: അന്നാമ്മോ… ഞാൻ പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ. അവള് ഒന്ന് പേടിക്കണം… എന്നിട്ട് വേണം കമ്മീഷണറെ പോയി കാണാൻ. തന്റെ കീഴുദ്യോഗസ്ഥയുടെ കൂടെ ബീച്ചിലും പാർക്കിലും സ്വന്തം വീട്ടിലുമൊക്കെ അസമയത്ത് കറങ്ങിനടക്കുന്ന കമ്മീഷണറുടെ ലീലാവിലാസങ്ങൾ നാട്ടുകാരെ കൂടി അറിയിക്കണോ എന്ന് ചോദിക്ക്.
: അയാളെ കാണണോ…
: ACP യേക്കാൾ മുകളിലുള്ള ഒരാളെ നമ്മുടെ കൂടെ കിട്ടിയാൽ പുളിക്കുമോ… നീ ഞാൻ പറയുന്ന പോലെ ചെയ്യ് എന്റെ അന്നാമ്മേ
: ശരി ഇച്ചായാ…
അവറാച്ചൻ ചെവിയിലോതിയ മന്ത്രങ്ങളുമായി അന്നാമ്മ നേരെ ചെന്നത് വൈഗാലക്ഷ്മിയുടെ ഓഫീസിലേക്കാണ്. അന്നാമ്മ കയറിച്ചെല്ലുമ്പോൾ വൈഗ ആരോടോ ഫോണിൽ സംസാരിക്കുകയാണ്. അന്നമ്മയെ കണ്ടയുടനെ സംസാരം നിർത്തി ഫോൺ താഴെവച്ച വൈഗ അവരോട് ഇരിക്കാൻ പറഞ്ഞു. വൈഗയ്ക്ക് അന്നാമ്മയെ മനസിലായെങ്കിലും അറിഞ്ഞഭാവം നടിച്ചില്ല. അന്നാമ്മതന്നെ സ്വയം പരിചയപ്പെടുത്തിയ ശേഷം കാര്യങ്ങളിലേക്ക് കടന്നു. കമ്മീഷണറുടെ മടിയിൽ തലവച്ച് കിടന്ന് കിന്നാരം പറയുന്ന വൈഗയുടെ വീഡിയോ മുതൽ രണ്ടുപേരും തോളിൽ കയ്യിട്ട് ബീച്ചിലൂടെ നടക്കുന്നതും തിരയിൽ കുത്തിമറിയുന്നതുമായ വീഡിയോ വരെ അന്നാമ്മയുടെ ഫോണിൽ നിന്നും വൈഗ കാണുകയുണ്ടായി. ഇത് കണ്ട് കഴിഞ്ഞ് വൈഗയൊന്ന് സംശയിച്ച് നിക്കുമ്പോഴാണ് അന്നാമ്മ മറ്റൊരു ചൂടൻ ചുംബന വീഡിയോ വൈഗയെ കാണിക്കുന്നത്. ബീച്ചിലെ കുളികഴിഞ്ഞ് കാറിൽ കയറിയ വൈഗ പാർക്കിങ്ങിൽ മറ്റുവണ്ടികളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ശ്യാമപ്രസാദിനെ ചുംബിക്കുന്ന രംഗം കണ്ടതോടെ അവളൊന്ന് ഞെട്ടി.
: മോൾക്കൊരു തെറ്റുപറ്റി, ജോലിയുടെ ഭാഗമായി എന്റെ ബാറിലൊന്ന് കയറി നിരങ്ങി.. അത് ഞാൻ പോട്ടെന്ന് വച്ചു. ഒന്നുമില്ലേലും നമ്മുടെ പഴയ സുഹൃത്തിന്റെ മോളല്ലേ… മോളുടെ അച്ഛൻ അങ്ങനൊരു വൃത്തികേട് കാണിച്ചെങ്കിലും മോള് നല്ലൊരു പോലീസ് ഉദ്യോഗസ്ഥ ആണല്ലോ എന്ന ഞാൻ കരുതിയത്. പക്ഷെ നീയും ഇങ്ങനെ പിഴച്ചുപോകുമെന്ന് അന്നാമ്മച്ചി ഒട്ടും കരുതിയില്ല..
I P S കൊച്ചേ…. നീ കളിച്ച ബോംബേ കളിക്ക് പുറകിൽ വേറെ ഉദ്ദേശമുണ്ടെന്ന് ഇന്നലെയാ അറിഞ്ഞത്, അപ്പൊത്തന്നെ അന്നാമ്മയുടെ പിള്ളേര് നിന്റെ പുറകെ കൂടിയതാ. ഞങ്ങളൊന്ന് പുറകെ വന്നപ്പോഴേക്കും നീയിങ്ങനെ പേടിച്ചാലോ മോളെ…
: നിങ്ങൾക്കെങ്ങനെ ഈ വീഡിയോ കിട്ടി
: അന്നാമ്മ കുറച്ചു അനാഥ പിള്ളേരെ വളർത്തുന്നുണ്ട്… അവറ്റകൾക്ക് കൂടും കുടുംബവുമൊന്നും ഇല്ലാത്തതുകൊണ്ട് പറയുന്ന പണി വൃത്തിയായി ചെയ്യും. കുറച്ച് കള്ളും കഞ്ചാവും വല്ലപ്പോഴും ഒരു പെണ്ണിനേയും മുന്നിലേക്ക് ഇട്ടുകൊടുത്താൽ മതി.. അനുസരണയുള്ള പട്ടികളെപ്പോലെ പുറകെ നടന്നോളും
: നിങ്ങൾക്ക് എന്താ വേണ്ടത്… നമുക്ക് സംസാരിച്ച് ഒരു തീരുമാനത്തിൽ എത്താം. പക്ഷെ ഈ വീഡിയോസ് ഇനി ആരും കാണരുത്
: ആരെങ്കിലും കണ്ടാൽ അറിയാലോ നിനക്ക്, ഡിപ്പാർട്മെന്റ് തല അന്വേഷണമായി, സർക്കാരിൽ പ്രഷർ ചെലുത്തിയാൽ ചിലപ്പോ സസ്‌പെൻഷൻ വരെ ആവും, അനാശാസ്യമെന്ന് പറഞ്ഞ് പാവങ്ങളെ പൊക്കി അകത്തിടുന്ന ഏമാന്മാർ തന്നെ ഇങ്ങനൊക്കെ കാണിച്ചെന്നറിഞ്ഞാൽ ചാനലുകാർ ചുമ്മാ ഇരിക്കുമോ… അങ്ങനെ അങ്ങനെ. നിന്നെക്കൊണ്ട് എനിക്ക് ഒന്നും സാധിക്കാനില്ല… നിന്റെ മേലുദ്യോഗസ്ഥൻ ഇല്ലേ അയാളെ കണ്ടോളാം ഞാൻ..
: അന്നാമ്മ പ്ലീസ്… നമുക്ക് എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാക്കാം. മേരിയെ തട്ടികൊണ്ട് പോയത് ഞാൻതന്നെയാ, പക്ഷെ എത്ര ചോദിച്ചിട്ടും അവൾ എന്നോട് ഒന്നും പറഞ്ഞില്ല…
: എന്താ നിനക്ക് അറിയേണ്ടത്… ഞാൻ പറഞ്ഞുതരാമല്ലോ
: എന്റെ അച്ഛന്റെ മരണത്തിൽ ചില സംശയങ്ങൾ തോന്നിയതുകൊണ്ട് ചെയ്തതാ ഞാൻ ഇതൊക്കെ… പ്ലീസ് ഉപദ്രവിക്കരുത്
: എന്ന നീ അറിഞ്ഞോ… നിനക്ക് തോന്നിയ സംശയങ്ങൾ എല്ലാം ശരിതന്നെയാ. പക്ഷെ മേരിയെയോ അവളുടെ മോളെയോ നിനക്ക് കിട്ടിയിട്ട് വേണ്ടേ എന്തെങ്കിലും തുമ്പുണ്ടാക്കാൻ…. നിന്റെ ഓഫീസിൽ വന്ന് നിന്നോട് ഇത് പറയണമെങ്കിൽ അന്നാമ്മ ആരാണെന്ന് നിനക്ക് ഊഹിച്ചൂടെ…നിന്നെ ഇവിടേക്ക് ട്രാസ്‌ഫെർ ആക്കിയതുപോലും അന്നാമ്മയുടെ സ്വാധീനത്തിലാ… അതുകൊണ്ട് അച്ഛൻ, അമ്മ, മേരി, മോള് എന്നൊക്കെ പറഞ്ഞ് ഇനി നിന്നെ എവിടേലും കണ്ടാൽ…. നിന്റെ തന്ത കെട്ടിത്തൂങ്ങിയപോലൊരു കയർ നിനക്കും ഞാൻ തരും… മനസിലായല്ലോ
