“ങാ..പിന്നെ റോയ്..എനിക്ക് ദുബായില്‍ ചെറിയ ബിസിനസ് ആണ്. നിങ്ങളെപ്പോലെ വലിയ പഠിപ്പ് ഉള്ളവര്‍ക്ക് ജോലി നല്‍കാന്‍ മാത്രം വലിയ ആളല്ല ഞാന്‍…എങ്കിലും ജോസഫച്ചായനോടുള്ള എന്റെ ചില ബന്ധങ്ങള്‍ മറക്കാന്‍ പറ്റുന്നതല്ല. അതുകൊണ്ട് ഞാനൊരു ചെറിയ കാര്യം ചെയ്യാം..നിങ്ങള്‍ രണ്ടാള്‍ക്കും ഓരോ വിസിറ്റ് വിസ അയച്ചു തരാം. അവിടെ താമസിക്കാനുള്ള സൌകര്യവും മറ്റ് ആവശ്യങ്ങളും എല്ലാം ഞാനേറ്റു..പക്ഷെ നിങ്ങള്‍ സ്വയം ജോലി അന്വേഷിച്ചു കണ്ടുപിടിക്കണം.. കിട്ടും..ദുബായ് അല്ലെ…അക്കാര്യത്തിലും എന്നെക്കൊണ്ട് പറ്റുന്ന എന്ത് സഹായവും ഞാന്‍ ചെയ്തു തരാം..എന്ത് പറയുന്നു?”
ജോണ്‍ തന്റെ ഭാഗം വ്യക്തമാക്കിയ ശേഷം ഇരുവരെയും നോക്കി. റോയിയുടെയും ശിവന്റെയും സന്തോഷത്തിന് അതിരുകള്‍ ഇല്ലായിരുന്നു. ഇരുവരുടെയും മനസ്സ് നിറഞ്ഞുപോയി അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇക്കാര്യത്തില്‍ ഒട്ടും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല.
“അച്ചായന്റെ ഈ സന്മനസ്സിന് പകരം നല്‍കാന്‍ ഞങ്ങള്‍ക്ക് ഒന്നുമില്ല..”
അത് പറയുമ്പോള്‍ റോയിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു.
“ഇതൊക്കെ അല്ലെ ജീവിതം..നമ്മെക്കൊണ്ട് പറ്റുന്ന സഹായം പറ്റുന്ന സമയത്ത് അര്‍ഹത ഉള്ളവര്‍ക്ക് ചെയ്യുക…അതല്ലെങ്കില്‍ നമ്മളൊക്കെ മനുഷ്യരാണ് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ?” ജോണ്‍ ലേശം തത്വജ്ഞാനം തട്ടിവിട്ടു.
“വളരെ നന്ദിയുണ്ട് അച്ചായാ..ഞങ്ങള്‍ ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഇങ്ങോട്ട് വന്നത്..മുന്‍പും എന്റെ അച്ഛനും ജോസഫ് അങ്കിളും പറഞ്ഞ് പലരും ഞങ്ങളെ ഇതുപോലെ വിളിച്ചിട്ടുണ്ട്..പക്ഷെ പിന്നീട് ഒന്നും തന്നെ നടന്നിട്ടില്ല..ഇതുപോലെ ഒരു വാക്ക് അവരില്‍ ഒരാളും തന്നുമില്ല….” ശിവനും വികാരഭരിതനായി.
“ഇറ്റ്സ് ഒകെ..നിങ്ങള്‍ ചായ കുടിക്ക്…” ജോണ്‍ അവരുടെ സന്തോഷം കണ്ട് നിറഞ്ഞ മനസോടെ പറഞ്ഞു. ഇരുവരും നിശബ്ദമായി ചായ കുടിച്ചു.
“ങാ..പിന്നെ ഞാനൊരു ഷോര്‍ട്ട് ലീവിന് വന്നതാണ് കേട്ടോ..മറ്റന്നാള്‍ പോകും. കുട്ടികള്‍ രണ്ടും അവിടെയാണ്” ജോണ്‍ പറഞ്ഞു.
“അച്ചായന്‍ ഫാമിലിയായി അവിടെയാണ് അല്ലെ..” ശിവന്‍ ചോദിച്ചു.
“അതെ..സിസിലിയും വര്‍ക്ക് ചെയ്യുന്നുണ്ട്..ഒരു ബാങ്കില്‍…”
“പോകുമ്പോള്‍ വീട് ആര് നോക്കും?” റോയ് ചോദിച്ചു. ശിവനും ചോദിക്കാന്‍ ആഗ്രഹിച്ച ചോദ്യമാണ് അത്. കതകു തുറന്ന ഉരുപ്പടി ആരാണെന്നറിയാന്‍ അവനു വല്ലാത്ത ആകാംക്ഷ ഉണ്ടായിരുന്നു.
“എന്റെ അമ്മയുടെ ചേട്ടത്തിയുടെ മകള്‍ രേണുവും കുടുംബവും ഇവിടെയാണ് തല്‍ക്കാലം താമസിക്കുന്നത്. കുടുംബം എന്ന് പറഞ്ഞാല്‍ അവളും അമ്മച്ചിയും മാത്രമേ ഉള്ളു…മാരീഡ് ആയിരുന്നു..ഈ അടുത്തിടെ ഡൈവോഴ്സ് ആയി…”
“ഓ..ആ ചേച്ചി ആണ് ഞങ്ങള്‍ വന്നപ്പോള്‍ കതക് തുറന്നത് അല്ലെ..” ശിവന്‍ വേഗം ചോദിച്ചു. റോയ് ജോണ്‍ കാണാതെ അവനെ ഒന്ന് നോക്കി.
“അതെ..അവള്‍ പോലീസില്‍ ആണ്..വനിതാ കോണ്‍സ്റ്റബിള്‍…”
ജോണ്‍ പറഞ്ഞത് കേട്ടപ്പോള്‍ ശിവന്‍ ഒന്ന് ഞെട്ടി. പക്ഷെ ഞെട്ടല്‍ അവന്‍ പുറത്ത് കാണിച്ചില്ല. അവന്റെ മനസിലെ എല്ലാ മോഹങ്ങളും ആ ഒരു നിമിഷം കൊണ്ട് തവിടുപൊടിയായിക്കഴിഞ്ഞിരുന്നു.
“എന്നാല്‍ നിങ്ങളൊരു കാര്യം ചെയ്യ്..ഇന്നോ നാളെയോ പാസ്പോര്‍ട്ടിന്റെ കോപ്പികളും ഓരോ ഫോട്ടോയും കൊണ്ടുവാ..ചെന്നാലുടന്‍ തന്നെ വിസയ്ക്ക് അപ്ലൈ ചെയ്യാം…” ജോണ്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
“ശരി അച്ചായാ..പറ്റിയാല്‍ ഇന്ന് തന്നെ തരാം” റോയി പറഞ്ഞു. ശിവനും അവനും പോകാനെഴുന്നേറ്റു.
“ശരി..അങ്ങനെ ആകട്ടെ..ജോസഫ് അച്ചായനോട് എന്റെ അന്വേഷണം പറഞ്ഞേക്ക്.” പുഞ്ചിരിയോടെ ജോണ്‍ അവരെ യാത്രയാക്കി.
ഇരുവരും യാത്ര പറഞ്ഞു പുറത്തിറങ്ങി. റോയിക്ക് ഉള്ളില്‍ ചിരി അടക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അവന്‍ സൈക്കിള്‍ എടുത്ത് ശിവനെയും കയറ്റി കുറെ ദൂരം ചെന്ന ശേഷം ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി. ശിവന് കാര്യം മനസിലായി.
