എന്റെ നിലാപക്ഷി – 9 18അടിപൊളി 

ശ്രീഹരി ഒരു വെള്ള മുണ്ടും ഷർട്ടും ആണ് ധരിച്ചത്.

റിസോർട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ മൂത്ത ചിറ്റപ്പനോട് വിവേക് പറഞ്ഞു.

“ക്ഷേത്രത്തിൽ തൊഴുത് കഴിഞ്ഞ് ഞങ്ങൾ നേരെ ശിവഗിരിയിലേക്ക് ആയിരിക്കും പോകുന്നത്. അത് കണക്കാക്കി നിങ്ങളും ഇവിടെ നിന്നും ഇറങ്ങിയാൽ മതി.

ചിറ്റപ്പൻ പറഞ്ഞു.

“നിങ്ങൾ തിരക്കൊന്നും പിടിക്കേണ്ട.. 11 മണിക്കാണ് മുഹൂർത്തം. ധാരാളം സമയം ഉണ്ട്. ക്ഷേത്രത്തിൽ നിന്നും 15 മിനിറ്റ് യാത്രയെ ശിവഗിരിയിലേക്ക് ഉള്ളു.”

എല്ലാരോടും യാത്ര പറഞ്ഞ് ശ്രീഹരിയും ജീനയും വിദ്യയും വിവേകും കാറിലേക്ക് കയറി. വിവേക് ആണ് കാർ ഓടിച്ചത്.. ശ്രീഹരിയും ജീനയും പിന്നിൽ ഇരുന്നു.

അമ്മയുടെ നിർബന്ധം ആയിരുന്നു അവർ കല്യാണത്തിന് മുൻപ് വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ കയറി തൊഴുവണമെന്ന്. അവർ അമ്മയുടെ ആവിശ്യം അംഗീകരിക്കുകയും ചെയ്തു.

കുറച്ച് സമയത്തിനകം തന്നെ അവർ ക്ഷേത്രത്തിനു മുന്നിൽ എത്തി. കുളക്കടവിന് അരികിൽ കാർ പാർക്ക് ചെയ്ത അവർ പടികൾ കയറി ക്ഷേത്രത്തിലേക്ക് നടന്നു.

ക്ഷേത്ര കോവിലിനു അകത്തേക്ക് കയറണമെങ്കിൽ ഉടുപ്പ് ഊരണമായിരുന്നു. ശ്രീഹരിയും വിവേകും ഉടുപ്പൂരി കൈയിൽ പിടിച്ച് അകത്തേക്ക് കയറി. നല്ല തിരക്കുണ്ടായിരുന്നതിനാൽ കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ശ്രീകോവിലിന് മുന്നിൽ എത്താൻ കഴിഞ്ഞത്. ശ്രീഹരിക്ക് തൊട്ട് മുന്നിൽ നിന്നിരുന്ന ജീന കണ്ണുകൾ അടച്ച്‌ നല്ലൊരു ജീവിതത്തിനായി മനം ഉരുകി പ്രാർത്ഥിച്ചു. ക്ഷേത്രത്തിനു ചുറ്റും നടന്ന് പ്രാർത്ഥിച്ച് പടികൾ ഇറങ്ങി താഴെ വരുമ്പോൾ 9 മണി ആയിരുന്നു.

വലിയൊരു അമ്പലക്കുളമായിരുന്നു അവിടത്തേത്. വിദ്യ ആദ്യമായിട്ടാണ് അവിടെ വന്നത്. അവൾക്ക് ക്ഷേത്രവും അമ്പലക്കുളവുമെല്ലാം വളരെയധികം ഇഷ്ട്ടമായി. അത് അവരോടു പറയുകയും ചെയ്തു.

അമ്മാവന്റെ വാക്കുകൾ പോലെ തന്നെ 15 മിനിട്ടത്തെ യാത്ര കൊണ്ട് അവർ ശിവഗിരിയിൽ എത്തി ചേർന്നു.

റിസോർട്ടിൽ നിന്നും ബാക്കി ഉള്ളവരും ഇതിനകം തന്നെ അവിടെ എത്തി ചേർന്നു.

ശിവഗിരിയിലെ തിരക്ക് കണ്ട് കാറിൽ നിന്നും ഇറങ്ങിയ വിദ്യ ചോദിച്ചു.

“ഇവിടെ എന്താ ഇത്ര അധികം ആളുകൾ.”

ഒരു ചിരിയോടെ വിവേക് ചോദിച്ചു.

“നീ എന്താ കരുതിയെ ഇന്ന് ഇവിടെ അളിയന്റെ മാത്രം കല്യാണം ആണ് നാടക്കുന്നതെന്നോ?”

“പിന്നെ?”

ശ്രീഹരി ആണ് അതിനുള്ള മറുപടി നൽകിയത്.

“ഇവിടെ ദിവസവും രണ്ടും മൂന്നും കല്യാണം നടക്കും. നല്ല മുഹൂർത്തമുള്ള ദിവസമാണെങ്കിൽ പത്തിലേറെ കല്യാണം നടക്കും.”

അവർക്ക് അരികിലേക്ക് എത്തിയ ഇളയ ചിറ്റപ്പൻ പറഞ്ഞു.

“ഇന്നത്തെ മൂന്നാമത്തെ കല്യാണം ആണ് നമ്മുടേത്. സമയത് പേര് വിളിക്കുമ്പോൾ നമ്മൾ അവിടെ കാണണം.”

ജീനയുടെ മുഖത്ത് കല്യാണത്തിന്റെ പരിഭ്രമങ്ങൾ അപ്പോൾ നിറഞ്ഞു തുടങ്ങിയിരുന്നു.

ചിറ്റപ്പൻ ശ്രീഹരിയുടെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.

“അമ്മയും എല്ലാപേരും ഇവിടെ നമുക്ക് ആയി തന്നിട്ടുള്ള മുറിയിൽ ഉണ്ട്. അവിടെ പോയി എല്ലാപേരുടെയും അനുഗ്രഹം വാങ്ങണം. അതിന് മുൻപായി നിങ്ങൾ മുകളിൽ പോയി ഗുരുദേവനെ കണ്ട് പ്രാർത്ഥിക്ക്.ഞാൻ ഇവിടെ തന്നെ കാണും.”

അവർ നാലുപേരും പടികൾ കയറി ഗുരുദേവ സന്നിധിയിലേക്ക് നടന്നു. വളരെ തണുപ്പ് നിറഞ്ഞ ഒരു അന്തരീഷം ആയിരുന്നു അവിടത്തേത്. പടികൾ കയറി മുകളിൽ എത്തിയപ്പോൾ അവിടെ വലിയ തിരക്കുകളൊന്നും അനുഭവപെട്ടിരുന്നില്ല.

ഗുരുദേവ മന്ദിരത്തിന് മുന്നിൽ എത്തിയ ജീന തൊഴുവാനായി തുനിഞ്ഞപ്പോൾ ശ്രീഹരി അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു.

“തൊഴരുത്.”

“അതെന്താ?”

“ഇദ്ദേഹം ഒരുപാട് അറിവും ജ്ഞാനവും ഉണ്ടായിരുന്ന ഒരു വ്യക്തി ആയിരുന്നു. ഗുരു പറഞ്ഞിരുക്കുന്നതും തന്നെ ആരും ദൈവമായി കാണരുതെന്നും തൊഴുത് പ്രാർത്ഥിക്കരുതെന്നും ആണ്.”

ജീന അപ്പോൾ പിന്നെ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോൾ വിവേക് പറഞ്ഞു.

“മനസുകൊണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹം ചോദിച്ച് വാങ്ങുക.”

ശ്രീഹരിയും ജീനയും കണ്ണടച്ച് നിന്ന് മനസുകൊണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *