കണ്ണന്റെ അനുപമ – 8

“ശ്രീക്കുട്ടീ ഇതാ നീ ചോദിച്ച ആള്..

പുള്ളി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞതും ഒരു കൊലുസിന്റെ ശബ്ദം ഉമ്മറത്തേക്ക് വരുന്നത് ഞാൻ ശ്രദ്ധിച്ചു.പുറത്തേക്ക് വന്ന ആ പെൺകുട്ടിയെ കണ്ട് ഞാൻ അന്തം വിട്ടു നോക്കിനിന്ന് പോയി.

ശ്രീ പ്രിയ എന്ന ശ്രീക്കുട്ടി ! സുന്ദരൻ മാമയുടെ ഇളയ സന്താനം.മൂത്ത പുത്രി ദിവ്യ ചേച്ചി കല്യാണം കഴിഞ്ഞു പോയി. ഇവൾ കോട്ടയത്ത്‌ എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥി.എന്റമ്മോ എങ്ങനെ ഇരുന്ന പെണ്ണാ. ഇപ്പോ അതി സുന്ദരി ആയിരിക്കുന്നു.ടിക് ടോക്കിലുള്ള കല്യാണി അനിലിനെയാണ് അവളെ കണ്ടപ്പോൾ എനിക്കോർമ്മ വന്നത്. തനിപ്പകർപ്പ്.

“ഹായ് കണ്ണേട്ടാ…

അവളെന്നെ നോക്കി ചിരിച്ചു കൊണ്ട് മാമയുടെ കസേരയിൽ കയ്യൂന്നി നിന്നു.

“ആ നിനക്കിപ്പോ ലീവാണോ.?

ഞാൻ അവളുടെ വിശേഷങ്ങൾ ചോദിച്ചു മനസ്സിലാക്കി. മുൻപത്തെ നാണം കുണുങ്ങിയല്ല കോളേജിൽ പോയപ്പോൾ ആളിത്തിരി ബോൾഡ് ആയിട്ടുണ്ടെന്ന് എനിക്ക് തോന്നി..

“റാങ്ക് കിട്ടീട്ട് അത് സ്വന്തം മാമേനെ വിളിച്ചു പറയാൻ തോന്നീല്ല ലെ അണക്ക്?

മാമ പരിഭവത്തോടെ പറഞ്ഞു.

“ഓ എന്റെ മോനതിന് അമ്മ വീട്ടുകാരെ പിടിക്കൂലല്ലോ ഏട്ടാ. തന്തേടെ തനി പകർപ്പാ

ലച്ചു ഉഷ അമ്മായിയോടൊപ്പം ഉമ്മറത്തേക്ക് വന്ന് എനിക്കിട്ട് താങ്ങി.ഞാൻ കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കിയെങ്കിലും ചീറ്റിപ്പോയി.

“അതൊന്നും അല്ല മാമേ ഇതൊക്കെ അത്ര വല്യ കാര്യം അല്ലല്ലോ.. അതോണ്ടാ..
ഞാൻ ക്ഷമാപണത്തോടെ പറഞ്ഞു.

“അത് നെനക്ക് !ബാക്കി എല്ലാർക്കും ഇത് വല്യ കാര്യം തന്നെ ആണ്. ”

മാമ എന്നെ തിരുത്തി.

“വന്നേ എല്ലാരും, ചായ കുടിക്കാം…

ലച്ചു ആ സീൻ അവിടെ അവസാനിപ്പിച്ചു. അകത്തേക്ക് പോവുന്നതിനിടെ ഉഷ അമ്മായി എന്തൊക്കെയോ ചോദിച്ചു അതിനൊക്കെ ഞാൻ യന്ത്രികമായിത്തന്നെ മറുപടി നൽകി.
“ജോലി ആയ സ്ഥിതിക്ക് ഇനി വേഗം ഇവനെ പിടിച്ചു കെട്ടിക്കണം ട്ടോ ലക്ഷ്മി
അല്ലെങ്കി ചെക്കൻ ഏതിനെയെങ്കിലും വിളിച്ചോണ്ട് വരും. ”

ചായ കുടിക്കുന്നതിനിടെ ഉഷമ്മായി ചിരിയോടെ പറഞ്ഞു.

“അതിന് ഇവന്റെ അതെ വട്ടുള്ള ഒരുത്തിയെ കിട്ടണ്ടേ..?

ലച്ചു എന്നെ ഒന്നിരുത്തിക്കൊണ്ട് പറഞ്ഞു.

“അതിനിപ്പോ പുറത്തേക്കൊന്നും പോണ്ടല്ലോ, ഇവന് മൂന്ന് മുറപ്പെണ്ണുങ്ങൾ ഇല്ലേ.. വരി വരിയായി നിക്കുന്നു.. !

സുന്ദരൻ മാമയുടെ ഡയലോഗ് കേട്ട് ശ്രീക്കുട്ടി നാണിച്ചു തല താഴ്ത്തി. പിന്നെ കള്ളക്കണ്ണിട്ട് ആരും കാണാതെ എന്നെ നോക്കി.അമ്മയുടെ രണ്ട് ഏട്ടന്മാർക്കും രണ്ട് വീതം പെണ്ണുങ്ങളാണ്. അതിൽ സുന്ദരൻ മാമയുടെ മോള് ദിവ്യ ചേച്ചിയുടെ കല്യാണം മാത്രേ കഴിഞ്ഞിട്ടുള്ളു.എനിക്കാകെ വല്ലാതായി. അവിടുന്ന് എണീറ്റ് പോയാലോന്നു വരെ ഞാൻ ആലോചിച്ചു.

“എനിക്കെപ്പഴേ സമ്മതം. എനിക്ക് തന്നേക്ക് എന്റെ ശ്രീക്കുട്ടിയെ !

ഓരോ പണി വരുന്ന വഴിയേ ! ലച്ചു അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറയുന്നത് കേട്ട് എനിക്ക് അരിച്ചു കയറി.മാമയും ഉഷമേമയും അത് സന്തോഷത്തോടെ വീക്ഷിക്കുന്നുണ്ട്. ശ്രീകുട്ടിയാവട്ടെ തെല്ലു നാണത്തോടെ മുഖം കുനിച്ചിരിക്കുന്നു.ലച്ചുവിന്റെ മണ്ടക്കൊന്ന് കൊടുത്തിട്ട് ഇറങ്ങി ഓടാനാണ് എനിക്കപ്പോ തോന്നിയത്.

“നിങ്ങക്ക് ഇതിലേറെ നല്ല മരുമകൾ ഇപ്പഴേ റെഡി ആണ് തള്ളേ..
ഞാൻ മനസ്സിൽ പിറുപിറുത്തു.

“എനിക്ക് തറവാട്ടിലേക്ക് പോണം.. ”

ഞാൻ വിഷയം മാറ്റാൻ ഒരു ശ്രമം നടത്തി നോക്കി.

“ഇന്നമ്മേടെകുഞ്ഞെങ്ങോട്ടും പോണില്ല,
അമ്മൂനെ ഞാൻ വിളിച്ചു പറഞ്ഞോളാം.. ”

ലച്ചു ഗൗരവത്തോടെ പറഞ്ഞു.

“കൊല്ലം കുടുമ്പഴാ ഇവരൊക്കെ വരുന്നേ. അന്നെങ്കിലും എന്റെ മോനിവിടെ നിക്ക്. !

ലച്ചു കരുണയില്ലാതെ പറഞ്ഞു കൊണ്ട് എന്നെ നോക്കി.

“എന്നാലും അമ്മേ പാവല്ലേ മേമ”

ഞാൻ അവസാന ശ്രമമെന്ന രീതിയിൽ ചോദിച്ചു.

“അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ,
ഇന്നൊരു ദിവസം ഓളെ ആരും പിടിച്ചോണ്ട് പോവൂല… ”
ലച്ചു ആ സംസാരം അവിടെ മുറിച്ചു കളഞ്ഞു.

“കണ്ണേട്ടന് ഞങ്ങള് വന്നത് ഇഷ്ടപ്പെട്ടില്ലേ ?

എന്റെ പരുങ്ങൽ കണ്ട് ശ്രീക്കുട്ടി എന്നെ ഉറ്റുനോക്കി..

“ഏയ് പോടീ എഴുതാപ്പുറം വായിക്കാതെ..
ഞാനവളുടെ തലക്ക് പിടിച്ച് തള്ളിക്കൊണ്ട് പറഞ്ഞു.

“നീ ഇവക്കൊരു കമ്പനി കൊടുക്ക് ചെക്കാ. വന്നപ്പോ തൊട്ട് ബോറടിച്ചിരിക്കാണ് പാവം..

ലച്ചു ശ്രീക്കുട്ടിയുടെ കയ്യിൽ തലോടിക്കൊണ്ട് പറഞ്ഞു.

ഈ തള്ളയുടെ അവസാനമടുത്തു !

“ആ ഞാൻ ഡ്രസ്സ്‌ മാറ്റീട്ട് വരാ..

റൂമിൽ കയറി കതകടച്ചു ചുമരിൽ ആഞ്ഞു ചവിട്ടി ദേഷ്യം തീർത്തു. അവര് വന്നതല്ല എനിക്കിഷ്ടപ്പെടാത്തത്
ആ മുറപ്പെണ്ണ് ഡയലോഗും പിന്നെ തറവാട്ടിലേക്ക് പോണ്ടാന്ന് പറഞ്ഞതും. ഇന്നേത്………
അല്ല ഇന്ന് അമ്മുവിനെയാണല്ലോ കണി കണ്ടത്. എന്തായാലും ഇന്നത്തെ ദിവസം കൊള്ളാം.

ബാത്‌റൂമിൽ കയറി അമ്മുവിന് ഡയൽ ചെയ്തു..

“ഇന്ന് വരില്ലാട്ടോ…
ഞാൻ വിഷമത്തോടെ പറഞ്ഞു.

അയ്യോ എന്ത് പറ്റി?
അവൾ പേടിയോടെ ചോദിച്ചു..

“ഇവിടെ മാമയൊക്കെ വിരുന്ന് വന്നിട്ട്ണ്ട്.അമ്മ വിടുന്നില്ല !പേടി ആവോ കുഞ്ഞൂന്?

“സാരല്ല.ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം
ഇനി അതോർത്തു വെഷമിക്കണ്ട…

അവളെന്നെ സമാധാനിപ്പിക്കാനായി പറഞ്ഞു..

“പണി ഒക്കെ നേരത്തെ തീർത്ത്‌ വാതില് രണ്ടും അടച്ചോണ്ടു.ആളെ ഉറപ്പ് വരുത്താതെ ആര് വന്നാലും വാതില് തുറക്കണ്ടാ ട്ടോ.എന്തെങ്കിലും പേടി തോന്നിയാ അപ്പൊതന്നെ എന്നെ വിളിക്കണം… ”

“ഉം..കുഴപ്പോന്നും ഇല്ലെന്നേ… ”

അവൾ ഫോൺ വെച്ചു.

ഞാൻ ഭാരിച്ച മനസ്സുമായി ഡ്രസ്സ്‌ മാറ്റി പുറത്തിറങ്ങി. അപ്പോഴേക്കും ശ്രീക്കുട്ടി റെഡി ആയി നിക്കുന്നുണ്ട്.

“കാറ്‌ വേണേൽ എടുത്തോടാ..

മാമ ചാവി എന്റെ നേരെ നീട്ടി..

“വേണ്ടാ ബൈക്ക് മതി.. !
ശ്രീക്കുട്ടി ശഠിച്ചു.

അവളെയും കൂട്ടി ഞാൻ ബൈക്കെടുത്ത്‌ പോയി.ലക്ഷ്യ സ്ഥാനമൊന്നും ഇല്ലാത്തത് കൊണ്ട് അങ്ങനെ കറങ്ങികൊണ്ടിരുന്നു.

നെൽപ്പാടങ്ങളുടെ നടുവിലൂടെ ഉള്ള മൺപാതയിലൂടെ ബൈക്കോടിച്ചു ഞങ്ങൾ മെയിൻ റോഡിലെത്തി.ശ്രീക്കുട്ടി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.അവളെ ചടപ്പിക്കണ്ടാ എന്ന് വിചാരിച്ചു ഞാനും
മനസ്സില്ലമനസ്സോടെ എന്തൊക്കെയോ പറഞ്ഞു ചിരിച്ചു.കറക്കത്തിന്റെ ദൂരം കൂടുന്നതിനനുസരിച്ചു അവളും ഞാനും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നത് ഞാൻ ശ്രദ്ധിച്ചു.അത്യാകര്ഷകമായാണ് അവൾ സംസാരിക്കുന്നത്. നിഷ്കളങ്കമായ പെരുമാറ്റം.ഒന്നോ രണ്ടോ വർഷം കഴിഞ്ഞാണ് ഞങ്ങൾ തമ്മില് കാണുന്നത് തന്നെ. പക്ഷെ അതിന്റെ യാതൊരു സങ്കോചവും അവൾക്കുണ്ടായിരുന്നില്ല.

“ഹോ ഇതെന്ത് ജാഡയാ കണ്ണേട്ടാ…

ഇടക്ക് ഞാൻ സീരിയസാവുമ്പോൾ അവൾ ചിണുങ്ങിക്കൊണ്ട് പറയും. അപ്പോൾ ഞാനും ഗൗരവം വിട്ട് അവളുടെ കുട്ടികളിക്ക് സപ്പോർട്ട് ചെയ്യും.അവളുടെ നിർബന്ധപ്രകാരം പാർക്കിലൊക്കെ പോയി കുറെ നേരം സംസാരിച്ചിരുന്നു. കൂടുതലും കോളേജ് വിശേഷങ്ങളാണ് പിന്നെ കുട്ടികാലത്തെ ഓർമകളും തമാശകളും.

Leave a Reply

Your email address will not be published. Required fields are marked *