എന്റെ നിലാപക്ഷി – 6 17അടിപൊളി 

ശ്രീഹരിയും ജീനയും ഒന്നും മനസിലാകാതെ അവളുടെ മുഖത്തേക്ക് നോക്കി.

അനുപമ ഒരു കുസൃതിയോടെ പറഞ്ഞു.

“ഇത്ര നാൾ കൂടെ നടന്നിട്ടും എനിക്കൊരു ഗിഫ്റ് വാങ്ങി തന്നിട്ടില്ലാത്ത ആള് ജീനക്ക് മാല വാങ്ങി കൊടുത്ത് ശരിയായില്ല.”

ഒരു ചിരിയോടെ ശ്രീഹരി പറഞ്ഞു.

“നിനക്കുള്ള ഗിഫ്റ് നിന്റെ കല്യാണത്തിന് ഞാൻ തരുന്നുണ്ട്.”

“കുറച്ച് കനത്തിൽ തന്നെ ആയിക്കോട്ടെ അത്.”

അത് കേട്ട് ജീന ചിരിച്ചു.

“സാർ, ഞാൻ ഒരു കാര്യം പറയാനായി വന്നത് ആണ്.”

“എന്താ?”

“എന്റെ ചെറിയൊരു ആഗ്രഹം ആണ്.”

“എന്താന്ന് പറ അനു.”

“നാളെ ഞാൻ നാട്ടിലേക്ക് പോകും. പിന്നെ ഇവിടേക്ക് ഒരു വരവ് ഉണ്ടാകില്ല..”

ഒരു നിമിഷം അവൾ നിർത്തി. ജീനയും ശ്രീഹരിയും അവളുടെ മുഖത്തേക്ക് തന്നെ ആകാംഷയോടെ നോക്കി.

“ഇന്നൊരു രാത്രി ഞാൻ നിങ്ങളോടൊപ്പം സാറിന്റെ വീട്ടിൽ നിന്നോട്ടെ?”

ശ്രീഹരി മറുപടി പറയുന്നതിന് മുൻപ് തന്നെ ജീന അതിനു മറുപടി നൽകി.

“അതിനെന്താ.. അനു വന്നൊള്ളൂ..”

അനുപമ ശ്രീഹരിയുടെ മുഖത്തേക്ക് നോക്കി. അവനും സമ്മതം ആണെന്നുള്ള രീതിയിൽ തലയാട്ടി.

സന്ധ്യ കഴിഞ്ഞു നേരം ഇരുട്ടി തുടങ്ങിയ സമയത്ത് ഡോർ ബെൽ മുഴങ്ങുന്ന ശബ്‌ദം കേട്ട് ജീന പോയി വാതിൽ തുറന്നു.

ജീന പ്രതീക്ഷിച്ചപോലെ തന്നെ അനുപമ തന്നെയായിരുന്നു വന്നിരുന്നത്.

ഓഫീസിലെ പരിപാടികൾ എല്ലാം കഴിഞ്ഞപ്പോൾ അനുപമ തന്നെയാണ് ജീനയോടു പറഞ്ഞിരുന്നത് റൂമിൽ പോയി കുളിച്ചു ഫ്രഷ് ആയി വീട്ടിൽ എത്തിക്കൊള്ളാമെന്ന്.

ജീന നിറഞ്ഞ ചിരിയോടെ അനുപമയെ അകത്തേക്ക് കൂട്ടികൊണ്ട് പോയി.

“സാർ എവിടെ?”

“അകത്തിരുന്ന് ആവി കൊള്ളുന്നുണ്ട്.”

അനുപമയുടെ ശബ്‌ദം കേട്ട് ശ്രീഹരി അവിടേക്ക് വന്നു.

“പനി കുറവില്ലേ സാർ?”

“ഈ പനി എന്നെയും കൊണ്ടേ പൊകുല്ലെന്ന തോന്നുന്നത്.”

ഒന്ന് തുമ്മിയ ശേഷം അവൻ പറഞ്ഞു.

“ഇവളുടെ വാക്കും കേട്ട് ഇവൾക്കൊപ്പം മഴയത്തു നടക്കാനിറങ്ങിയ എന്നെ പറഞ്ഞാൽ മതിയല്ലോ.”

ജീനക്കൊപ്പം മഴ നനഞ്ഞിട്ടാണ് അവന് പനി വന്നതെന്ന് അനുപമ അപ്പോഴാണ് അറിയുന്നത്. അവൾ ജീനയുടെ നേരെ നോക്കി.

“ഹലോ.. പനി വന്നെങ്കിൽ ഞാൻ വാക്ക് പറഞ്ഞപോലെ കൂടെ തന്നെ നിന്നു നോക്കുന്നും ഉണ്ട്.”

അനുപമ അവർ തമ്മിലുള്ള ബന്ധം എന്താണെന്ന് മനസിലാകാതെ നിൽക്കുക ആയിരുന്നു. ജീന എന്ത് പറഞ്ഞാലും ശ്രീഹരി അത് കേൾക്കുന്നു.. അവന്റെ ഓരോ കാര്യങ്ങളും അതീവ ശ്രദ്ധയോടെ അവൾ ചെയ്യുന്നു. എന്താണ് അവർക്കിടയിൽ ഉള്ളതെന്ന് എത്ര ആലോചിച്ചിട്ടും അനുപമക്ക് മനസിലായില്ല.

ജീന പെട്ടെന്ന് എന്തോ മണ്ടത്തരം കാണിച്ചു എന്നവണ്ണം തലക്ക് തട്ടി കൊണ്ട് പറഞ്ഞു.

“കഞ്ഞിക്കുള്ളത് അടുപ്പിൽ ഇരിക്കയാ, ഞാൻ അതങ്ങു മറന്നു.”

ജീന പെട്ടെന്ന് അടുക്കളയിലേക്ക് നടന്നു.

അവൾ പോകുന്നത് നോക്കി ശ്രീഹരി പറഞ്ഞു.

“ഒന്ന് പനി പിടിച്ച് എന്നും പറഞ്ഞു രണ്ടു ദിവസമായി അവൾ എനിക്ക് കഞ്ഞി മാത്രമേ തരുന്നേ.”

അനുപമ കൈയിൽ ഇരുന്ന കവർ സോഫയിലേക്ക് ഇട്ട ശേഷം ഒരു പുഞ്ചിരിയോടെ അടുക്കളയിലേക്ക് നടന്നു.

അനു ചെല്ലുമ്പോൾ ജീന കഞ്ഞി അടുപ്പിൽ നിന്നും ഇറക്കുകയായിരുന്നു.

“ഇന്ന് ഒന്ന് അഡ്ജസ്റ്റ് ചെയ്യണം കേട്ടോ. കഞ്ഞി ആണ് കഴിക്കാനുള്ളത്.”

അനു ചിരിച്ച് കൊണ്ട് പറഞ്ഞു.

“അതൊന്നും കുഴപ്പമില്ല.. ഇവിടെ നിങ്ങൾ രണ്ടുപേരും മാത്രേ ഉള്ളോ.”

“ആഹ്.. പകൽ ഒരു ജോലിക്കാരി വന്നു എല്ലാം വൃത്തിയാക്കിയിട്ടു പോകും.”

“ഇവിടെ സാറിന്റെ ഒപ്പം ഒറ്റയ്ക്ക് നിൽക്കുന്നതിനു ജീനയുടെ വീട്ടിൽ ആരും ഒന്നും പറഞ്ഞില്ലേ?”

ഒരു നിമിഷത്തെ നിശബ്ദ്ധതക്ക് ശേഷം അവൾ പറഞ്ഞു.

“അതിനു എനിക്കാരും ഇല്ല.. അപ്പനും അമ്മയുമെല്ലാം മരിച്ചു.”

അനുപമക്ക് ചോദിച്ചത് അബദ്ധം ആയി പോയപോലെ തോന്നി.

“അനു വാ.. നമുക്ക് കഴിക്കാനിരിക്കാം.”

മൂന്നുപേരും ആഹാരം കഴിക്കാനായി ഇരുന്നു. ജീന മൂന്നു പാത്രങ്ങളിൽ കഞ്ഞി പകർന്നു വച്ചു.

കഞ്ഞി കുടിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ശ്രീഹരി പറഞ്ഞു.

“നാളെ എങ്കിലും എനിക്ക് ചോറ് കിട്ടിയേ പറ്റുള്ളൂ.”

ജീന പെട്ടെന്ന് തന്നെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *