“എന്താ ചേച്ചീ?” ഒരു മോഹനിദ്രയിൽ എന്നതു പോലെ ആയിരുന്നു അലീന സംസാരിച്ചത്.
“കുട്ടി എന്നെ ശാപമുക്തയാക്കിയിരിക്കുന്നു. അലീനാ, മോളേ, നിനക്ക് നന്മകൾ ഉണ്ടാകട്ടെ. നിന്‍റെ പ്രണയിതാവായ ഈ മനുവിനോടൊപ്പം നീ ദീർഘസുമംഗലിയും സന്തുഷ്ടയും ആയി ജീവിക്കാൻ ഞാൻ അനുഗ്രഹിക്കുന്നു. ഒരിക്കലും അവനിൽ നിന്ന് നിനക്കോ നിന്നിൽ നിന്ന് അവനോ മനസ്സിന് ഒരു വിഷമവും ഉണ്ടാകാതെയിരിക്കട്ടെ.” അരുന്ധതി പറഞ്ഞു തീരുമ്പോഴേക്കും ആ സുവർണദ്യോതി അവളുടെ ശരീരത്തിനെ പൂർണമായും വലയം ചെയ്തിരുന്നു. അവളുടെ വസ്ത്രങ്ങൾ തൂവെള്ള നിറമാർന്ന് വെൺമഞ്ഞു പോലെ തിളങ്ങി. അലീനയെ നോക്കി അരുന്ധതി മന്ദഹാസം തൂകി. അവളെ പൊതിഞ്ഞിരുന്ന പ്രഭാവലയം ഒരു ക്ഷണനേരം ഒന്ന് തീക്ഷ്ണമായി ഉജ്ജ്വലിച്ചു. അടുത്ത നിമിഷം ആ പ്രകാശവും, ഒപ്പം അരുന്ധതിയും, അപ്രത്യക്ഷമായി.
അസ്തപ്രജ്ഞയായെന്നതു പോലെ, മഴയുടെ വെൺതിരശ്ശീലയ്ക്ക് അപ്പുറത്തെ ഇരുളിലേക്കു നോക്കിക്കൊണ്ട്, നടന്നതെല്ലാം സ്വപ്നമോ യാഥാർത്ഥ്യമോ എന്ന വിഭ്രമത്തിൽ ആണ്ട് അലീന നിന്നു. എപ്പോഴോ വീശിയ ഒരു മിന്നൽ അവളെ ഉണർത്തി. അതിന്‍റെ ഇടിമുഴക്കം ദിക്കുകളിൽ അലയടിക്കുമ്പോൾ അലീന സ്വയം അറിയാതെ എന്നതു പോലെ തൻ്റെ വലതുകൈത്തണ്ട ഉയർത്തി മുഖത്തിന് ഒപ്പം കൊണ്ടു വന്നു. അലീനയുടെ കണ്ണുകൾക്കു മുന്നിൽ അരുന്ധതി അവൾക്കു കൊടുത്ത സ്വർണക്കാപ്പ് അപ്പോഴും അതിന്മേൽ കിടന്ന് തിളങ്ങി.
