“എന്ത് ജോലി?”
“എന്റെ പേഴ്‌സണൽ സെക്രട്ടറി അനുപമ ഇനി ഒരു മാസം കൂടിയേ ജോലിക്ക് കാണുള്ളൂ. അവളുടെ ഒഴുവിൽ നീ കയറണം.”
അവൾ പെട്ടെന്ന് പറഞ്ഞു.
“അത്ര വലിയ ജോലി ഒന്നും എനിക്ക് വേണ്ട.”
അവൻ ഒരു ചിരിയോടെ പറഞ്ഞു.
“അത് അത്ര വലിയ ജോലി ഒന്നും അല്ല.. ഇനിയുള്ള ഒരു മാസം കൊണ്ട് അനുപമ നിനക്കെല്ലാം പഠിപ്പിച്ച് തരും.. പിന്നെ ആ ഒരു ജോബ് ആകുമ്പോൾ നീ എന്റെ കൂടെ എപ്പോഴും കാണുകയും ചെയ്യുമല്ലോ.”
ജീന അതിനെക്കുറിച്ചുള്ള ആലോചനയിൽ മുഴുകിയപ്പോൾ ശ്രീഹരി പറഞ്ഞു.
“കൂടുതൽ ആലോചിക്കയൊന്നും വേണ്ട, ഒന്ന് ശ്രമിച്ച് നോക്ക്, പറ്റില്ല എന്ന് തോന്നുവാണേൽ നമുക്ക് വേറെ നോക്കാം.”
അത് കേട്ടപ്പോൾ ജീന സമ്മതം മൂളി.
“അപ്പോൾ നാളെ തൊട്ട് ഓഫീസിലേക്ക് വന്ന് തുടങ്ങിക്കോ.”
“എനിക്ക് ഒരു കണ്ടീഷൻ കൂടി ഉണ്ട്.”
ശ്രീഹരിയുടെ മുഖത്ത് ആകാംഷ നിറഞ്ഞു.
“എന്താ?”
“നാളെ മുതൽ കാലത്തും ഉച്ചക്കുമുള്ള ഫുഡ് കുക്ക് ചെയ്യുന്നത് ഞാനായിരിക്കും.”
ഒരു ചിരിയോടെ ശ്രീഹരി പറഞ്ഞു.
“അത്രേ ഉള്ളോ. സമ്മതിച്ചിരിക്കുന്നു.. എത്രനാൾ ആയി നീ ഉണ്ടാക്കിയ ആഹാരം കഴിച്ചിട്ട്.”
“ഇനി എന്നും കഴിക്കാലോ.”
“നാളെ ഓഫീസിലേക്ക് നീ വരുന്നതിന് മുൻപ് രണ്ട് കാര്യങ്ങൾ ചെയ്യാനുണ്ട്.”
“എന്താ?”
“ആദ്യം ഒരു ബ്യൂട്ടി പാർലറിൽ പോയി നിന്റെ പിരികവും ട്രേഡ് ചെയ്ത് പിന്നെ കുറച്ച് ചില്ലറ പരിപാടികളും ചെയ്ത് നീ ഒരു സുന്ദരി കുട്ടി ആകണം.”
അത് കേട്ടപ്പോൾ അവളുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞു.
“രണ്ടാമത്തേത് കുറച്ച് ഡ്രസ്സ് എടുക്കണം നിനക്ക്. അന്നെടുത്ത ഒരു ഡ്രെസ്സും കൊള്ളില്ലായിരുന്നു. ഈ പ്രാവിശ്യം ഞാൻ തന്നെ സെലക്ട് ചെയ്ത് കൊള്ളാം.”
വേണ്ട എന്ന് പറഞ്ഞാലും ശ്രീഹരി കേൾക്കില്ല എന്നറിയാവുന്നതിനാൽ അവൾ എതിർക്കാൻ പോയില്ല.
.
.
ഓഫീസിനുള്ളിലേക്ക് നടന്നു വരുന്ന ശ്രീഹരിക്കൊപ്പം ഒരു പെൺകുട്ടിയെ കണ്ട് സ്റ്റാഫുകൾ എല്ലാം അവരെത്തന്നെ ശ്രദ്ധിച്ചു.
ജീന ചെറിയ പേടി നിറഞ്ഞ കണ്ണുകളോടെ ശ്രീഹരിയോടൊപ്പം നടക്കുമ്പോൾ ഓഫീസ് മൊത്തം വീക്ഷിക്കുകയായിരുന്നു. അവൻ കൂടെ ഉള്ളത് മാത്രമായിരുന്നു അവൾക്കുള്ള ധൈര്യം.
ശ്രീഹരിക്കൊപ്പം നടന്ന് വരുന്ന സുന്ദരിയായ പെൺകുട്ടിയെ കണ്ട് അത് ആരാണെന്നറിയാൻ അനുപമയുടെ ഉള്ളിലും ആകാംഷ നിറഞ്ഞു.
അനുപമയുടെ മുന്നിൽ കൂടി ഒരു പുഞ്ചിരിയോടെ ശ്രീഹരി കാബിന് ഉള്ളിലേക്ക് നടന്നു കയറി, കൂടെ ജീനയും.
ഓഫീസിനുള്ളിൽ കസേരയിൽ ഇരുന്ന ശ്രീഹരി തന്റെ മുന്നിൽ നിൽക്കുന്ന ജീനയുടെ പേടി നിറഞ്ഞ മുഖം കണ്ട് ഒരു പുഞ്ചിരിയോടെ ചോദിച്ചു.
“നീ എന്തിനെയാ ഇങ്ങനെ പേടിക്കുന്നെ?”
“ഞാൻ ആദ്യായിട്ട ഇങ്ങനെ ഒരു ജോലിക്ക് വരുന്നേ.. അതും ഇത്ര വലിയ ഓഫീസിൽ എത്ര അധികം സ്റ്റാഫുകൾക്ക് ഇടയിൽ.”
“നീ ഇവിടെ ആരെയാ പേടിക്കുന്നത്.. നിനക്ക് ഇവിടെ ജോലിയിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ നിന്നെ വഴക്ക് പറയേണ്ട ഒരേ ഒരാൾ ഞാൻ മാത്രമാണ്.. അത് മാത്രം നീ ഓർത്താൽ മതി.”
എന്നിട്ടും അവളുടെ ഉള്ളിലെ ഭയം വിട്ടൊഴിഞ്ഞിരുന്നില്ല.
അത് മനസിലാക്കിയ ശ്രീഹരി പറഞ്ഞു.
“ആദ്യത്തെ ദിവസം ആയത് കൊണ്ടാണ് നിനക്ക് ഈ ടെൻഷൻ.. ഞാൻ നിനക്ക് അനുപമയെ പരിചയപ്പെടുത്തി തരാം.”
ശ്രീഹരി അനുപമയെ അവിടേക്ക് വിളിച്ചു. അവന്റെ വിളി കാത്ത് നിന്നത് എന്നവണ്ണം അനുപമ പെട്ടെന്ന് തന്നെ അവിടേക്കെത്തി.
“അനുപമ.. ഇത് ജീന, നിന്റെ ഒഴുവിലേക്ക് ജീനയാണ് വരുന്നത്.”
അനുപമ ചെറിയൊരു ഞെട്ടലോടെയാണ് അത് കേട്ടത്. കാരണം ഒരു ഇന്റർവ്യൂ പോലും ഇല്ലാതെ നേരിട്ടുള്ള അപ്പോയ്ന്റ്മെന്റ്.
ആ ഞെട്ടൽ മുഖത്ത് നിന്നും മറച്ച് പിടിച്ച് കൊണ്ട് അനുപമ ജീനയെ നോക്കി ചിരിച്ചു. അവൾ തിരിച്ചും.
ജീനയുടെ മുഖത്തെ ഐശ്വര്യവും മനം കവരുന്ന ചിരിയും ഒക്കെ കണ്ടപ്പോൾ തന്നെക്കാൾ സൗന്ദര്യം അവൾക്കുണ്ടെന്ന് അനുപമക്ക് തോന്നി. ഇനി സാറിന്റെ ബന്ധു ആയിരിക്കുമോ?.. പക്ഷെ ജീന എന്ന പേര് കേട്ടിട്ട് ഒരു ക്രിസ്ത്യൻ ആണെന്നും തോന്നുന്നു.
അനുപമയുടെ മനസ്സിൽ കൂടി പലതരം ചിന്തകൾ കടന്ന് പോകുന്നതിനിടയിൽ ശ്രീഹരിയുടെ ശബ്‌ദം അവിടെ ഉയർന്നു.
