‘ഇയാളെ എനിക്ക് അറിയില്ലല്ലോ….?
എന്നെ അറിയുമെന്നല്ലേ ഫോൺ വിളിക്കുമ്പോ പറഞ്ഞത്. ഞാൻ അത് ചോദിച്ചു
‘ഞാൻ നന്ദു.. നമ്മൾ ഈയിടെ ഫോൺ വിളിച്ചില്ലേ..?
‘ഓ… നന്ദു… ഞാൻ മറന്നു പോയി.. സോറി കേട്ടോ…’
അത് പറഞ്ഞിട്ട് ചേച്ചി ചിരിച്ചു. ജാനു ചേച്ചി ആണേൽ പൊട്ടിച്ചിരിക്കാനും തുടങ്ങി. എന്നെ കളിയാക്കി ചിരിക്കുന്ന പോലെ എനിക്ക് തോന്നി. അതിന് മാത്രം മണ്ടത്തരം ഞാൻ എന്തേലും എഴുന്നള്ളിച്ചോ..? ഞാൻ ആകെ കൺഫ്യൂഷൻ ആയി. ജാനു ചേച്ചി കാര്യം പറയുമ്പോ ആണ് ഇവർ എന്നെ പറ്റിച്ച കാര്യം ഞാൻ മനസിലാക്കിയത്
‘എടാ മണ്ടച്ചാരെ.., ഇത് ശിവ അല്ല….’
ജാനു ചേച്ചി എന്നെ ആക്കിയതാണ്. അപ്പോൾ തല തുവർത്തി വന്നത് ശിവ ചേച്ചി അല്ലായിരുന്നു. അത് കല്യാണി ചേച്ചി ആണ്. ആര്യ ചേച്ചിയുടെ അനിയത്തി.. കല്ലു എന്ന് വിളിക്കും.. കല്ലു ചേച്ചിയെ ആണ് ഞാൻ ശിവ ചേച്ചി ആയി തെറ്റിദ്ധരിച്ചത്. അപ്പോ എന്റെ ഉള്ളിൽ വലിയൊരു ചോദ്യം ഉണ്ടായി. കല്ലുവിനെ കണ്ടപ്പോ ശിവ ചേച്ചി ആയി എനിക്ക് തോന്നി. കാരണം കല്യാണി അത്രക്ക് സുന്ദരി ആയിരുന്നു.. അപ്പോൾ ശരിക്കുള്ള ശിവ ചേച്ചി ഇതിലും സുന്ദരി ആണോ..? കല്ലുവിനെക്കാൾ സുന്ദരി…? എന്നിട്ട് ആ സുന്ദരി എവിടെ…..?
‘ശിവ ചേച്ചി എന്തിയെ…?
ഗായത്രി ചേച്ചി ചോദിച്ചു
‘ശിവ ചേച്ചി ദേ അകത്തിരുന്നു മോന്ത മുഴുവൻ മഞ്ഞൾ ഇടുന്നു. ഞങ്ങളുടെ നാട്ടിൽ വന്നു മുഖം ആകെ കറുത്ത് പോയെന്നാണ് ചേച്ചി പറയുന്നേ…’
കല്ലു ആണ് മറുപടി പറഞ്ഞത്
‘എനിക്കൂടെ വേണം മഞ്ഞൾ. മുഖത്തിടാൻ…’
ഗായത്രി ചേച്ചി പറഞ്ഞു
‘എന്ത് ഇട്ടാലും ഈ മോന്ത തന്നെ അല്ലേ…?
പെട്ടന്ന് ആര്യ ചേച്ചി ഗായത്രി ചേച്ചിയെ കളിയാക്കി പറഞ്ഞു. ഇവരെ പോലെ സുന്ദരി അല്ല ഗായത്രി ചേച്ചി. അത് കേട്ടപ്പോൾ ചേച്ചിക്ക് നല്ല വിഷമം ഉണ്ടായത് എനിക്ക് അറിയാൻ പറ്റി. സൗന്ദര്യം ഇല്ലെന്ന് വച്ചു കളിയാക്കണോ…? ഞാൻ ഉള്ളിൽ ചോദിച്ചു
‘അവളുടെ മോന്തക്ക് എന്താ കുഴപ്പം……..?
പെട്ടന്ന് മുറിയിൽ നിന്ന് ഒരു ശബ്ദം ഞാൻ കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ മുഖം ആസകലം കസ്തൂരി മഞ്ഞൾ തേച്ച ഒരു പെൺകുട്ടി മുറിയിൽ നിന്നിറങ്ങി വന്നു. ഈ മധുരമായ ശബ്ദം എനിക്ക് മറക്കാൻ കഴിയില്ല. അന്ന് ഫോണിൽ സംസാരിച്ചപ്പോൾ മുതൽ ഈ ശബ്ദം എന്റെ മനസ്സിൽ ഉണ്ട്.. ഇനി എനിക്ക് ആളെ തെറ്റില്ല. ഞാൻ കാണാൻ ഓടി വന്ന ആൾ ഇത് തന്നെ.. ശിവദ ചേച്ചി.. അതായത് ശിവേച്ചി…!
‘ നിന്റെ മോന്തയേക്കാൾ ഭംഗി ഉണ്ട് അവൾക്ക്..’
ശിവേച്ചി നിർത്തിയില്ല. ചേച്ചി അത് പറഞ്ഞപ്പോ ആര്യ ചേച്ചിയുടെ മുഖം പെട്ടന്ന് വാടി. തിരിച്ചു ഒന്നും പറയാതെ ആര്യ ചേച്ചി പെട്ടന്ന് അടുക്കളയിലേക്ക് വലിഞ്ഞു. വീരശൂരപരാക്രമി ആണെന്ന് ഇവിടെ എല്ലാവരും പറഞ്ഞു ഞാൻ കേട്ടിരുന്നു. അതിന്റെ ശൗര്യം ഇപ്പൊ ചെറുതായ് ഒന്ന് അറിയാൻ കഴിഞ്ഞു.. ആര്യ ചേച്ചിയുടെ അത്ര ഭംഗി ഒന്നുമില്ല ഗായത്രി ചേച്ചിക്ക് എന്ന് എല്ലാവർക്കും അറിയാം. പക്ഷെ ശിവേച്ചി അത് പറഞ്ഞപ്പോ ആര്യ ചേച്ചി ഒന്നും തിരിച്ചു പറയാൻ പോയില്ല. കാരണം വെറുതെ ഗായത്രി ചേച്ചിയെ കളിയാക്കാൻ പോയിട്ടാണ് വടി കൊടുത്തു അടി വാങ്ങിയത് എന്ന് ആര്യ ചേച്ചിക്ക് അറിയാം…
അപ്പോൾ പറഞ്ഞു കേട്ടത് പോലെ ആൾ പുലി ആണ്. ഞാൻ ആരാധനയോടെ ശിവ ചേച്ചിയെ നോക്കി. പക്ഷെ പറഞ്ഞു കേട്ടത് പോലെ സുന്ദരി ആണോന്ന് എനിക്ക് പറയാൻ കഴിഞ്ഞില്ല. കാരണം മുഖം മുഴുവൻ മഞ്ഞൾ തേച്ചു പിടിപ്പിച്ചേക്കുവല്ലേ.. കാണാൻ ഓടി വന്നിട്ട് മുഖം കാണാൻ പറ്റാത്ത നിരാശ എനിക്ക് തോന്നി. ഞാൻ ചേച്ചിയെ നോക്കി ഒന്ന് ചിരിച്ചു. ചേച്ചി പക്ഷെ തിരിച്ചു ചിരിച്ചതായി എനിക്ക് തോന്നിയില്ല..
‘ദേ ഈ പുള്ളിയെ മനസ്സിലായോ…?
ജാനു ചേച്ചി എന്നെ ചൂണ്ടി അനിയത്തിയോട് ചോദിച്ചു
‘നന്ദു അപ്ന….!
ശിവേച്ചി അത് പറഞ്ഞപ്പോൾ ചെറുതായ് ഒന്ന് ചിരിച്ചത് പോലെ എനിക്ക് തോന്നി. എനിക്ക് സന്തോഷം കൊണ്ട് ചാടി മറിയാൻ തോന്നി..

Bro next part plz 🔜