എന്നിട്ടു നെനക്കറിയാമോ..??”””_
എന്ന മറുചോദ്യത്തിൽ എന്റെ കീത്തുവേച്ചിയൊന്നാടി ഉലഞ്ഞു…
അത്രയുംനാൾ അങ്ങോട്ടുമിങ്ങോട്ടും പണികിട്ടുന്നതു കണ്ടു ചിരിച്ചിരുന്ന ഞാനും മീനാക്ഷിയും ആദ്യമായിട്ടാവും ഒരുമിച്ചു ചിരിച്ചുപോയത്…
