എന്റെ നിലാപക്ഷി – 4 23അടിപൊളി 

“അപ്പോൾ ജീന അനുവിന്റെ കൂടെ പൊയ്ക്കോ.. അനു കാര്യങ്ങളെല്ലാം പഠിപ്പിച്ച് തരും.”

കാബിന് പുറത്തേക്ക് ഇറങ്ങിയ അനുപമ ആദ്യം തന്നെ തനിക്കരികിലായി ജീനക്ക് ഒരു ടേബിളും കസേരയും ശരിയാക്കി. എന്നിട്ട് ജോലിയെ കുറിച്ചുള്ള ഒരു പ്രാഥമിക കാര്യങ്ങൾ വിവരിക്കുമ്പോൾ തന്നെ ഓഫീസിനുള്ളിൽ അനുപമക്ക് പകരമായി വരുന്ന ആളാണ് ജീന എന്ന ന്യൂസ് പരന്നിരുന്നു. സൗന്ദര്യ ദാഹികളായ ഓഫീസിനുള്ളിൽ ചെറുപ്പക്കാർ ഒളിഞ്ഞും തെളിഞ്ഞും ജീനയെ നോക്കുന്നത് അനുപമയുടെ ശ്രദ്ധയിൽ പെട്ട്, പക്ഷെ അവരെയൊന്നും ജീന ശ്രദ്ധിക്കുന്നേ ഇല്ല എന്നത് അനുപമയുടെ മുഖത്ത് ചിരി പടർത്തി.

ജോലിയെ കുറിച്ചുള്ള ചെറിയൊരു വിവരണത്തിന് ശേഷം തന്റെ ഉള്ളിലെ ആകാംഷ കാരണം അനു ജീനയോട് ചോദിച്ചു.

“ക്രിസ്ത്യൻ ആണോ?”

“അതെ.. എന്താ?”

“ഒന്നുമില്ല.. പേര് കേട്ടപ്പോൾ അങ്ങനെ തോന്നി.”

അപ്പോൾ ശ്രീഹരിയുടെ ബന്ധു അല്ല ജീന എന്ന് അനുപമക്ക് ഉറപ്പായി.. പക്ഷെ അവർ തമ്മിലുള്ള പരിചയം എന്തായിരിക്കും.

“സാറിനെ എങ്ങനാ പരിചയം?”

ജീന ചെറു ചിരിയോടെ പറഞ്ഞു.

“ഞാനും ഇച്ചായനും ഒരുമിച്ച് പഠിച്ചതാണ്.”

അനുപമ പെട്ടെന്ന് ചോദിച്ചു.

“ഇച്ചായനോ?”

ജീന വലിയ കാര്യമല്ലാത്ത മട്ടിൽ പറഞ്ഞു.

“സാറിനെ ഞാൻ ഇച്ചായൻ എന്നാണ് വിളിക്കാറ്.”

ജീനയും ശ്രീഹരിയും തമ്മിൽ മുൻകാല പരിചയം ഉണ്ടെന്ന് മനസിലായെങ്കിലും ജീന കുറച്ചധികം സ്വതത്രത്തോടെ അവനെ ഇച്ചായൻ എന്ന് വിളിക്കുന്നത് അനുപമക്ക് ഉള്ളിൽ ചെറിയൊരു അസൂയ ഉളവാക്കി.

“ജീന നിങ്ങൾ മുൻപ് പരിചയം ഉള്ളവരായിരിക്കും.. പക്ഷെ ഓഫീസിനുള്ളിൽ ഇച്ചായൻ എന്ന് വിളിക്കുന്നത് സാറിന് ചിലപ്പോൾ ഇഷ്ട്ടപെട്ടെന്ന് വരില്ല.. ”

അനുപമയ്ക്കും ശ്രീഹരിയും തമ്മിൽ അടുത്തൊരു ബന്ധമുണ്ട് എന്ന് ജീനയെ അറിയിക്കുവാൻ വേണ്ടി ഇത്ര കൂടി അവൾ പറഞ്ഞു.

“ഇവിടെ ഞാൻ പോലും സാർ എന്ന് തന്നാണ് വിളിക്കാറ്.”

പുഞ്ചിരി നിറഞ്ഞ മുഖത്തോടെ ജീന പറഞ്ഞു.

“ഞാൻ സർ എന്ന് വിളിച്ചാലായിരിക്കും ഇച്ചായന്‌ ഇഷ്ടപ്പെടാത്തത്.”

അവളുടെ മറുപടി കേട്ട് അനുപമ ആശ്ചര്യത്തോടെ ജീനയുടെ മുഖത്തേക്ക് നോക്കി ഇരിക്കുമ്പോഴാണ് അവരുടെ അടുത്തേക്ക് ശ്രീഹരി വന്നത്.

ചുണ്ടിൽ ഇരുന്ന സിഗറെറ്റ് കത്തിച്ച് കൊണ്ട് അവൻ ചോദിച്ച്.

“ജീനാ.. കുഴപ്പമൊന്നും ഇല്ലല്ലോ?”

“ഇല്ല.. അനു എനിക്ക് ഓരോന്ന് പറഞ്ഞു തരുകയായിരുന്നു.”

“എല്ലാം പെട്ടെന്ന് പഠിച്ചെടുക്കാൻ നോക്കണം.. അനു ഒരു മാസം കൂടിയേ ഇവിടെ കാണുള്ളൂ.”

ജീനാ പുഞ്ചിരിയോടെ തലയാട്ടി. ശ്രീഹരി അനുപമയോട് ഓഫീസ് കാര്യങ്ങൾ സംസാരിച്ച് തുടങ്ങിയപ്പോൾ ജീന അവിടെ നിന്നും എഴുന്നേറ്റ് പോയി ഒരു ഗ്ലാസിൽ വെള്ളവുമായി തിരിച്ച് വന്നു.

അവിടുള്ള ചെറുപ്പക്കാരൊക്കെ ഐശ്വര്യം തുളുമ്പുന്ന ജീനയുടെ ചലനങ്ങൾ ശ്രദ്ധിച്ച് നിൽക്കുമ്പോൾ എല്ലാരേയും ഞെട്ടിച്ച് കൊണ്ട് ജീന ഗ്ലാസും വെള്ളവും മേശപ്പുറത്ത് വച്ച ശേഷം അനുപമയോട് സംസാരിച്ച് നിൽക്കുന്ന ശ്രീഹരിയുടെ അടുത്തേക്ക് ചെന്ന് അവന്റെ പോക്കറ്റിലേക്ക് കൈ ഇട്ടു.

ജീനയുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ എന്താണ് അവൾ ചെയ്യുന്നതെന്ന് അറിയാതെ ശ്രീഹരിയും ഞെട്ടി. അപ്പോഴേക്കും അവൾ അവന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റ് എടുത്ത് കഴിഞ്ഞിരുന്നു. അനുപമ ഉൾപ്പെടെ അവിടുള്ളവർ എല്ലാം ഞെട്ടി നിൽക്കുമ്പോൾ ജീന അവന്റെ ചുണ്ടിൽ ഇരുന്ന സിഗരറ്റും കൈപ്പിടിയിൽ ഒതുക്കി കഴിഞ്ഞിരുന്നു.

സിഗരറ്റ് പാക്കറ്റും എരിഞ്ഞു കൊണ്ടിരുന്ന സിഗററ്റും മേശമേൽ ഇരുന്ന ഗ്ലാസിലെ വെള്ളത്തിലേക്കിട്ട ശേഷം ജീന യാതൊരു ഭാവ വ്യത്യാസവും കൂടാതെ തന്റെ കസേരയിലേക്ക് പോയിരുന്നു.

തന്റെ സ്വകാര്യതയിലേക്ക് ആരെയും കടന്ന് കയറാൻ സമ്മതിക്കാത്ത ശ്രീഹരിയിൽ നിന്ന്‌ ജീനക്ക് ഒരടിയിൽ കുറഞ്ഞതൊന്നും അവിടെ നിന്ന ആരും പ്രധീക്ഷിച്ചില്ല.

എന്നാൽ എല്ലാരേയും അത്ഭുതപ്പെടുത്തികൊണ്ട് ജീനയുടെ പെട്ടെന്നുള്ള പ്രവർത്തിയുടെ ഞെട്ടലിൽ നിന്നും മുക്തനായ ശ്രീഹരി ഒരു പുഞ്ചിരിയോടെ തന്റെ കാബിനുള്ളിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *