എന്റെ നിലാപക്ഷി – 9 18അടിപൊളി 

അമ്മ പെട്ടെന്ന് അവളെ കെട്ടിപിടിച്ച് കൊണ്ട് പറഞ്ഞു.

“സന്തോഷമായി മോളെ എനിക്ക്. നീ ഈ കല്യാണത്തിന് സമ്മതിക്കാതിരിക്കുമോ എന്നൊരു ചെറിയ ഭയം എനിക്കുണ്ടായിരുന്നു.”

അമ്മയുടെ ആ വാക്കുകൾ കേട്ടപ്പോഴാണ് ജീനക്ക് സമാധാനം ആയത്.

എങ്കിലും അവൾ പറഞ്ഞു.

“എനിക്ക് ഈ വീട്ടിൽ മരുമകളായി വന്നു കയറാനുള്ള യോഗ്യത ഉണ്ടോ എന്നൊന്നും എനിക്കറിയില്ല.. അതുകൊണ്ട് കുടുംബക്കാരോട് എല്ലാം പറഞ്ഞ് അവർക്ക് സമ്മതം ആണെങ്കിൽ മതി ഈ കല്യാണം.”

അവളുടെ മുടിയിൽ തലോടി കൊണ്ട് ‘അമ്മ പറഞ്ഞു.

“ഞങ്ങൾക്കെല്ലാം അറിയില്ലേ നിന്നെ.. ഒരാൾക്ക് പോലും മോളെ ഇഷ്ട്ടപെടാതിരിക്കില്ല.. ഞാൻ ഈ സന്തോഷ വാർത്ത ഒന്ന് വിദ്യയെ വിളിച്ച് പറയട്ടെ.”

ശ്രീഹരി പെട്ടെന്ന് പറഞ്ഞു.

“വിളിച്ചൊന്നും പറയണ്ട.. നേരിട്ടു തന്നെ പറഞ്ഞു കളയാം. വൈകുന്നേരം നമുക്ക് അവിടേക്ക് പോകാം.”

അമ്മയ്ക്കും അത് സമ്മതം ആയിരുന്നു. വിദ്യയെ ഒന്ന് കാണുകയും ചെയ്യാമല്ലോ.

ആഹാരം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ശ്രീഹരി ജീനയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. ഒന്നിലും ഒരു ഉത്സാഹമില്ലാത്ത പോലെ. യാന്ത്രികമായി ഒന്നിലും ശ്രദ്ധിക്കാതെ ഇരുന്നു ആഹാരം കഴിക്കുന്നു.

ആഹാരം കഴിച്ച്‌ കഴിഞ്ഞു അവൾ റൂമിലേക്ക് പോയപ്പോൾ അവനും അവളുടെ പിന്നാലെതന്നെ അവിടേക്ക് ചെന്നു.

ബെഡിൽ കിടക്കുകയായിരുന്ന ജീന പെട്ടെന്ന് അവനെ റൂമിൽ കണ്ടപ്പോൾ ഞെട്ടി എഴുന്നേറ്റു.

ശ്രീഹരി സാവധാനം അവൽക്കരികിൽ ആയി ഇരുന്ന ശേഷം ചോദിച്ചു.

“നിനക്കെന്താ ജീന പറ്റിയത്?”

ഈ ചോദ്യം അവനിൽ നിന്നും പ്രധീക്ഷിച്ചിരുന്നത് കൊണ്ട് തന്നെ ജീന ഒട്ടും വൈകാതെ മറുപടി നൽകി.

“എനിക്ക് കല്യാണത്തിന് സമ്മതമാണെന്ന് രണ്ടു ദിവസം മുൻപ് ഞാൻ ഇച്ചായനോട് പറഞ്ഞു. പക്ഷെ ഇപ്പോൾ ആലോചിക്കുമ്പോൾ അത് ശരിയായിരുന്നൊ എന്നൊരു തോന്നൽ.”

“നമ്മൾ എല്ലാം അവിടെ വച്ച് സംസാരിച്ചതല്ലേ.. പിന്നെന്താ ഇപ്പോൾ ഇങ്ങനെ ഒരു തോന്നൽ?”

“അറിയില്ല ഇച്ഛയാ എനിക്ക്.. ഒന്നും എന്റെ മനസ്സിൽ നിന്നും വിട്ട് പോകുന്നില്ല. എല്ലാരിൽ നിന്നും ഞാൻ ആരാണെന്ന് മറച്ച് വച്ചാണ് ഈ കുടുംബത്തിലേക്ക് വന്ന് കയറാൻ പോകുന്നതെന്നൊരു തോന്നൽ.”

അത് പറയുമ്പോൾ അവളുടെ സ്വരം ഒന്ന് ഇടറിയിരുന്നു.

അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുകൊണ്ട് അവൻ പറഞ്ഞു.

“അങ്ങനെ ഒരു തോന്നലിന്റെ ആവിശ്യം നിനക്കില്ല.. കാരണം ഞാൻ ആണ് നിന്നെ കെട്ടുന്നത്.. എനിക്ക് നിന്നെ കുറിച്ച് അറിയാത്തതായി ഒന്നും ഇല്ല.”

അവന്റെ നെഞ്ചിലേക്ക് തന്നെ പറ്റി ചേർന്ന് ഇരുന്നുകൊണ്ട് അവൾ ചോദിച്ചു.

“ഇന്ന് വിദ്യയെ കാണാൻ പോകുമ്പോൾ ഞാനും വരണോ?”

“വേണം.. അമ്മയിൽ നിന്നും വിദ്യയിൽ നിന്നും അവരുടെ സമ്മതം നീ നേരിട്ട് തന്നെ കേൾക്കണമെന്നുള്ളത് എന്റെ ആഗ്രഹം ആണ്. അമ്മയുടെ മനസ് നീ അറിഞ്ഞു കഴിഞ്ഞു, ഇനി വിദ്യ..”

കുറച്ച് നേരത്തേക്ക് മൗനമായി ഇരുന്ന ശേഷം എന്തോ ആലോചിച്ച്‌ ഉറപ്പിച്ചെന്നവണ്ണം അവൾ പറഞ്ഞു.

“ഞാനും വരുന്നു.. എനിക്കും വിദ്യയെ കാണണം.”

വിദ്യ ഇടക്കിടക്ക് വെളിയിലേക്ക് പോയി നോക്കുന്നത് കണ്ട് വിവേക് പറഞ്ഞു.

“ഡി.. അവർ ഇങ്ങു വന്നോളും.”

ചെറിയൊരു ജാള്യതയോടെ വിദ്യ പറഞ്ഞു.

“ഹോസ്റ്റലിൽ നിന്ന് പഠിക്കുമ്പോൾ വീട്ടിൽ നിന്ന് മാറി നിന്നിട്ടുടെങ്കിലും പഠിത്തത്തിനു ശേഷം ഇത്രേം ദിവസം അമ്മയെ കാണാതെ നിൽക്കുന്നത് ആദ്യമായിട്ടാണ്.”

“അല്ലെങ്കിലും ഈ ആണുങ്ങൾക്ക് അറിയില്ലല്ലോ കല്യാണ ശേഷം വീട്ടിൽ നിന്നും മാറി നിൽക്കുന്ന പെണ്ണുങ്ങളുടെ വിഷമം.”

ഹാളിലേക്ക് നടന്നു വന്ന വിവേകിന്റെ അമ്മയുടെ വകയായിരുന്നു ആ വാചകം. അതുകേട്ട് അവന്റെ അച്ഛന്റെ ചുണ്ടിൽ ചെറുതായൊരു പുഞ്ചിരി വിരിഞ്ഞു.

അപ്പോഴേക്കും അവരുടെ കാതുകളിൽ മുറ്റത്ത് ഒരു കാർ വന്നു നിന്നതിന്റെ ശബ്‌ദം പതിഞ്ഞു. അത് കേട്ടതും വിദ്യ ഹാളിൽ നിന്നും പെട്ടെന്ന് വീടിന് വെളിയിലേക്ക് നടന്നു.

വീടിനു വെളിയിൽ എത്തിയ അവൾ കാറിൽ നിന്നും ഇറങ്ങുന്ന അമ്മയെ കണ്ട് ഓടിച്ചെന്ന് കെട്ടി പിടിച്ചു. ഈ സമയം തന്നെ ശ്രീഹരിയും ജീനയും കാറിൽ നിന്നും പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *