കൈയിൽ മദ്യം നിറച്ച ഗ്ലാസ്സുമായി വീണ്ടും ചിന്തകളിൽ മുഴുകി ഇരിക്കുമ്പോഴാണ് വീടിന് പുറത്തു നിന്നും വന്ന രാജുവിന്റെ ശബ്‌ദം അവനെ ഉണർത്തിയത്.
“സർ..”
ശ്രീഹരി പകുതി കുടിച്ച് തീർത്ത ഗ്ലാസ് മേശപ്പുറത്ത് വച്ച ശേഷം പുറത്തേക്ക് നടന്നു.
മൂന്ന് കവറുകൾ രാജു ശ്രീഹരിയെ ഏൽപ്പിച്ചപ്പോൾ അവൻ പറഞ്ഞു.
“ഒന്ന് റോയിക്ക് കൊടുത്തേക്ക്.”
അകത്തേക്ക് നടക്കാനായി ഭാവിച്ച ശ്രീഹരി പെട്ടെന്ന് തിരിഞ്ഞ് നിന്നുകൊണ്ട് പറഞ്ഞു.
“നിന്റെയിൽ സിഗരറ്റ് ഉണ്ടെങ്കിൽ താ.. അത് വാങ്ങാൻ പറയാൻ മറന്നുപോയി.”
രാജു പെട്ടെന്ന് പോക്കെറ്റിൽ നിന്നും ഒരു പാക്കറ്റ് സിഗരറ്റ് എടുത്ത് അവന്റെ നേരെ നീട്ടി.
“ഒന്ന് മതി.”
ഒരു ചിരിയോടെ രാജു പറഞ്ഞു.
“സർ പറയാൻ വിട്ടു പോയതാണെന്ന് എനിക്ക് തോന്നിയിരുന്നു, ഇത് സാറിന് വാങ്ങിയത് തന്നാണ്.”
ശ്രീഹരി ഒരു ചെറു ചിരിയോടെ അവന്റെ കൈയിൽ നിന്നും സിഗരറ്റും വാങ്ങി അകത്തേക്ക് നടന്നു.
നല്ല വിശപ്പുണ്ട്, ആ പെൺകൊച്ചിനും വിശക്കുന്നുണ്ടാകും എന്ന ചിന്തയിൽ കവർ രണ്ടും ഡൈനിങ്ങ് ഹാളിൽ മേശമേൽ വച്ച ശേഷം ശ്രീഹരി ചുണ്ടിൽ എരിയുന്ന സിഗററ്റുമായി മുകളിലേക്ക് നടന്നു.
മുറിയുടെ മുന്നിൽ എത്തിയപ്പോൾ വാതിൽ അടച്ചിട്ടില്ല. പക്ഷെ ലൈറ്റ് ഇടാത്തതിനാൽ മുറിയിലാകെ ഇരുട്ട് നിറഞ്ഞിരിക്കുന്നു. നിലാവിന്റെ അരണ്ട വെളിച്ചത്തിൽ ആ പെൺകുട്ടി തുറന്നിട്ടിരിക്കുന്ന ജനലിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുന്നത് അവന് കാണാമായിരുന്നു. മുറിയിലേക്ക് കയറിയ അവന്റെ കൈകൾ സ്വിച്ചിനായി പരതി, കുറച്ചുനേരത്തെ തിരച്ചിലിനൊടുവിൽ അവൻ മുറിയിൽ പ്രകശം നിറച്ചു. മുറിയിൽ ലൈറ്റ് വീണത് അറിഞ്ഞിട്ടും ആ പെൺകുട്ടി ജനലിൽ കൂടി പുറത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്.
മുറിയിൽ നിറഞ്ഞ പ്രകാശത്തിന്റെ വെളിച്ചത്തിൽ അവൻ ആ പെൺകുട്ടിയെ നോക്കി.
നീല കളർ ചുരിദാറാണ് ഇട്ടിരിക്കുന്നത്, അരവരെ നീളമുള്ള തിങ്ങി നിറഞ്ഞ മുടി. പിന്നിൽ നിന്നും നോക്കുമ്പോൾ ഒരു ഇരുപത്തിനാല്, ഇരുപത്തിയഞ്ച് വയസ് തോന്നിക്കുന്നുണ്ട്. ആ പ്രായത്തിനനുസരിച്ചുള്ള വണ്ണവും ഉണ്ട്. തിരിഞ്ഞു നിൽക്കുന്നതിനാൽ മുഖം കാണുവാൻ കഴിയുന്നില്ല.
അവൻ സാവധാനം അവളുടെ പിന്നിൽ ചെന്ന് തോളിൽ കൈ വച്ചു. ശ്രീഹരിയുടെ സ്പര്ശനത്തിന്റെ ചൂട് അറിഞ്ഞ അവൾ തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി.
അവളുടെ മുഖം കണ്ടതും ശ്രീഹരി ഒരു ഞെട്ടലോടെ അവളുടെ തോളിൽ നിന്നും കൈ മാറ്റി പിന്നിലേക്ക് മാറി.
അവന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.
“ജീന..”
ഒരു പ്രതീക്ഷയും ഇല്ലാതെ ശ്രീഹരിയെ പെട്ടെന്ന് കണ്ടപ്പോൾ അവളുടെ മുഖം വിളറി വെളുത്തു, അത് പെട്ടെന്ന് ഒരു പൊട്ടിക്കരച്ചിലിലേക്ക് വഴിമാറി.
“ഇച്ചായാ..”
ആ വിളിയിൽ പഴയ സ്നേഹമോ ഇമ്പമോ ഒന്നുമല്ല ദയനീയത മാത്രമാണ് ഉള്ളതെന്ന് അവന് മനസിലായി.
തകർന്ന മനസുമായി അവൻ ബെഡിലേക്ക് ഇരുന്നപ്പോൾ അവൾ ജനൽ ആഴിയിൽ പിടിച്ച് നിന്നുകൊണ്ട് അവനെ നോക്കി കരയുകയായിരുന്നു.
വർഷങ്ങൾക്ക് ശേഷം ജീനയെ കാണാൻ കൊതിച്ചെത്തിയപ്പോൾ അവളെ ഈ ഒരവസ്ഥയിൽ കാണേണ്ടി വരുമെന്ന് അവൻ കരുതിയിരുന്നില്ല.
കരച്ചിൽ ഒന്നടങ്ങിയപ്പോൾ അവൾ പറഞ്ഞു.
“വർഷങ്ങൾക്ക് മുൻപ് ഇച്ചായന്റെ കൂടെ നിൽക്കുന്ന ഓരോ നിമിഷവും എന്റെ മനസിന്റെ ഉള്ളിൽ കുഞ്ഞൊരു അഹങ്കാരം ഉണ്ടായിരുന്നു. ഇച്ചായൻ എന്നെ പൊന്നുപോലെ നോക്കിക്കൊള്ളുമെന്നൊരു തോന്നൽ..പക്ഷെ…”
പണ്ടത്തെ നിഷ്കളങ്കത മാറി ജീവിതം അവസാനിച്ചവളെ പോലെ നിൽക്കുന്ന അവളുടെ മുഖത്തേക്ക് അവൻ നോക്കി.
“വർഷങ്ങൾക്ക് മുൻപ് എന്നെ ആ ഒരു അവസ്ഥയിൽ വീടിന് മുന്നിൽ ഉപേക്ഷിച്ചിട്ട് പോയിട്ട് എന്റെ ശരീരത്തിനായിട്ടാണല്ലോ ഇച്ചായൻ എന്റെ അടുത്തേക്കിപ്പോൾ വന്നത്.”
അവളുടെ വാക്കുകൾക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ അവൻ പകച്ച് ഇരുന്നുപോയി. നിശബ്തത അവർക്ക് മുന്നിൽ മറ തീർത്തപ്പോൾ ശ്രീഹരി ബെഡിൽ നിന്നും എഴുന്നേറ്റ് അവളുടെ അരികിലേക്ക് ചെന്നു. എന്നിട്ട് അവളെ ആശ്വസിപ്പിക്കുവാൻ തന്നിലേക്ക് അടിപ്പിക്കാനെന്നവണ്ണം അവളുടെ തോളിൽ കൈ വച്ചതും ജീന അവന്റെ കൈകൾ പെട്ടെന്ന് തട്ടി മാറ്റി.
