“മ്മ് മ്മ് നല്ലതാ നല്ലതാ , അവർ നമ്മുക്കിട്ട് പാര വാക്കുന്നവരെയേ അതൊക്കെയുള്ളൂ, സംസാരിച്ചുനിന്നു നേരം പോയതറിഞ്ഞില്ല. ല്ലേ “.
അപ്പോഴാനവൾ അവള്ടെ വാച്ചു നോക്കിയത്.
“ഉയ്യോ ശെരിയാ , എന്നാ ഞാൻ പോകട്ടെ ബൈ നാളെ കാണാം “.
“ഓക്കേ സീ യൂ “.
അതും പറഞ്ഞവൾ ബസ്റ്റോപ്പിലേക്ക് പോയി ഞാൻ എന്റെ വീട്ടിലേക്കും.
അങ്ങനെ ഞാനെന്റെ വീട്ടിലേക്കെത്തി വീടെന്നുപറഞ്ഞാൽ ഒരാറു സെന്റ് സ്ഥലത്തിൽ വച്ച മനോഹരമായ വീട്,വീടിന്റെ സൈഡിലൊക്കെ പലതരം പൂവുമൊക്കെ വച്ച് ഉമ്മച്ചി മനോഹരമാക്കിയിട്ടുണ്ട്,ഒറ്റനിലയുള്ള വീടാണെങ്കിലും അധികം വൈകാതെ തന്നെ രണ്ടുനില ആക്കാനുള്ള കാര്യങ്ങളൊക്കെ നടക്കും ബാൽക്കണി ചേർന്നുവരുന്ന റൂം എനിക്കുവേണമെന്ന് ഞാൻ നേരത്തെ പറഞ്ഞുവച്ചിട്ടുമുണ്ട്, അതിനുവേണ്ടി എന്റെ രണ്ട് ഇരട്ടാതെണ്ടികളോടും അടികൂടേണ്ടിയുംവന്നു. ഇടികൊണ്ട് പരുവമാകണ്ടാല്ലോന്ന് കരുതിയാവണം അവമ്മാര് തോൽവി സമ്മതിച്ചു എനിക്കാ റൂമും കിട്ടുകയും ചെയ്തു.
“ഉമ്മാാാ , ഉമ്മോയ് ” വീട്ടിൽ കയറിച്ചെന്നയുടനെ ഉമ്മാനെ നീട്ടിവിളിച്ചു “.
” പോയി കുളിച്ചു ഡ്രെസ്സും മാറി വാടാ കഴിക്കാനെടുത്തുവെക്കാം “. അടുക്കളേൽ നിന്നും മറുപടിയുമെത്തി.
പിന്നൊന്നും നോക്കില്ല നേരെ റൂമിൽ പോയി കുളിച്ചു ഫ്രഷും ആയിട്ടുവന്ന് കഴിക്കാനിരുന്നു.ചോറും സാമ്പാറും കുരുമുളകിട്ട് മൊരിച്ചെടുത്ത മീൻഫ്രൈയും കൂട്ടി കഴിച്ചോണ്ടിരുന്നപ്പോ തന്നെ വന്നുകേറിയായി പരട്ടകള് . ഓഹ് ഞാൻ മറ്റൊരുകാര്യവും മറന്നു ഇവമ്മാരുടെ പേര് പറയാൻ ഒരുത്തന്റെ പേര് അജ്മൽ ഒരുത്തന്റെ പേര് അജ്സൽ രണ്ടുപേരും ഇപ്പൊ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്, പഠിക്കാനോ മിടുക്കന്മാർ, ഞാനും പഠിത്തത്തിൽ അത്ര മോശമൊന്നുമല്ലാത്ത മാർക്കൊക്കെ എടുക്കുന്നത്കൊണ്ട് കുഴപ്പമില്ലാതെ പോകുന്നു. വാപ്പാക്ക് ഇവമ്മാരെ രണ്ടുപേരെയുമാണ് കൂടുതൽ ഇഷ്ടം എനിക്കാണേൽ ഇവമ്മാരെ കണ്ണെടുത്താൽ കണ്ടുകൂടാ താനും. പക്ഷെ ഉമ്മാക്ക് ഞങ്ങൾ മൂന്നുപേരിൽ എന്നെയാണ് കൂടുതൽ ഇഷ്ടവും, അതങ്ങനെയേ വരൂ, എല്ലാ വീട്ടിലെ അമ്മമാർക്ക് മൂത്ത മക്കളെ എത്ര കാര്യമാണോ അതുപോലെ തന്നെയാണ് എന്റെ ഉമ്മാക്ക് എന്നെയും വളരെ കാര്യമാണ്. ഞാൻ സാധാരണ ഉമ്മയുടെ അടുത്ത് ഒന്നും ഒളിക്കാറില്ല ഒന്നുരണ്ടു കാര്യങ്ങൾ ഒഴിച്. ഒന്ന് ഞാൻ സിഗരറ്റ് വലിക്കുന്ന കാര്യവും മറ്റൊന്ന്….
അജി നിങ്ങൾക്ക് മനസ്സിലായി കാണും എന്ന് ഞാൻ കരുതുന്നു.
അങ്ങനെ കഴിച്ചുതീർന്ന് മാമിടെ വീട്ടിലൊക്കെ പോയി ഹാഷിഫിന്റെ കൂടെ ടൗണിലും മറ്റും കറങ്ങിനടന്ന് വീട്ടിലോട്ട് എത്തിയപ്പോ സമയം ഏട്ടരായായി, മാമിടെ മോന്റെ പേരാണ് കേട്ടോ ഹാഷിഫ്. പിന്നെ കഴിച്ചിട്ട് കിടക്കാനായി റൂമിലേക്ക് പോയി, റൂമെന്ന് പറഞ്ഞാൽ ഞാൻ തത്കാലികമായി താമസിക്കുന്ന മുറിയാണ് പക്ഷെ എല്ലാവിധ സൗകര്യങ്കളും ഉണ്ട്.ഞാൻ നേരെ കട്ടിലിലേക്ക് കിടന്ന് ബ്ലൂട്ടൂത് ഹെഡ്സെറ്റും ഓൺ ചെയ്ത് ഫോണുമെടുത്തു പാട്ടും വച്ചു. മറ്റുള്ളോരെ പോലെ റോക്ക് മ്യൂസികും റാപ്പ് സോങ്‌മൊക്കെ ഇഷ്ടമാണേലും ഞാൻ കൂടുതൽ കേൾക്കുന്നത് പഴയ പാട്ടുകളാണ് , അതിലേറ്റവും ഇഷ്ടം പണ്ടത്തെ മാപ്പിളപാട്ടുകളും ഈ 20 ഇന്റെ തുടക്കത്തിലൊക്കെ ഇറങ്ങിയ പണ്ടത്തെ മിക്ക കല്യാണ സിഡിയിലുമൊക്കെ കേൾക്കാറില്ലേ ആ പാട്ട് തന്നെ പണ്ടത്തെ ഈസ്റ്റ് കോസ്റ്റ് ആൽബം പാട്ടുകളിലെ ഒരു പാട്ടുംവച്ചങ് കട്ടിലിലേക്ക് കിടന്നു.
“അസർമുല്ല പൂവേ അഴകിൻ നിലാവേ
കിനാവിന്റെ തോണി
തുഴഞ്ഞെത്തും ഹൂറി
ഇതാ നിന്റെ തോഴൻ
ഒളിലെങ്കും മാരൻ
അസർമുല്ലപൂവേ അഴകിൻ നിലാവേ
കിനാവിന്റെ തോണി
തുഴഞ്ഞെത്തും ഹൂറി
ഇതാ നിന്റെ തോഴൻ
ഒളിലെങ്കും മാരൻ”
ഈ പാട്ടൊക്കെ ഞാൻ ആദ്യമായിട്ട് കേൾക്കുന്നത് തന്നെ എന്റെ ഉമ്മാടെ കല്യാണ സിഡിയിൽ നിന്നാണ് അന്ന് തൊട്ടേ അഡിക്റ്റ ആണ് ഇതുപോലെയുള്ള പാട്ടിനൊക്കെ.. പാട്ടുംകേട്ട് പതിയെ ഞാൻ ഉറക്കത്തിലേക്ക് വീണു.
കാലത്തുതന്നെ അലാറംമടിക്കുന്ന ശബ്ദം കേട്ടാണ് ഞാനുണർന്നത് സമയം നോക്കിയപ്പോ ആറുമണി , എഴുന്നേറ്റ ഉടൻ ബാത്‌റൂമിൽ പോയി പല്ലും തേച് മുഖവും വൃത്തിയാക്കി തറയിൽ മാറ്റ് വിരിച്ചു വർക്ഔട് ചെയ്യാനായിട്ട് അങ്ങനെ ഇരുപതുമിനിറ്റത്തെ സ്‌ട്രെച്ചിങ്ങും കാർഡിയോയുമൊക്കെ കഴിഞ്ഞ് എഴുമണിയായി, പിന്നെ കുളിച്ചു ഡ്രെസ്സും മാറി യൂണിഫോം ധരിച്ചു ഫുഡ്‌ടും കഴിച്ചിട്ട് നേരെ ഹിഷാമിന്റെയും ഇറഫാന്റെയും വീട്ടിലേക്ക് പിന്നെയവിടെന്ന് ട്യൂഷൻ സെന്ററിലേക്ക് അവിടെന്നു സ്കൂളിലേക്കും. ഇതാണ് എന്റെ ജീവിതം.
