ജീനയുടെ കവിളുകൾ പെട്ടെന്ന് രക്തം ഇരച്ചെത്തി ചുവന്നു തുടത്തു.
“ചുമ്മാ കളിയാക്കല്ലേ ഇച്ചായാ..”
“കളിയാക്കിയതൊന്നും അല്ല.. നിന്നോട് ആരും പറഞ്ഞിട്ടില്ലേ നിന്നെ കാണാൻ ഭയങ്കര ഭംഗി ആണെന്ന്.”
“എന്നോടൊന്നും ആരും പറഞ്ഞിട്ടില്ല.”
“ആഹാ.. എങ്കിൽ അതൊന്നു അറിയണമല്ലോ.. നമുക്ക് എല്ലാപേരോടും ചോദിച്ച് നോക്കാം നിന്നെ കാണാൻ എങ്ങാനുണ്ടെന്ന്.”
അവൾ ശ്രീഹരിയെ കളിയാക്കി കൊണ്ട് പറഞ്ഞു.
“അഹ്.. എങ്കിൽ എന്നെ പിടിച്ച് നിർത്തി എല്ലാപേരോടും ചോദിച്ച് നോക്ക് എന്നെ കാണാൻ എങ്ങനുണ്ടെന്ന്.”
“ഞാൻ ചോദിക്കുമേ..”
“അഹ്, ചോദിച്ചോന്നെ..”
ശ്രീഹരി പെട്ടെന്ന് ഫോൺ എടുത്ത് HR മാനേജരെ വിളിച്ച് പറഞ്ഞു കാബിനിലേക്ക് വരാൻ.
നിമിഷങ്ങൾക്കകം HR മാനേജർ കാബിനിൽ എത്തി.
“എന്താ സാർ വിളിച്ചത്.”
“നമ്മുടെ സ്റ്റാഫിനോടെല്ലാം ജോലി നിർത്തി പെട്ടെന്ന് തന്നെ ഹാളിലേക്ക് വരാൻ പറ.”
ശ്രീഹരി പറഞ്ഞത് കേട്ട് ജീന ഒന്ന് ഞെട്ടി.
ശ്രീഹരി എന്താ അങ്ങനെ ഒരു ആവിശ്യം പറഞ്ഞതെന്ന് അറിയാതെ ഒരു നിമിഷം അവിടെ അറച്ച് നിന്ന ശേഷം HR മാനേജർ കാബിനു പുറത്തേക്ക് പോയി.
HR മാനേജർ പുറത്തേക്ക് പോയതും ജീന ചോദിച്ചു.
“എന്തിനാ എല്ലാരോടും ഹാളിൽ വരാൻ പറഞ്ഞെ?”
“നീ അല്ലെ പറഞ്ഞത് എല്ലാരോടും നിന്നെ കാണാൻ എങ്ങനുണ്ടെന്ന് ചോദിയ്ക്കാൻ.”
“ഇച്ചായാ.. തമാശ കളിക്കല്ലേ.”
ഒരു പൊട്ടിച്ചിരി ആയിരുന്നു അതിനുള്ള മറുപടി.
കുറച്ച് കഴിഞ്ഞപ്പോൾ എല്ലാരും ഹാളിൽ എത്തിയിട്ടുണ്ടെന്ന് അറിയിച്ച് HR മാനേജരുടെ ഫോൺ വന്നു.
ശ്രീഹരി ജീനയുടെ കൈയും പിടിച്ച് അവിടേക്ക് നടന്നു.
“ഇച്ചായൻ സത്യായിട്ടും ചോദിയ്ക്കാൻ പോകയാണോ?”
“പിന്നല്ലാതെ..”
അവൻ അങ്ങനെ പറഞ്ഞെങ്കിലും ശ്രീഹരി വേറെ എന്തോ കാര്യത്തിനാണ് എല്ലാരേയും വിളിച്ച് കൂട്ടിയതെന്ന് അവൾ മനസിനുള്ളിൽ കണക്ക് കൂട്ടുന്നുണ്ടായിരുന്നു.
“ഇച്ചായൻ വേറെ എന്തോ പറയാനാണ് അവരെയെല്ലാം വിളിച്ചതെന്ന് എനിക്കറിയാം.”
ശ്രീഹരി ഒരു പുഞ്ചിരിയോടെ നടത്ത തുടർന്നു.
അവർ ഹാളിൽ എത്തുമ്പോൾ എല്ലാപേരും എന്തിനാണ് വിളിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിൽ നിൽക്കുകയായിരുന്നു.
എല്ലാപേരോടും ആയി ശ്രീഹരി ചോദിച്ചു.
“ഹലോ.. എല്ലാപേരും എത്തിയിട്ടില്ലെ..”
അവർ ഒരുമിച്ചു എത്തിയിട്ടുണ്ടെന്നു മറുപടി നൽകി.
“സന്തോഷകരമായ ഒരു കാര്യം അറിയിക്കാന് ഞാൻ എല്ലാരേയും എവിടേക്ക് വിളിപ്പിച്ചത്.”
എല്ലാപേരും അവന്റെ വാക്കുകൾക്കായി ആകാംഷയോടെ കാത് കൂർപ്പിച്ചു.
“അടുത്ത മാസം 18 ന് എന്റെ കല്യാണം ആണ്. വിവാഹ നിച്ഛയം ആയിട്ടൊന്നും ഇല്ലായിരുന്നു.. അതാണ് നിങ്ങളെ ഒന്നും അറിയിക്കാൻ കഴിയാഞ്ഞത്.”
ജീന ചെറിയൊരു ഞെട്ടലിൽ ആയിരുന്നു. ശ്രീഹരിയിൽ നിന്നും എല്ലാരുടെയും മുന്നിൽ ഇങ്ങനെ ഒരു അറിയിപ്പ് അവൾ പ്രതീക്ഷിച്ചിരുന്നില്ല.
കൂട്ടത്തിൽ നിന്നും ആരോ വിളിച്ച് ചോദിച്ചു.
“സാർ.. ആരാണ് വധു.”
ചെറിയൊരു ചിരിയോടെ ശ്രീഹരി പറഞ്ഞു.
“നിങ്ങൾക്ക് എല്ലാപേർക്കും അറിയാവുന്ന ഒരാൾ തന്നെയാണ്.”
ശ്രീഹരി ചെറിയൊരു പതർച്ചയോടെ അരികിൽ നിൽക്കുന്ന ജീനയുടെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
“ജീന ആണ് എന്റെ ഭാവി വധു.”
എല്ലാപേരും ആശ്ചര്യത്തോടെ മുഖത്തോടു മുഖം നോക്കി. അവർ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഓഫീസിൽ ചില സംസാരങ്ങൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം ഗോഡിപ്പുകൾ ആയി മാത്രം അവസാനിക്കുമെന്നാണ് ഭൂരിഭാഗം പേരും കണക്ക് കൂട്ടിയിരുന്നത്.
“വർക്കല ശിവഗിരിയിൽ വച്ച് വളരെ അടുത്ത ബന്ധുക്കൾ മാത്രമുള്ള ഒരു ചടങ്ങയിട്ടാണ് കല്യാണം നടത്താൻ തീരുമാനം. അതുകൊണ്ട് തന്നെ നിങ്ങളെ ക്ഷണിക്കുവാൻ നിർവാഹമില്ല.. കല്യാണത്തിന് ശേഷം നിങ്ങൾക്കെല്ലാപേർക്കുമായി ഒരു ഭഗ്‌ഷൻ നടത്തുന്നതാണ്.”
പെണ്ണുങ്ങളിൽ പലരും അസൂയയോട് കൂടിതന്നെയാണ് അപ്പോൾ ജീനയെ നോക്കിയത്. ശ്രീഹരി കാബിനിലേക്ക് തിരികെ നടന്നപ്പോൾ ഓരോരുത്തർ ജീനയോടു അഭിനന്ദനം അറിയിച്ച് തുടങ്ങി. ജീന ഒരു പുഞ്ചിരിയോടെ അവർക്കിടയിൽ നിന്നു.
