എന്റെ നിലാപക്ഷി – 9 18അടിപൊളി 

അംബികാമ്മ – അവൾ അടുക്കളയിൽ ഉണ്ട്. നിങ്ങൾക്ക് ഉള്ള ആഹാരം ഉണ്ടാക്കുവാണ്.”

വിദ്യ – ജീനയുടെ സ്‌പെഷ്യൽ ബീഫ് വരട്ടിയത് നിങ്ങൾ കഴിച്ചിട്ടില്ലല്ലോ. ഇന്ന് കഴിച്ചിട്ട് പോകാം.

മൂത്ത ചിറ്റപ്പൻ – ആ കുട്ടിയെ ഇങ്ങോട്ടൊന്നു വിളിച്ചേ..

വിദ്യ വേഗം അടുക്കളയിലേക്ക് പോയി ജീനയെ കൂട്ടികൊണ്ടു വന്നു. അവൾ അടുക്കളയിൽ പാചകത്തിൽ ആയിരുന്നെങ്കിലും അവിടെ നടക്കുന്ന സംസാരം എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അടുക്കളയിലെ ചൂടിൽ ചെറുതായി വിയർത്ത് നിന്ന ജീനയെ നോക്കികൊണ്ട്‌ മൂത്ത ചിറ്റപ്പൻ പറഞ്ഞു.

“അപ്പോഴേ ഞങ്ങൾ ഈ കല്യാണം ഉറപ്പിച്ച് കേട്ടോ.. ഞങ്ങൾക്ക് പൂർണ സമ്മതം ആണ്.”

ജീനയുടെ മുഖത്ത് സന്തോഷത്തിന്റെ ഒരു പുഞ്ചിരി വിടർന്നു.

ഇളയ ചിറ്റപ്പൻ – അപ്പോൾ പാചകം ഒക്കെ കഴിഞ്ഞോ.

ജീന – അഹ്.. കഴിഞ്ഞു.

ഇളയ ചിറ്റപ്പൻ – എങ്കിൽ നമുക്ക് കഴിക്കാൻ ഇരുന്നാലോ. പോയിട്ട് കുറച്ച് കാര്യങ്ങൾ ഉണ്ടായിരുന്നു.

എല്ലാരും ആ ഒരു അഭിപ്രായത്തോട് യോചിച്ചു.

ജീനയും വിദ്യയും ഒഴികെ ബാക്കി എല്ലാപേരും ആഹാരം കഴിക്കാനായി ഇരുന്നു.

ആസ്വദിച്ച് ആഹാരം കഴിക്കുന്നതിനിടയിൽ വാസുകി പറഞ്ഞു.

“വിദ്യ പറഞ്ഞത് ശരി തന്നെയാണ്.. ജീന ഉണ്ടാക്കിയ ബീഫ് വരട്ടിയത് ഒരു സ്പെഷ്യൽ ടേസ്റ്റ് തന്നെയാണ്.”

ചിറ്റപ്പന്മാരും അത് ശരി വെച്ചു.

ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മൂത്ത ചിറ്റപ്പൻ ചോദിച്ചു.

“കല്യാണം എന്നത്തേക്ക് നടത്തണമെന്ന് വല്ല തീരുമാനവും എടുത്തിട്ടുണ്ടോ?”

അംബികാമ്മയാണ് അതിനു മറുപടി നൽകിയത്.

“ഒരുപാട് നീട്ടികൊണ്ടു പോകണ്ട എന്നാണ് എനിക്ക്.”

ശ്രീഹരി പറഞ്ഞു.

“കല്യാണം എന്ന് നടത്തണമെന്നുള്ളതൊക്കെ നിങ്ങൾ എല്ലാപേരും തീരുമാനിച്ചോ.. പക്ഷെ ഒരു കാര്യത്തിൽ എനിക്കൊരു തീരുമാനം ഉണ്ട്.”

എല്ലാപേരും അവന്റെ മുഖത്തേക്ക് നോക്കി.

“ഞാൻ ഈ കല്യാണ ആലോചന മുന്നോട്ടു വച്ചപ്പോൾ ഉയർന്ന കേട്ട ഒരു കാര്യവുമാണ് അവളുടെ മതം. അതുകൊണ്ടു തന്നെ കല്യാണം വർക്കല ശിവഗിരിയിൽ വച്ച് നടത്താനാണ് എന്റെ തീരുമാനം. അവിടിരിക്കുന്ന ആള് പറഞ്ഞിരിക്കുന്നത് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നാണല്ലോ.”

ശ്രീഹരി ഒരു തീരുമാനം എടുത്താൽ അതിൽ ഒരു മാറ്റം കാണില്ലെന്ന് അറിയാവുന്നതിനാൽ ആരും എതിർപ്പ് പറഞ്ഞില്ല. അംബികാമ്മയും വിചാരിച്ചു ശ്രീനാരായണ ഗുരുവിന്റെ മുന്നിൽ വച്ചതന്നെ ആ കല്യാണം നടക്കട്ടെ എന്ന്.

ആഹാരം കഴിച്ച്‌ കുറച്ച് നേരം കൂടി ഇരുന്ന ശേഷം ചിറ്റപ്പന്മാരും വാസുകിയും അവിടെ നിന്നും യാത്ര പറഞ്ഞ് ഇറങ്ങി.

അവർ പോയി കഴിഞ്ഞ ശേഷമാണ് ജീനയും വിദ്യയും ആഹാരം കഴിക്കാൻ ഇരുന്നത്.

അവർ ആഹാരം കഴിക്കുന്നത് നോക്കി ശ്രീഹരിയും അടുത്ത് ഇരുപ്പുണ്ടായിരുന്നു.

ഒരു കഷണം ബീഫ് വായിലേക്ക് എടുത്തിട്ട് ചവച്ച് കൊണ്ട് വിദ്യ പറഞ്ഞു.

“ഈ കല്യാണത്തിന് ഫുൾ സപ്പോർട്ട് ചെയ്തതിനു പകരമായി നീ ഞാൻ പറയുന്ന ഒരു കാര്യം അനുസരിച്ചേ പറ്റു.”

ഒരു ചിരിയോടെ ജീന പറഞ്ഞു.

“നീ എന്ത് വേണമെങ്കിലും പറഞ്ഞോ. ഞാൻ അനുസരിച്ച് കൊള്ളാം.”

“ഇതേ ടെസ്റ്റിൽ ബീഫ് വരട്ടിയത് ഉണ്ടാക്കാൻ നീ എന്നെ പഠിപ്പിക്കണം.”

അത് കേട്ടതും വിദ്യയെ ചോദിപ്പിക്കാനായി ശ്രീഹരി പറഞ്ഞു.

“അതൊന്നും പറ്റില്ല.. ഈ ടേസ്റ്റിൽ ജീന എനിക്ക് മാത്രം ഉണ്ടാക്കി തന്നാൽ മതി. അതിൽ വേറെ ആർക്കും അവകാശം ഇല്ല.”

“അയ്യടാ.. ഇവൾ ചേട്ടന്റെ ഭാവി ഭാര്യ ആണെങ്കിൽ എന്റെ ഭാവി നാത്തൂനും ആണ്, ഇയ്യാളെ പോലെ തന്നെ എനിക്കും അവളിൽ അവകാശം ഉണ്ട്.”

ജീന പെട്ടെന്ന് അതിൽ ഇടപെട്ടു.

“മതി മതി. രണ്ടുക്കൂടി ഇതിന്റെ പേരിൽ അടി ഉണ്ടാക്കിയാൽ ഞാൻ ഇനി ഈ ഒരു ഐറ്റം ഉണ്ടാക്കതെ ഇല്ല.”

അപ്പോഴാണ് ശ്രീഹരി ജീനയുടെ പാത്രത്തിൽ ചോറ് തീരാറായത് ശ്രദ്ധിച്ചത്. അവൻ കുറച്ച് ചോറ് അവളുടെ പ്ലേറ്റിലേക്ക് വിളമ്പി.

“അയ്യോ.. ഇച്ചായാ എനിക്ക് മതി, വയറു നിറഞ്ഞു.”

ഇത് കണ്ടതും വിദ്യ പറഞ്ഞു.

“ജീവിതത്തിൽ ഇതേവരെ എനിക്ക് ഒരു തവി ചോറ് വിളമ്പി തന്നിട്ടില്ല എന്റെ സഹോദരൻ. എന്നിട്ട് കെട്ടാൻ പോകുന്ന പെണ്ണിന് ഒരു ഉളുപ്പുമില്ലാതെ വിളമ്പി കൊടുക്കുന്നു.. എന്താ സ്നേഹം..”

Leave a Reply

Your email address will not be published. Required fields are marked *