മനസ്സിൽ പെട്ടെന്നുണ്ടായ ഒരു സന്തോഷത്തിന്റെ വികാരത്തിൽ ആയിരുന്നു ജീന അവനെ കെട്ടിപിടിച്ചത്. അതുകൊണ്ട് തന്നെ അവനിൽ നിന്നും അകന്നു മാറുമ്പോൾ ഒരു ജാള്യത അവളുടെ മുഖത്ത് ഉണ്ടായിരുന്നു. അത് മറയ്ക്കാനെന്നവണ്ണം അവൾ ചോദിച്ചു.
“ഞാൻ എന്റെ ഇച്ചായൻ കെട്ടിപ്പിടിക്കുന്നതിന് ഇവർക്കെന്താ?”
ജീനയുടെ മുഖത്ത് ഉണ്ടായിരുന്ന ചമ്മൽ മനസിലാക്കിയ ശ്രീഹരി അവളുടെ തോളിൽ കൈയിട്ട് തന്നിലേക്ക് അടുപ്പിച്ചിരുത്തി.
അവനിലേക്ക് തല ചേർത്തുകൊണ്ട് ജീന പറഞ്ഞു.
“ഞാൻ ഒരു കാര്യം പറഞ്ഞാൽ ഇച്ചായൻ കേൾക്കുമോ?”
തെല്ലൊരു ജിജ്ഞാസയോടെ അവൻ ചോദിച്ചു.
“എന്താ?”
“ആദ്യം എനിക്ക് വാക്ക് താ ഞാൻ പറയുന്ന കാര്യം അനുസരിക്കുമെന്ന്.”
ഒന്ന് ആലോചിക്കാന്പോലും ചെയ്യാതെ അവൻ പറഞ്ഞു.
“കല്യാണ കാര്യം ഒഴിച്ച് ബാക്കി നീ എന്ത് പറഞ്ഞാലും ഞാൻ കേട്ടോള്ളം.”
ശ്രീഹരിയിൽ നിന്നും തല ആകർത്തിമാറ്റി അവന്റെ മുഖത്ത് നോക്കികൊണ്ട് അവൾ പറഞ്ഞു.
“ഇച്ചായന്റെ കല്യാണം കഴിയുന്നവരെ ഇനി ഒരു പെണ്ണുമായും ഇച്ചായന് അനാവശ്യ ബന്ധം ഉണ്ടാകരുത്.”
അവളുടെ തലയിൽ തട്ടികൊണ്ട് അവൻ പറഞ്ഞു.
“ഇത്രേ ഉള്ളായിരുന്നോ? ഇതിനായിരുന്നോ ഇത്ര ബിൽഡപ്.. ഇനി അങ്ങനൊന്നും ഉണ്ടാകില്ല.. പോരേ?”
അവൾ ഒന്നും മിണ്ടാതെ അവന്റെ തോളിലേക്ക് തല ചായ്ച്ചിരുന്നു.
നേരം ഇരുട്ടി തുടങ്ങിയപ്പോൾ അവൻ ചോദിച്ചു.
“നമുക്ക് ഇനി വീട്ടിലേക്ക് പോയല്ലോ?”
“വീട്ടിൽ പോകുന്നെന്ന് മുൻപ് ഫുഡ് കഴിക്കണം, എനിക്കിന്നിനി ഒന്നും വയ്ക്കാൻ വയ്യ.”
ഒരു ചിരിയോടെ അവൻ പറഞ്ഞു.
“ഈ ഇടയായി ഇത്തിരി മടിച്ചി ആകുന്നുണ്ടെന്ന് തോന്നുന്നു.”
അവൾ ചുമ്മാ അവനെ മുഖം കൊണ്ട് ഗോഷ്ട്ടി കാണിച്ചു.
“എന്ത് കഴിക്കാം നമുക്ക്?”
അവൾ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു.
“തട്ട് ദോശ കഴിച്ചാലോ?”
അവനും ചിന്തിച്ചപ്പോൾ വർഷങ്ങൾ ആകുന്നു തട്ട് കടയിൽ ഇരുന്നു ചെറു കാറ്റൊക്കെ കൊണ്ട് ദോശ കഴിച്ചിട്ട്.
“ശരി.. അത് തന്നെ ആക്കിക്കളയാം.”
അത് കേട്ടതും അവൾ ചാടി എഴുന്നേറ്റു.
“വാ നമുക്ക് പോകാം.”
എഴുന്നേൽക്കുന്നതിനിടയിൽ അവൻ ചോദിച്ചു.
“നിനക്കാരെങ്കിലും തട്ട് ദോശയിൽ കൈ വിഷം തന്നിട്ടുണ്ടോ?
ഡ്രസ്സ് വാങ്ങിയ കവർ അവൾ കൈയിലേക്ക് എടുത്തു.
“ഈ തട്ട് കടയും ദോശയും ഒക്കെ എനിക്കെന്റെ അച്ഛന്റെ ഓർമകളാണ്.”
അവളുടെ സ്വരത്തിൽ ഉണ്ടായിരുന്ന ഒരു ഇടർച്ച അവൻ തിരിച്ചറിഞ്ഞു.
പിന്നെ അവൻ ഒന്നും പറഞ്ഞു അവളെ വിഷമിപ്പിക്കാതെ ജീനയുടെ കൈയും പിടിച്ച് പാർക്കിനു വെളിയിലേക്ക് നടന്നു.
അവിടെ നിന്നും വീട്ടിലേക്കുള്ള വഴിയിൽ തന്നെ ഉള്ള ഒരു തട്ടുകടയിൽ ആണ് അവർ കയറിയത്. അത്യാവശ്യം തിരക്കുണ്ടായിരുന്നു അവിടെ. അതുകൊണ്ട് തന്നെ കുറച്ചു കാത്തിരുന്നിട്ടാണ് അവർക്കു ദോശ കിട്ടിയത്.
കഴിക്കുന്നതിനിടയിൽ ശ്രീഹരി ജീനയെ ശ്രദ്ധിച്ചു. ദോശ ചമ്മന്തിയിൽ മുക്കി വളരെ സാവധാനം ആസ്വദിച്ച് കഴിക്കയാണവൾ. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. മഴ പെയ്യുമെന്ന അവന് തോന്നി.
“ഡീ.. ഒന്ന് പെട്ടെന്ന് കഴിക്ക് നീ.. മഴ പെയ്യുമെന്നാ തോന്നുന്നേ.”
“ഒന്ന് പോ ഇച്ചായാ.. വല്ലപ്പോഴും ആണ് ഇങ്ങനെ ഒരു അവസരം കിട്ടുന്നെ.. അത് വാരി വലിച്ചു കഴിച്ചു കളയാതെ ആസ്വദിച്ചു കഴിക്കണം.”
അവന് അവളെ തന്നെ നോക്കി. അപ്പോഴും അവൾ ശ്രീഹരി ശ്രദ്ധിക്കാതെ കഴിക്കുവായിരുന്നു.
പാത്രത്തിൽ നിന്നും ഒന്ന് മുഖം ഉയർത്തി അവൾ അവനോടു പറഞ്ഞു.
“അതേ.. എനിക്ക് ഒരു ദോശകൂടി വേണം.”
അവന് കടക്കാരനോട് ഒരു ദോശ കൂടി പറഞ്ഞിട്ട് അവളോട് പറഞ്ഞു.
“ഫുഡൊക്കെ ഒന്ന് കൺട്രോൾ ചെയ്യണം.. കുറച്ചു വണ്ണം കൂടുന്നുണ്ട് നിനക്ക്.”
അവൾ അവന്റെ വാക്കുകൾ കേൾക്കാത്ത മട്ടിൽ ഇരുന്നു.
“അങ്ങ് വീട്ടിൽ എത്തട്ടെ.. നിന്നെ എന്റെ കൈയിൽ കിട്ടും.”
അത് കേട്ടപ്പോൾ അവളുടെ ചുണ്ടിന്റെ കോണിൽ ഒരു ചിരി നിറഞ്ഞു.
തട്ട് കടയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ശ്രീഹരി പ്രതീക്ഷിച്ചപോലെ തന്നെ മഴ പെയ്തു തുടങ്ങി.
അവന് പെട്ടെന്നുതന്നെ അവളുടെ കൈയും പിടിച്ച് അടുത്തുള്ള ബസ് സ്റ്റാൻഡിലേക്ക് ഓടിക്കയറി.
