എന്റെ നിലാപക്ഷി – 6 17അടിപൊളി 

ശ്രീഹരിയുടെ അടുത്തേക്ക് വന്ന് ഒരാൾ ചോദിച്ചു.

“എന്താ വേണുന്നെ സർ?”

“ഒരു മാല വേണം.. കാർഡ് എടുക്കുമോ?”

“കാർഡ് എടുക്കും സർ..”

“ഓക്കേ.. എങ്കിൽ നമുക്ക് മാല നോക്കാം.”

ശ്രീഹരിയേയും കൂട്ടികൊണ്ടു പോയി അയ്യാൾ പലതരത്തിലുള്ള സ്വർണ മാലകൾ കാണിച്ചു. അതിൽ നിന്നും അവൻ അധികം കനം ഇല്ലാത്ത ഒരു നേർത്ത മാല എടുത്തുനോക്കി. അധികം നീളവും ഇല്ലായിരുന്നു അതിന്. ആ മാല ജീനക്ക് നന്നായി ചേരുമെന്ന് അവനു തോന്നി.

“ഇത് എടുത്തൊള്ളൂ.. ഒരു കുരിശിന്റെ ലോക്കറ്റ് കൂടി വേണം.”

സെയിൽസ്മാൻ എടുത്തുവച്ച ലോക്കറ്റുകളിൽ നിന്നും ആ മാലക്ക് ചേരുന്ന തരത്തിൽ നേർത്ത ഒരെണ്ണം തന്നെ അവൻ തെരഞ്ഞെടുത്തു.

ശ്രീഹരി തിരിച്ച് ടെക്സ്റ്റൈൽസിൽ എത്തുമ്പോൾ അവനെയും കാത്ത് ജീന ക്യാഷ് കൗണ്ടറിൽ നിൽപ്പുണ്ടായിരുന്നു.

അവൻ ക്യാഷ് പേ ചെയ്തു അവിടെ നിന്നും ഇറങ്ങുമ്പോൾ ജീന ചോദിച്ചു.

“ഇച്ചായൻ എവിടെ പോയിരുന്നു.”

“നിനക്ക് ഒരു ഗിഫ്റ്റ് വാങ്ങാൻ പോയതാണ്.”

അവൾ ആശ്ചര്യത്തോടെ ചോദിച്ചു.

“എനിക്കോ.. എന്ത് ഗിഫ്റ്റ്?”

“അതൊക്കെ പറയാം. ആദ്യം നമുക്ക് എവിടെയെങ്കിലും പോയി കുറച്ച് നേരമൊന്ന് ഇരിക്കാം.. ഇവിടെ അടുത്തൊരു പാർക്ക് ഉണ്ട്, അവിടെ തന്നെ പൊയ്ക്കളയാം.”

അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു.

“എനിക്കെന്താ വാങ്ങിയതെന്ന് പറ ഇച്ചായാ.”

അവളുടെ കൈയിൽ പിടിച്ച് മുന്നോട്ട് നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു.

“വയസ് പത്തിരുപത്തഞ്ചായി എന്നിട്ടും കൊച്ചു പിള്ളേരെ പോലെ റോഡിൽ നിന്ന് ചിണുങ്ങുന്നത് കണ്ടില്ലേ.”

പിന്നെ അവൾ ഒരക്ഷരം മിണ്ടാതെ അവന്റെ കൂടെ നടന്നു. ശ്രീഹരി ഇടക്ക് അവളുടെ മുഖം ശ്രദ്ധിച്ചപ്പോൾ വീർപ്പിച്ച് വച്ചിരിക്കുന്നതാണ് കണ്ടത്. അത് കണ്ടപ്പോൾ അവനു ചിരിയാണ് വന്നത്.

പണ്ടും അവൾ അങ്ങനെ ആയിരുന്നു. പിണങ്ങി കഴിഞ്ഞാൽ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു വച്ച് നടക്കും. പക്ഷെ അധികനേരം അവൾക്ക് പിണങ്ങി ഇരിക്കാനാകില്ലെന്ന് അവനു നന്നായി അറിയാം.

പാർക്കിലെത്തിയ അവൻ അവളെയും കൊണ്ട് ആളൊഴിഞ്ഞ ഒരു സ്ഥലത്തു പോയിരുന്നു. കൈയിലിരുന്ന കവർ അരികിൽ വച്ച് അവൾ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി ഇരുന്നു.

അപ്പോഴും വീർപ്പിച്ച് വച്ചിരിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി ഹരി ചോദിച്ചു.

“ഞാൻ ഒരു സൂചി കൊണ്ട് കുത്തി കവിളിൽ ഒരു ഹോൾ ഇടട്ടെ ആ എയർ ഒന്ന് പുറത്തു പോകാൻ.”

എന്നിട്ടും അവൾ ഒന്നും മിണ്ടിയില്ല.

“എന്തെങ്കിലും ഒന്ന് പറ കൊച്ചെ.”

“ഞാൻ മിണ്ടിയാലും കുറ്റം മിണ്ടിയില്ലെങ്കിലും കുറ്റം.”

“എങ്കിൽ ഞാനും ഒന്നും മിണ്ടുന്നില്ല.”

ശ്രീഹരി ദൂരേക്ക് നോക്കി ഇരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ അവന്റെ തോളിൽ ചുരണ്ടിക്കൊണ്ടു ഒരു കുസൃതി ചിരിയോടെ അവൾ ചോദിച്ചു.

“അതേ.. എനിക്കെന്താ വാങ്ങിയത്?”

അവളുടെ ആ കുസൃതി നിറഞ്ഞ മുഖം കണ്ടപ്പോൾ അവനും അറിയാതെ ചിരിച്ച് പോയി.

“നിന്റെ മുടിയൊന്നു പൊക്കി പിടിച്ചേ..”

“എന്തിനാ?”

“പറയുന്നത് ആദ്യം ചെയ്യ് നീ.”

ജീന കൈ പിന്നിലേക്ക് കൊണ്ട് പോയി മുടി ഉയർത്തിപ്പിടിച്ചു. ശ്രീഹരി അപ്പോൾ തന്നെ തന്റെ പോക്കറ്റിൽ നിന്നും മാല എടുത്ത് അവളുടെ കഴുത്തിൽ കെട്ടി.

അവൻ വിചാരിച്ചിരുന്ന പോലെത്തന്നെ ആ നേർത്ത മാലയും കുരിശും അവളുടെ കഴുത്തിന് നന്നായി ചേരുന്നുണ്ടായിരുന്നു.

“എന്റെ ‘അമ്മ നിനക്ക് തന്ന മാല എവിടെ പോയി എന്ന് ഞാൻ ചോദിക്കുന്നില്ല, പക്ഷെ… ഇത് നിന്റെയിൽ നിന്ന് എങ്ങും പോകരുത്.”

ഒരു നിമിഷം അവളുടെ കണ്ണുകൾ എന്തുകൊണ്ടോ കണ്ണുനീർ കൊണ്ട് നിറഞ്ഞു. അടുത്ത നിമിഷം തന്നെ അവൾ മുന്നിലേക്ക് ആഞ്ഞ് അവനെ കെട്ടിപിടിച്ചു.

ഒരു നിമിഷം അവളുടെ സ്നേഹപ്രകടനത്തിൽ അവൻ ഒന്ന് പതറി. അവളിൽ നിന്നും അങ്ങനെ ഒരു പ്രവർത്തി അവിടെ വച്ച് അവൻ പ്രതീക്ഷിച്ചിരുന്നില്ല. അവിടെ ഉണ്ടായിരുന്ന കുറച്ച് പേര് അവരെ ശ്രദ്ധിക്കുന്നത് അവന്റെ കണ്ണിൽ പെടുകയും ചെയ്തു.

അവളുടെ തോളിൽ തട്ടിക്കൊണ്ടു അവൻ പറഞ്ഞു.

“ആൾക്കാർ നമ്മളെ ശ്രദ്ധിക്കുന്നുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *