ആലിംഗനബദ്ധരായി അവർ ഇരുവരും കിടക്കയിൽ കിടന്ന് ഉരുണ്ടു. അലീന മനുവിന്‍റെ മുകളിൽ എത്തിയ ഒരു വേളയിൽ അവൾ അവന്‍റെ മുഖത്തിനു മീതെ, നെറ്റിയിൽ നിന്നും താഴേക്ക്, അവന്‍റെ കൺപോളകളെ തഴുകിയടച്ചു കൊണ്ട് തന്‍റെ കൈത്തലം ഓടിച്ചു.
സ്വയം അറിയാതെ മനു ഒരു മോഹനിദ്രയിലേക്ക് ചായുകയാണ് ഉണ്ടായത്.
അലീനയുടെ രൂപം ധരിച്ചിരുന്ന അരുന്ധതി കിടക്കയിൽ നിന്നും എഴുന്നേറ്റ് വീണ്ടും തന്‍റെ യഥാർത്ഥ രൂപം സ്വീകരിച്ചു. അവന്‍റെ മയങ്ങിയുള്ള ആ കിടപ്പു നോക്കി അവൾ ഒരു നിമിഷം സുസ്മേരവദനയായി നിന്നു. പിന്നെ അവനെ തന്‍റെ കൈകളിൽ കോരിയെടുത്ത് ആ മുറിയുടെ തുറന്നു കിടന്നിരുന്ന ഒരു ജാലകത്തിലൂടെ അകലേക്ക് പറന്നു.
———— മഴ തിമിർത്തു പെയ്യുകയായിരുന്നു. ചീറിയടിച്ച് മഴത്തിരശ്ശീലയിലൂടെ കടന്നു പോകുന്ന കാറ്റിൻ്റെ അലകൾ പുകയുടെ പ്രതീതി സൃഷ്ടിച്ചു. മഴയെയും കാറ്റിനെയും വകവക്കാതെ അലീന വഴിയോരത്ത്, ഒരു വാകമരത്തിന്‍റെ ചുവട്ടിൽ, നനഞ്ഞ് തണുത്തു വിറച്ച് നിൽക്കുകയായിരുന്നു. അവൾ കൈത്തണ്ടയിലെ വാച്ചിലേക്ക് നോക്കി. അരുന്ധതി മനുവിനെ കൊണ്ടുപോയിട്ട് ഒന്നര മണിക്കൂർ കഴിഞ്ഞിരിക്കുന്നു. അക്ഷമയോടെ അവൾ ആകാശത്തിലേക്ക് നോട്ടം ഉയർത്തി.
പെട്ടെന്ന് ഒരു മിന്നലും ഒപ്പം നെഞ്ചു കിടുക്കുന്ന ഇടിയൊച്ചയും അലീനയെ നടുക്കി. കണ്ണുകൾ ഇറുക്കിയടച്ച് ഇരു കൈകളാലും കാതുകൾ പൊത്തി അവൾ നിന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് മിഴികൾ തുറന്ന അലീന കണ്ടത് മുന്നിൽ നില്ക്കുന്ന അരുന്ധതിയെ ആണ്. മനുവിന്‍റെ കൈ അവൾ തന്‍റെ ചുമലിനു മുകളിലൂടെ ഇട്ട് അവനെ താങ്ങിപ്പിടിച്ചിരുന്നു. അലീന കൈകൾ നീട്ടിക്കൊണ്ട് അവരുടെ നേർക്ക് ഓടിച്ചെന്നു. മനുവിന്‍റെ കൈ അവൾ സ്വന്തം ചുമലിനു മീതെ ഇട്ട് അവനെ അരുന്ധതിയുടെ പക്കൽ നിന്ന് ഏറ്റു വാങ്ങി.
അലീന നിറകണ്ണുകളോടെ അരുന്ധതിയെ നോക്കി മന്ദഹസിച്ചു. “Thank you … ഞാൻ — എനിക്ക് … .” അവൾ വാക്കുകൾക്ക് ബുദ്ധിമുട്ടി.
അരുന്ധതി സുസ്മേരവദനയായി നിന്നു. “ഇത്തിരി ക്ഷീണം ഉണ്ടെന്നേ ഉള്ളൂ. He will be alright.” വാത്സല്യത്തോടെ അലീനയെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു. അലീനയുടെ ചൊടികളിൽ സന്തോഷത്തിൻ്റേതായ ഒരു മൃദുസ്മിതം വിടർന്നു. “പിന്നെ, കുട്ടീ, ഒരു കാര്യം … ”, അരുന്ധതി തുടർന്നു, “അവന് വാസ്തവത്തിൽ സംഭവിച്ചത് എന്താണെന്ന് അറിയില്ല. ഞാൻ കുട്ടിയുടെ രൂപത്തിൽ ആയിരുന്നു.” അതു കേട്ടപ്പോൾ അരുന്ധതിയോട് ഉണ്ടായ കൃതജ്ഞതാധിക്യത്താൽ അലീനയുടെ ഭാവം ഒന്നു കൂടി തരളമായി. ഇനിയും നന്ദി പറയാൻ അവൾക്ക് വാക്കുകൾ ഇല്ലായിരുന്നു. വിതുമ്പൽ കടിച്ചമർത്തിക്കൊണ്ട് അലീന ശിരസ്സു കുലുക്കുക മാത്രം ചെയ്തു. അതു കണ്ടപ്പോൾ അരുന്ധതിക്ക് അവളോട് എന്തെന്നില്ലാത്ത അനുകമ്പയും ഇഷ്ടവും തോന്നിപ്പോയി.
അരുന്ധതിയുടെ സഹായത്തോടെ അലീന മനുവിനെ പതിയെ താങ്ങിപ്പിടിച്ച് ആ വാകമരത്തിൽ ചാരി അതിൻ്റെ ഒരു തടിച്ച വേരിന്മേൽ ഇരുത്തി. എന്നിട്ട് പൊടുന്നനെ അരുന്ധതിയെ കെട്ടിപ്പിടിച്ച് അലീന അവളുടെ ഇരു കവിളത്തും മാറി മാറി ഉമ്മ വച്ചു. അലീനയുടെ അപ്രതീക്ഷിതമായ സ്നേഹപ്രകടനത്തിൽ ആദ്യം ഒന്ന് അമ്പരന്നെങ്കിലും അരുന്ധതി അവളുടെ കൈകളിൽ ഒതുങ്ങി നിന്നു കൊടുത്ത് അരുന്ധതി അവളുടെ നിറുകയിൽ മുത്തമിട്ടു.
തന്‍റെ കരവലയത്തിൽ നിന്നും അരുന്ധതിയെ മുക്തയാക്കിയപ്പോൾ അലീന കണ്ടത് ആശ്ചര്യജനകമായ ഒരു ദൃശ്യമാണ്. അരുന്ധതിയുടെ ഉടൽ ആകെ സ്വർണവർണമാർന്ന ഒരു പ്രഭാവലയം വന്ന് പൊതിയുന്നു!
അദ്ഭുതത്തോടെയും സന്തോഷത്തോടെയും അരുന്ധതി തന്‍റെ ദേഹത്തിനുണ്ടാകുന്ന മാറ്റം നോക്കിക്കണ്ടു. തന്നെ ശപിച്ച സിദ്ധൻ്റെ വാക്കുകൾ അവൾ ഓർമ്മിച്ചു: “നിഷ്കളങ്കസ്നേഹത്തിൻ്റെ ചുംബനം നിന്നെ ശാപമുക്തയാക്കും.” അതെ — സഹസ്രാബ്ദങ്ങളായി താൻ കാത്തിരുന്ന ആ ശുഭനിമിഷം വന്നെത്തിയിരിക്കുന്നു. തനിക്ക് ശാപമോക്ഷം കിട്ടുകയാണ്.
“അലീനാ … .” അരുന്ധതി വിളിച്ചു. സ്വർഗകന്യയുടെ ദിവ്യമാധുര്യമാർന്ന സ്വരം.
