പക്ഷെ എന്റെ ഹൃദയത്തെ നിശ്ചലം ആക്കിയത് ആ കണ്ണുകൾ ആണ്. ആരെയും കൂസാത്ത ഉറച്ച പച്ച നിറമുള്ള കണ്ണുകൾ. പൂച്ചക്കണ്ണല്ല. മറ്റൊരു പച്ച.. മരതകം പതിച്ച പോലത്തെ ആ കണ്ണുകളിൽ ഞാൻ ആരാധനയോടെ നോക്കി.. പൊന്മലയിലെ ദേവിയെക്കാൾ ഇപ്പൊ ഇവിടെ ആരാധിക്കപ്പെടുന്നത് താലം എടുത്തു വരുന്ന ഈ ദേവി ആണെന്ന് എനിക്ക് തോന്നി.. ചുറ്റും ആരാധനയോടെ നിൽക്കുന്ന ആൺകുട്ടികളുടെ നോട്ടങ്ങളെ ഒന്നും അവൾ കാടാക്ഷിച്ചില്ല. ഗ്രൗണ്ടിൽ വന്ന ചേട്ടന്മാർ എല്ലാം ഒരു തവണ എങ്കിലും ഇവളെ കുറിച്ച് എന്നോട് ചോദിച്ചിട്ടുണ്ട്. അതെന്താ എന്ന് എനിക്ക് ഇപ്പൊ മനസിലായി..
ഇതാണ് സൗന്ദര്യം.. ഇതാണ് തേജസ്സ്.. ഇവളാണ് പെണ്ണ്.. ഋഷിവര്യരുടെ തപസ്യ മുടങ്ങിയത് ഇത് പോലെ ഉള്ള സൗന്ദര്യത്തിൽ ആണ്, രാജാവംശങ്ങൾ സാമ്രാജ്യങ്ങൾ ചുട്ടെരിച്ചത് ഇത് പോലൊരുവളെ സ്വന്തം ആക്കാനാണ്.. കാവ്യങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത് ഇവളെ വർണ്ണിച്ചാണ്.. എന്റെ മനസ്സ് തന്നെ ഞാനറിയാതെ അവളെ കുറിച്ച് കവിത രചിച്ചു തുടങ്ങി..
കയ്യിലെ താലത്തിലെ നാളികേരത്തിൽ അവളുടെ സൗന്ദര്യം പോലെ അഗ്നി ജ്വലിച്ചു.. ആ ആൾക്കൂട്ടത്തിൽ നിന്ന് തെല്ലകലെ ആയി അവളെ ഞാൻ കൺനിറയേ കണ്ടു.. ഇവിടെ ഉള്ള വിലമതിക്കാൻ ആവാത്ത സ്വർണങ്ങളിൽ വച്ചു ഏറ്റവും വിലപിടിപ്പുള്ള ഒന്നിനെ ഞാൻ കണ്ടെത്തി..
എൽ ഡൊറാഡോയിലെ വജ്രത്തെ ഞാൻ ആരാധനയോടെ നോക്കി നിന്ന് പോയി……!

Bro next part plz 🔜