എന്റെ നിലാപക്ഷി – 6 17അടിപൊളി 

“ഞാൻ അപ്പോഴേ പറഞ്ഞതാ മഴ പെയ്യുമെന്ന്.”

“അതിനിപ്പോൾ എന്താ?.. നമുക്ക് കുറച്ച് നേരം ഇവിടെ ഇരുന്ന് മഴ തോരുമ്പോൾ പോകാം.”

ജീന കൈ നീട്ടി കൈവെള്ളയിൽ മഴവെള്ളം ശേഖരിച്ചു കൊണ്ടിരുന്നു. സമയം പോകും തോറും മഴയുടെ ശക്തി കൂടിയാതെ ഉള്ളു. പക്ഷെ ജീന ശരിക്കും മഴ ആസ്വദിക്കുകയായിരുന്നു. കുറച്ചു നേരം അങ്ങനെ നിന്നപ്പോൾ കൈവെള്ളയിൽ നിറഞ്ഞ വെള്ളം അവൾ ശ്രീഹരിയുടെ മുഖത്തേക്ക് തെറിപ്പിച്ചു.

“അടങ്ങി ഇരിക്ക് കൊച്ചെ.. ഒന്നാമത് തണുത്തിട്ട് വയ്യ.”

അവൾ കുസൃതിയോടെ വീണ്ടും വെള്ളം തെറിപ്പിച്ചു. ശ്രീഹരി പെട്ടെന്ന് അവളുടെ കൈയിൽ കൂട്ടി പിടിച്ച ശേഷം ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് തള്ളി ഇറക്കി.

അവൾ പെട്ടെന്ന് തന്നെ അകത്തേക്ക് ചാടി കയറിയ ശേഷം ചിണുങ്ങി കൊണ്ട് പറഞ്ഞു.

“ദുഷ്ട്ടാ.. ഞാൻ മൊത്തം നനഞ്ഞു കേട്ടോ..”

അവന് ഒരു ചിരിയോടെ പറഞ്ഞു.

“അഹങ്കാരം കാണിക്കുമ്പോൾ ഓർക്കണമായിരുന്നു.”

അവൾ അവന്റെ തോളിൽ കൈ കൊണ്ട് ഇടിച്ച ശേഷം തണുപ്പ് കാരണം അവനെ ചോതുങ്ങി നിന്നു.

കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു.

“മഴ കുറയുമെന്ന് തോന്നുന്നില്ല. നമുക്ക് നനഞ്ഞങ്ങു പോയല്ലോ?”

“ഒന്ന് പൊടി.. ഒന്നാമത് രാവിലെ തൊട്ടു തൊണ്ട വേദന.. ഇനി മഴയും കൂടി നനഞ്ഞാൽ ഞാൻ കിടപ്പിലാകും.”

“ഇവിടന്ന് അര കിലോമീറ്റെർ അല്ലെ ഉള്ളു വീട്ടിലേക്ക്.. അത്രേം നേരത്തെ മഴ കൊണ്ട് കിടപ്പിലാകുവാണേൽ ഞാൻ നോക്കി കൊള്ളാം ഇച്ചായനെ.”

“ഞാൻ പണി പിടിച്ച് കിടപ്പിലായാൽ ഫുൾ ടൈം കൂടെ നിന്നു നോക്കുമെന്ന് ഉറപ്പാണല്ലോ?”

ഒരു ചിരിയോടെ അവൾ പറഞ്ഞു.

“100 ശതമാനം ഉറപ്പ്..”

“എങ്കിൽ വാ പോകാം.”

അവൻ ജീനയുടെ കൈയും പിടിച്ച് മഴയിലേക്ക് ഇറങ്ങി നടന്നു. ശരിക്കും അവർ മഴയിലൂടെ ഓടുകയായിരുന്നു.

വീട്ടിൽ എത്തിയപ്പോഴേക്കും അവർ ശരിക്കും മഴയിൽ നനഞ്ഞു കുളിച്ചിരുന്നു. ഡോർ തുറന്നു ഹാളിലേക്ക് കയറിയപ്പോൾ അവരുടെ ഡ്രെസ്സിൽ നിന്നും വെള്ളം തറയിലേക്ക് ഒഴുകി. ശ്രീഹരി നന്നായി വിറക്കുന്നുണ്ടായിരുന്നു.

“ഇച്ചായൻ പോയി നല്ല വെള്ളത്തിൽ കുളിച്ച് ഡ്രസ്സ് മാറ്. അപ്പോഴേക്കും തണുപ്പ് കുറച്ച് മാറും.”

കൈയിലിരുന്ന കവറിലേക്ക് നോക്കി അവൾ പറഞ്ഞു.

“ഇതും മൊത്തം നനഞ്ഞു.. ഇതൊന്നു കൊണ്ട് പോയി വിരിച്ച് ഞാനും ഡ്രസ്സ് മാറട്ടെ.”

രണ്ടുപേരും അവരവരുടെ റൂമിലേക്ക് നടന്നു.

കുളി കഴിഞ്ഞു ഡ്രസ്സ് മാറി വന്നപ്പോൾ ജീനക്ക് തണുപ്പിൽ നിന്നും ഒരു ആശ്വാസം കിട്ടിയിരുന്നു. വൈകുന്നേരം ഒരുപാട് നടന്നതിനാൽ നല്ല ഉറക്ക ക്ഷീണം തോന്നി അവൾക്ക്. കിടക്കുന്നതിനു മുൻപായി അവൾ ശ്രീഹരിയുടെ റൂമിലേക്ക് ഒന്ന് പോയി നോക്കി.

അവൾ ചെല്ലുമ്പോൾ കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുകയാണ് അവൻ. നന്നായി തണുത്തു വിറക്കുന്നുണ്ട്. അവൾ ബെഡിലേക്ക് ഇരുന്നു അവന്റെ നെറ്റിയിൽ കൈവച്ചു നോക്കി. നന്നായി പണിക്കുന്നുണ്ട് അവന്.

“ഇച്ചായാ..”

അവൻ ചെറുതായി ഒന്ന് മൂളിയതല്ലാതെ കണ്ണ് തുറന്നു നോക്കിയില്ല.

അവൾ കുറച്ച് നേരം കൂടി അവനൊപ്പം ഇരുന്ന ശേഷം ബെഡ്ഷീറ്റ് എടുത്തു അവനെ നല്ലപോലെ പുതച്ചു കൊടുത്തു.

റൂമിലെത്തി കുറച്ച് നേരം കിടന്ന ശേഷവും അവൾക്ക് ഉറക്കം വന്നിട്ടില്ല. ശ്രീഹരിയുടെ തണുത്തു വിറച്ച് കിടക്കുന്ന രൂപം തന്നെ ആയിരുന്നു അവളുടെ മനസ്സിൽ നിറയെ. കുറച്ച് നേരം കൂടി ബെഡിൽ തിരിഞ്ഞു മറിഞ്ഞു കിടന്ന ശേഷം അവൾ എഴുന്നേറ്റ് ശ്രീഹരിയുടെ റൂമിലേക്ക് നടന്നു.

അവന്റെ റൂമിൽ എത്തിയ ജീന കുറച്ച് നേരം ശ്രീഹരിയെ നോക്കിയ ശേഷം അവന്റെ പുതപ്പിനിടയിലേക്ക് നൂഴ്ന്ന് കയറി.

ഒരു കുഞ്ഞിനെ എന്നുവന്നാൽ അവൾ ശ്രീഹരിയോടെ ചേർന്ന് കിടന്ന് അവന്റെ തലപിടിച്ച് തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു. തണുപ്പിൽ നിന്നും ഒരു ആശ്വാസത്തിന് എന്നവണ്ണം അവനും പാതിബോധത്തിൽ അവളെ ഇറുകെ കെട്ടിപ്പിടിച്ചു. അവന്റെ ചൂട് നിശ്വാസം നെഞ്ചിൽ പതിക്കുമ്പോൾ അവൾ ശ്രീഹരിയുടെ മുടിയിൽ തലോടി പതുക്കെ ഉറക്കത്തിലേക്ക് വീണു. അവളിൽ നിന്നും പകർന്നു കിട്ടിയ ചൂടിന്റെ ആശ്വാസത്തിൽ അവനും ഗാഢമായ ഉറക്കത്തിലാഴ്ന്നു.

Leave a Reply

Your email address will not be published. Required fields are marked *