കണ്ണന്റെ അനുപമ – 8

“എന്താടാ കണ്ണ് മിഴിച്ചു കിടക്കുന്നെ ഉറക്കമൊന്നും ഇല്ലേ?

മുടിവാരിക്കെട്ടിക്കൊണ്ട് ലച്ചു ചോദിച്ചു.

“ഉറക്കം ഇല്ലമ്മേ ചെറിയ തലവേദന പോലെ.. “

ഞാൻ വായിൽ വന്ന കള്ളം തട്ടി വിട്ടു..

“അമ്മേടെ പൊന്നിനെന്ത് പറ്റി..?

ഓടിയത് കൊണ്ട് ഞാനാകെ വിയർത്തിരുന്നു അത് കണ്ട് ലച്ചു പരിഭ്രാന്തയായി അടുത്ത് വന്നിരുന്ന് നെറ്റിയിൽ കൈ വെച്ചു..

“പനിയൊന്നും ഇല്ലാ !
അല്ലാ..നീയിപ്പോ ഉമ്മറ വാതിൽ തുറന്നിരുന്നോ?

ലച്ചു സംശയത്തോടെ എന്നെ നോക്കികൊണ്ട് ചോദിച്ചു.

“ആഹ്. അത് ഞാൻ ഉറക്കം വരാഞ്ഞപ്പോ ഉമ്മറത്തു പോയി ഇരുന്നതാ…

ഞാൻ വിക്കികൊണ്ട് പറഞ്ഞൊപ്പിച്ചു.

“ഒന്നുറങ്ങിയാല് ഒക്കെ ശരിയാവും.ഒന്നൂല്ല അമ്മേടെ കുഞ്ഞിന്.. ”

ലച്ചു എന്റെ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട് എണീക്കാനൊരുങ്ങിയപ്പോ ഞാൻ തടഞ്ഞു. സത്യം പറഞ്ഞാൽ ആ സ്നേഹം എന്റെ കണ്ണ് നിറച്ചു തുടങ്ങിയിരുന്നു.അതിലുപരി അമ്മയെ നാളുകളായി പറ്റിക്കുന്നതിന്റെ കുറ്റബോധവും..

“കുറച്ച് നേരം ഇവിടെ കെടക്കമേ…
എത്ര നാളായി .. ”

ഞാൻ ലച്ചുവിന്റെ കൈ പിടിച്ച് വെച്ചുകൊണ്ട് പറഞ്ഞു.

“അമ്മക്ക് പണിയുണ്ട് കണ്ണാ
അവരെണീക്കുമ്പോഴേക്കും വല്ലതും ഉണ്ടാക്കണ്ടേ..?

“അതിനൊക്കെ ഇനീം സമയണ്ട്
വന്നേ…

ഞാൻ കെഞ്ചി.

“ഈ ചെക്കനെക്കൊണ്ട്…
ലച്ചു ചിരിയോടെ എന്റെ അടുത്ത് വന്ന് കിടന്നു.പിന്നെ എന്നെ മുറുക്കി കെട്ടിപിടിച്ചു. പിന്നെ എന്റെ തല പിടിച്ച് മാറിലേക്ക് അമർത്തി പുറത്ത് തലോടിക്കൊണ്ട് കിടന്നു.ഇതേ ശൈലി തന്നെ ആണ് അമ്മുവിനും. ചേരേണ്ടത് തന്നെയാണ് ചേർന്നത് !ഞാൻ മനസ്സിലോർത്തു
കുഞ്ഞുങ്ങളെപ്പോലെ ഞാൻ കാലെടുത്തു ലച്ചുവിന്റെ മേലേക്കിട്ടു മുറുക്കെ കെട്ടിപിടിച്ചു കിടന്നു. ആ കിടത്തം എനിക്ക് മാനസികമായി ഒരുപാട് സന്തോഷം നൽകി. തറവാട്ടിൽ കിടത്തം തുടങ്ങീട്ട് പിന്നെ ഇങ്ങനെ കിടന്നിട്ടില്ലാ…

“ആഹ് അമ്മേം കുഞ്ഞും ഒന്നെണീറ്റിരുന്നെൽ വല്ലോം കഴിക്കായിരുന്നു… !

ഉഷമ്മായിയുടെ ചിരിച്ചുകൊണ്ടുള്ള വർത്താനം കേട്ടാണ് ഞാനും ലച്ചുവും എണീറ്റത്. കണ്ണ് തിരുമ്മി നോക്കുമ്പോൾ ശ്രീക്കുട്ടിയും മാമയും അമ്മായിയും ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നു.

“ഈ കുഞ്ഞിന്റെ ചോറൂണെന്നാ
ഓപ്പോളേ…?

ശ്രീക്കുട്ടി എന്നെ കളിയാക്കിക്കൊണ്ട് ലച്ചുവിനോട് ചോദിച്ചു.

“ചോറൂണല്ല ശഷ്ഠി പൂർത്തി ആയാലും എന്റെ മോന് എന്റെ ചൂട് പറ്റീല്ലെങ്കി ഉറക്കം വരൂല. ”

ലച്ചു ചെറിയ ചമ്മലോടെ പറഞ്ഞു കൊണ്ട് ഉഷമ്മായിയേയും കൂട്ടി അടുക്കളയിലേക്ക് പോയി. എന്റെ കൂടെ കിടന്ന് എണീയ്ക്കാൻ നേരം ഒരുപാട് വൈകിയിരുന്നു.രാവിലെ ചായ കുടി കഴിഞ്ഞതും മാമയും ടീമും ഇറങ്ങി.അതിനിടെ ശ്രീക്കുട്ടി എന്റെ കൂടെ പത്തിരുപതു സെൽഫി കാച്ചിയിരുന്നു.

“അതിലെ ഇടക്കൊക്കെ ഇറങ്ങഡാ… “

വണ്ടിയിൽ കയറുന്നതിനു മുന്നേ ഉഷമ്മായി പറഞ്ഞപ്പോൾ ഞാൻ തലയാട്ടി..

“എനിക്ക് ലീവ് കിട്ടുന്ന ദിവസം വന്നാ മതിട്ടോ കണ്ണേട്ടാ… ”

ശ്രീക്കുട്ടി വണ്ടിക്കുള്ളിൽ നിന്ന് വിളിച്ചു പറഞ്ഞു.ഞാൻ മുഖത്ത് തേച്ച്പിടിപ്പിച്ച ചിരിയോടെ അവരെ യാത്രയാക്കി.പിന്നെ ലച്ചുവിന്റെ തോളിൽ തൂങ്ങി അകത്തേക്ക് നടന്നു. അപ്പോഴാണ് കുട്ടമ്മാമയുടെ കോൾ വരുന്നത്.ലച്ചു അകത്തേക്കു പോയതും ഞാൻ ഫോണെടുത്തു.

“നീയെന്തിനാ വിളിക്കാൻ പറഞ്ഞെ?
കുട്ടമ്മാമയുടെ പരിഭ്രമിച്ച സ്വരം.

“ഒന്നൂല്ല ഞാൻ വീട്ടിലേക്ക് വരാം.. !
ഞാൻ മറുപടി നൽകിക്കൊണ്ട് വണ്ടിയെടുത്തു മൂപ്പരുടെ വീട്ടിലേക്ക് വിട്ടു. ചെന്നപ്പോൾ ഉമ്മറത്തു തന്നെയുണ്ട് കക്ഷി. തലക്ക് പിറകിൽ കെട്ടുണ്ട് .ദേഹത്ത്‌ ചെറിയ മുറിവുകളിൽ പ്ലാസ്റ്റർ ഒട്ടിച്ചിരിക്കുന്നു.

“നോക്ക് കണ്ണാ രാത്രി മൂത്രോഴിക്കാൻ പോയപ്പോ പന്നി പിന്നാലെ കൂടിയതാത്രെ… ”

ബീന മേമ ഉമ്മറത്തേക്ക് വന്നുകൊണ്ട് പറഞ്ഞു.

ഞാനതിന് മറുപടിയായി ഒന്ന് മൂളിയതേയുള്ളൂ. കുട്ടമ്മാമ അപ്പോഴും എന്റെ മുഖത്തേക്ക് നോക്കുന്നില്ല. അച്ചന്റെ സ്ഥാനത്തുള്ള മനുഷ്യനെ തല്ലേണ്ടി വന്നതിൽ എനിക്കും മനസ്താപം ഉണ്ട്.

“ഇത് വെച്ചോ മാമേ..
ചെലവുള്ളതല്ലേ… !
ഞാൻ ബീന കാണാതെ മൂവായിരം രൂപ മൂപ്പരുടെ കയ്യിൽ
പിടിപ്പിച്ചു. ആദ്യം ഒന്ന് മടിച്ചെങ്കിലും അയാളത് വാങ്ങി

“എന്താവശ്യം ണ്ടെങ്കിലും പറയാൻ മടിക്കേണ്ട !

എന്ത് കണ്ടിട്ടാടാ ഈ പഞ്ച് ഡയലോഗൊക്കെ എന്നെന്റെ മനസാക്ഷി എന്നോട് ചോദിക്കുന്നുണ്ടായിരുന്നെങ്കിലും എനിക്കപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്.

പിന്നെ ഞാനവിടെ നിന്നില്ല. ഉടനെ തന്നെ ഞാൻ വണ്ടിയെടുത്ത്‌ വീട്ടിലേക്ക് വിട്ടു.
വീട്ടിലെത്തി ലച്ചുവിനെ മുട്ടിയുരുമ്മി അടുക്കളയിൽ നിൽക്കുമ്പോഴാണ് എനിക്ക് ഇന്നലത്തെ സംഭവങ്ങൾ ഓർമ വന്നത്. വരട്ടെ ചോദിക്കാം.. ഞാൻ മനസ്സിലുറപ്പിച്ചു .

“ദേ ലച്ചൂ ശ്രീക്കുട്ടിയെ എന്നെക്കൊണ്ട് കെട്ടിക്കാൻ പ്ലാനുണ്ടോ?

ചായ കുടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഞാൻ ചോദിച്ചു.

ഉണ്ടെങ്കിൽ..?

സ്ഥിരം പുച്ഛത്തോടെ തന്നെ ലച്ചു തിരിച്ചടിച്ചു.

ഉണ്ടെങ്കിൽ നടപ്പില്ല അത് തന്നെ!
എനിക്കവളെ കല്യാണം കഴിക്കാനൊന്നും പറ്റില്ല.

ഞാൻ ദേഷ്യത്തോടെ പറഞ്ഞു. കാര്യങ്ങൾ കൈവിട്ട് പോവുന്നതിന്റെ ദേഷ്യമായിരുന്നു എന്റെ മനസ്സ് മുഴുവൻ.

എന്തുകൊണ്ട്?

യാതൊരു ഭാവമാറ്റവും ഇല്ലാതെ അമ്മ എന്നെ നോക്കി.

“അവളെ ഞാൻ പെങ്ങളായിട്ടേ കണ്ടിട്ടുള്ളൂ.. “
മുഖത്ത് നോക്കാതെ ഞാൻ മറുപടി നൽകി.

“മുറപ്പെണ്ണിനെ പെങ്ങളായിട്ട് കണ്ടത് നിന്റെ തെറ്റ്.. !

വളരെ കൂളായി മറുപടിയെത്തി.

“അമ്മ എന്ത്‌ പറഞ്ഞാലും ഇത് നടക്കൂല !

മേശമേൽ അടിച്ചു കൊണ്ടാണ് ഞാനത് പറഞ്ഞത്. അതോടെ സംഗതി സീരിയസാണെന്ന് ലച്ചുവിന് മനസ്സിലായി.

“എന്ന നീ പറ. എന്ത് കൊണ്ട് നിനക്കവളെ കല്യാണം കഴിക്കാൻ ഇഷ്ടമല്ല. ജെനുവിൻ ആയിട്ടുള്ള ഒരു റീസൺ പറഞ്ഞാൽ ഈ നിമിഷം ഞാനത് വേണ്ടെന്ന് വെക്കാം !

വെല്ലുവിളിയോടെ ലച്ചു എന്നെ നോക്കി പറഞ്ഞു.

“അത്.. അത്.. എനിക്കൊരാളെ ഇഷ്ടാണ്… !

ഞാൻ വിക്കികൊണ്ട് പറഞ്ഞു

ആരെ..?

അപ്പോഴും ഞാൻ പ്രതീക്ഷിച്ച ആകാംക്ഷയൊന്നും ആ മുഖത്തില്ല .

“ആതിരയെ… !

ഞാൻ ആതിരയെ വെച്ച് ശ്രീകുട്ടിയെ തടയാൻ ഒരു ശ്രമം നടത്തി.

“ആ കോപ്പാണ്. അമ്മേടെ മോനെ അമ്മ അറിഞ്ഞ പോലെ വേറാരും അറിഞ്ഞിട്ടില്ല. നിനക്ക് അതിരയോട് ഒന്നും ഇല്ലാ. അത് വിട്..
എന്റെ ശ്രമം ദാരുണമായി തകർത്തു കൊണ്ട് ലച്ചു വല്ലാത്തൊരു നോട്ടം നോക്കി.

“എന്നാലും ഇത് നടക്കൂല.. !

ഞാൻ ധാർമിക രോക്ഷത്തോടെ പറഞ്ഞു.

“അത് നീയാണോ തീരുമാനിക്കുന്നെ…?

എന്റെ അപരിചിതമായ ഭാവം കണ്ടിട്ടും ലച്ചു ഒരിഞ്ച് വിട്ടു തരാനുള്ള ഭാവമില്ല.

“ആ എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാൻ തന്നെയാ… !

പെട്ടന്നുള്ള ദേഷ്യത്തിൽ ഞാൻ അലറി.. ഒരു നിമിഷം ലച്ചുവിനെ നിശബ്ദയാക്കാനെ അതിന് കഴിഞ്ഞുള്ളു.

Leave a Reply

Your email address will not be published. Required fields are marked *