കണ്ണന്റെ അനുപമ – 8

” ഓ മനസ്സിലായി. എന്റെ മോനിപ്പോ സ്വന്തമായിട്ട് ജോലി ഒക്കെ ആയല്ലോ.ആരേം ആശ്രയിക്കണ്ടല്ലോ.അതിന്റെ അഹങ്കാരം ആവും ലെ ഈ അലർച്ച.?

അത് കേട്ടപ്പോൾ വേണ്ടായിരുന്നു എന്നെനിക്ക് തോന്നി
ഞാൻ ക്ഷമാപണത്തോടെ അമ്മയുടെ കയ്യിൽ തൊട്ടപ്പോൾ ദേഷ്യത്തോടെ കൈ തട്ടി കളഞ്ഞു.

“അമ്മേ ഞാൻ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല.. എനിക്കവളെ വേണ്ടമ്മെ. പ്ലീസ്.. ”

“ആദ്യം പറഞ്ഞത് തന്നേ എനിക്കിപ്പോഴും പറയാനുള്ളൂ. വേണ്ടെങ്കിൽ എന്ത് കൊണ്ട്?
എന്താണവൾക്കുള്ള കുഴപ്പം എന്നൊന്ന് പറഞ്ഞ് താ. അതല്ല വേറെ ഇഷ്ടമുണ്ടെങ്കിൽ അത് പറ. അല്ലെങ്കിൽ ഞാനീ തീരുമാനവുമായി മുന്നോട്ട് തന്നെ പോവും. !
നിർദാക്ഷിണ്യമായി പറഞ്ഞുകൊണ്ട് ലച്ചു എന്നെ നോക്കി.എന്ത് പറയണമെന്നറിയാതെ ആശയക്കുഴപ്പത്തിലിരിക്കുമ്പോൾ ലച്ചു തുടർന്നു.

“നിനക്കിപ്പോ ഒറ്റക്ക് ജീവിക്കാനുള്ള വകയൊക്കെ ആയി. അത് കൊണ്ട് ഇഷ്ടം പോലെ ജീവിക്കാനാണ് തീരുമാനമാണമെങ്കിൽ അതിന് മുന്നേ നീ എന്നെ കൊല്ലേണ്ടി വരും.!

എന്റെ മുഖത്ത് നോക്കി പറഞ്ഞു കൊണ്ട് ലച്ചു എണീറ്റു പോയി.

“എനിക്കിഷ്ടമില്ലാത്ത കല്യാണം നടത്താൻ എന്നെയും കൊല്ലേണ്ടി വരും..!

ഞാനും വാശിയോടെ പറഞ്ഞു.

എന്റെ വാക്കുകൾ അമ്മയെ വേദനിപ്പിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ഇടക്ക് സാരിതലപ്പ് കൊണ്ട് കണ്ണ് തുടക്കുന്നുണ്ട്.അത് കണ്ടപ്പോൾ ഞാൻ വിഷമത്തോടെ പിന്നാലെ ചെന്ന് അമ്മയെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.

“കൊഞ്ചാതെ പോ ചെക്കാ…
എന്നാലും നീ എന്നോട് തന്നെ ഇതൊക്കെ പറയണട്ടോ !

ലച്ചു നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി.

“ലച്ചൂസെ നമുക്കത് വേണ്ടാ.. എന്റെ അമ്മക്കുട്ടിയല്ലേ പ്ലീസ്. എന്നെയൊന്നു മനസിലാക്ക്… !

ഞാൻ അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു.

“ദേ എനിക്കൊന്നും കൂടുതൽ പറയാനില്ല. നിന്റെ തള്ളയോട് പറയാൻ പറ്റാത്ത എന്ത് തേങ്ങയാടാ നിന്റെ മനസ്സില്
അതോ നീ വല്ല രണ്ടാം കെട്ടുകാരിയെ ആണോ കണ്ടു വെച്ചേക്കുന്നേ ?

ലച്ചു അലറി..
അമ്മ ഒന്നും ഉദ്ദേശിക്കാതെ പറഞ്ഞതാണെങ്കിലും അത് കേട്ടപ്പോൾ ഞാനൊന്ന് പതറി.

പിന്നെ അവിടെ നിക്കാൻ തോന്നീല ഞാൻ വണ്ടിയെടുത്തു തറവാട്ടിലേക്ക് വിട്ടു. അപ്പോഴാണ് അമ്മുവിന്റെ അച്ഛന്റെ കോൾ വരുന്നത്. ഇനി ഇതെന്ത് പുകിലാണോ എന്തോ..
ഞാൻ വണ്ടി ഒതുക്കികൊണ്ട് ഫോണെടുത്തു.

“ഹലോ എന്താ അച്ഛാ?

ഞാൻ ഔപചാരികതയോടെ ചോദിച്ചു..

“ഒന്നൂല്ല ഞാൻ വെറുതെ വിളിച്ചതാ… ഇന്നലെ വിളിച്ചപ്പഴാ അമ്മു റാങ്കിന്റെ കാര്യൊക്കെ പറഞ്ഞത്.. സന്തോഷായി ഒരുപാട്… !

“ആ അവള് മിടുക്കിയാ അച്ഛാ..
ഒന്നും പുറത്ത് കാണില്ലെന്നേ ഒള്ളൂ.. !

ഞാൻ സന്തോഷത്തോടെ മറുപടി നൽകി.

“അപ്പൊ നീയോ. കണ്ണേട്ടനാണ് എല്ലാം പഠിപ്പിച്ചു തന്നേന്നാണല്ലോ അവള് പറഞ്ഞെ…

മൂപ്പര് ചെറു ചിരിയോടെ പറഞ്ഞു..

“പിന്നെ എന്തായി വീട്ടില് പറഞ്ഞോ…?

എന്റെ നിശബ്ദത കണ്ടിട്ടാവണം ആകാംഷയോടെ അയാൾ ചോദിച്ചു.

“ഇ.. ഇല്ലാ… പറയാം. കുറച്ചൂടെ സമയം വേണം എനിക്ക്… !

ഞാൻ എന്ത് പറയണമെന്നറിയാതെ ഞാൻ കുഴങ്ങി.

“അല്ല ഞാൻ ചോദിച്ചൂന്നെ ഒള്ളൂ.. പെട്ടന്ന് തീർത്താൽ ഈ ഒളിച്ചു കളി അവസാനിപ്പിക്കാല്ലോ…

അച്ഛൻ പതിയെ പറഞ്ഞു നിർത്തി.

അതിനും എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.

“പിന്നെ ഞാൻ വിളിച്ച കാര്യം പറയാൻ മറന്നു.. മോഹനൻ ഉണ്ണിയെ വിളിച്ചു കാര്യം പറഞ്ഞു ട്ടോ.. ആദ്യം എതിർത്തെങ്കിലും മോഹനൻ ആരാന്നറിഞ്ഞപ്പോ ഓൻ സമ്മതിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപ കൊടുത്താ എപ്പോ വേണേലും ഒഴിഞ്ഞു തരാന്ന്… !

“അതൊക്കെ നമുക്ക് കൊടുക്കാം..

എന്റെ മറുപടി കിട്ടിയതും മൂപ്പര് ഫോൺ വെച്ചു.

ആ വാക്കുകൾ കുളിർമഴ പോലെയാണ് എനിക്ക് തോന്നിയത്. അപ്പൊ പടച്ചോൻ ഞങ്ങളെ കൈവിട്ടിട്ടില്ല… രണ്ടല്ല എത്ര ലക്ഷം വേണേലും കൊടുക്കാം എന്റെ പെണ്ണിനെ കിട്ടിയാ മതി !

ഫോൺ വെച്ചപ്പോൾ എന്റെ മനസ്സ് നിറഞ്ഞിരുന്നു.. ശരവേഗത്തിൽ ഞാൻ തറവാട്ടിലേക്ക് വിട്ടു.അമ്മുവിനെ അറിയിക്കാൻ ഒരു സന്തോഷ വാർത്തയും ഒരു ദുഃഖ വാർത്തയും കൊണ്ടാണ് പോവുന്നത്.

“വന്നേ സംസാരിക്കാനുണ്ട്.. !
അവളേം വലിച്ച് കൊണ്ട് ഞാൻ റൂമിൽ കയറി. എല്ലാം തുറന്ന് പറഞ്ഞു. ശ്രീക്കുട്ടിയുടെ കാര്യവും ഉണ്ണിമാമയുടെ സമ്മതവും എല്ലാം.എല്ലാം കേട്ടിട്ടും വല്യ ഭാവ വ്യത്യാസങ്ങളോന്നും അവളിൽ നിന്നും ഉണ്ടാവാത്തത് എന്നെ അത്ഭുതപ്പെടുത്തി.

” സമാധാനായിട്ട് മുഴുവൻ കേൾക്കാമെങ്കില് ഞാനൊരു കാര്യം പറയട്ടെ..

എന്റെ നെറുകിൽ തലോടിക്കൊണ്ട് അവൾ ചോദിച്ചു..

“എന്താ പെണ്ണെ…?

അവളുടെ മടിയിൽ തലവെച്ചു കിടക്കുന്ന ഞാൻ മുഖമുയർത്തി..

“പറയാം. പക്ഷെ ഇടക്ക് കേറി ഒന്നും പറയരുത്. മുഴുവൻ കേട്ടിട്ട് എന്നെ എന്ത് വേണേലും ചെയ്തോ ”

അവൾ അഭ്യർത്ഥിച്ചപ്പോൾ എതിർക്കാൻ തോന്നീല..

“ആ പറ..”

ഞാൻ കണ്ണടച്ച് കൊണ്ട് പറഞ്ഞു.

“മുൻപ് തമാശയായിട്ട് എന്നോടൊരു കാര്യം പറഞ്ഞിരുന്നില്ലേ ഉണ്ണിയെ ഒഴിവാക്കിയാലും വേറെ കെട്ടണ്ടാ ഞാൻ ചെലവിന് തന്ന് കൊണ്ടു നടന്നോളാം എന്ന്..
നമുക്ക് ശരിക്കും അത് പോലെ ആയാലോ..?

എന്നെ ഞെട്ടിച്ചു കൊണ്ടവൾ ചോദിച്ചു.കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ നോക്കുമ്പോൾ അവൾ തുടർന്നു.

അമ്മ പറഞ്ഞ പോലെ ശ്രീക്കുട്ടിയെ കണ്ണേട്ടൻ കെട്ടിക്കോ. നിങ്ങള് തമ്മിലെ ചേരൂ..
വല്ലപ്പോഴും എന്റടുത്തു വന്ന് ഇതുപോലെ എന്റെ മടീൽ കെടന്നാ മതി.. എനിക്ക് വേറൊന്നും വേണ്ടാ… ”
അതിന് നാട്ടുകാര് ഒരു പേര് പറയല്ലോ എന്താത് ആ കീപ്പ് !
ഞാൻ കണ്ണേട്ടന്റെ കീപ് ആയിട്ടിരുന്നോളാം… !
എനിക്കതും സന്തോഷാ…. !
അവൾ ഇടറിയ ശബ്ദത്തോടെ പറഞ്ഞു നിർത്തി.

അമ്മൂ…

അറിയാതെ എന്റെ ശബ്ദം ഉയർന്നു.

അപ്പോഴേക്കും അവളുടെ കണ്ണുനീർതുള്ളികൾ എന്റെ കവിളിൽ വീണു തുടങ്ങിയിരുന്നു.
ക്രാസിയിലേക്ക് ചാരിയിരുന്ന് അവൾ മുഖം പൊത്തി അലറികരഞ്ഞു..

അവളുടെ വാക്കുകൾ കേട്ട് മരവിച്ചിരുന്ന ഞാൻ സ്വബോധം വീണ്ടെടുത്ത് കൊണ്ട് എണീറ്റു.

“ഒറ്റക്ക് എല്ലാം തീരുമാനിച്ച സ്ഥിതിക്ക് ഇനി ഞാൻ ഒന്നും പറയുന്നില്ല. ഞാൻ കാശു മുടക്കി വാങ്ങിയ എന്റെ താലി തിരിച്ചു തന്നാൽ എനിക്ക് പോവായിരുന്നു.എല്ലാം ഇന്നുകൊണ്ട് തീരണം !

എന്റെ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ചുകൊണ്ട് അവളെന്നെ നോക്കി.

“അത് അത് ഞാൻ തരില്ല…
അത് മാത്രം ഏട്ടൻ എന്നോട് ചോദിക്കരുത്.. ”

അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു.
“താലി കീപ്പിനുള്ളതല്ല…
ഭാര്യേടെ കഴുത്തിൽ കെട്ടാൻ ഉള്ളതാ. വേഗം എടുത്ത് താ.. എനിക്ക് പോണം.. !

ഞാൻ അലറി… എന്റെ സർവ നിയന്ത്രണവും തെറ്റി ഞാനാകെ ഒരു ഭ്രാന്തനായി മാറിയിരുന്നു.

പിന്നെ അവൾ എതിർത്തില്ല..
അലമാര തുറന്ന് താലി എടുത്ത് എന്റെ കയ്യിൽ എടുത്ത് തരാനൊരുങ്ങി. പക്ഷെ അവളറിയാതെ അവളുടെ കൈ പിന്നോട്ട് വലിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *