ഒരേയൊരാൾ – 5 Like

” അങ്ങനെ…. അങ്ങനെ പറയല്ലേ കുഞ്ഞാ… അങ്ങനെ പറഞ്ഞാല്‍…! ഞാന്‍…! ഞാന്‍ ചിലപ്പൊ….!! ”

രാജിയുടെ കവിളിലൂടെ ഒരു തുള്ളി കണ്ണുനീര്‍ ഊർന്നിറങ്ങി. ആകാശത്തിന്റെ ഒരു കോണില്‍ ചുവപ്പ് പടർന്നുപിടിച്ചിരുന്നു.

ഒരു നനുത്ത നോട്ടം നീട്ടി ജ്യോതി ചോദിച്ചു,

” ചിലപ്പോ..? ”

” ചിലപ്പോ…!”

രാജി ഒരു ദീര്‍ഘനിശ്വാസത്തോടെ തലകുനിച്ചു. അവളുടെ കാൽപാദങ്ങളിലേക്ക് മിഴിനീരിറ്റു. മഴ തന്നതിലും കൂടുതലൊരു തണുപ്പ് ജ്യോതിയറിഞ്ഞു.  അവളുടെ നനഞ്ഞ നോട്ടത്തില്‍ രാജി അല്പം അവ്യക്തയായി. ജ്യോതി കട്ടിളയിലേക്ക് തല ചായ്ച്ചു. അവർക്കിടയിലേക്ക് സന്ധ്യാകിരണങ്ങളോടൊപ്പം കാറ്റിറങ്ങി വന്നു….

ജ്യോതി കുളിച്ച് ഡ്രെസ്സ് മാറി വന്നപ്പോള്‍ രാജി വിളക്ക് വച്ച് നാമജപത്തിലായിരുന്നു. അമ്മ വന്നിരുന്നു. അച്ഛന്‍ വരാനാകുന്നേയുള്ളൂ. ജ്യോതി രാജിയോടൊപ്പം ഇരുന്നു. കൈകൂപ്പി പ്രാർത്ഥിക്കുന്നതിനിടയിൽ അവൾ രാജിയെ ഒന്ന് നോക്കി. അവളുടെ ഇടത്തേക്കവിളിൽ ഒരു മുഖക്കുരു മുളച്ചിരിക്കുന്നത് ജ്യോതി കണ്ടു. വിരിഞ്ഞ, വെളുത്ത നെറ്റിയില്‍ ഭസ്മക്കുറിയിട്ടിരുന്നു. വെയിലിന്റെ മഞ്ഞനിറമുള്ള ബനിയനിൽ ഒതുക്കമുള്ള, വടിവൊത്ത അവളുടെ ശരീരം ആരോ വരച്ചുവെച്ചതു പോലെയുണ്ടെന്ന് ജ്യോതിക്ക് തോന്നി. ഇടക്ക് ഒന്ന് ഒളികണ്ണിട്ട് നോക്കിയപ്പോള്‍ ജ്യോതി തന്നെ നോക്കിയിരിക്കുന്നത് കണ്ട രാജി ചമ്രം പടിഞ്ഞിരിക്കുന്ന അവളുടെ തുടയിൽ ഒരു നുള്ള് വച്ചുകൊടുത്തു. ചെറിയൊരു നീറ്റൽ വിളിയോടെ ജ്യോതി കാലനക്കി. രാജി കണ്ണുരുട്ടി കാണിച്ചു. ജ്യോതി പരിഭവിച്ചുകൊണ്ട് പ്രാർത്ഥനയിലേക്ക് കടന്നു. അടുക്കളയില്‍ നിന്ന് തിരിയുമ്പോഴും മുറിയില്‍ പോകുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം ജ്യോതി കൗതുകത്തോടെയോ, പ്രണയത്തോടെയോ ഒക്കെ തന്നെ നോക്കുന്നത് രാജി അറിയുന്നുണ്ടായിരുന്നു. അന്നേരമൊക്കെ അവൾ കണ്ണുകള്‍ കൊണ്ട് ജ്യോതിയെ വഴക്ക് പറഞ്ഞു. അടുക്കളയിലെ പണികള്‍ കഴിഞ്ഞ് ജ്യോതി കിടക്കാന്‍ മുറിയില്‍ ചെന്നപ്പോള്‍ രാജി അവളെ കാത്ത് അവിടുണ്ടായിരുന്നു. വാതിലടച്ച് ജ്യോതി വന്ന് തന്റെ കട്ടിലില്‍ ഇരുന്നപ്പോൾ രാജി ചോദിച്ചു,

“എന്താ കുഞ്ഞാ നിന്റെ ഉദ്ദേശം? എന്തിനാ ഏത് നേരവും എന്നെയിങ്ങനെ നോക്കണേ…? അമ്മയോ അച്ഛനോ കണ്ടാൽ…”

“അറിയില്ല. എനിക്ക് നിന്നെ നോക്കിക്കൊണ്ടിരിക്കാൻ തോന്നാണ്…. എപ്പഴും…”

“എന്തിനാ കുഞ്ഞാ നീയിങ്ങനെയൊക്കെ ചെയ്യുന്നേ…?”

“ഞാന്‍ പറഞ്ഞല്ലോ… എനിക്കിഷ്ടായോണ്ട്…! ”

” വേണ്ട കുഞ്ഞാ…”

“എന്ത് വേണ്ടാന്ന്…? ഇഷ്ടമോ…? അതോ നോട്ടമോ…? ”

രാജി ഒന്ന് കടുപ്പിച്ച് നോക്കുക മാത്രം ചെയ്തു. ജ്യോതിക്ക് ഇപ്പോള്‍ മുൻപില്ലാതിരുന്ന ധൈര്യം തോന്നുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തെല്ലൊരു കളിയോടെ ജ്യോതി തുടര്‍ന്നു,

” നോട്ടം വേണമെങ്കില്‍ കുറക്കാന്‍ ശ്രമിക്കാം. ഉറപ്പൊന്നും തരാന്‍ പറ്റില്ല. പക്ഷേ ഇഷ്ടം… അത് എത്ര ജന്മമെടുത്താലും മാറാൻ പോകുന്നില്ല”

ജ്യോതി മെല്ലെ എഴുന്നേറ്റ്  രാജിയുടെ അടുത്തേക്ക് ചെന്നു. കാൽവെള്ള തറയിൽ പതിച്ച് വച്ച് കട്ടിലില്‍ ഇരിക്കുന്ന രാജിയുടെ കാല്ക്കൽ അവൾ വന്നിരുന്നു. രാജിയുടെ രണ്ട് കൈകളും തന്റെ കൈകൾ കൊണ്ട് കൂട്ടിപ്പിടിച്ച് നിലത്തിരുന്നുകൊണ്ട് ജ്യോതി പറഞ്ഞു,

” അത്രക്കിഷ്ടാണ് എനിക്കെന്റെ ചേച്ചിയെ!”

ആ വാക്കുകളുടെ മൃദുലത രാജിയുടെ മനസ്സിലറിഞ്ഞു. തന്റെ കൈകൾ രാജിയുടെ മടിയില്‍ വച്ച് ജ്യോതി ആ മടിയിലേയ്ക്ക് തല ചായ്ച്ചു. കണ്ണടച്ച് ആ മടിയില്‍ തലവച്ചിരിക്കുമ്പോൾ ഇടക്കുവെച്ച് തന്റെ ശിരസ്സില്‍ ഒരു കൈ ഉഴിയുന്നത് ജ്യോതി അറിഞ്ഞു. പിന്നെ തലയില്‍ അല്പം ഭാരമേറി. ജ്യോതിയുടെ ശിരസ്സിലേക്ക് രാജി തല ചായ്ച്ചതാണ്… അവളുടെ പിൻകഴുത്തിൽ രാജിയുടെ മുടിയിഴകൾ തലോടി. കാച്ചിയ എണ്ണയുടേയും ഭസ്മത്തിന്റെയും ഗന്ധം തന്നെ പൊതിയുന്നെന്ന് ജ്യോതിക്ക് തോന്നി. അതില്‍ മുഴുകിയിരിക്കുമ്പോൾ…..

“രാജി…!”

“മ്…”

“…………….നീയെന്നെ വെറുക്കുവോ?!”

Leave a Reply

Your email address will not be published. Required fields are marked *