ഭാഗ്യം… അവൾ അമ്മയോട് ഒന്നും പറഞ്ഞില്ല.
തന്നെ ഗൗനിക്കാതെ രാജി അകത്തേക്ക് കയറിപ്പോയത് പിന്നേയും ജ്യോതിയുടെ മനസ്സിനെ നോവിച്ചു.
ഒരു തവണ കൂടി അവൾ ദൈവങ്ങളോട് പ്രാർത്ഥിച്ചു,
‘വെറുക്കാതിരുന്നാൽ മാത്രം മതി…..!!’
കത്തുന്ന തിരി എണ്ണയിലേക്ക് ഇഴഞ്ഞിറങ്ങി. നാളമണഞ്ഞു. ചൂണ്ടുവിരലിൽ പറ്റിയ വിളക്കെണ്ണ ജ്യോതി തലയില്‍ തുടച്ചു. എണ്ണ കത്തുന്ന മണം ചുറ്റും നിറഞ്ഞു. കൂടെ ചന്ദനത്തിരിയുടെ സുഗന്ധവും. വിളക്കെടുത്ത് വച്ച് തിരിഞ്ഞ് നടക്കുന്ന ഓരോ ചുവടിനും വല്ലാത്തൊരു കനം അവൾക്കനുഭവപ്പെട്ടു. അമ്മ കുളിക്കാന്‍ കയറി. അവരുടെ കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. മുന്നോട്ടു പിന്നേയും നടന്നു. മുറിയില്‍ വെളിച്ചമുണ്ട്.
രാജി അവിടുണ്ട്.
സകല ധൈര്യവും ആവാഹിച്ചെടുത്ത് ജ്യോതി മുറിയിലേക്ക് കടന്നു. രാജി അവളുടെ ടേബിളില്‍ ഏതോ പുസ്തകം വായിച്ചിരിക്കുന്നുണ്ട്. പേടിച്ച് പേടിച്ച് ജ്യോതി അവളുടെ അടുത്തേക്ക് ചെന്നു.
‘രാജി’ എന്ന് വിളിക്കാനാണ് അവൾ ശ്രമിച്ചത്. പക്ഷേ ‘ചേച്ചി’ എന്നാണ് ചുണ്ടുകള്‍ ഉരുവിട്ടത്!
‘ചേച്ചീ..!’
രാജി നോക്കിയില്ല.
ജ്യോതി ഒന്നുകൂടി അടുത്തേക്ക് നിന്നു. രാജിയുടെ മുലച്ചാലിലേക്ക് ഊർന്നുകിടക്കുന്ന മാലയുടെ ലോക്കറ്റിന്റെ തിളക്കം ജ്യോതി കണ്ടു. അവൾ തന്റെ വലതുകൈ രാജിയുടെ തോളിൽ വച്ചു.
“ചേച്ചി… ഞാന്‍ അറിയാതെ…!!”
“ഞാന്‍ നിന്റെ ചേച്ചിയാണ് ജ്യോതി… അത് മറക്കരുത്..!”
ജ്യോതിയുടെ ഉള്ളിലൂടെ ഒരു തീവണ്ടി പായുന്നത് പോലെ തോന്നി.
“ഞാന്‍ ഇഷ്ടപ്പെട്ടുപോയി ചേച്ചി… നീയുംകൂടി എന്നെ വിട്ട് പോയാല്‍ ഞാന്‍…!”
ജ്യോതിയുടെ ശബ്ദമിടറി. ഒരു തുള്ളി കണ്ണുനീര്‍ അവളുടെ ഇടത് കവിളിലൂടെ, രാജിയുടെ കൈവിരൽ പാടിന് കുറുകെ ഒഴുകിയിറങ്ങി.
രാജിയുടെ ശിരസ്സ് ഒന്ന് കുനിഞ്ഞു. അവളുടെ നീണ്ട കൺപീലികളിൽ നിന്ന് ജലകണങ്ങൾ മുന്നില്‍ തുറന്നുവെച്ച പുസ്തകത്തിന്റെ കടലാസുകളിലേക്ക് ഊർന്നുവീണു.
” ഫൈസയെ കിട്ടിയില്ലെങ്കില്‍ ഞാന്‍, അല്ലേ?”
രാജി ഒന്ന് തലചെരിച്ച് ജ്യോതിയെ നോക്കി.
“എനിക്ക് നിന്റെ സെക്കന്‍ഡ് ഓപ്ഷനാകാൻ വയ്യ ജ്യോതി. എന്നെ അത്രയും ചെറുതാക്കരുത് നീ…”
“ചേച്ചീ…! ഞാന്‍…! ഞാന്‍ നിന്നെ…!”
ജ്യോതിക്ക് എന്ത് പറയണമെന്ന് നിശ്ചയമില്ലായിരുന്നു.
“ഫൈസ പോയി… നിനക്ക് അവളെ ഒരുപാടിഷ്ടായിരുന്നൂന്ന് എനിക്കറിയാം. പക്ഷേ അവൾക്ക് പകരക്കാരിയാവാൻ എനിക്ക് പറ്റില്ല. ഞാന്‍… ഞാന്‍ നിന്റെ… നിന്റെ കൂടെപ്പിറപ്പാണ്… നിന്റെ ചേച്ചിയാണ് ജ്യോതി…! ”
രാജിയുടെ മുഖത്തെ നീർച്ചാലുകൾക്ക് ഇളക്കം തട്ടുന്നുണ്ടായിരുന്നു.
” അങ്ങനെ പറയല്ലേ ചേച്ചി… നിന്നെ ഞാന്‍ ശരിക്കും….!! അങ്ങനെ പറയരുത്… പ്ലീസ്! ”
ജ്യോതി രാജിയുടെ മുഖം ഒരു കൈക്കുമ്പിളില്‍ കോരിയെടുക്കാൻ നോക്കി. രാജി മുഖം വെട്ടിച്ച് കുതറി. കസേരക്കാലുകൾ ഒച്ചവെച്ചു. രാജി തന്റെ കൈ കൊണ്ട് ജ്യോതിയുടെ വയറ്റിൽ പതിയെ… വളരെ പതിയെ തള്ളിയകറ്റി…
” പോ ജ്യോതി… എന്നോടൊന്നും പറയണ്ട… എനിക്കിപ്പോ നിന്നെ കാണണ്ട ജ്യോതി…. പോ…”
ജ്യോതിയുടെ കൈകൾ പതിയെ രാജിയിൽ നിന്ന് പിൻവാങ്ങി.
ഒരു ശ്വാസത്തിനോളം പതുക്കെ ജ്യോതി പറഞ്ഞു,
“എന്നെയങ്ങനെ വിളിക്കല്ലേ…! എന്നെയൊന്ന് കുഞ്ഞാന്ന് വിളി…!!”
രാജി ഒന്നും മിണ്ടിയില്ല. മുഖം തിരിച്ച് പുസ്തകത്തിലേക്ക് നോട്ടം വിതച്ചു. ജ്യോതിക്ക് തന്റെ ശ്വാസം നിലച്ചതുപോലെ തോന്നി. ഈ മുറിക്കകത്ത് വീർപ്പുമുട്ടുന്നു. ഉള്ളില്‍ ഒരു മരവിപ്പ്. അവൾ പതിയെ പിന്നോട്ട് നീങ്ങി. പിന്നെ പുറത്തേക്ക് വേഗത്തിൽ നടന്നു. മുറ്റത്തേക്കിറങ്ങി. അവിടെ ഒരു ഇരുട്ടുമൂലയിലേക്ക് മറഞ്ഞു നിന്ന് വായപൊത്തി ഒച്ച പുറത്തുവരാതെ വിതുമ്പിക്കരഞ്ഞു.
നക്ഷത്രങ്ങള്‍ കാർമേഘങ്ങളിൽ ഒളിച്ചിരുന്നു. ഒറ്റയ്ക്ക് ഒരു നിലാത്തുണ്ട് ആ രാത്രിയുടെ തണുപ്പിൽ വിറച്ചു!
അച്ഛന്‍ എപ്പൊഴോ വന്നു. ഇന്ന് ഒരല്പം വൈകിയെന്ന് തോന്നുന്നു. എവിടെപ്പോയിരുന്നെന്ന് ജ്യോതി തിരക്കിയില്ല. നാലുപേരും ഇരുന്ന് അത്താഴം കഴിക്കുമ്പോൾ അച്ഛനും അമ്മയും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. തമാശകള്‍ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ജ്യോതിയുടെ കാതുകളിൽ വീണില്ല. അവൾ ഇടക്കിടെ രാജിയെ പാളി നോക്കി. അവൾ നോക്കുന്നില്ല. ഒരു തീൻമേശയുടെ അപ്പുറമിപ്പുറം ഇരിക്കുമ്പോഴും തങ്ങൾക്കിടയിൽ പ്രകാശവർഷങ്ങളുടെ അകലമുള്ളത് പോലെ…!
