“സാരല്ല്യ… ഇതൊക്കെ ഞാന്‍ ചെയ്തോളാം. നീ അവിടെ പോയിരുന്നോ. ഞാന്‍ കട്ടൻ കൊണ്ടന്നെരാം.”
ജ്യോതിക്ക് തന്റെ ആത്മാവ് തിരിച്ച് വന്നതുപോലെ തോന്നി. ശ്വാസഗതികൾക്ക് ശരിയായ താളം കിട്ടിയിരിക്കുന്നു! രാജിയെ ഒന്ന് കെട്ടിപ്പിടിച്ച് കരയണമെന്ന് അന്നേരം ജ്യോതിക്ക് തോന്നി. പിന്നെ അവൾ മനസ്സിനെ പിടിച്ചുനിർത്തി. പാടില്ല… അവളുടെ അനുവാദമില്ലാതെ ഇനി ഒരിക്കലും അവളുടെ മേൽ തൊടാൻ പാടില്ല…
ജ്യോതി അടുക്കളയില്‍ നിന്ന് നടുമുറിയിലേക്ക് വന്നു. പുറത്ത് മഴ തോർന്ന മാനത്തിന്റെ തണുത്ത നിറം തുറന്നിട്ട വാതിലിനപ്പുറം കണ്ടപ്പോള്‍ ജ്യോതി വെറുതെ ആ കട്ടിളപ്പടിയിൽ വന്നിരുന്നു. മുറ്റം നനഞ്ഞ് കുതിർന്ന് കിടക്കുകയാണ്. മരച്ചില്ലകളിൽ നിന്ന് ഇടക്ക് ജലകണങ്ങളെ കാറ്റ് കുലുക്കിയിട്ടു. അവിടെ അങ്ങനെ ഇരിക്കുമ്പോള്‍ ജ്യോതിക്ക് ഒരുപാട് ആശ്വാസം തോന്നി.
കാല്‍പാദങ്ങള്‍ അടുത്തു വരുന്ന ശബ്ദം…
“ദാ…!”
നീട്ടിയ ചായഗ്ലാസുമായി രാജി.
ജ്യോതി അത് വാങ്ങി. ചില്ലുഗ്ലാസ്സിൽ ചുറ്റിപ്പിടിച്ചപ്പോൾ വിരലുകള്‍ ഒന്ന് പൊള്ളി. ഗ്ലാസിന്റെ വക്കിലും താഴെയുമായി പിടിച്ച് ജ്യോതി വിരലുകളിലേക്ക് ഊതി. രാജി ജ്യോതിയുടെ അടുത്ത് വന്നിരുന്നു. അവളുടെ കയ്യിലും ഒരു ഗ്ലാസ് കട്ടനുണ്ടായിരുന്നു.
“കട്ടിളേമെയിരിക്കല്ലെ. ഇറങ്ങിയിരി.”
രാജിയുടെ ശാസനം.
ജ്യോതി പിടിയിലേക്ക് ഇറങ്ങിയിരുന്നു. രണ്ടുപേരും ഒന്നും മിണ്ടാതെ കട്ടൻചായ ഊതിയൂതി കുടിച്ചുകൊണ്ടിരുന്നു. ചൂടുചായയിൽ നിന്നുയരുന്ന ആവി തണുപ്പിലേക്ക് അലിഞ്ഞുചേർന്നു.
“കുഞ്ഞാ…”
ആ വിളിയിൽ ജ്യോതിയുടെ കണ്ണുകൾ ഒന്നുകൂടി നിറഞ്ഞെന്ന് തോന്നുന്നു. ഹൃദയം ഒരു നിമിഷം മിടിപ്പ് തെറ്റിയത് പോലെ…
ജ്യോതി രാജിയെ നോക്കി. കണ്ണുകൾ മുറ്റത്തെ ചെളിപ്പടർപ്പിൽ നട്ടുകൊണ്ട് രാജി തുടര്‍ന്നു,
“എന്താ പറ്റ്യേ നിനക്ക്? നീയെന്തിനാ ഇന്നലെ അങ്ങനെ…?”
ജ്യോതിക്ക് അപ്പോള്‍ രാജിയുടെ മുഖത്ത് നോക്കാന്‍ ബുദ്ധിമുട്ട് തോന്നി. കയ്യിലിരിക്കുന്ന ചില്ലുഗ്ലാസ്സിന്റെ തിളക്കത്തിൽ നോക്കി ജ്യോതി പറഞ്ഞു,
“എനിക്ക്… എനിക്കപ്പോ… ഫൈസയും കൂടി പോയപ്പോ… ഞാന്‍…”
“നിനക്ക് ഫൈസയോട് പ്രണയമാണോന്ന് ഞാന്‍ ചോദിച്ചതല്ലേ… അപ്പൊ ഒന്നുമില്ലാന്നല്ലേ അന്ന് നീ പറഞ്ഞത്…”
“അതെ… ഫൈസയോടല്ല… എനിക്ക്…എനിക്ക് നിന്നോടാണ്…”
രാജി ഒരു നിമിഷം ജ്യോതിയെ നോക്കി.
” അങ്ങനെയെന്നോട് പറയല്ലേ കുഞ്ഞാ…! ഞാന്‍ നിന്റെ ചേച്ചിയല്ലേ…! ഫൈസ പോയതുകൊണ്ട്… അതുകൊണ്ട് മാത്രം തോന്നുന്നതാണ് അങ്ങനൊക്കെ. ആ വിഷമം മറക്കാന്‍ വെറുതെ എന്നെ… ”
“അല്ല… സത്യായിട്ടും അങ്ങനല്ല… എനിക്ക് നേരത്തെ തന്നെ… ”
” എന്താ നീയിങ്ങനെ..? ഞാന്‍… ഞാന്‍ നിനക്ക് അന്ന് ചെയ്ത് തന്നോണ്ടാണോ…? അതല്ലേ…?! അന്ന്… അന്നങ്ങനെ ഞാന്‍ ചെയ്യാന്‍ പാടില്ലായിരുന്നു. വെറുതെ നിന്റെ മനസ്സിനെ ഞാനായിട്ട്…. ”
” അതുകൊണ്ടല്ല…. എനിക്ക് പറയാന്‍ പേടിയായിരുന്നു… നീ എന്റെ ചേച്ചിയല്ലേ… ഞാനെങ്ങനെ നിന്നോട് പറയും എനിക്ക് നിന്നോട് ഇഷ്ടമാണെന്ന്…? ”
” അങ്ങനെ പറയല്ലെ കുഞ്ഞാ… പ്ലീസ്… വെറുതെ അങ്ങനെ പറയല്ലേ…. ”
” വെറുതെയോ…? നിനക്കറിയാഞ്ഞിട്ടാണ്… എനിക്ക് വേറെ ആരൂല്ല രാജി. നീ മാത്രേയുള്ളൂ. എന്നോട്….നിന്റത്രയും സ്നേഹം എനിക്കാരും തന്നിട്ടില്ല. നമ്മുടെ അച്ഛനും അമ്മയും പോലും. നിന്നോട് അടുത്തപ്പൊഴാണ് എന്നെയൊരാൾ കാണുന്നുണ്ടെന്ന് എനിക്കാദ്യായിട്ട് തോന്നീത്. നീയെന്നോട് പിണങ്ങിയ ഈ ഒരൊറ്റ ദിവസം ഞാന്‍ എങ്ങനെ കഴിച്ചുകൂട്ടീന്ന് എനിക്കറിയില്ല. എന്നെ മനസ്സിലാക്കിയിട്ടുള്ള ഒരേയൊരാൾ നീയാണ്! ആ നിനക്ക് എന്റെ… എന്റെ ഇഷ്ടം മനസ്സിലാകുന്നില്ലാന്ന് കേൾക്കുമ്പൊ…. എനിക്ക്… എനിക്കെന്റെ പ്രാണന്‍ പോകുന്നപോലുണ്ട്. നിന്നെയല്ലാതെ വേറൊരാളെ ഞാനെങ്ങനെയാണ് ഇഷ്ടപ്പെടുക രാജി?!
” അങ്ങനെ പറയല്ലേ കുഞ്ഞാ…! ”
രാജിയുടെ വിരലുകള്‍ ഗ്ലാസ്സിൽ മുറുകി.
” സത്യമാണ് ഞാന്‍ പറഞ്ഞത്. എനിക്ക് നിന്നോട് എപ്പഴോ മുതല്‍ പ്രണയമാണ് രാജി… ”
