കണ്ണന്റെ അനുപമ – 8

ഭൂതകാല സ്മൃതികളിൽ നിന്ന് ഞാൻ പുറത്ത് വന്നത് ചിന്നു എന്നെതട്ടിവിളിച്ചപ്പോഴാണ്.പിന്നെ ഞങ്ങൾ നേരെ പോയത് എക്സാം കോൺട്രോളറുടെ അടുത്തേക്കാണ്. ഓൺലൈൻ ആയി അപ്ലൈ ചെയ്തിരുന്നതിനാൽ അധികം ചീയാതെ കാര്യം നടന്നു.

അവിടുന്ന് പോരുമ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ കയറി. അപ്പോഴാണ് അമ്മുവിന്റെ റാങ്കിന്റെ കാര്യം ഞാൻ അവളോട് പറയുന്നത്.. അത് കേട്ടപ്പോൾ അവൾ അത്ഭുതത്തോടെ വായപൊളിച്ചു.

“എനിക്കൊന്നും ഇത് നടക്കൂല ഏട്ടാ ഞാൻ നിർത്താൻ പോവാ”

അവൾ സ്വല്പം നിരാശയോടെ പറഞ്ഞു.

“ഒക്കെ നടക്കും ഇനി എന്റെ ചിന്നൂസിനെ പഠിപ്പിച്ചു ജോലി ആക്കീട്ടെ എനിക്ക് വേറെ എന്തും ഒള്ളൂ. ”

ഞാനവളുടെ കൈ പിടിച്ച് കൊണ്ട് പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം തെളിഞ്ഞു.
സത്യത്തിൽ കഷ്ടമാണ് അവളുടെ കാര്യം. വളരെ ചെറുപ്പത്തിൽ അച്ഛൻ മരിച്ചതാണ്. പിന്നെ ആ അമ്മ തയ്യൽ മെഷീൻ ചവിട്ടീട്ടാണ് ആ കുടുംബം കഴിയുന്നത്. പിന്നെ ഭാഗ്യവശാൽ അമ്മാവന്മാരൊക്കെ നല്ല സപ്പോർട്ടാണ്. അങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരിക്കുന്ന സമയത്താണ് അമ്മുവിന്റെ കാൾ വരുന്നത്..

“പറയെട കുട്ടാ…..
ഞാൻ ഫോണെടുത്തുകൊണ്ട് പറഞ്ഞു.

എവിടെത്തി നിങ്ങള്?.
പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു.

“ഞങ്ങള് ദേ എത്തി. മാക്സിമം ഒരു മണിക്കൂർ..

“വേറൊന്നും വിചാരിക്കല്ലേ ട്ടോ
എനിക്ക് കാണാഞ്ഞിട്ട് വല്ലാത്തൊരു ശ്വാസം മുട്ടല്.അതോണ്ട് വിളിച്ചതാ…. ”
അവൾ ദയനീയമായി പറഞ്ഞത് കേട്ട് എനിക്കും ആകെ വല്ലാതായി.

“ഏട്ടൻ വേഗം വരാട്ടോ. വാവ നല്ല കുട്ടിയായിട്ട് പോയി ഭക്ഷണം കഴിച്ചേ… അപ്പോഴേക്കും ഏട്ടൻ എത്തും.. ഉമ്മാഹ്… ”

ഞാൻ കൊഞ്ചിക്കൊണ്ട് പറയുന്നത് കേട്ട് ആതിര അതിശയത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.

“ദേ തേൻ ഒലിക്കുന്നു…
തുടച്ചു കള..

ഫോൺ വെച്ചപ്പോൾ എന്നെ കളിയാക്കിക്കൊണ്ട് അവൾ ചിരിച്ചു.

“ഓ ഞാൻ സഹിച്ചു.. “
ഞാനവളുടെ തലക്ക് പിടിച്ച് തള്ളിക്കൊണ്ട് ചിരിയോടെ പറഞ്ഞു..

“ഒത്തിരി ഇഷ്ടാണല്ലേ അനു ചേച്ചിയെ?
അവൾ സീരിയസായി ചോദിച്ചു.

“പിന്നേ എന്നേക്കാൾ കൂടുതൽ.. !
അത് പറഞ്ഞപ്പോൾ എന്റെ മുഖത്ത് ഞാനറിയാതെ ഒരു നനുത്ത പുഞ്ചിരി വിടർന്നു .

“കൊറച്ചു സ്നേഹം എനിക്കും വേണംട്ടോ ”
അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു…

“നീയെന്റെ പുന്നാര പെങ്ങളല്ലേ.. !
ഞാനവളുടെ താടിയിൽ പിടിച്ച് കൊഞ്ചിക്കൊണ്ട് പറഞ്ഞു.

“ഞാനാലോചിക്കുവായിരുന്നു കഴിഞ്ഞ ആഴ്ച വരെ വെറും ഫ്രെണ്ട്സ് ആയിരുന്ന നമ്മളിപ്പോ ഏട്ടനും അനിയത്തീം ആയി.എത്ര പെട്ടന്നാല്ലേ.. ”
അവൾ നിഷ്കളങ്കമായി എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഉം.. ശരിയാ. പക്ഷെ ഒന്ന് നിനക്ക് ഞാൻ ഉറപ്പ് തരാം. പകല് അനിയത്തികുട്ടീന്നു വിളിച്ചു കൊഞ്ചിച്ച് രാത്രി ഏത് ഡ്രെസ്സാ ഇട്ടിരിക്കുന്നെന്ന് ചോദിക്കുന്ന ടൈപ്പ് ആങ്ങളയല്ല ഞാൻ.!
ശരിക്കും ഇഷ്ടാണ് എനിക്കെന്റെ ചിന്നൂട്ടിയെ.. ”

അതിനു മറുപടിയെന്നോണം അവൾ കണ്ണീർ പൊഴിച്ച്കൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു.ഇനിയും ആ സീൻ നീട്ടികൊണ്ട് പോണ്ടാന്ന് കരുതി ഞാൻ പെട്ടന്ന് കഴിച്ച് പൈസയും കൊടുത്തിറങ്ങി.കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് പെണ്ണിന് റാങ്ക് കിട്ടീട്ട്ഒന്നുംവാങ്ങികൊടുത്തില്ലല്ലോന്ന് ഞാൻ ഓർത്തത്. എന്ത് വാങ്ങും.. ഞാൻ ആലോചിച്ചുകൊണ്ട് വണ്ടി ഓടിച്ചു കൊണ്ടിരുന്നു..

“ഡീ… ”

ഒരുത്തരം കിട്ടാതെ വന്നപ്പോൾ ഞാൻ ആതിരയെ വിളിച്ചു. അപ്പോഴേക്കും എന്റെ തോളിൽ തലവെച്ചു പെണ്ണ് ചെറുതായി മയങ്ങിയിരുന്നു

“എന്താ കോന്താ ഒറങ്ങാനും സമ്മതിക്കൂലെ…?
അവൾ കുറുമ്പൊടെ എന്നെ നോക്കി..

“എടീ അമ്മൂനൊരു ഗിഫ്റ്റ് വാങ്ങണ്ടേ?

“പിന്നെ വേണ്ടേ..?
അവൾ എടുത്തടിച്ച പോലെ ചോദിച്ചു.

“എന്ത് വാങ്ങും? എനിക്കൊന്നും തോന്നുന്നില്ല.. എന്തേലും ഒരൈഡിയ പറ ദജ്ജാലെ.. ”

ഞാൻ മിററിലൂടെ അവളെ നോക്കി പല്ലു കടിച്ചു.

“ഡ്രസ്സ്‌ ഉണ്ടോ.. ചേച്ചിക്ക്..?

അവൾ സീരിയസായി ചോദിച്ചു..
“ഡ്രസ്സ്‌ ഒക്കെ ചീപ്പായി പോവൂലെ പെണ്ണെ..?

ഞാൻ സംശയത്തോടെ ചോദിച്ചപ്പോൾ അവൾ ആലോചനയിലാണ്ടു.

“എന്നാപ്പിന്നെ ഒരു ഓർണമെന്റ് വാങ്ങികൊടുക്ക്.. !

“അതിനുള്ള പൈസ ഒന്നും എന്റേൽ ഇല്ലാ കുരിപ്പേ. പിന്നെ സ്വർണം ഒക്കെ വാങ്ങുമ്പോൾ അത്യാവശ്യം കനത്തില് വാങ്ങണ്ടേ..?

“ആ അതും ശരിയാ..
നീ ഒരു കാര്യം ചെയ്യ് ചേച്ചിയോട് തന്നെ ചോദിക്ക്”

ചിന്നു സീരിയസായി നിർദ്ദേശം മുന്നോട്ടു വെച്ചു.

“അത് ശരിയാണല്ലോ.. സർപ്രൈസ് നടക്കൂല എന്നല്ലേ ഒള്ളൂ…
ഞാൻ വണ്ടി സൈഡിലേക്കൊതുക്കി അവളെ വിളിച്ചു..

“എത്താറായോ..?

ഫോണെടുത്തതും അവൾ അക്ഷമയോടെ ചോദിച്ചു..

“ഇപ്പോ എത്തും.കുഞ്ഞൂന് റാങ്ക് കിട്ടിയെന് എന്താ ഗിഫ്റ്റ് വേണ്ടേ.?

“പറയട്ടെ..
അവൾ മടിച്ചു കൊണ്ട് ചോദിച്ചു..

“ധൈര്യായിട്ട് പറഞ്ഞോ..
ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു..

“ഈ റോഡ് സൈഡില് പൈനാപ്പിളും നെല്ലിക്കേം ഒക്കെ ണ്ടാവൂലെ കുപ്പീലിട്ട് വെച്ചത് രണ്ട് നെല്ലിക്കേം മൂന്ന് പൈനാപ്പിളും വേണം അമ്മൂന് !
അവൾ സീരിയസായി പറഞ്ഞു നിർത്തി.

“ആഹ് ബെസ്റ്റ്.”

അവളുടെ ആഗ്രഹം കേട്ട് ചിന്നു ചിരിച്ചു കൊണ്ട് പറഞ്ഞു. ഫോൺ കട്ടാക്കി ഞാനും ആ ചിരിയില് പങ്ക് ചേർന്നു.

ചിരി കഴിഞ്ഞ് ഫോൺ പോക്കറ്റിൽ ഇട്ടപ്പോഴാണ് എനിക്ക് ആ ഐഡിയ മിന്നിയത്. ഒരു ഫോൺ വാങ്ങിച്ചു കൊടുക്കാം അവളുടെ അടുത്തുള്ളത് സാംസങിന്റെ പഴയ ജെ വൺ ആണ്. അതിന്റെ മൃതപ്രായം എന്നെ കഴിഞ്ഞതാണ്. വാട്സ്ആപ്പ് തുറന്നാൽ പോലും ഹാങ്ങ്‌ ആവുന്നത് എത്ര തവണ കണ്ടിരിക്കുന്നു
എന്റെ മോനുള്ള അവസാനത്തെ പോക്കറ്റ് മണിയാണ് ഇനി മര്യാദക്ക് ജോലിയെടുത്ത്‌ എന്നെ പോറ്റിക്കോളണം എന്ന് പറഞ്ഞു ലച്ചു എടിഎം കാർഡ് തന്നിട്ടുണ്ട്.ആ ധൈര്യത്തിലാണ് ഈ കളിയൊക്കെ.

ഒട്ടും സമയം കളയാതെ ഞാൻ ചിന്നുവിനെയും കൂട്ടി മൊബൈൽ ഷോപ്പിലേക്ക് കയറി.റിയൽമി 6 ആണ് വാങ്ങിയത്. എനിക്ക് വാങ്ങണം എന്നാഗ്രഹിച്ച ഫോൺ ആയിരുന്നു.അതുകൊണ്ട് അവൾക്കും അത് തന്നെ വാങ്ങി.പതിനയ്യായിരം രൂപയോടടുത്തായി.അവിടുന്ന് ഇറങ്ങി നേരെ കേറിയത് കസവു കേന്ദ്രയിലാണ്.

“ഡ്രസ്സ്‌ കൂടെ വാങ്ങാം..
നീ സെലക്ട്‌ ചെയ്താ മതി.. ”

ചിന്നുവിനെ നോക്കി അത് പറഞ്ഞപ്പോൾ അവൾ ആവേശത്തോടെ കൂടെ വന്നു..

“ഇത് നോക്കിക്കെ ഏട്ടാ
സൂപ്പറല്ലേ..

കേറിയ പാടെ ചിന്നു നേരെ ഒരു ചുരിദാറിൽ തൊട്ടുഴിഞ്ഞുകൊണ്ട് ചോദിച്ചു.നീല നിറത്തിൽ മനോഹരമായ വർക്കുകൾ ഉള്ള അതെനിക്കും ഇഷ്ടപ്പെട്ടു.

ഇതെടുത്തോളു..

ഞാൻ സെയിൽസ് ഗേളിനോടായി പറഞ്ഞു.
അതിനും മൂവായിരത്തിലേറെ ആയി.പാക്ക് ചെയ്ത് വാങ്ങി ബില്ലടച്ചു ഞങ്ങൾ ഇറങ്ങി.റോഡ് സൈഡിൽ നിന്ന് പൈനാപ്പിൾ വാങ്ങാനും മറന്നില്ല.രണ്ട് മണിയായപ്പോഴേക്കും ഞങ്ങൾ അവളുടെ വീട്ടിൽ എത്തി.ബൈക്കിൽ നിന്നിറങ്ങി അവൾ ചുരിദാറിന്റെ കവർ എന്റെ നേരെ നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *