ജ്യോതി മനസ്സില്‍ വെറുതെ ഓർത്തു.
അതിന് കാത്തുകിടന്നെങ്കിലും ഉണ്ടായില്ല. അളവില്‍ കവിഞ്ഞ നിരാശയാണ് ജ്യോതിക്ക് അങ്ങനെ കാത്ത് കിടക്കുമ്പോള്‍ തോന്നിയത്. കഞ്ഞി എടുത്ത് വച്ച് അമ്മ വിളിച്ചപ്പോള്‍ എഴുന്നേറ്റ് ചെന്നു. അവിടെ രാജി ഉണ്ടായിരുന്നില്ല. ജ്യോതി പോയി തീൻമേശയിൽ വിളമ്പിവച്ച കഞ്ഞിക്ക് മുന്നിലിരുന്നു. അമ്മയും അച്ഛനും തിരക്കിട്ടിറങ്ങി. അതിനിടയിൽ കഞ്ഞികുടി കഴിഞ്ഞ് മരുന്ന് കഴിച്ചിട്ട് കിടക്കാന്‍ അമ്മ ഒരിക്കല്‍ കൂടി ഓർമ്മിപ്പിച്ചു.
“അമ്മേ… രാജി…?”
വാതിൽക്കൽ നിന്ന് ഹാന്റ്ബാഗ് ഒരിക്കല്‍ കൂടി പരിശോധിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു,
“അവള് പോയല്ലോ. നിനക്ക് പനിയാണ്, ഇന്ന് പോണില്ലാന്ന് പറഞ്ഞപ്പോ പിന്നെ ഇറങ്ങി. നിന്നോട് പറഞ്ഞില്ലേ?”
“മ്…പറഞ്ഞൂന്ന് തോന്നുന്നു ഞാന്‍ ഉറക്കായിരുന്നു”
ജ്യോതി വെറുതെ ഒരു കള്ളം പറഞ്ഞു.
അമ്മയും അച്ഛനും പോയിക്കഴിഞ്ഞ് അവൾ പതിയെ പണിപ്പെട്ട് കഞ്ഞി കുടിച്ചു. കഴിക്കാന്‍ തോന്നുന്നില്ലായിരുന്നു. വിശപ്പില്ലായിരുന്നു. പിന്നെ ഭയങ്കര കയ്പ്പും തോന്നി. എന്നാലും അച്ചാർ കൂട്ടി കഴിക്കുമ്പോൾ വല്യ കുഴപ്പമില്ല. ഇടക്ക് ഓരോ തുള്ളി കണ്ണുനീരിന്റെ ഉപ്പും….! കഞ്ഞികുടി കഴിഞ്ഞ് മേശപ്പുറത്തിരുന്ന പാരസെറ്റമോളും കഴിച്ച് ജ്യോതി പോയി കിടന്നു. ഉറക്കം വന്നില്ല. വെറുതെ ചിന്തകൾ തികട്ടിവന്നു. വല്ലാതെ ഒറ്റപ്പെട്ടതുപോലെ… അടച്ചിട്ട വീടിന്റെ നിശബ്ദത അതിന് ആക്കം കൂട്ടി. അവളുടെ തലയിണയിൽ നനവ് വീണു. തന്റെ അവസ്ഥയോർത്ത് അവളില്‍ ഒരു ഏങ്ങലുണ്ടായി. കരഞ്ഞ് കരഞ്ഞ് പിന്നെ കണ്ണീരും വറ്റി. ഉള്ളിലെ വേദനക്ക് മാത്രം മാറ്റമുണ്ടായില്ല.
ആ ഒരു പകൽ ജ്യോതി എങ്ങനെയൊക്കെയോ തള്ളി നീക്കി. ഉച്ചതിരിഞ്ഞ് രാജി കോളേജില്‍ നിന്ന് മടങ്ങിയെത്തി. അപ്പോഴും അവൾ ഒന്നും മിണ്ടിയില്ല. എന്തിന്, ജ്യോതിയെ ഒന്ന് ശ്രദ്ധിച്ചത് പോലുമില്ല. അടിച്ചുവാരി തുടക്കലെല്ലാം രാജി തന്നെ ചെയ്തു. ചൂലും മോപ്പും കൊണ്ടെല്ലാം അവൾ മുറിയില്‍ കയറിയിറങ്ങിപ്പോകുന്നത് ജ്യോതി തന്റെ കട്ടിലില്‍ കമിഴ്ന്നു കിടന്ന് കണ്ടു. അല്പം കഴിഞ്ഞ് ജ്യോതി കട്ടിലില്‍ നിന്ന് എഴുന്നേറ്റ് ഒന്ന് നടന്നു നോക്കി. ഇപ്പോള്‍ ക്ഷീണമില്ല. തൊണ്ടയില്‍ ഒരു കനമുണ്ട്. കഫക്കെട്ടിന്റെയായിരിക്കണം. എന്തായാലും പനി വിട്ടിട്ടുണ്ട്. നന്നായി വിയർക്കുന്നു. അവൾ അടുക്കളയിലേക്ക് ചെന്നു. രാജി അവിടുണ്ടായിരുന്നു. ഗ്യാസ് സ്റ്റൗവ്വിൽ ചായക്കുള്ള വെള്ളം വച്ചിട്ടുണ്ട്. കാലത്ത് വച്ച സാമ്പാർ ചൂടാക്കാനായി രാജി കുക്കറും സ്റ്റൗവ്വിലേക്ക് വച്ചു. ജ്യോതി അടുത്തേക്ക് ചെന്ന് ഒരു കയില് കൊണ്ട് സാമ്പാർ ഇളക്കാൻ തുടങ്ങി.
“ഞാന്‍ ചെയ്തോളാം…”
രാജിയുടെ ശബ്ദത്തില്‍ ഈർഷ്യയുണ്ടായിരുന്നു.
“കുഴപ്പമില്ല”
പതിഞ്ഞ സ്വരത്തില്‍ ജ്യോതി പറഞ്ഞു.
“ഞാന്‍ ചെയ്തോളാം…!!”
രാജിയുടെ ശബ്ദം ഒന്നുകൂടെ ഉച്ചത്തിലായി.
“കുഴപ്പില്ലാന്നേ…”
ജ്യോതി വീണ്ടും ഇളക്കിക്കൊണ്ടിരുന്നു.
“മ്ചും… പറയുന്നതും കേക്കരുത്… വയ്യെങ്കിൽ വല്ലോടുത്തും കിടക്കല്ല…ഇങ്ങനെ നിന്നോളും… ”
രാജി ദേഷ്യത്തോടെ ജ്യോതിയെ തോളുകൊണ്ട് തള്ളിനീക്കി. അവളുടെ കയ്യില്‍ നിന്ന് വാങ്ങിയ കയില് രാജി സാമ്പാറിൽ ഇളക്കി. ഇടക്കിടെ ഇളക്കിയില്ലെങ്കിൽ അടിയിൽ പിടിക്കും. പക്ഷേ രാജിയുടെ ഇളക്കലിന് ആ ദേഷ്യത്തിന്റെ താളവും വേഗവുമായിരുന്നു. ഇളക്കുന്നതിനിടയിൽ രാജി ജ്യോതിയെ ഒന്ന് പാളിനോക്കി.
“വയ്യാത്തോര് ഇങ്ങനെ പണിയെടുക്കാൻ നിക്ക്വല്ല… മര്യാദക്ക് റെസ്റ്റെടുക്കണം…”
രാജിയുടെ ശബ്ദത്തില്‍ നേരിയ ഒരു ഇടർച്ചയുണ്ടായിരുന്നു. ജ്യോതിക്ക് അത് മനസ്സിലാകുകയും ചെയ്തു. അവൾ പറഞ്ഞു,
“പനി വിട്ടു. ഇപ്പൊ കുഴപ്പല്ല്യ…”
രാജി സാമ്പാർ ഇളക്കുന്നത് നിർത്തി ജ്യോതിയെ നോക്കി. പിന്നെ അവളുടെ നെറ്റിയില്‍ കൈ വച്ചു. രാജിയുടെ കണ്ണുകളിൽ ഒരു നനവിന്റെ തിളക്കമുണ്ടായിരുന്നു. അടുപ്പത്ത് ചായക്ക് വച്ച വെള്ളത്തില്‍ തിള പൊന്തി. നെറ്റിയില്‍ വച്ച രാജിയുടെ കൈ ജ്യോതിയുടെ ശിരസ്സില്‍ ഒന്ന് തലോടിമാറി. അവളുടെ മുഖത്ത് ജ്യോതി വീണ്ടും വാത്സല്യം കണ്ടു.
