എന്റെ നിലാപക്ഷി – 6 17അടിപൊളി 

“സാറിനും കല്യാണത്തിനുള്ള സമയമൊക്കെ ആയി.”

അതിനുള്ള മറുപടി അവൻ ഒരു പുഞ്ചിരിയിൽ ഒതുക്കി.

പിന്നെയും അവർ കുറച്ച് നേരം വിശേഷങ്ങൾ ഒക്കെ പറഞ്ഞിരുന്ന ശേഷം അവർ ഉറങ്ങാൻ തീരുമാനിച്ചു.

ശ്രീഹരിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ ഉറക്കം വന്നു തുടങ്ങിയിരുന്നു. അവൻ റൂമിലേക്ക് പോയപ്പോൾ ജീന പറഞ്ഞു.

“അനുവിന് ഞാൻ മുകളിലത്തെ റൂം ശരിയാക്കാം.”

അനു പെട്ടെന്ന് തന്നെ പറഞ്ഞു.

“ഏയ്.. അതൊന്നും വേണ്ട.. ഞാൻ നിന്റെ ഒപ്പം കിടന്നോളം… നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട്?”

ജീന ചിരിച്ച് കൊണ്ട് അനുവിന്റെ കൈ പിടിച്ച് റൂമിലേക്ക് നടന്നു.

റൂമിലെത്തിയപ്പോൾ അനു റൂം മൊത്തത്തിൽ വീക്ഷിച്ചു. എല്ലാം നല്ല അടുക്കും ചിട്ടയോടെയും വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന റൂം. സെൽഫിൽ ധാരാളം ഡ്രെസ്സുകൾ അടുക്കി വച്ചിരിക്കുന്നു. എല്ലാം നല്ല വിലയുള്ളവ. അതെല്ലാം ശ്രീഹരി ജീനക്ക് വാങ്ങി കൊടുത്തതാണെന്നു ഓർത്തപ്പോൾ അനുവിന് ജീനയോടു ചെറിയൊരു അസൂയ തോന്നാതിരുന്നില്ല.

ബെഡിൽ കിടക്കുന്നതിനിടയിൽ അനു ജീനയോടു ചോദിച്ചു.

“സാറിന് കല്യാണം ഒന്നും നോക്കുന്നില്ല?”

“‘അമ്മ മിക്ക ദിവസവും വിളിക്കുമ്പോൾ കല്യാണ കാര്യം പറയും. പക്ഷെ ഇച്ചായൻ ഒഴിഞ്ഞു മാറും.”

“ജീനക്ക് ഒന്ന് പറഞ്ഞൂടെ കല്യാണം കഴിക്കാൻ, നീ പറയുന്ന എല്ലാം സാർ കേൾക്കാറുണ്ടല്ലോ.”

“ഞാനും കുറെ പറഞ്ഞതാ.. ഇപ്പോൾ ഞാൻ കല്യാണ കാര്യം പറയുമ്പോൾ ഇച്ചായൻ പറയും എന്റെ കല്യാണം കഴിഞ്ഞിട്ട് കെട്ടികൊള്ളന്നു”

ഒരു ചിരിയോടെ അനു പറഞ്ഞു.

“എങ്കിൽ നീ ആദ്യം ഒരു കല്യാണം കഴിക്ക്.”

ജീന അതിനു മറുപടി ഒന്നും പറയാതെ നിശബ്ദത ആയിരുന്നു. അതിൽ നിന്നും അവൾ ആ വിഷയം ഇഷ്ട്ടപെടുന്നില്ലെന്ന് അനുവിന് മനസിലായി.

“സാർ നിന്നെ സാരി ഉടുപ്പിച്ചു എന്ന് പറഞ്ഞത് ഉള്ളതാണോ?’

“നീ അത് ഇതുവരെ വിട്ടില്ലേ?”

“ഇല്ല, വിട്ടില്ല.. ഓഫീസിൽ എയറും പിടിച്ച് നടക്കുന്ന മനുഷ്യന്റെ ഉള്ളിൽ ഇങ്ങനത്തെ കഴിവൊക്കെ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?”

“ഇച്ചായന്‌ സാരിയൊക്കെ ഉടുപ്പിക്കാൻ അറിയാം. എനിക്ക് ഒരിക്കൽ ഉടുപ്പിച്ച് തന്നിരുന്നു.”

“എന്നാലും കോളേജിൽ പഠിക്കുമ്പോൾ…”

ജീന പെട്ടെന്ന് കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു.

“അയ്യോ.. ഇച്ചായൻ ടാബ്ലറ്റ് കഴിക്കാതെ ആയിരിക്കും കിടന്നത്.”

ജീന ബെഡിൽ നിന്നും എഴുന്നേറ്റ് ശ്രീഹരിയുടെ റൂമിലേക്ക് പോയി. ജീന പോയി കുറച്ച് കഴിഞ്ഞപ്പോൾ അനുവും അവളുടെ പിന്നാലെ പോയി.

അനു ചെല്ലുമ്പോൾ നന്നായി കിടന്ന് ഉറങ്ങുന്ന ശ്രീഹരിയെ ബെഡ്ഷീറ് എടുത്തു പുതച്ച് കൊടുക്കുകയായിരുന്നു ജീന.

അനുവിനെ കണ്ട് ശബ്‌ദം താഴ്ത്തി ജീന പറഞ്ഞു.

“ടാബ്ലറ്റ് കഴിച്ചിട്ട് തന്നാണ് കിടന്നത്.”

അവൾ റൂമിലെ ലൈറ്റ് ഓഫ് ചെയ്തു പുറത്തേക്ക് നടന്നു.

ജീനയുടെ കൂടെ നടക്കുന്നതിനിടയിൽ അനു പറഞ്ഞു.

“ഞാൻ ഒരു കാര്യം പറയട്ടെ?”

“എന്താ?”

“നിങ്ങൾക്ക് രണ്ടുപേർക്കും കൂടിയങ്ങ് കല്യാണം കഴിച്ചൂടെ?.. സാറിന്റെ കാര്യങ്ങൾ നിന്നെക്കാളും നന്നായി നോക്കുന്ന വേറെ ആരെയും കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല.”

അർദ്ധം എന്തെന്ന് മനസിലാക്കാനാകാത്ത ഒരു ചിരി മാത്രമാണ് അതിനു മറുപടിയായി ജീന നൽകിയത്.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *